തഫ്ഹീമുല്‍ ഖുര്‍ആന്‍ കമ്പ്യൂട്ടര്‍ പതിപ്പ് പുറത്തിറങ്ങി

ദോഹ: ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ സയ്യിദ് മൌലാനാ അബുല്‍ അഅ്ലാ മൌദൂദിയുടെ വിശ്വ വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആനിന്റെ കമ്പ്യൂട്ടര്‍ പതിപ്പ് പുറത്തിറങ്ങി. മലപ്പുറത്ത് നടന്ന പ്രത്യേക പരിപാടിയില്‍ വെച്ച് പ്രകാശനം ചെയ്യപ്പെട്ട പതിപ്പിന്റെ ഖത്തറിലെ വിതരണോല്‍ഘാടനം ലോക ഇസ്ലാമിക പണ്ഡിതന്‍ ഡോ: യൂസുഫുല്‍ ഖറദാവി ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അസിസ്റന്റ് അമീര്‍ പ്രൊഫസര്‍ സിദ്ധീഖ് ഹസ്സന് പ്രഥമ കോപ്പി നല്‍കി നിര്‍വ്വഹിച്ചു.
ഡോ: ഖറദാവിയുടെ വസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി അസിസ്റന്റ് സെക്രട്ടറി മുഹമ്മദ് അബ്ദുല്‍ അസീസ്, സംഗമത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് വി. ടി. അബ്ദുല്ലക്കോയ തങ്ങള്‍, വൈസ് പ്രസിഡന്റ് സുബൈര്‍ അബ്ദുല്ല, ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ പുറക്കാട്, ഇന്ത്യന്‍ ഫ്രണ്ട്സ് സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി ശാക്കിര്‍ എസ്. എം. എന്നിവര്‍ സംബന്ധിച്ചു.
അസോസിയേഷന്‍ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബുക്ക് ഡിപ്പോയിലും പ്രാദേശിക യൂണിറ്റുകളിലൂടെയും കമ്പ്യൂട്ടര്‍ പതിപ്പ് വിതരണം ചെയ്യപ്പെടുന്നതാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. യൂണിറ്റുകള്‍ വഴിയല്ലാതെ പതിപ്പിന് ഓര്‍ഡര്‍ ചെയ്തവര്‍ ഡിപ്പോയുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണെന്നും ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ 5942219 / 5125110 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 |
'തഫ്ഹീമുല്‍ ഖുര്‍ആന്‍' കമ്പ്യൂട്ടര്‍ പതിപ്പ് പ്രകാശനം ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ശൈഖ് ഇബ്രാഹിം മുഹമ്മദ് ഇബ്രാഹിം അല്‍ഹാദി, ശൈഖ് ഖാലിദ് അബ്ദുറഹ്മാന്‍ അല്‍ശുനുവിന് നല്‍കി നിര്‍വഹിക്കുന്നു |
ബഹ്റൈന്‍: മൌലാനാ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി ഇസ്ലാമിക പ്രബോധക സംഘത്തിന്റെ മഹാനായ നേതാവാണെന്നും അദ്ദേഹം ഇസ്ലാമിക ലോകത്തിനു നല്‍കിയ ബൌദ്ധിക സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും ബഹ്റൈന്‍ പാര്‍ലമെന്റ് അംഗവും പ്രമുഖ പണ്ഡിതനുമായ ശൈഖ് ഇബ്റാഹീം മുഹമ്മദ് ഇബ്റാഹീം അല്‍ഹാദി പറഞ്ഞു. ഈസാടൌണ്‍ മര്‍ക്കസ് സബീക്ക ബിന്‍ത് ഇബ്റാഹീം അല്‍അന്‍സാരിയില്‍ നടന്ന തഫ്ഹീമുല്‍ ഖുര്‍ആന്റെ മലയാളം കമ്പ്യൂട്ടര്‍ പതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ചുകൊണടസംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രഗത്ഭ പണ്ഡിതനും ബഹ്റൈന്‍ യൂനിവേഴ്സിറ്റി ടീച്ചിംഗ് ആന്റ് റിസര്‍ച്ച് അസിസ്റന്റുമായ ശൈഖ് ഖാലിദ് അബ്ദുര്‍റഹ്മാന്‍ അല്‍ശുനു തഫ്ഹീമുല്‍ ഖുര്‍ആന്റെ കമ്പ്യൂട്ടര്‍ പതിപ്പ് ഏറ്റുവാങ്ങി. ഇമാം മൌദൂദിയുടെ പാത പിന്‍തുടര്‍ന്നാണ് ലോക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ സഞ്ചരിക്കുന്നതെന്ന് ഉന്നത ഇസ്ലാമിക കാര്യാലയ ഉപദേഷ്ടാവ് ഡോ. സ്വലാഹുദ്ദീന്‍ സുല്‍ത്താന്‍ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. തഫ്ഹീമുല്‍ ഖുര്‍ആനിലൂടെ ഇസ്ലാമിനെ സാധാരണക്കാര്‍ക്കും അഭ്യസ്ഥവിദ്യര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ അവതരിപ്പിക്കാന്‍ മൌദൂദിക്ക് കഴിഞ്ഞു. യാഥാസ്ഥിതികത്വത്തിന്റെ ഇരുളടഞ്ഞ ഇടനാഴിയില്‍ തപ്പിതടഞ്ഞ ഒരു സമൂഹത്തെയും പാശ്ചാത്യ നാഗരികതക്ക് മുമ്പില്‍ വിഭ്രമിച്ചുപോയ വിദ്യാസമ്പന്നരെയും ഖുര്‍ആന്റെ വെളിച്ചത്തിലൂടെ വഴിനടത്താനും ഖുര്‍ആന്‍ പഠനത്തില്‍ തല്‍പരരാക്കാനും കൂടി അദ്ദേഹത്തിന് സാധിച്ചുവെന്ന് 'മൌദൂദി നവോത്ഥാനത്തിന്റെ നായകന്‍' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച കെ.ഐ.ജി വൈസ് പ്രസിഡന്റ് ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരി പറഞ്ഞു.
ദാറുല്‍ ഈമാന്‍ പ്രസിഡന്റ് ശൈഖ് ഹാഫിസ്മിയാന്‍ ഇബ്നുല്‍ ഹൈഥം, അഡ്മിനിസ്ട്രേറ്റര്‍ ശക്കീല്‍ അഹ്മദ് അല്‍അസ്മി എന്നിവര്‍ പ്രഭാഷണം നടത്തി. കെ.ഐ.ജി ബഹ്റൈന്‍ പ്രസിഡന്റ് ടി.ടി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫാറൂഖ് ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു. കെ.ഐ.ജി ജനറല്‍ സെക്രട്ടറി സി.കെ ഷാജഹാന്‍ സ്വാഗതവും കൂടിയാലോചനാ സമിതിയംഗം വി.കെ ഷാജഹാന്‍ നന്ദിയും പറഞ്ഞു.
മസ്കത്ത്: തഫ്ഹീമുല്‍ ഖുര്‍ആന്‍ സി.ഡി മസ്കത്തില്‍ നാലു കേന്ദ്രങ്ങളില്‍ പ്രകാശനം ചെയ്തു. ക്യാപിറ്റല്‍ ഏരിയയില്‍ വാദികബീര്‍ ജാബിര്‍ ബിന്‍ സൈദ് ഓഡിറ്റോറിയത്തില്‍ നടന്ന പിരപാടിയില്‍ ആരോഗ്യമന്ത്രാലയം അഡ്മിനിസ്ട്രേഷന്‍ സര്‍വീസസ് തലവന്‍ ഈസ ബിന്‍ ഖല്‍ഫാന്‍ സി.ഡി പ്രകാശനം ചെയ്തു. ഇന്ത്യന്‍ സ്കൂള്‍, ദാര്‍സൈത്ത് പ്രിന്‍സിപ്പല്‍ ഡോ. രവി വാര്യര്‍ ഏറ്റുവാങ്ങി. കെ.എച്ച് അബ്ദുര്‍റഹീം മുഖ്യപ്രഭാഷണം നടത്തി. ഏരിയാ കണ്‍വീനര്‍ ടി.എ മുനീര്‍ അധ്യക്ഷത വഹിച്ചു. വി.എം റഹീം സ്വാഗതം പറഞ്ഞു. ഫജ്ര്‍ സ്വാദിഖ് ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു.
ഗാല ഗ്രാന്റ് മോസ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ എം.ഇ.എസ് ഒമാന്‍ ചാപ്റ്റര്‍ പ്രസിഡന്റ് നൂറുല്‍ അമീന്‍ ഗുബ്ര സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ശ്രീകുമാറിന് കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. കെ.ഐ.എ പ്രസിഡന്റ് വി.എം ഇബ്റാഹീം കുട്ടി മുഖ്യപ്രഭാഷണം നടത്തി. പി.കെ ഇംതിയാസ് അധ്യക്ഷത വഹിച്ചു. സി.എം നജീബ് ആശംസയര്‍പ്പിച്ചു. വി.എം ഫൈസല്‍ സ്വാഗതവും അശ്റഫ് നന്ദിയും പറഞ്ഞു.
സീബില്‍ നടന്ന പരിപാടിയില്‍ കെ.ഐ.എ കൂടിയാലോചനാ സമിതിയംഗം അബ്ദുന്നാസര്‍ അയ്യലത്ത് പ്രകാശനം നിര്‍വഹിച്ചു. ഡോ. അശോക് കുമാര്‍ (അല്‍ഖുദ് ബദര്‍ അല്‍ സമാ ഹോസ്പിറ്റല്‍) സി.ഡി ഏറ്റുവാങ്ങി. കെ. അബ്ദുല്‍ റശീദ് മുഖ്യപ്രഭാഷണം നടത്തി.
ഖദ്റയില്‍ നടന്ന പരിപാടിയില്‍ ഡോ. റിയാസ് മുഹമ്മദ് സി.ഡി പ്രകാശനം ചെയ്തു. മുലദ്ദ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.സി അബ്രഹാം സി.ഡി ഏറ്റുവാങ്ങി. കെ.ഐ.എ ഏരിയാ കണ്‍വീനര്‍ പി.ബി സലീം അധ്യക്ഷത വഹിച്ചു. കെ.എച്ച് സിദ്ദീഖ്, ടി.വി അബ്ദുര്‍റഹീം ആശംസകള്‍ നേര്‍ന്നു. അസീസ് ഉളിയില്‍ സ്വാഗതവും ടി.എച്ച് അശ്റഫ് നന്ദിയും പറഞ്ഞു.
ആധുനിക ലോകത്തിന് വെളിച്ചം നല്‍കാന്‍
ഖുര്‍ആന് കരുത്തുണ്ട്: ഇഅ്ജാസ് അസ്ലം (25.10.2008)
മലപ്പുറം: വിജ്ഞാന ദാരിദ്യ്രവും പീഡനവും ചൂഷണവും യുദ്ധവും കെടുതികളും അതിന്റെ പാരമ്യതയിലായ ആധുനിക ലോകത്തിന് വെളിച്ചം നല്‍കാന്‍ ഖുര്‍ആന് കരുത്തുണ്െടന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ഇഅ്ജാസ് അസ്ലം. പ്രഗല്ഭ ചിന്തകന്‍ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ 'തഫ്ഹീമുല്‍ ഖുര്‍ആന്‍' മലയാളം കമ്പ്യൂട്ടര്‍ പതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ചാന്ദ്രയാന്‍ പദ്ധതിയുമായി മുന്നേറുകയാണ്. ഒരുപക്ഷേ, അന്യഗ്രഹയാത്രയും നാം നടത്തിയേക്കും. ഇങ്ങനെ ഒരുവശത്ത് നാം നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും വരുമാനത്തിന്റെ 21 ശതമാനം ലോക ബാങ്കും ഐ.എം.എഫും ഉള്‍പ്പെടെയുള്ളവര്‍ക്ക് പലിശ നല്‍കുന്നു. ശാസ്ത്രീയ നേട്ടങ്ങള്‍ നാഗരികതയുടെ ഉന്മൂലനത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നു. പ്രപഞ്ച സ്രഷ്ടാവ് നല്‍കിയ ഖുര്‍ആനിക സന്ദേശം മുഴുവന്‍ മനുഷ്യര്‍ക്കെത്തിക്കാനുള്ള ശ്രമം ശനുാഘനീയമാണെന്നും ഇഅ്ജാസ് അസ്ലം അഭിപ്രായപ്പെട്ടു.
മലപ്പുറം ടൌണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ എ.പി. അനില്‍കുമാര്‍ എം.എല്‍.എ കമ്പ്യൂട്ടര്‍ പതിപ്പ് ഏറ്റുവാങ്ങി. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു. മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍, കേരള നദ്വത്തുല്‍ മുജാഹിദീന്‍ സെക്രട്ടറി കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി. ദാവൂദ്, സൌദി അറേബ്യയിലെ കെ.ഐ.ജി പ്രസിഡന്റ് കെ.എം. ബഷീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തഫ്ഹീമുല്‍ ഖുര്‍ആന്‍ ഡിജിറ്റലൈസേഷന്‍ പ്രൊജക്ട് കണ്‍വീനര്‍ വി.കെ. അബ്ദു കമ്പ്യൂട്ടര്‍ എഡിഷന്‍ പരിചയപ്പെടുത്തി.
ഖുര്‍ആനുമായി ബന്ധപ്പെട്ട 1800ഉം തഫ്ഹീമുല്‍ ഖുര്‍ആനുമായി ബന്ധപ്പെട്ട 3000 വിഷയങ്ങള്‍, 100ല്‍പരം ഫോട്ടോകള്‍, വീഡിയോ ക്ളിപ്പുകള്‍, ഖുര്‍ആന്‍ പദങ്ങളുടെ മലയാളം-ഇംഗ്ളീഷ് പരിഭാഷകളും വിശദീകരണവും, ഖുര്‍ആന്‍ പാരായണവും പാരായണ ശാസ്ത്രവും, അനുബന്ധ ഗ്രന്ഥങ്ങള്‍, സേര്‍ച്ച് സൌകര്യങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന അതിബൃഹത്തായ വൈജ്ഞാനിക സംരംഭമാണിതെന്ന് പ്രൊജക്ട് ഡയറക്ടറും ഗ്രന്ഥകാരനുമായ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.
കോഴിക്കോട് 'ധര്‍മധാര'യുടെയും സൌദി അറേബ്യയിലെ കേരള ഇസ്ലാമിക് ഗ്രൂപ്പി(കെ.ഐ.ജി)ന്റെയും സംയുക്ത സംരംഭമാണ് തഫ്ഹീമുല്‍ ഖുര്‍ആന്റെ കമ്പ്യൂട്ടര്‍ പതിപ്പ്.
തഫ്ഹീമുല്‍ ഖുര്‍ആന്‍ കമ്പ്യൂട്ടര്‍ പതിപ്പ് : ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ
പുതിയ വായനാനുഭവം (25.10.2008)
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രചിക്കപ്പെട്ട് വിശാല വായനാവൃത്തം നേടിയെടുത്ത തഫ്ഹീമുല്‍ ഖുര്‍ആന്റെ കമ്പ്യൂട്ടര്‍ പതിപ്പ് പുറത്തിറങ്ങിയതിലൂടെ മൌദൂദി സാഹിബിന്റെ വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തിന് അക്ഷരാര്‍ഥത്തില്‍ പുതുജീവന്‍ ലഭിച്ചിരിക്കയാണ്. പാരമ്പര്യ വിരസവായനാ രീതിയില്‍നിന്നും ഏറെ വ്യത്യസ്ഥമായി നവീനമായ ഒരു വായനാനുഭവം സമ്മാനിക്കാന്‍ കമ്പ്യൂട്ടര്‍ പതിപ്പിന് സാധിച്ചിട്ടുണ്െടന്ന് അനുഭവസ്ഥര്‍ സമ്മതിക്കും. കണ്ണും കാതും ഒരുമിച്ച് ചേര്‍ന്ന് ആസ്വാദ്യകരമായ ദൃശ്യ-ചലചിത്രങ്ങളുടെ അകമ്പടിയോടെയുള്ള വായനക്ക് ഹൃദ്യത കൂടും.
പദ്ധതിയെക്കുറിച്ച് പരിചയപ്പെടുത്തിക്കൊണ്ട് പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളില്‍ വിവരിച്ചിരുന്ന സൌകര്യങ്ങള്‍ യഥാര്‍ഥത്തില്‍ അനുഭവിക്കുമ്പോള്‍ നമുക്ക് സമ്മതിക്കേണ്ടിവരും, പദ്ധതി പ്രതീക്ഷിച്ചതിനുമപ്പുറം ലക്ഷ്യം നേടി എന്ന്. ഒരു വര്‍ഷത്തിനിടക്ക് വെളിച്ചംകണ്ട പദ്ധതിയുടെ പിന്നില്‍ മികവുറ്റ സാങ്കേതികവിദ്യക്ക് പുറമെ വളരെ വ്യവസ്ഥാപിതമായ ടീം വര്‍ക് തന്നെ നടന്നിട്ടുണ്െടന്നുള്ളതും കൂട്ടത്തില്‍ നാം ശരിവെക്കും.
വിഷയങ്ങളുടെ വൈപുല്യം തഫ്ഹീമിന്റെ വിശാലതയും പ്രത്യേകതയുമാണെങ്കില്‍ ഡിജിറ്റൈഷന്‍ പദ്ധതി അവയെ നമ്മുടെ വിരല്‍തുമ്പിലേക്ക് ഒതുക്കി അനായാസം പ്രാപ്യമാക്കിത്തന്നിരിക്കുന്നു. സമൂഹത്തിലെ ഗൌരവവായനക്ക് സമയം കാണാത്തവര്‍പോലും പുതിയ പതിപ്പിലൂടെ തഫ്ഹീം കമ്പ്യൂട്ടര്‍ പതിപ്പിന്റെ സുഹൃദ്വലയത്തിലായിപ്പോകും. ഖുര്‍ആന്റെ ആഴങ്ങളിലേക്ക് ഊളിയിടാനും വിനോദത്തിലൂടെ വിജ്ഞാനം കരസ്ഥമാക്കാനും കമ്പ്യൂട്ടര്‍ പതിപ്പ് നമ്മെ സഹായിക്കു. വായനക്കിടയില്‍ വ്യാഖ്യാനവുമായി ബന്ധപ്പെട്ട ഒരു ചലചിത്രം; ക്വിസില്‍നിന്ന് ഒരു റൌണ്ട് എന്നിവ ഇതിന് ഉപയുക്തങ്ങളാണ്.
ആറു വാള്യങ്ങളിലായുള്ള തഫ്ഹീമിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിപാദിച്ച വിഷയങ്ങള്‍ ഒന്നിച്ച് റഫര്‍ ചെയ്യാന്‍ കമ്പ്യൂട്ടര്‍ പതിപ്പ് ഏറെ സഹായകമാണെന്നത് വായനക്കാരന് ആശ്വാസകരമാണ്. ഉദാഹരണമായി, സമൂദ് വര്‍ഗത്തിന്റെ വിവരണം ഖുര്‍ആനില്‍ 18ലധികം സ്ഥലങ്ങളില്‍ പരമാര്‍ശിച്ചിട്ടുണ്ട്. ഇതില്‍ ആദ്യത്തേത് സൂറതുല്‍ അഅ്റാഫിലാണെങ്കില്‍ അവസാനത്തേത് അശ്ശംസിലാണ്. ഇവ ഒന്നിച്ച് ചേര്‍ത്ത് വായിക്കണമെങ്കില്‍ ആറ് വാള്യങ്ങളും വായനക്കാരന്‍ തന്റെ മുമ്പില്‍ ഒന്നിച്ച് മറിച്ച് വെക്കണം. എന്നാല്‍ കമ്പ്യൂട്ടര്‍ പതിപ്പില്‍ ഇത് ഏതാനും മൌസ് ക്ളക്കിലൂടെ ലഭ്യമാണ്. ബാക്ക് ബട്ടന്‍ ഉപയോഗിച്ച് വായനയുടെ തുടര്‍ച്ച നിലനിര്‍ത്തുകയും ചെയ്യാം.
കമ്പ്യൂട്ടര്‍ പതിപ്പ് റമദാനില്‍ പുറത്തിറങ്ങുമെന്നാണ് ആദ്യം പരസ്യപ്പെടുത്തിയിരുന്നത്. അതനുസരിച്ച് സ്വദേശത്തും വിദേശത്തുമുള്ള അനുഭാവികളില്‍നിന്ന്, റമദാന്‍ സമ്മാനമെന്ന നിലക്ക്തന്നെ പ്രീപബിക്കേഷന്‍ കോപ്പികള്‍ക്ക് ഓര്‍ഡര്‍ പിടിക്കുകയും ചെയ്തു. എന്നാല്‍ നിശ്ചിത സമയത്ത് പുറത്തിറക്കാന്‍ തയാറാക്കിയ കോപ്പിയില്‍ ഏതാനും കൂട്ടിച്ചേര്‍ക്കലുകള്‍കൂടി അനിവാര്യമാണെന്ന വിദഗ്ദരുടെ അഭിപ്രായം ഡിജിറ്റൈസേഷന്‍ പദ്ധതിയുടെ പണിപ്പുരയിലുള്ളവര്‍ വിശാലമനസ്കതയോടെ സ്വീകരിച്ചത് പ്രയോജകര്‍ക്ക് ഏറെ ഗുണമായി ഭവിക്കുകയായിരുന്നു.
1995ല്‍ കേരള ഹല്‍ഖാ അമീറായിരുന്ന പ്രൊഫ. കെ.എ സിദ്ധീഖ് ഹസന്‍ സാഹിബും ടി.കെ. അബ്ദുല്ല സാഹിബും സൌദി സന്ദര്‍ശിച്ച വേളയില്‍ തരപ്പെട്ട ഒരു ഹൃസ്വസംഭാഷണത്തിനിടക്ക്, അറബ് ലോകത്ത് ലഭ്യതയുള്ള പൌരാണികവും ആധുനികവുമായ ഖുര്‍ആന്‍ തഫ്സീറുകളുടെ കമ്പ്യൂട്ടര്‍ പതിപ്പുകളെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. കൂട്ടത്തില്‍ തഫ്ഹീമുല്‍ ഖുര്‍ആന്റെ മലയാള പതിപ്പും കാലികമായി ഡിജിറ്റല്‍ സ്വഭാവത്തിലേക്ക് പരിവര്‍ത്തിപ്പിക്കണമെന്ന ആഗ്രഹവും ഒരു നിര്‍ദേശമായി മുന്നോട്ട്വെച്ചു. ഈ ആഗ്രഹം സഫലമായപ്പോള്‍ അത് പ്രതീക്ഷിച്ചതിലും വളരെ ഉയര്‍ന്ന മികവും തികവും പുലര്‍ത്തിയിരിക്കുന്നു എന്ന് സമ്മതിക്കാതെ വയ്യ. അല്ലാഹുവിന് ഒരായിരം സ്തുതി. ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ധര്‍മധാരക്കും അകമഴിഞ്ഞ അഭിനന്ദനങ്ങള്‍!
അറബികളിലൊരാള്‍ക്ക് സാന്ദര്‍ഭികമായി കമ്പ്യൂട്ടര്‍ പതിപ്പിന്റെ ഡി.വി.ഡി പരിചയപ്പെടുത്താനും കഴിഞ്ഞ ദിവസം അവസരം ലഭിച്ചു. വളരെ താല്‍പര്യത്തോടെ തന്റെ മുമ്പിലിരിക്കുന്ന കമ്പ്യൂട്ടറില്‍ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആരംഭിച്ച് അതനായെടുത്ത പത്ത്-പതിനഞ്ച് മിനുറ്റിനിടക്ക്, ഫോണ്ട്, വിശദീകരണ രീതി, അവലംബിച്ച ഖാരിഉകള്‍, തജ്വീദ് തുടങ്ങി ഒരുകൂട്ടം ചോദ്യങ്ങള്‍ അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നു. എല്ലാ ചോദ്യങ്ങളും അപ്രസക്തമാക്കിക്കൊണ്ട് വളരെ സൌഹൃദമായി തന്റെ സ്ക്രീനില്‍ തെളിഞ്ഞ പ്രോഗ്രാമും അതിന്റെ വൈപുല്യവും കണ്ട് ആ മാന്യദേഹം മനസറിഞ്ഞ് മന്ത്രിച്ചു: മാഷാ അല്ലാഹ്! വലില്ലാഹില്‍ ഹംദ് !!
അസ്ഹര്‍ പുള്ളിയില്‍ |