Home English
 

 

 

 
     
 


ആഗോളവല്‍ക്കരണം, സാമ്രാജ്യത്വം

 

എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലുമായി ലോകത്തേറ്റവും ശക്തമായ കമ്യൂണിസ്റു രാഷ്ട്രവും അമേരിക്കയുടെ മുഖ്യ പ്രതിയോഗിയുമായ സോവിയറ്റ് യൂനിയന്റെയും പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളുടെയും പതനത്തോടെ അമേരിക്ക നേതൃത്വം നല്‍കുന്ന പാശ്ചാത്യ സാമ്രാജ്യത്വത്തിന് രാഷ്ട്രീയ സാമ്പത്തികതലങ്ങളില്‍ ഭീഷണിയോ വെല്ലുവിളിയോ ഇല്ലെന്ന് വന്നു. അതോടെ മാനവലോകത്തെയാകെ സ്വന്തം ചൊല്‍പടിയില്‍ കൊണ്ടുവരാന്‍ ഇനി തടസ്സങ്ങളില്ലെന്നും വന്നു. 1979-ലെ ഇറാന്‍ വിപ്ളവവും പശ്ചിമേഷ്യയില്‍ ശക്തി പ്രാപിച്ച ഇസ്രയേല്‍ വിരുദ്ധ ചെറുത്തുനില്‍പും ലോകത്തെങ്ങുമുള്ള ഇസ്ലാമികപ്രസ്ഥാനങ്ങളുടെ സാമ്രാജ്യത്വവിരുദ്ധനിലപാടുകളും അമേരിക്കയെ അസ്വസ്ഥമാക്കുകയും വിറളിപിടിപ്പിക്കുകയും ചെയ്തുവെന്നത് വാസ്തവമാണ്. ഇസ്ലാമിന്റെ ഭാഗത്തുനിന്നുള്ള പ്രതിരോധങ്ങളെ എന്നെന്നേക്കുമായി തകര്‍ത്തുതരിപ്പണമാക്കാന്‍ അമേരിക്ക സ്വീകരിച്ച ആസൂത്രിതനീക്കങ്ങളുടെകൂടി ഭാഗമായിരുന്നു 1990-ലെ ഗള്‍ഫ് യുദ്ധം, 2002-ലെ അഫ്ഗാന്‍ യുദ്ധം, 2004-ലെ ഇറാഖ് അധിനിവേശം എന്നിവയെന്നതും സത്യമാണ്. 2001 സെപ്റ്റംബര്‍ 11-ലെ ദുരൂഹമായ പെന്റഗണ്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണങ്ങള്‍ നവകൊളോണിയല്‍ അധിനിവേശങ്ങള്‍ക്ക് നിമിത്തമായി എന്നേയുള്ളൂ.1992 ജനുവരി 28-ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് തന്റെ മെേലേ ീള ൌിശീി സന്ദേശത്തില്‍ ഇങ്ങനെ പറഞ്ഞു:

"അമേരിക്കയുടെ സാമ്പത്തികഭാവിക്ക് വേണ്ടി നാം ചെയ്യുന്ന ഏത് ആസുത്രണവും ലോകത്തിന്റെ സാമ്പത്തികനായകത്വം നമുക്കായി അവശേഷിക്കുന്ന വിധത്തിലായിരിക്കണം. ഇങ്ങനെ ചെയ്യാന്‍ നമുക്ക് അധികാരമുണ്ട്. ലോകവ്യാപാരമാര്‍ഗങ്ങളിലെ എല്ലാ തടസ്സങ്ങളും അവസാനിപ്പിക്കുന്നതായിരിക്കണം നമ്മുടെ നയം. എല്ലായിടത്തും തുറന്ന വിപണി പ്രോത്സാഹിപ്പിക്കാന്‍ നാം ശ്രമിക്കും.''

ബുഷ് നേരത്തെ പ്രഖ്യാപിച്ച നവലോകക്രമ (ചലം ണീൃഹറ ഛൃറലൃ) ത്തിന്റെ ലക്ഷ്യം തന്നെയാണ് ഉപര്യൂക്തവാക്കുകളില്‍ ആവര്‍ത്തിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തോടെ കോളനികള്‍ വിട്ടൊഴിയേണ്ടിവന്ന സാമ്രാജ്യത്വശക്തികള്‍ കൂടുതല്‍ മാരകവും ഭീകരവുമായ നവകൊളോണിയലിസത്തെ ലോകത്തിന്റെമേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നതിന്റെ മൊഴിമാറ്റം തന്നെയാണ് യഥാര്‍ഥത്തില്‍ ആഗോളീകരണം. മൂന്നാം ലോകത്തെ വികസ്വര, അവികസിത രാജ്യങ്ങളിലെ വെള്ളവും വനവുമടക്കം പ്രകൃതിവിഭവങ്ങളെയാകെ ചൂഷണംചെയ്ത് ആ രാജ്യങ്ങളിലെ വിപണികളില്‍ മേധാവിത്വം പുലര്‍ത്താനുള്ള ബഹുരാഷ് ട കുത്തകകളുടെ സര്‍വതന്ത്ര സ്വതന്ത്ര കടന്നുകയറ്റം സുഗമമാക്കുകയാണ് ആഗോളീകരണത്തിന്റെ മുഖ്യലക്ഷ്യം. ഭക്ഷ്യസാധനങ്ങള്‍മുതല്‍ ജീവന്‍രക്ഷാ ഔഷധങ്ങള്‍വരെ പേറ്റന്റ് നിയമത്തിലൂടെ കുത്തകക്കമ്പനികളുടെ നിയന്ത്രണത്തില്‍ വരുന്നതോടെ മൂന്നാം ലോകരാജ്യങ്ങള്‍ ഫലത്തില്‍ സാമ്രാജ്യത്വശക്തികളുടെ കോളനികളായി മാറാന്‍ തടസ്സമുണ്ടാവില്ല. വിവരസാങ്കേതികവിദ്യയുടെ കുത്തകാവകാശവും അതുവഴി മാധ്യമങ്ങളുടെ നിയന്ത്രണവും കൈവശപ്പെടുത്തുന്നവര്‍ക്ക് സാംസ്കാരികമേധാവിത്വവും സുഗമമായി കൈയടക്കാനാവും. ചികിത്സയും വിദ്യാഭ്യാസവും മുന്തിയ ജീവിതസൌകര്യങ്ങളും സമ്പന്നര്‍ക്ക് മാത്രം ലഭ്യമാവുന്ന വിധം സാന്വത്തികധ്രൂവീകരണവും സ്വകാര്യവത്ക്കരണത്തിലൂടെ സംഭവിക്കുന്നു. സ്വാശ്രയവിദ്യാഭ്യാസസ്ഥാപനങ്ങളുടെ പെരുപ്പവും സേവനമേഖലകളില്‍നിന്നുള്ള സര്‍ക്കാറിന്റെ പിന്‍മാറ്റവും ഈ ദിശയിലുള്ള അപകടകരമായ കാല്‍വെപ്പുകളാണ്.

അതിനാല്‍, വികസനത്തിന്റെയോ തൊഴിലില്ലായ്മ പ്രശ്നപരിഹാരത്തിന്റെയോ എന്തിന്റെ പേരിലായാലും ആഗോളീകരണത്തെ കണ്ണടച്ച് സ്വാഗതം ചെയ്യാനും പിന്താങ്ങാനും വിശ്വമാനവികതയിലും മനുഷ്യസ്വാതന്ത്യ്രത്തിലും വിശ്വസിക്കുന്ന ഇസ്ലാമികപ്രസ്ഥാനത്തിന് സാധ്യമല്ല. നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആഗോളീകരണം യാഥാര്‍ഥ്യമായിക്കഴിഞ്ഞിരിക്കെ, അതില്‍ പങ്കാളികളാവുകയും ഒഴുക്കിനൊത്ത് നീന്തുകയുമല്ലാതെ ഇനി പോംവഴിയില്ലെന്ന പരാജിതരുടെ തത്ത്വശാസ്ത്രവും ധര്‍മസമരം ജീവിതശൈലിയാക്കിയ പ്രസ്ഥാനങ്ങള്‍ക്ക് സ്വീകാര്യമല്ല. സാമ്രാജ്യത്വത്തിനും അതിന്റെ കൊടിയ തിന്‍മകള്‍ക്കുമെതിരെ ആവുംവിധം പൊരുതുന്നതോടൊപ്പം മനുഷ്യവര്‍ഗത്തിന്റെ പൊതുസ്വത്തായ ശാസ്ത്രസാങ്കേതികനേട്ടങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി സാധാരണക്കാരുടെയും പ്രാന്തവല്‍കൃതസമൂഹങ്ങളുടെയും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണ് ജമാഅത്തെ ഇസ്ലാമിയുടെ മൌലികമായ കാഴ്ചപ്പാട്. അതിനാല്‍, വികസനത്തെയും സ്വകാര്യവത്കരണത്തെയും സ്വാശ്രയ വിദ്യാഭ്യാസത്തെയുമൊക്കെ സോപാധികവും നിയന്ത്രിതവുമായി കരുതലോടെ അത് അംഗീകരിക്കുന്നു. ലളിതവും ആര്‍ഭാടരഹിതവുമായ ജീവിതശൈലി വളര്‍ത്തിയെടുത്തും അധ്വാനത്തിന് പരമാവധി പ്രോത്സാഹനം നല്‍കിയും ദുര്‍ബലരെ ചൂഷണരഹിതസഹായങ്ങളിലൂടെ കൈപിടിച്ചുയര്‍ത്തിയും ഗുണത്തേക്കാള്‍ ദോഷം ചെയ്യുന്ന ഉപകരണങ്ങളും ഉല്‍പന്നങ്ങളും വര്‍ജിച്ചും ഇസ്ലാമികവും മനുഷ്യോചിതവുമായ ഒരു ലോകക്രമം പണിതുയര്‍ത്താനാണ് ഇസ്ലാമികപ്രസ്ഥാനത്തിന്റെ ശ്രമം. ഇത് വികസനവിരോധമല്ല, വികസനത്തിനൊരു തിരുത്താണ്; മണ്ണിനും മനുഷ്യനും വേണ്ടി.

© all rights reserved for Jamaat-e-Islami Hind, Kerala Home | Web Team | Links | Font | Contact us