..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 
 
 
 
തനിമ കലാവേദി

കേരളത്തില്‍ ഇസ്ലാമിക പ്രസ്ഥാനം തുടക്കം മുതലേ കലാസാഹിത്യങ്ങളെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, സാഹിത്യാഭിരുചിയുള്ള ഏതാനും വ്യക്തികളെ കേന്ദ്രീകരിച്ചാണത് നടന്നുവന്നിരുന്നത്. കലാസാഹിത്യപ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമാക്കുക എന്ന ലക്ഷ്യത്തോടെ വെള്ളിമാടുകുന്ന് ആസ്ഥാനമാക്കി എണ്‍പതുകളുടെ അവസാനത്തിലാണ് തനിമ കലാവേദി രൂപം കൊണ്ടത്. കുറച്ചുകാലം സജീവമായി നിലനിന്നുവെങ്കിലും പിന്നീടതിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചു. 2002-ല്‍ പുനഃസംഘടിപ്പിക്കപ്പെട്ട ശേഷം ഇപ്പോള്‍ ഏറെക്കുറെ വ്യവസ്ഥാപിതമായി തനിമയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്.

ലക്ഷ്യം

ഇസ്ലാം സമഗ്രമായ ജീവിതവ്യവസ്ഥയാണ്. അതുകൊണ്ട് കലയെയും സാഹിത്യത്തെയും ജീവിതത്തന്റെ ഇതര മേഖലകളെപ്പോലെ ആ സമഗ്ര വ്യവസ്ഥയുടെ ഭാഗമായി മാത്രമേ ഇസ്ലാമിക പ്രസ്ഥാനത്തിന് കാണാന്‍ കഴിയുകയുള്ളൂ. ഇസ്ലാമിക ജീവിതവ്യവസ്ഥയുടെ അടിസ്ഥാനം ഖുര്‍ആനും സുന്നത്തുമായതുകൊണ്ട് ഏതൊരു വിശ്വാസിയുടെയും കലാസാഹിത്യ ആവിഷ്കാരങ്ങളുടെ അടിത്തറ ഖുര്‍ആനും സുന്നത്തും ആയിരിക്കേണ്ടതാണ്.

മനുഷ്യ മനസ്സിന് ആനന്ദം പകരാന്‍ കലാസാഹിത്യങ്ങള്‍ക്ക് കഴിയും. ആ നിലക്ക് അവയെ ഉപയോഗപ്പെടുത്തുകയും ചെയ്യാം. അതോടൊപ്പം മനുഷ്യന്റെ വൈയക്തിക സാമൂഹിക ജീവിതത്തെ ഉല്‍കൃഷ്ടമാക്കിത്തീര്‍ക്കുന്നതിന് ശക്തമായ ഒരു ആശയ വിനിമയോപാധി എന്ന നിലക്ക് നന്മയുടെ പ്രചാരണത്തിനും തിന്മയുടെ വിപാടനത്തിനും കലാസാഹിത്യങ്ങള്‍ക്കുള്ള കഴിവിനെയും കണക്കിലെടുക്കേണ്ടതുണ്ട്. കല കലയ്ക്ക് വേണ്ടിയുള്ളതല്ല; മനുഷ്യ നന്മക്ക് വേണ്ടിയുള്ളതാണ്.

സത്യവും അസത്യവും ധര്‍മ്മവും അധര്‍മ്മവും നീതിയും അനീതിയും തമ്മിലുള്ള സംഘട്ടനമാണ് മനുഷ്യന്റെ ഇതഃപര്യന്തമുള്ള ചരിത്രം. ഈ സംഘട്ടനത്തില്‍ മൂല്യങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച് അവയെ ശക്തിപ്പെടുത്താനായിരിക്കണം ഇസ്ലാമിക കലാസാഹിത്യങ്ങളുടെ ശ്രമം.

ഘടന

സംസ്ഥാന നിര്‍വാഹകസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. നിര്‍വാഹക സമിതി സംസ്ഥാന ഡയറക്ടറെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കുന്നു. രണ്ടുവര്‍ഷമാണ് നിര്‍വാഹകസമിതിയുടെയും ഡയറക്ടറുടെയും കാലാവധി.

തനിമക്ക് പ്രാദേശിക ഘടകങ്ങള്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. കലാസാഹിത്യതല്‍പരരായ ഒരു സംഘം ഒരു പ്രദേശത്ത് ഉണ്െടങ്കില്‍, തനിമയുമായി ബന്ധപ്പെട്ടാല്‍ അവിടെ യൂണിറ്റ് രൂപീകരിക്കാനുള്ള സഹായങ്ങള്‍ നല്‍കും.

പ്രവര്‍ത്തനങ്ങള്‍

കലാസാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ ഇസ്ലാമികമായ അവബോധവും കാഴ്ചപ്പാടും വളര്‍ത്തിയെടുക്കുക, കഴിവും അഭിരുചിയുമുള്ളവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുക; ഇസ്ലാമിക തത്ത്വങ്ങളുടെയും മൂല്യങ്ങളുടെയും അടിത്തറയില്‍ നിലവാരമുള്ള കലാസൃഷ്ടികള്‍ നിര്‍മിക്കുകയും അവതരിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയാണ് തനിമയുടെ പ്രവര്‍ത്തനങ്ങള്‍.

ഇതിനായി പ്രവര്‍ത്തനമേഖലകളെ സാഹിത്യം, ശ്രാവ്യം, സ്ക്രീന്‍, നാടകം, വര, നാടന്‍കലകള്‍ എന്നിങ്ങനെ അഞ്ചു സെല്ലുകളായി തിരിച്ചിട്ടുണ്ട്. ഓരോ സെല്ലിനും ഒരു കണ്‍വീനറും അദ്ദേഹത്തെ സഹായിക്കാന്‍ അഞ്ചില്‍ കുറയാത്ത അംഗങ്ങളുമുണ്ട്.

ഓരോ വര്‍ഷാദ്യത്തിലും ആ വര്‍ഷം നടപ്പാക്കേണ്ട പരിപാടികള്‍ ആസൂത്രണം ചെയ്ത് മതിപ്പുചെലവുകള്‍ കണക്കാക്കുന്നു. പിന്നീട്, അവയില്‍ നിന്ന് ഓരോ മൂന്നുമാസത്തേക്കുള്ള പ്രവര്‍ത്തനങ്ങല്‍ മുന്‍ഗണനാക്രമമനുസരിച്ച് നടപ്പാക്കുകയാണ് ചെയ്യുന്നത്.

ഡയറക്ടര്‍ - നജീബ് കുറ്റിപ്പുറം
ജോ. ഡയറക്ടര്‍ - ടി.പി. ശമീം
സെക്രട്ടറി - ഇസ്മാഈല്‍ പെരിമ്പലം
ജോ. സെക്രട്ടറി - ജമീല്‍ അഹ്മദ്

രക്ഷാധാകാരി - ടി. കെ. ഹുസൈന്‍

സംസ്ഥാന നിര്‍വാഹക സമിതി
ശൈഖ് മുഹമ്മദ് കാരക്കുന്ന്,
വി.എ.കബീര്‍,
ബി.അബ്ബാസലി,
സലാം കൊടിയത്തൂര്‍,
പി.ടി. അബ്ദുറഹ്മാന്‍,
സക്കീര്‍ഹുസൈന്‍ തൃശൂര്‍,
ഫൈസല്‍ കൊച്ചി,
ഐ. സമീല്‍,
വി.അനീസുദ്ദീന്‍,
ഡോ. കെ. മുഹമ്മദ് നജീബ്,
പി.എ.എം. ഹനീഫ്,
ഫൈസല്‍ സി.സെഡ്.

കോഴിക്കോട് ഹിറാ സെന്റര്‍ ആസ്ഥാനമായി ഒരു സെക്രട്ടറിയേറ്റും പ്രവര്‍ത്തിക്കുന്നു.

വിലാസം:
തനിമ കലാവേദി,
ഹിറാ സെന്റര്‍,
പോസ്റ് ബോക്സ്: 833,
കോഴിക്കോട് - 4,
ഫോണ്‍: 0495 - 2724881, 2721645.
E- mail : hiracentre@asianetindia.com

 
 
 
 
 
 
 
 
 
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.