ദ്വിരാഷ്ട്രവാദത്തിന്റെ ഉല്‍പന്നമായ രാഷ്ട്രവിഭജനത്തിന്റെ സ്വാഭാവികമായ പ്രത്യാഘാതമായിരുന്നു 1947-48 കാലത്ത് ഉപഭൂഖണ്ഡത്തില്‍ ചോരപ്പുഴയൊഴുക്കിയ വര്‍ഗീയകലാപങ്ങള്‍. ലക്ഷക്കണക്കിന് നിര്‍ദോഷികള്‍ക്ക് ജീവഹാനി നേരിടുകയും കുടുംബങ്ങള്‍ അനാഥരാവുകയുംചെയ്ത ഭീകരകലാപങ്ങള്‍ മതനിരപേക്ഷജനാധിപത്യാധിഷ്ഠിതമായ ഭരണഘടന ഇന്ത്യ അംഗീകരിക്കുകയും തദടിസ്ഥാനത്തിലുള്ള മതേതരസര്‍ക്കാര്‍ ഭരണത്തിലിരിക്കുകയും ചെയ്തിരിക്കേ ഓര്‍മകള്‍ മാത്രമായി ചരിത്രത്തില്‍ സ്ഥലം പിടിക്കേണ്ടതായിരുന്നു . പക്ഷേ, ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് ശാഠ്യമുള്ള രാഷ്ട്രീയ സ്വയം സേവക് സംഘും അനുബന്ധ ഫാഷിസ്റ് പ്രസ്ഥാനങ്ങളും സജീവമായത് പ്രതീക്ഷകളെ തകിടം മറിച്ചു. മതേതരത്വത്തോടുള്ള പ്രതിബദ്ധതയില്‍ ഒരിക്കലും സംശയിക്കപ്പെടാത്ത സാക്ഷാല്‍ ജവഹര്‍ ലാല്‍ നെഹ്റു അനിഷേധ്യനായ പ്രധാനമന്ത്രിയായി പതിനേഴുവര്‍ഷം ഭരിച്ചപ്പോഴും ആയിരക്കണക്കിന് നിരപരാധികളുടെ ജീവന്‍ അപഹരിച്ച ന്യൂനപക്ഷവിരുദ്ധകലാപങ്ങള്‍ രാജ്യത്തുണ്ടായി. ഇതവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കാവില്ലെന്ന് ബോധ്യപ്പെട്ട സന്ദിഗ്ധ സാഹചര്യത്തിലാണ് 1964 ഏപ്രിലില്‍ ലക്നോ നദ്വത്തുല്‍ ഉലമാ ആസ്ഥാനത്ത് മുസ്ലിം സംഘടനകളുടെ പ്രതിനിധികളും നേതാക്കളും പണ്ഡിതന്‍മാരും പങ്കെടുത്ത ദേശീയ കണ്‍വെന്‍ഷന്‍ രാജ്യത്ത് ആദ്യമായി വിളിച്ചുചേര്‍ക്കപ്പെട്ടത്.
മുന്‍ കേന്ദ്രമന്ത്രിയും ബീഹാറിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന ഡോ. സയ്ദ് മഹ്മൂദ്, ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ അന്നത്തെ അമീര്‍ മൌലാന അബുല്ലൈസ് നദ്വി, ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് സ്ഥാപകപ്രസിഡന്റ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ , നദ്വത്തുല്‍ ഉലമാ ചെയര്‍മാന്‍ മൌലാന അബുല്‍ ഹസന്‍ അലി നദ്വി, ജംഇയ്യതു ഉലമായെ ഹിന്ദ് നേതാവ് മുഫ്തി അതീഖുര്‍റഹ്മാന്‍ ഉസ്മാനി, കൊല്‍ക്കത്തയിലെ ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റ് മുല്ലാജാന്‍ മുഹമ്മദ്, എം. അന്‍വര്‍ എം.പി തുടങ്ങിയ നേതാക്കളായിരുന്നു ധീരമായ ഈ സംരംഭത്തിനു പിന്നില്‍. എന്തു വിലകൊടുത്തും രാജ്യത്ത് മതമൈത്രി സ്ഥാപിക്കാനും മതേതരപാര്‍ട്ടികളെ വര്‍ഗീയത്ക്കെതിരെ പരമാവധി ബോധവല്‍ക്കരിക്കാനുമുള്ള നടപടികള്‍ക്കും മുസ്ലിം ന്യൂനപക്ഷത്തിന്റെ ഏകീഭാവത്തിനുമായി ആള്‍ ഇന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ എന്ന പൊതുവേദിക്ക് രൂപം നല്‍കിയത് ലക്നോ കണ്‍വെന്‍ഷനായിരുന്നു. മുശാവറയുടെ നേതാക്കള്‍ പണ്ഡിറ്റ് സുന്ദര്‍ലാലിനെ പോലുള്ള ഗാന്ധിയന്‍മാരോടൊപ്പം ദേശവ്യാപകമായി നടത്തിയ പര്യടനങ്ങള്‍ ഹിന്ദു-മുസ്ലിം ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പ്രോത്സാഹജനകമായ പങ്കാണ് വഹിച്ചത്. 1967-ലെ തെരഞ്ഞെടുപ്പ് വരെ മുശാവറ ഏറെ സജീവവും ശക്തവുമായിരുന്നു. തെരഞ്ഞെടുപ്പില്‍ മുസ്ലിം ന്യൂനപക്ഷത്തിന്റെ ഒരവകാശപത്രിക തയ്യാറാക്കി രാഷ്ട്രീയപാര്‍ട്ടികളുടെ മുമ്പാകെ സമര്‍പ്പിക്കാനും മുശാവറക്ക് കഴിഞ്ഞു. എന്നാല്‍, മുശാവറയില്‍ ഘടകങ്ങളായ ചില കക്ഷികളുടെയും നേതാക്കളുടെയും ഭിന്നരാഷ്ട്രീയനിലപാടുകള്‍ മൂലം തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് മുശാവറയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചു. പില്‍ക്കാലത്തും പക്ഷേ, മുസ്ലിം ന്യൂനപക്ഷത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ പ്രതികരിക്കുകയും സംഘടകളുടെ സമീപനങ്ങളില്‍ അഭിപ്രായൈക്യം ഉണ്ടാക്കുകയും ചെയ്യുന്ന വേദിയായി മുശാവറ തുടര്‍ന്നു. മൌലാന അബുല്‍ ഹസന്‍ അലി നദ്വിയായിരുന്നു 1999 വരെയും മുശാവറയുടെ അധ്യക്ഷന്‍. അദ്ദേഹം സ്ഥാനമൊഴിഞ്ഞതോടെ ദയൂബന്ദ് ദാറുല്‍ ഉലൂമിലെ മൌലാന മുഹമ്മദ് സാലിം ഖാസിമി പ്രസിഡന്റായി. സയ്യിദ് ശഹാബുദ്ദീനാണ് ഇപ്പോഴത്തെ പ്രസിഡന്റ്.
ഇന്ത്യന്‍ മുസ്ലിംകളുടെ ഏകീഭാവത്തിനും വര്‍ഗീയതയ്ക്കെതിരെ സമാധാനപരമായ സമരത്തിനും ക്രിയാത്മകസംഭാവനകള്‍ അര്‍പ്പിച്ച ആള്‍ ഇന്ത്യാ മജ്ലിസെ മുശാവറയുടെ രൂപവത്ക്കരണത്തിലും നിലനില്‍പിലും ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി നേതൃത്വപരമായ പങ്കാണ് വഹിച്ചത്. മൌലാന അബുല്ലൈസ് നദ്വിക്കും 'ദഅ്വത്ത്' എഡിറ്റര്‍ മുഹമ്മദ് മുസ്ലിമിനും ശേഷം മൌലാന മുഹമ്മദ് ശഫീ മുനീസാണ് മുശാവറയില്‍ മുഖ്യപങ്കാളിത്തം വഹിച്ച ജമാഅത്ത് നേതാവ്. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിനെ മുശാവറയില്‍ പ്രതിനിധാനം ചെയ്തിരുന്ന ഇബ്രാഹീം സുലൈമാന്‍ സേട്ട് ഐ.എന്‍.എല്‍ സ്ഥാപകപ്രസിഡണ്ടായതില്‍പിന്നെ മറ്റൊരു അഖിലേന്ത്യാ സാമുദായികവേദിയായ ആള്‍ ഇന്ത്യാ മില്ലി കൌണ്‍സിലി ലേക്ക് മാറി. മുശാവറയുടെ ചാലകശക്തിയായ ജമാഅത്തെ ഇസ്ലാമി മില്ലി കൌണ്‍സിലില്‍ ഘടകമല്ല. |