..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 

പ്രസ്റിലീസ്/ വാര്‍ത്തകള്‍

ഹാജിമാര്‍ക്ക് സൌജന്യ താമസ സൌകര്യമൊരുക്കുന്നു(15.9.2009)

കോഴിക്കോട്: കേരള ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് പോവാന്‍ തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഏതാനും പേര്‍ക്ക് മക്കയില്‍ സൌജന്യ താമസം സൌകര്യം ഏര്‍പ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി ഹജ്ജ് സെല്‍ സെക്രട്ടറി ജലീല്‍ മങ്കരത്തൊടി അറിയിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഹാജിമാര്‍ അവരുടെ കവര്‍ നമ്പര്‍, കവറിലുള്ള ഹാജിമാരുടെ മുഴുവന്‍ പേരുകള്‍, വയസ്സ്, പൂര്‍ണ്ണ മേല്‍വിലാസം, ഓരോ ഹാജിയുടെയും വാര്‍ഷിക വരുമാനം എന്നിവ ഒരു വെള്ള കടലാസില്‍ എഴുതി സ്വയം സാക്ഷ്യപ്പെടുത്തി താഴെ കാണുന്ന അഡ്രസ്സില്‍ അയക്കുക.
സെക്രട്ടറി, ഹജ്ജ് സെല്‍, ഹിറാ സെന്റര്‍, പി.ബി. നമ്പര്‍ 833, മാവൂര്‍ റോഡ്, കോഴിക്കോട് -4
(ടെല: 0495 -2720752, 2722709)
ഒരു കവര്‍ നമ്പറിന് ഒരു അപേക്ഷ എന്ന രീതിയില്‍ സെപ്തംബര്‍ 20 നകം അപേക്ഷിക്കുക. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മക്കയില്‍ താമസ സൌകര്യത്തിനു വേണ്ടി അടച്ച പണം ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെട്ടാല്‍ തിരിച്ചു കിട്ടുന്നതാണ്.

ജാവേദിന്റെ കൊലപാതകം: കേരളാ സര്‍ക്കാര്‍ ഇടപെടണം
-ജമാഅത്തെ ഇസ്ലാമി (9.9.2009)

കോഴിക്കോട്: ഭീകരവാദിയെന്നാരോപിച്ച് മലയാളിയായ ജാവേദ് എന്ന പ്രാണേഷ് കുമാറിനെ ഗുജറാത്ത് സര്‍ക്കാറിന്റെ ഔദ്യോഗിക ഏജന്‍സി തന്നെ ബോധപൂര്‍വം വെടിവെച്ചുകൊന്നത് വ്യക്തമായി തെളിഞ്ഞ പശ്ചാത്തലത്തില്‍ വിഷയത്തില്‍ കേരളാ സര്‍ക്കാര്‍ ഗൌരവമായി ഇടപെടണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍
ഗുജറാത്ത് സര്‍ക്കാറിനോട് വിശദീകരണം ചോദിക്കാന്‍ കേരളാ സര്‍ക്കാറിന് ധാര്‍മ്മികമായ ബാധ്യതയുണ്ട്.
ഭീകര വിരുദ്ധ പോരാട്ടത്തിന്റെ പൊള്ളത്തരം അടിവരയിടുന്നതാണ്
ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തലുകള്‍. സര്‍ക്കാര്‍ പതക്കങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ വെടിവെച്ചു കൊല്ലുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയാണ്. ഭരണകൂട ഏജന്‍സികള്‍ തന്നെ കൊടുംഭീകരതക്ക് നേതൃത്വം നല്‍കുന്ന അത്യന്തം ഹീനമായ അവസ്ഥയാണ് ഇത് കാണിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ നടന്ന എല്ലാ ഭീകരാക്രമണങ്ങളെക്കുറിച്ചും വിശദമായ പുനരന്വേഷണം നടക്കണം- സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.

മനുഷ്യന്റെ വേദനകള്‍ പരിഹരിക്കാത്ത മതം മതമല്ല (30.8.2009)

കാഞ്ഞിരപ്പള്ളി: വര്‍ത്തമാനകാല സമൂഹത്തിലെ വൈകൃതങ്ങളും മതത്തിന്റെ പേരിലെ ജീര്‍ണതകളും തിരിച്ചറിഞ്ഞുകൊണ്ടുള്ള സാമൂഹിക പ്രവര്‍ത്തനമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നതെന്ന് ജ.ഇ അഖിലേന്ത്യാ അസി. അമീര്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പള്ളി ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ വേദനകള്‍ക്കു പരിഹാരം കാണാത്ത മതം മതമല്ലെന്നും മനുഷ്യ സമത്വത്തിന്റെ പാഠം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇസ്ലാമും ഇസ്ലാമിക് സെന്ററും അര്‍ഥശൂന്യമാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
ഇസ്ലാമിക് എഡ്യുക്കേഷന്‍ ട്രസ്റ് ചെയര്‍മാന്‍ പി.എ അബ്ദുല്‍ഹകീം സ്വാഗതം ആശംസിച്ചു. ജ.ഇ ജില്ലാ പ്രസിഡന്റ് ബഷീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഇസ്ലാമിക് സെന്ററില്‍ പ്രവര്‍ത്തനം ആരംഭിച്ച ദഅ്വാ സെന്ററിന്റെ ഉദ്ഘാടനം ശുറാ അംഗം യൂസുഫു ഉമരിയും ദയ പെയ്ന്‍ ആന്റ് പാലിയേറ്റീവ് സൌസൈറ്റിയുടെ ഉദ്ഘാടനം ജ.ഇ സെക്രട്ടറി ടി.കെ ഹുസൈനും മദ്റസാ ബ്ളോക്കിന്റെ ഉദ്ഘാടനം ജ.ഇ മുന്‍ ജില്ലാ പ്രസിഡന്റ് കെ.എസ് അബ്ദുല്‍ മജീദും നിര്‍വഹിച്ചു. ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.പി ഇസ്മാഈലും പലിശ രഹിത സംരംഭമായ മ്യൂച്വല്‍ എയ്ഡ് സൊസൈറ്റിയുടെ ഉദ്ഘാടനം സെന്‍ട്രല്‍ ജമാഅത്ത് പ്രസിഡന്റ് പി.എം അബ്ദുല്‍സലാമും ഹോസ്റല്‍ ബ്ളോക് ഉദ്ഘാടനം എം.ഇ.എസ് കോളേജ് ചെയര്‍മാന്‍ പി.കെ കാസിമും നിര്‍വഹിച്ചു. എഡ്യുക്കേഷന്‍ ഗൈഡന്‍സ് സെന്ററിന്റെ ഉദ്ഘാടനം റിട്ട. സബ് ജഡ്ജ് വി.എം മുഹമ്മദ് ഇസ്മാഈലും ഖുര്‍ആന്‍സ്റഡിസെന്റര്‍ ഉദ്ഘാടനം ജ.ഇ ഇടുക്കി ജില്ലാ പ്രസിഡന്റ് ഷാജി ആലപ്രയും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സെബാസ്റ്യന്‍ കുളത്തുങ്കല്‍, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ജീരാജ്, സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് ഇബ്റാഹീം, എസ്.ഐ.ഒ ജില്ലാ സെക്രട്ടറി ഷമീര്‍ ആശംസകള്‍ നേര്‍ന്നു. ട്രസ്റ് സെക്രട്ടറി നിസാര്‍ അഹ്മദ് നന്ദി പറഞ്ഞു. അസര്‍ നമസ്കാരാനന്തരം ചേര്‍ന്ന സാംസ്കാരിക സമ്മേളനം വികാരി ജനറല്‍ ഫാ. ജോര്‍ജ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്തു.

സ്കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു (27.8.2009)

ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖ സ്കോളര്‍ഷിപ്പ് സ്കീമിലേക്ക് യോഗ്യരായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ജനറല്‍ സ്കോളര്‍ഷിപ്പ്, വായ്പാ സ്കോളര്‍ഷിപ്പ്, ഗവേഷകര്‍ക്കുള്ള എന്‍ഡോവ്മെന്റ് സ്കീം എന്നീ വിവിധ സ്കീമുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. നിശ്ചിത ഫോറത്തിലാണ് അപേക്ഷ അയക്കേണ്ടത്.

Visit: PROSPECTUS & Application Form

അപേക്ഷകള്‍ ഒക്ടോബര്‍ 30 ന് മുന്‍പായി ഓഫീസില്‍ ലഭിക്കും വിധം അയക്കുക.

ആതുര സേവനത്തിന്റെ അഞ്ചാം വര്‍ഷം(8.8.2009)

സേവനത്തിന്റെയും ആതുര ശുശ്രൂഷയുടെയും ധന്യമായ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കനിവ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിക്കുന്ന ആര്‍ക്കും ഇത്തരമൊരു സന്നദ്ധ സംഘടനയുടെ ആവശ്യകത ബോധ്യപ്പെടാതിരിക്കില്ല. മലബാറിലെ ഏറ്റവും ദരിദ്രരും നിരാലംബരുമായ രോഗികളുടെ അവസാനത്തെ അത്താണിയാണ് ഈ ആശുപത്രി. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളില്‍നിന്ന് മാത്രമല്ല, ഗൂഡല്ലൂര്‍, കുടക് എന്നിവിടങ്ങളില്‍നിന്നും രോഗികള്‍ ധാരാളമായി ഇവിടെ എത്തുന്നു. ഉടുതുണിക്ക് മറുതുണിയില്ലാത്തവരും ചികിത്സക്ക് കിടപ്പാടം വരെ വിറ്റവരും പണയപ്പെടുത്തിയവരുമൊക്കെയാണ് ഇവരില്‍ ഭൂരിപക്ഷവും. ഇവരില്‍ അടിയന്തര സഹായം അര്‍ഹിക്കുന്നവര്‍ക്ക് സാധ്യമാവുന്ന സേവനങ്ങള്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കനിവിന് രൂപം നല്‍കിയിരിക്കുന്നത്.
ബഹുമുഖമാണ് കനിവിന്റെ സേവന പ്രവര്‍ത്തനങ്ങള്‍. ദിവസവും 200 രോഗികളെ തെരഞ്ഞെടുത്ത് ഒരു നേരത്തെ ഭക്ഷണം നല്‍കുന്നു. ഉദാരമതികളായ ഒരുപറ്റം മനുഷ്യസ്നേഹികളാണ് ഓരോ ദിവസത്തെയും ഭക്ഷണം സ്പോണ്‍സര്‍ ചെയ്യുന്നത്. സ്പോണ്‍സര്‍ ചെയ്യാന്‍ കുറച്ചു പേര്‍ കൂടി മുന്നോട്ടു വന്നാല്‍ 500 രോഗികള്‍ക്കെങ്കിലും ദിവസവും ഭക്ഷണം നല്‍കാന്‍ കഴിയും. ഭക്ഷണത്തിന്റെ പാചകവും വിതരണവും അതിനുള്ള പണം കണ്ടെത്തുന്നതുമൊക്കെ പൂര്‍ണമായും സ്ത്രീകളാണ്. അയല്‍പ്രദേശങ്ങളില്‍നിന്ന് നിരവധി സ്ത്രീകള്‍ സേവനസന്നദ്ധരായി ഇവിടെ എത്തുന്നു. ഓരോ മാസത്തെയും ഭക്ഷണച്ചെലവിനായി എഴുപതിനായിരത്തില്‍പരം രൂപ അവര്‍ മാസാന്തം പിരിച്ചുണ്ടാക്കുന്നു. കനിവിന്റെ കീഴിലുള്ള 26 അംഗ വിമന്‍സ് വിംഗാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
വാര്‍ഡ് നവീകരണമാണ് കനിവ് ഏറ്റെടുത്ത മറ്റൊരു സേവന പ്രവര്‍ത്തനം. പന്ത്രണ്ടര ലക്ഷം രൂപ ചെലവഴിച്ച് ഇതിനകം മൂന്ന് വാര്‍ഡുകള്‍ നവീകരിച്ചു. ഓരോ വാര്‍ഡിലേക്കും 50 പുതിയ ബെഡുകള്‍ വാങ്ങി. കേടുവന്ന കട്ടിലുകള്‍ മാറ്റി. നിലം മൊസൈക് മാറ്റി ടൈല്‍സിട്ടു. ആവശ്യമുള്ളവര്‍ക്ക് വീല്‍ചെയറും വാട്ടര്‍ബെഡും വാക്കറും നല്‍കുന്നു. എല്ലാവിധ സൌകര്യങ്ങളുമുള്ള ഒരു ആംബുലന്‍സ് സര്‍വീസും കനിവ് നടത്തുന്നുണ്ട്. രോഗികള്‍ക്ക് മരുന്നിനായി മാസാന്തം നാല്‍പതിനായിരം രൂപ ചെലവഴിക്കുന്നു.
ആശുപത്രി അധികൃതരുടെയും ഡോക്ടര്‍മാരുടെയും പൂര്‍ണ സഹകരണത്തോടെയാണ് സേവനപ്രവര്‍ത്തനങ്ങള്‍. ഡോക്ടര്‍മാര്‍ വഴി വിജയകരമായി നടന്നുവരുന്ന സംരംഭമാണ് 'ഹെല്‍പ്പിംഗ് ഹാന്‍ഡ്.' മരുന്നു വാങ്ങാന്‍ ശേഷിയില്ലാത്ത രോഗികളെ ഡോക്ടര്‍മാര്‍ തന്നെ കണ്ടെത്തി കനിവിലേക്ക് റഫര്‍ ചെയ്യുന്നു. കനിവ് അവര്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കുന്നു. നിര്‍ധനരായ രോഗികളുടെ നാട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ട് നാട്ടില്‍നിന്നുതന്നെ സഹായനിധി സമാഹരിക്കാന്‍ വേണ്ടിയാണ് 'ഹെല്‍പ്പിംഗ് നെറ്റ്' പ്രവര്‍ത്തിക്കുന്നത്. രോഗിയുടെ കൂടെ വന്നവര്‍ക്ക് കുറഞ്ഞ വാടകക്ക് താമസിക്കാനുള്ള ചെറിയ സൌകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
വിപുലമായ സൌകര്യങ്ങളുള്ള ഒരു ഡയഗ്നോസ് സെന്റര്‍ സ്ഥാപിക്കാനും ആരോഗ്യബോധവത്കരണത്തിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും കനിവ് ഉദ്ദേശിക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കീഴിലാണ് കനിവ് പ്രവര്‍ത്തിക്കുന്നത്.

വ്യക്തി നിയമം.
പൊതുനിയമ സംഹിത ആവശ്യം: ജസ്റിസ് ഹാറൂണ്‍ അല്‍ റഷീദ് (27.7.2009)

കോഴിക്കോട്: തത്ത്വദീക്ഷയില്ലാത്തതും ഇസ്ലാമിക ശരീഅത്തിന് വിരുദ്ധവുമായ വിവാഹ മോചനങ്ങള്‍ കാരണം കഷ്ടപ്പെടുന്ന സ്ത്രീകളുടേയും കുട്ടികളുടേയും പ്രശ്നങ്ങള്‍ പഠിക്കാനും പരിഹാരം കാണാനും മുസ്ലിം സമുദായ നേതൃത്വം ജാഗ്രത പുലര്‍ത്തണമെന്ന് ജസ്റിസ് ഹാറൂണ്‍ അല്‍ റഷീദ് അഭിപ്രായപ്പെട്ടു. മുസ്ലിം പണ്ഡിതന്മാരെയും നിയമ വിദഗ്ദരെയും പങ്കെടുപ്പിച്ചുകൊണ്ട് അഭിഭാഷകരുടെ സംഘടനയായ ജസ്ററീഷ്യ കോഴിക്കോട് അസ്മാ ടവറില്‍ 'വിവാഹമോചനം- മുഹമ്മദന്‍ ലോ-യിലും ശരീഅത്തിലും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒട്ടുമിക്ക മുസ്ലിം രാജ്യങ്ങളിലും വിവാഹമോചനത്തിന് കടുത്ത നിയന്ത്രണങ്ങളുണ്ട്. ഇന്ത്യയില്‍ മുസ്ലിം വ്യക്തിനിയമത്തിന് വ്യക്തമായ ഒരു നിയമാവലി ഇല്ലാത്തതിനാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയുന്നില്ല. മുസ്ലിം സമുദായം താല്‍പ്പര്യമെടുക്കാത്തത്കൊണ്ടാണ് നിയമാവലി ഇല്ലാതെ പോവുന്നത്. സമുദായം താല്‍പര്യമെടുത്താല്‍ പാര്‍ലമെന്റില്‍ കോഡ് പാസാക്കിയെടുക്കാനും നിയമം നിര്‍മ്മിക്കാനും കഴിയും. ഈ കോഡ് ശരീഅത്ത് വിരുദ്ധമായിപ്പോവുമോ എന്ന ആശങ്കക്ക് അടിസ്ഥാനമില്ല. കാരണം മുസ്ലിം പണ്ഡിതന്മാര്‍ കൂടിയാലോചിച്ചാണ് കോഡ് തയ്യാറാക്കുക. ശരീഅത്ത് വിരുദ്ധമായ വകുപ്പുകളോ പരാമര്‍ശങ്ങളോ ഉണ്ടെങ്കില്‍ അത് ഭേദഗതി ചെയ്യിക്കാനും പണ്ഡിതന്മാര്‍ക്ക് കഴിയും. മുസ്ലിം സമുദായത്തിന് നേതൃത്വം നല്‍കാനോ മാര്‍ഗ്ഗദര്‍ശനം നല്‍കാനോ ആളില്ല എന്നതാണ് യഥാര്‍ത്ഥ പ്രശ്നമെന്ന് ഹാറൂണ്‍ അല്‍ റഷീദ് ചൂണ്ടിക്കാട്ടി. മറ്റു സമുദായങ്ങളില്‍ താഴെക്കിടയില്‍വരെ നേതൃത്വവും പ്രശ്നങ്ങള്‍ പരിഹരിക്കാവുന്ന സംവിധാനവുമുണ്ട്. അത് ഇല്ലാതെ പോയതാണ് ചെറുപ്പക്കാര്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണം. വിവാഹമോചനം പോലുള്ള കാര്യങ്ങളില്‍ ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന നീതിയാണ് ഒന്നാമതായി പരിഗണിക്കേണ്ടത്. കുടുംബബന്ധങ്ങള്‍ തകരാന്‍ അനുവദിക്കാതെ പണ്ഡിതന്മാരും മഹല്ല് നേതൃത്വവും ക്രിയാത്മകമായി ഇടപെടണം. വിവാഹമോചനത്തിന് വ്യക്തമായ വ്യവസ്ഥകളും ഖുര്‍ആന്‍ മുമ്പോട്ട് വെച്ചിട്ടുണ്ട്. ആ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് നേതൃത്വം ഉറപ്പ് വരുത്തണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യക്തി നിയമത്തിന് പണ്ഡിതന്‍മാര്‍ കൂട്ടായി ആവിഷ്കരിക്കുന്ന പൊതുനിയമസംഹിത ആവശ്യമാണ്. ശരീഅത്തിന്റെ അടിസ്ഥാനങ്ങളില്‍ ഉറച്ച് നിന്നുകൊണ്ട് കാലാനുസൃതമായ ഭേദഗതികള്‍ വരുത്തുന്നത് സംബന്ധിച്ച് സമുദായം ആലോചിക്കണമെന്നും അതിന്റെ ഭാഗമായാണ് ചര്‍ച്ച സംഘടിപ്പിച്ചതെന്നും ജസ്റീഷ്യ പ്രസിഡണ്ട് അഡ്വ: അഹമ്മദ് കുട്ടി പുത്തലത്ത് പറഞ്ഞു. വിവാഹമോചനം ഇസ്ലാമില്‍ എന്ന് വിഷയം ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ കെ. അബ്ദുല്ലാ ഹസനും വിവാഹ
മോചനം മുഹമ്മദന്‍ ലോയില്‍ എന്ന വിഷയം അഡ്വ. പി.ഫൈസലും അവതരിപ്പിച്ചു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് അക്കാഡമി വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി മോഡറേറ്ററായിരുന്നു. കേരളാ ഹൈക്കോടതി 2008 (4) കെ.എല്‍.ടി. 885 - സെയ്താലി ് സലീന എന്ന കേസില്‍ മുസ്ലിം പണ്ഡിതന്മാരോടും നേതാക്കന്മാരോടും അനിയന്ത്രിതമായ ബഹുഭാരിത്വം നിയന്ത്രിക്കുന്നതിന് വേണ്ടി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അതിന് വേണ്ടി കൂടിയാലോചന നടത്തി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സെയ്താലി ് സലീന എന്ന കേസില്‍ വിധിപറഞ്ഞ ജസ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്ന ജഡ്ജിയെ തന്നെ പങ്കെടുപ്പിച്ചുകൊണ്ടു വ്യത്യസ്ത മുസ്ലിം സംഘടനാ നേതാക്കന്മാരെയും പണ്ഡിതന്മാരെയും നിയപണ്ഡിതന്മാരെയും ഒരേ വേദിയില്‍ അണിനിരത്തിയത് ഒരു പുതുമയായി മാറി. സുന്നി എഡ്യുക്കേഷന്‍ ബോര്‍ഡ് സെക്രട്ടറിയും കേന്ദ്ര ഹജ്ജ്കമ്മറ്റി മെമ്പറുമായ പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ്, കാരന്തൂര്‍ ജാമിഅ മര്‍കസ് ഡിപ്പാര്‍ട്ടമെന്റ് ഹെഡ് ഡോ. ഹുസൈന്‍ സഖാഫി, മര്‍കസ്സുസ്സഖാഫത്തുസുന്നിയ്യ ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി, മര്‍കസ് ജി.ആര്‍.ഒ. അബ്ദുല്‍ സത്താര്‍ മലബാരി, ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഡോ. പി.കെ. ഹുസൈന്‍ മടവൂര്‍, കെ.എന്‍.എം. സ്റേറ്റ് വൈസ് പ്രസിഡണ്ട് അഡ്വ. എം. മൊയ്തീന്‍കുട്ടി, കെ.എന്‍.എം. സെക്രട്ടറി ഇസ്മായില്‍ മുട്ടാഞ്ചേരി, വിചിന്തനം വാരിക എഡിറ്റര്‍ ഇ.കെ. പന്നൂര്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, ശൂറാ മെമ്പര്‍ ടി.കെ. അബ്ദുല്ല, സെക്രട്ടറിമാരായ ടി.കെ. ഹുസൈന്‍, എച്ച്.ഷഹീര്‍ മൌലവി, എന്‍.എം. അബ്ദുറഹ്മാന്‍, കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി, തൊടിയൂര്‍ മുഹമ്മദ് മൌലവി, റൌളത്തുല്‍ ഉലൂം കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പി.മുഹമ്മദ് കുട്ടശ്ശേരി, കേരള ബാര്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ. ടി.എച്ച് അബ്ദുല്‍ അസീസ്, മുന്‍ ലോ സെക്രട്ടറി അഡ്വ. സി. ഖാലിദ്, പി.എം. മുഹമ്മദ് റസ്ലി (എം.എസ്.എസ്), എ.പി. അബ്ദുറഹ്മാന്‍ ഫൈസി പാണമ്പ്ര , വി.ഇ. മോയിമോന്‍ഹാജി ( മുക്കം മുസ്ലിം ഓര്‍ഫനേജ് ) എന്നിവര്‍ പങ്കെടുത്തു. അഡ്വ. കെ. എല്‍ അബ്ദുസ്സലാം സ്വാഗതവും അഡ്വ.സി. ഉബൈദുള്ള നന്ദിയും പറഞ്ഞു.

മധ്യമപാതയില്‍ നിലകൊള്ളുക-ശൈഖ് അഹ്മദ് കുട്ടി

കോഴിക്കോട്: ചരിത്രത്തിലെന്നും മധ്യമപാത ഉയര്‍ത്തിപ്പിടിച്ച ദര്‍ശനമാണ് ഇസ്ലാം എന്ന് ടൊറണ്ടോ ഇസ്ലാമിക് അസോസിയേഷന്‍ ഡയറക്ടരും ലോകപ്രശസ്ത പണ്ഡിതനുമായ ശൈഖ് വി.പി അഹ്മദ് കുട്ടി അഭിപ്രായപ്പെട്ടു. എല്ലാ തരത്തിലുള്ള അതിവാദങ്ങളെയും ഇസ്ലാം നിരാകരിച്ചിട്ടുണ്ട്. ബഹുസ്വര സമൂഹത്തിന്റെ സാധ്യതകളെയും പരിമിതികളെയും മറന്നുകൊണ്ട് ഇസ്ലാമിന്റെ ആവിഷ്കാരം സാധ്യമാവില്ല-അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഹിറാ സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയാരിരുന്നു അദ്ദേഹം. സലഫി തീവ്രവാദവും രാഷ്ട്രീയ തീവ്രവാദവും സൂഫി അതിവാദങ്ങളും ഇസ്ലാമിന് ഏല്‍പിക്കുന്ന പരിക്കുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
വളാഞ്ചേരി എടയൂര്‍ സ്വദേശിയായ വി.പി അഹ്മദ് കുട്ടി ഇപ്പോള്‍ കനഡയിലെ ടൊറണ്ടോ കേന്ദ്രീകരിച്ച് ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. പശ്ചാത്യ നാടുകളില്‍ ഏറെ ശ്രദ്ധേയനായ അദ്ദേഹം പല അന്താരാഷ്ട്ര ഇസ്ലാമിക വേദികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. പ്രസിദ്ധമായ ഇസ്ലാം ഓണ്‍ലൈനിലെ ഫത്വാ സെഷനില്‍ അദ്ദേഹം നിരന്തരം ഫത്വകള്‍ നല്‍കുന്നുണ്ട്. അമീര്‍ ടി ആരിഫലി അധ്യക്ഷത വഹിച്ചു.

അലിഗഢ്: സര്‍ക്കാര്‍ നടപടികള്‍ ത്വരിതപ്പെടുത്തണം(23.7.2009)


തിരുവനന്തപുരം: അലിഗഢ് സര്‍വകലാശാലക്ക് ഭൂമി കൈമാറാനുളള സര്‍ക്കാര്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ എം.ഐ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തിലുള്ള സംഘം മന്ത്രിമാരോട് ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതില്‍ കാലതാമസം ഉണ്ടാകുന്നു.

സര്‍ക്കാര്‍ തീരുമാനിച്ച പെരിന്തല്‍മണ്ണ, ചേലാമല ഭൂമിയുടെ ഉടമകള്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇത് ഭൂമി ഏറ്റെടുക്കല്‍ നടപടി വൈകിക്കും. എന്നാല്‍ തടസ്സങ്ങളില്ലാതെ വേഗത്തില്‍ കൈമാറാന്‍ സാധിക്കുന്ന ഭൂമി മലപ്പുറത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ട്. ബജറ്റില്‍ തുക പാസായിരിക്കെ ഭൂമി ഏറ്റെടുക്കുന്നതിന്റെ കാലവിളംബം മൂലം പദ്ധതി നഷ്ടപ്പെടുന്നത് കേരളത്തിന് പൊതുവെയും മലബാറിന് വലിയ ആഘാതവുമായിരിക്കുമെന്നും സംഘം മന്ത്രിമാരോട് ഉന്നയിച്ചു.

നാലുമാസത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് റവന്യു മന്ത്രി കെ.പി. രാജേന്ദ്രന്‍ ഉറപ്പ് നല്‍കി. ഉദ്യോഗതലത്തിലും മന്ത്രിതലത്തിലും മോണിറ്ററിംഗ് സെല്‍ രൂപവത്കരിച്ച് നടപടികള്‍ ആരംഭിച്ചിരിക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി എം.എ. ബേബി അറിയിച്ചു. മന്ത്രിമാര്‍ക്ക് പുറമെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയെയും സംഘം സന്ദര്‍ശിച്ചു. ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി പി.ഐ. നൌഷാദ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറ അംഗം എച്ച്. ഷഹീര്‍ മൌലവി, മലപ്പുറം ജില്ലാ പ്രസിഡന്റ് പ്രൊഫ. പി. ഇസ്മാഈല്‍, സോളിഡാരിറ്റി മലപ്പുറം സെക്രട്ടറി മുഖീമുദ്ദീന്‍, മെഹബൂബ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

സുറയ്യയുടെ മതംമാറ്റം ഗാഢചിന്തയില്‍ നിന്ന് ഉയിര്‍ കൊണ്ട ജീവിതമാറ്റം: കൃഷ്ണയ്യര്‍ (21.7.2009)

കൊച്ചി: മലയാള സാഹിത്യത്തിലെ അനശ്വര നക്ഷത്രമായ കമലാ സുറയ്യയുടെ ധന്യജീവിതത്തിന്റെ അവസാന നാളുകള്‍ ആവിഷ്കരിച്ച 'കമലാ സുറയ്യ സഫലമായ സ്നേഹാന്വേഷണം' എന്ന കൃതി പ്രൌഢ സദസ്സിനെ സാക്ഷി യാക്കി ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പ്രകാശനം ചെയ്തു. എറണാകുളത്തെ കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയയിലായിരുന്നു ചടങ്ങ്.

കമലാസുറയ്യയുടെ മതംമാറ്റം 30 വര്‍ഷത്തെ ഗാഢമായ ചിന്തയില്‍ നിന്ന് ഉയിര്‍കൊണ്ട ജീവിത മാറ്റമായിരുന്നു എന്ന് പുസ്തകം പ്രകാശനം ചെയ്ത് കൃഷ്ണയ്യര്‍ പറഞ്ഞു. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം കമലയുടെ ജീവിതത്തില്‍ നിന്ന് കണ്ടുപഠിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് മനുഷ്യന്‍ ദൈവത്തെ കാണുന്നത് അമ്പലത്തിലും പള്ളികളിലും പോകുമ്പോള്‍ മാത്രമാണ്. ദേവാലയങ്ങളില്‍ നിന്ന് പുറത്തുവന്നാല്‍ അവന്റെ ജീവിതത്തില്‍ ദൈെവിക ചൈതന്യം കാണുന്നില്ല. യഥാര്‍ഥ മുസ്ലിമായിരുന്നു കമലാ സുറയ്യ എന്ന് പുസ്തകം നമുക്ക് പറഞ്ഞുതരുന്നു. അല്ലാഹുവില്‍ വിശ്വസിച്ചാല്‍ മാത്രമേ സ്വര്‍ഗത്തില്‍ പോകാന്‍ സാധിക്കൂ എന്നും സ്നേഹവും സ്വര്‍ഗവും നേടാന്‍ അതാണ് വഴിയെന്നും ആത്മാര്‍ഥമായി വിശ്വസിച്ചാണ് അവര്‍ മതം മാറിയത്. ഇത്രയും വിശുദ്ധിയുള്ള സ്ത്രീയെ നമുക്ക് ലഭിച്ചത് ഭാഗ്യമാണ്. എന്നാല്‍, അവര്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടു വെന്നും കൃഷ്ണയ്യര്‍ ചൂണ്ടിക്കാട്ടി.

കമലാ സുറയ്യയുടെ ജീവിതത്തിന്റെ അവസാന നാളുകളുടെ യഥാര്‍ഥ ചിത്രം വരച്ചു കാട്ടുന്നതാണ് രചനയെന്ന് പുസ്തകം ഏറ്റുവാങ്ങി പ്രൊഫ. എം.കെ. സാനു പറഞ്ഞു. സത്യസന്ധതയുടെയും ആത്മാര്‍ഥതയുടെയും സ്പന്ദനം രചനയില്‍ പ്രകടമാണ്. മനുഷ്യര്‍ സൃഷ്ടിച്ച സാങ്കല്‍പിക മതിലുകള്‍ ശ്രദ്ധിക്കരുതെന്ന് അമ്മ പഠിപ്പിച്ചതായി കമലാ സുറയ്യയുടെ മകന്‍ എം.ഡി. നാലപ്പാട് പറഞ്ഞു. ഇസ്ലാമില്‍ സ്നേഹവും സമഭാവനയും കരുണയും സഹിഷ്ണുതയും ദര്‍ശിച്ചതിനാലാണ് അമ്മ അതിനെ സ്വീകരിച്ചത്. ബിന്‍ ലാദിന്റെ ഇസ്ലാമിനെയല്ല,യഥാര്‍ഥ ഇസ്ലാമിനെയാണ് അമ്മ മനസ്സിലാക്കിയതെന്നും നാലപ്പാട് കൂട്ടിച്ചേര്‍ത്തു.

മതം മാറുന്നതിന് വളരെ മുമ്പുതന്നെ താനടക്കമുള്ളവരുമായി ഖുര്‍ആന്‍ വചനങ്ങള്‍ കമലാ സുറയ്യ ചര്‍ച്ച ചെയ്തിരുന്നുവെന്ന് ഡോ. സി.കെ. രാമചന്ദ്രന്‍ പറഞ്ഞു. താരതമ്യം ചെയ്തും ഉള്‍ക്കൊണ്ടുമാണ് അവര്‍ മതം മാറിയത്. സ്നേഹം കോരിത്തരുമ്പോഴും തിരികെ സ്നേഹം ആഗ്രഹിച്ച കമല അതിനുവേണ്ടിയാണ് ഇസ്ലാമിലേക്ക് മാറിയതെന്ന് പ്രമുഖ പത്രപ്രവര്‍ത്തക ലീലാമേനോന്‍ പറഞ്ഞു. കമലാ സുറയ്യക്ക് സമൂഹം ഇന്ന് നല്‍കുന്ന സ്നേഹം നേരത്തേ കൊടുത്തിരുന്നെങ്കില്‍ അവര്‍ കേരളം വിട്ടുപോവില്ലായിരുന്നുവെന്ന് പാര്‍വതി പവനന്‍ അഭിപ്രായപ്പെട്ടു. കേരളം വിട്ടുപോയിരുന്നില്ലെങ്കില്‍ കമല കുറെക്കാലം കൂടി ജീവിക്കുമായിരുന്നുവെന്ന് പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ.എം. റോയ് പറഞ്ഞു.

ബഹുസ്വര സമൂഹത്തില്‍ ജീവിതത്തിലൂടെയും മരണത്തിലൂടെയും മഹിതമായ സന്ദേശമാണ് കമലാ സുറയ്യ നല്‍കിയതെന്ന് പുസ്തകം സമര്‍പ്പിച്ച് ഗ്രന്ഥകാരന്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ശിശുസഹജമായ ജീവിത വിശുദ്ധിയും കടലുപോലെ അതിരുകളില്ലാത്ത സ്നേഹവുമായിരുന്നു അവരുടെ മുഖമുദ്ര.
പുസ്തകം പ്രസിദ്ധീകരിച്ച ഇസ്ലാമിക് പബനുിഷിംഗ് ഹൌസ് ഡയറക്ടര്‍ ടി.കെ. ഫാറൂഖ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ. അഹമ്മദ് കബീര്‍, ജസ്റ്റിസ് കെ. സുകുമാരന്‍, സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി, മുന്‍ ക്രൈം ബ്രാഞ്ച് എസ്.പി അബ്ദുല്‍ ഹമീദ് എന്നിവരും സംസാരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറിമാരായ ടി.കെ. ഹുസൈന്‍, എന്‍.എം. അബ്ദുറഹ്മാന്‍, പി.ഐ. നൌഷാദ്, ജസ്റ്റിസ് രാമകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മാധ്യമം കൊച്ചി റസിഡന്റ് മാനേജര്‍ വി.എ. സലീം നന്ദി പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി മുസ്ലിം സമൂഹത്തിന് ആത്മവിശ്വാസം
നല്‍കി: ടി. ആരിഫലി (20.7.2009)

തിരുവനന്തപുരം: പൊതുസമൂഹത്തില്‍ ക്രിയാത്മക ഇടപെടല്‍ നടത്താന്‍ മുസ്ലിം സമൂഹത്തിന് ആത്മവിശ്വാസം നല്‍കിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയെന്ന് കേരള അമീര്‍ ടി.ആരിഫലി. ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരം മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കമ്യൂണിസം ലോകത്ത് ഉയര്‍ത്തിയ വെല്ലുവിളികളെയും യുക്തിവാദം ഉന്നയിച്ച ആശയങ്ങളെയും ഇസ്ലാമികാശയങ്ങള്‍കൊണ്ട് ശക്തമായി നേരിട്ടത് ജമാഅത്തെ ഇസ്ലാമിയായിരുന്നു. സ്വാതന്ത്യ്രത്തിന് ശേഷവും മുമ്പും സമൂഹത്തിന് കൃത്യമായ മാര്‍ഗദര്‍ശനം നല്‍കുന്നതില്‍ ജമാഅത്തെ ഇസ്ലാമിയുടെ പങ്ക് വലുതാണ്.

ഒരു ലക്ഷത്തിലധികം സ്ത്രീകളെ പങ്കെടുപ്പിച്ച് അടുത്തവര്‍ഷം ജനുവരിയില്‍ വനിതാ സമ്മേളനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാന സമിതിഅംഗങ്ങളായ സാദിഖ് മൌലവി, ടി.കെ. ഫാറൂഖ്, വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം ഇ.സി.ആയിശ, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ടി. മുഹമ്മദ്, എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ഇര്‍ഷാദ്, ജി.ഐ.ഒ സംസ്ഥാന സമിതിയംഗം ഖന്‍സാ, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് എ.എസ്.നൂറുദ്ദീന്‍, സെക്രട്ടറി എസ്.അമീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എ.ഐ.സി.എല്‍ വിപുലീകരിക്കും: ടി ആരിഫലി (19.7.2009)


കോഴിക്കോട്: കേരളത്തിലെ പ്രഥമ ഇസ്ലാമിക സാമ്പത്തികസ്ഥാപനമായ എ.ഐ.സി.എല്‍ നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ കണക്കിലെടുത്ത് വിപുലീകരിക്കുമെന്ന് ഡയറക്ടര്‍ ടി. ആരിഫലി അറിയിച്ചു.

ശരീഅത്ത് നിയമങ്ങള്‍ക്കനുസൃതമായ സാമ്പത്തിക സ്ഥാപനം പ്രായോഗികമാണെന്ന് ഏഴുവര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തനത്തിലൂടെ തെളിയിച്ച എ.ഐ.സി.എല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും വിപുലീകരണ സാധ്യതകള്‍ ചര്‍ച്ചചെയ്യുന്നതിനും സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരീഅത്ത് നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സ്വീകാര്യത വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍, എ.ഐ.സി.എല്ലിനെ രാജ്യത്തെ ഒന്നാംനിര സാമ്പത്തികസംരംഭമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിനായി കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച് പുതിയ മേഖലകളിലേക്ക് കടക്കും. വിപുലീകരണത്തിന്റെ ആദ്യപടിയായി റിയല്‍ എസ്റ്റേറ്റ് ഡവലപ്മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നതിന് സബ്സിഡിയറി കമ്പനി എ.ഐ.സി.എല്ലിനു കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതിനായി എ.ഐ.സി.എല്‍ നിക്ഷേപ സമാഹരണം നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.കമ്പനി സി.ഇ.ഒ കെ.കെ. അലി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയര്‍മാന്‍ എ. മുഹമ്മദലി, മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.സി. അന്‍വര്‍, ഡോ. ശഹീദ് റംസാന്‍, പി.കെ. അബ്ദുറസാഖ്, എം.എ. മഹ്ബൂബ്, പ്രൊഫ. യഅ്ഖൂബ്, വി.കെ. അലി, എം. അബ്ദുല്‍ മജീദ്, മുഹമ്മദ് പാലത്ത്, വി.എന്‍.കെ. അഹമ്മദ്, ഡോ. അഹമ്മദ് ബാവപ്പ എന്നിവര്‍ സംസാരിച്ചു.

അലീഗഢ് കാമ്പസിന് ഭൂമി ഉടന്‍ കൈമാറണം: ജമാഅത്തെ ഇസ്ലാമി (8.7.2009)

കോഴിക്കോട്: അലീഗഢ് സര്‍വകലാശാലയുടെ മലപ്പുറം കാമ്പസിന് കേന്ദ്രബജറ്റില്‍ സംഖ്യ വകയിരുത്തിയിരിക്കെ സ്ഥലമെടുപ്പ് പൂര്‍ത്തീകരിച്ച് ഭൂമി ഉടന്‍ യൂനിവേഴ്സിറ്റിക്ക് കൈമാറണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

വിദ്യാഭ്യാസരംഗത്ത് മലബാര്‍ മേഖല അനുഭവിക്കുന്ന കടുത്ത വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന ഭരണകൂടം ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ല. അതിനിടെ, കേന്ദ്രം അനുവദിച്ച അലീഗഢ് സെന്ററിന്റെ കാര്യത്തിലും കടുത്ത അലംഭാവം പുലര്‍ത്തുകയാണ്. മലപ്പുറത്ത് പാണക്കാട്ടെ നിര്‍ദിഷ്ട ഭൂമി എളുപ്പത്തില്‍ കൈമാറാന്‍ സാധിക്കുമെന്നിരിക്കെ അതൊഴിവാക്കി ഒട്ടേറെ നിയമ-സാങ്കേതികപ്രശ്നങ്ങളുള്ള പെരിന്തല്‍മണ്ണ ചേലാമലയിലെ ഭൂമി ഏറ്റെടുത്ത് കൈമാറുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, അതിനുവേണ്ടി ഭൂമി അക്വയര്‍ ചെയ്യുന്നതടക്കമുള്ള ഫലപ്രദമായ നടപടികള്‍ ഒന്നുമായിട്ടില്ല. സ്ഥലമുടമകള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതോടെ നിയമക്കുരുക്കുകളില്‍ പെട്ട് സ്ഥലമെടുപ്പ് അനന്തമായി നീളാനാണ് സാധ്യത. സര്‍ക്കാറിന്റെ ഈ സമീപനം സെന്റര്‍ നഷ്ടപ്പെടുന്നതിലായിരിക്കും കലാശിക്കുക.

അലീഗഢ് യൂനിവേഴ്സിറ്റി സെന്റര്‍ യാഥാര്‍ഥ്യമാക്കുന്നതിന് പ്രായോഗിക നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട്വരണം. സംസ്ഥാനഭരണകൂടം നിഷേധാത്മക സമീപനം തുടര്‍ന്നാല്‍ സമാനമനസ്കരുമായി ചേര്‍ന്ന് സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കി. അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.

 
     
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.