ഒരുമയുടെയും ഐക്യത്തിന്റെയും സ്നേഹസംവാദം
കാലടി: സഹജീവികളെ തൊട്ടറിഞ്ഞ് സംതൃപ്ത ജീവിതം കെട്ടിപ്പടുക്കാന്‍ കാലടിയില്‍ നടന്ന സ്നേഹസംവാദം ആഹ്വാനം ചെയ്തു. പരസ്പരം അറിയുമ്പോള്‍ അപരന്‍ അന്യനല്ലാതാകുന്നു. അന്യരല്ലാതാകുമ്പോള്‍ കുടുംബംപോലെ സാമൂഹിക ജീവിതവും ദൃഢപൂര്‍ണമാകുന്നു. ഹൈന്ദവ-ക്രൈസ്തവ-ഇസ്ലാം മതങ്ങളിലെ ജീവിതവീക്ഷണം അടിസ്ഥാനമാക്കി ഡയലോഗ് സെന്റര്‍ കാലടിയാണ് പരിപാടി സംഘടിപ്പിച്ചത്. വര്‍ക്കല ശിവഗിരിമഠം സ്വാമി അവ്യയാനന്ദ, സീറോ മലബാര്‍ സഭയിലെ ഫാ. പോള്‍ തേലക്കാട്ട്, ജ.ഇ സംസ്ഥാന അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് എന്നിവര്‍ സംസാരിച്ചു. സ്നേഹമാണ് ഹൈന്ദവ ദര്‍ശനമെന്ന് സ്വാമി അവ്യയാനന്ദ അഭിപ്രായപ്പെട്ടു. ഒരുമയും ഐക്യവുമാണ് ഋഗ്വേദം പഠിപ്പിക്കുന്നത്. മരിക്കുമെന്ന് ചിന്തിക്കുമ്പോഴാണ് താനൊരു മനുഷ്യനാണെന്ന് പലരും മനസ്സിലാക്കുന്നതെന്ന് ഫാ. പോള്‍ തേലക്കാട്ട് അഭിപ്രായപ്പെട്ടു. വിശുദ്ധവേഷംകൊണ്ട് ദൈവകൃപ നേടാനാവില്ല. പകരം അവന്റെ പ്രവര്‍ത്തനങ്ങളാണ് ദൈവദര്‍ശനം പ്രകടമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണ് ഇസ്ലാം വിഭാവന ചെയ്യുന്നതെന്ന് ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു. ഇസ്ലാമിക ദര്‍ശനം ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് ഒരുവന്‍ മുസ്ലിമാകുന്നത്. ഓള്‍ ഇന്ത്യ ഇന്റര്‍ റിലീജിയസ് ഡയലോഗ് കൌണ്‍സില്‍ സെക്രട്ടറി എം.ടി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീമൂലനഗരം മോഹന്‍ അധ്യക്ഷത വഹിച്ചു. സദസ്സിന്റെ സംശയങ്ങള്‍ക്ക് വിഷയാവതാരകര്‍ മറുപടി നല്‍കി. കാലടി ശൃംഗേരി മഠം സ്വാമി സുബ്രഹ്മണ്യഅയ്യര്‍, കാലടി സെന്റ് ജോര്‍ജ് ചര്‍ച്ചിലെ ഫാ. ഫ്രാന്‍സിസ് അരീയ്ക്കല്‍, എസ്.എന്‍.ഡി.പി പ്രസിഡന്റ് പി.എന്‍ രവി, ടൌണ്‍ ജുമാമസ്ജിദ് പ്രസിഡന്റ് ഇ.കെ ബഷീര്‍, ജ.ഇ ജില്ലാ പ്രസിഡന്റ് വി.എ ഇബ്റാഹീംകുട്ടി, കാലടി മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് വി.കെ തങ്കച്ചന്‍, ഫാ. ജോണ്‍പുതുവ, ഇ.വി ചന്ദ്രബോസ്, എം.എന്‍ വിശ്വനാഥന്‍, കരീം മീരാന്‍, കെ.എന്‍ ചന്ദ്രപ്രകാശ്, പ്രഫ. രവീന്ദ്രനാഥ്, കാലടി എസ്. മുരളീധരന്‍, എം.എം നാസര്‍, കെ.എസ് ജോസഫ്, പി.കെ രവി, പി.എ അബൂബക്കര്‍, കെ.ബി ഖാദര്‍കുഞ്ഞ് എന്നിവര്‍ പങ്കെടുത്തു. ഇ.എം സക്കീര്‍ഹുസൈന്‍ സ്വാഗതവും പി.ഐ അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.
എസ്.ഐ.ഒ സംസ്ഥാന സമ്മേളനം
ചരിത്ര സെമിനാര്‍ മെയ് 30ന് കോഴിക്കോട്ട്
കോഴിക്കോട്: എസ്.ഐ.ഒ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'കേരള സമൂഹ രൂപീകരണത്തിലെ മുസ്ലിം പങ്ക്' എന്ന വിഷയത്തില്‍ മെയ് 30-ന് ഞായറാഴ്ച കോഴിക്കോട് ചരിത്ര സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇന്‍ഡോര്‍ സ്റേഡിയത്തില്‍ വൈകുന്നേരം 3-നാണ് പരിപാടി. സെമിനാര്‍ പ്രശസ്ത ചരിത്രകാരന്‍ ഡോ. എം. ഗാഗാധരന്‍ ഉദ്ഘാടനം ചെയ്യും. ഡോ. എം.ജി.എസ് നാരായണന്‍, ഡോ. ബഹാവുദ്ദീന്‍ നദ്വി, കെ.കെ കൊച്ച്, രാജേന്ദ്രന്‍ എടത്തുംകര, കെ.ടി ഹുസൈന്‍, അശ്റഫ് കടയ്ക്കല്‍, സൈനുദ്ദീന്‍ മന്ദലാംകുന്ന്, അബ്ദുര്‍റഹ്മാന്‍ മങ്ങാട്, കെ. അബൂബക്കര്‍, ജമീല്‍ അഹ്മദ്, പി.എം സാലിഹ്, ടി. ശാക്കിര്‍ പങ്കെടുക്കും.
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ
ദോഹ മെഡിക്കല്‍ ക്യാമ്പ്
ദോഹ: ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച 9-ാമത് സൌജന്യ മെഡിക്കല്‍ ക്യാമ്പില്‍ 2000 പേര്‍ പങ്കെടുത്തു. ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പാവപ്പെട്ട തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്ന മെഡിക്കല്‍ ക്യാമ്പ് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ജനസേവനരംഗത്ത് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ സാന്നിധ്യം ശ്ളാഘനീയമാണ്. ഇത്തരം ജനസേവന സംരംഭങ്ങളെ ദൈവാരാധനയുടെ ഭാഗമായി കാണണമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.
ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ സേവനതല്‍പരതയെ സുപ്രീം ആരോഗ്യ കൌണ്‍സിലിലെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ആന്റ് കമ്യൂണിക്കേബ്ള്‍ ഡിസീസസ് കണ്‍ട്രോള്‍ വകുപ്പ് മാനേജര്‍ ഡോ. മുഹമ്മദ് അല്‍ഹാജിരി പ്രശംസിച്ചു. പകര്‍ച്ച വ്യാധികള്‍ക്കും മാരക രോഗങ്ങള്‍ക്കുമെതിരെ ബോധവല്‍കരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ ക്യാമ്പിന് പൂര്‍ണ പിന്തുണ അറിയിച്ചു ക്യൂടെല്‍ ഗ്രൂപ്പ് കമ്യൂണിക്കേഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആദില്‍ അല്‍ മുതവ്വ. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡന്റ് കെ. സുബൈര്‍ അബ്ദുല്ല, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. സമീര്‍ കലന്തന്‍, ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫണ്ട് (ഐ.സി.ബി.എഫ്) പ്രസിഡന്റ് നിലാങ്ഷു ഡെ, കെ.എം.സി.സി ജനറല്‍ സെക്രട്ടറി എ.പി അബ്ദുര്‍റഹ്മാന്‍, ഇന്‍കാസ് പ്രസിഡന്റ് കെ.കെ ഉസ്മാന്‍, നോര്‍ക്ക ഡയറക്ടര്‍ ശങ്കരന്‍, ശ്രീലങ്കന്‍ പ്രവാസി സമൂഹത്തെ പ്രതിനിധീകരിച്ച് മുഹമ്മദ് ഇക്റാം തൌഫീഖ് എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍, ബംഗ്ളാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ 1300ല്‍പരം തൊഴിലാളികളെ ക്യാമ്പില്‍ പരിശോധിച്ചു. ആരോഗ്യ സംരക്ഷണത്തിലെ അശ്രദ്ധയാണ് തൊഴിലാളികളില്‍ വലിയൊരു വിഭാഗത്തെ രോഗികളാക്കുന്നതെന്ന് ക്യാമ്പ് ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ റഷീദ് അഹ്മദ് പറഞ്ഞു. ക്യാമ്പില്‍ ഐ.എം.എയിലെയും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെയും ഖത്തര്‍ പെട്രോളിയം കമ്പനിയിലെയും 100ല്‍പരം ഡോക്ടര്‍മാരും 150 പാരാമെഡിക്കല്‍ സ്റാഫും സേവനമനുഷ്ഠിച്ചു.
ബഹ്റൈനില്‍ 'സ്റുഡന്റ്സ് ഇന്ത്യ'
മനാമ: പ്രവാസി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ശരിയായ ദിശാബോധം പകരാനും അവരുടെ പ്രശ്നങ്ങള്‍ ക്രിയാത്മകമായി അഭിമുഖീകരിക്കാനുമായി 'സ്റുഡന്റ്സ് ഇന്ത്യ' എന്ന പേരില്‍ ബഹ്റൈനില്‍ പുതിയ വിദ്യാര്‍ഥി കൂട്ടായ്മ. കെ.ഐ.ജി ബഹ്റൈന്‍ സംഘടിപ്പിച്ച സ്റുഡന്റ്സ് മീറ്റിലാണ് ഈ പുതിയ വിദ്യാര്‍ഥി സംഘം പിറവിയെടുത്തത്. ബഹ്റൈനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളുടെ സാന്നിധ്യത്തില്‍ എസ്.ഐ.ഒ കേരള ഘടകം പ്രസിഡന്റ് പി.എം സ്വാലിഹ് 'സ്റുഡന്റ്സ് ഇന്ത്യ'യുടെ പ്രഖ്യാപനം നടത്തി.
ശരിയായ പ്രപഞ്ചവീക്ഷണവും ദൈവബോധവുമുള്ള വിദ്യാര്‍ഥികള്‍ക്കേ നന്മ നിറഞ്ഞ ഒരു പുതുലോകത്തെക്കുറിച്ച് നിറമുള്ള സ്വപ്നങ്ങള്‍ കാണാനും സമൂഹത്തിന്റെ പുനര്‍ നിര്‍മിതിയില്‍ തങ്ങളുടേതായ ഭാഗധേയം നിര്‍വഹിക്കാനും കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. നന്മയോട് അടങ്ങാത്ത ആഭിമുഖ്യവും സാമൂഹിക തിന്മകളോട് തീക്ഷ്ണമായ പ്രതിഷേധവും വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാവണം. പഠന രംഗത്ത് കഴിവു തെളിയിക്കുന്നതോടൊപ്പം കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും സേവന നിരതരാകാനും വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം എ.ടി ശറഫുദ്ദീന്‍ പഠനക്ളാസ് നടത്തി. റിഫ അല്‍ ഇസ്വ്ലാഹ് ഹാളില്‍ നടന്ന ചടങ്ങില്‍ കെ.ഐ.ജി ടീന്‍സ് വകുപ്പ് സെക്രട്ടറി സി.യു സാദിഖ് അധ്യക്ഷത വഹിച്ചു. കെ.ഐ.ജി ജനറല്‍ സെക്രട്ടറി ഹബീബുര്‍റഹ്മാന്‍ കിഴിശേരി സമാപന പ്രഭാഷണം നടത്തി. അസ്ലം മജീദ് ഖുര്‍ആനില്‍നിന്ന് അവതരിച്ചു. എം.സി അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു.
'തണല്‍' അയല്‍കൂട്ട കുടുംബസംഗമവും വാര്‍ഷികാഘോഷവും
മാറഞ്ചേരി: ലോകത്ത് നിലനില്‍ക്കാന്‍ അര്‍ഹതയുള്ള സമ്പദ്ഘടന പലിശരഹിത സാമ്പത്തിക വ്യവസ്ഥ മാത്രമാണെന്ന് ജ.ഇ കേരള അമീര്‍ ടി. ആരിഫലി പ്രസ്താവിച്ചു. പലിശാധിഷ്ഠിത സമ്പദ്ഘടന തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തുകയാണ്. ഇല്ലാത്തവനില്‍നിന്ന് ഉള്ളവരിലേക്ക് സമ്പത്ത് ഒഴുകുന്ന വ്യവസ്ഥയാണിത്.
സാമ്പത്തിക പ്രവര്‍ത്തനം താഴെ തട്ടില്‍ എത്തുമ്പോഴാണ് സമൂഹത്തില്‍ ചലനമുണ്ടാകുന്നത്. ചെറിയ തുകകള്‍ പാവപ്പെട്ട കുടുംബങ്ങളില്‍ കറങ്ങുന്ന സംവിധാനമാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്ന മൈക്രോ ഫിനാന്‍സ്.
സാമുദായിക വര്‍ഗീയ ധ്രുവീകരണത്തിന്റെ അടയാളങ്ങള്‍ മായ്ച്ചുകളയാന്‍ പറ്റുന്ന കൂട്ടായ്മ എന്ന നിലയില്‍ 'തണല്‍' അയല്‍കൂട്ടങ്ങള്‍ മാതൃകയാണ്. മാറഞ്ചേരി - മുക്കാലയിലെ 'തണല്‍' വെല്‍ഫയര്‍ സൊസൈറ്റിയുടെ വാര്‍ഷികാഘോഷവും അയല്‍കൂട്ട കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'തണല്‍' പ്രസിഡന്റ് എ. അബ്ദുല്ലത്വീഫ് അധ്യക്ഷത വഹിച്ചു. ഏറ്റവും നല്ല അയല്‍ കൂട്ടങ്ങള്‍ക്കുള്ള ഉപഹാര സമര്‍പ്പണം കൃഷി ഓഫീസര്‍ പി.കെ അബ്ദുല്‍ ജബ്ബാര്‍ നിര്‍വഹിച്ചു. അയല്‍കൂട്ട കുടുംബാംഗങ്ങളുടെ കലാ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി നരേന്ദ്രന്‍ സമ്മാന വിതരണം നടത്തി. 'സ്ത്രീ ശാക്തീകരണം അയല്‍കൂട്ടങ്ങളിലൂടെ' എന്ന വിഷയം അസൂറ അലി അവതരിപ്പിച്ചു. 'തണല്‍' മൂലധന സമാഹരണത്തിന്റെ ഉദ്ഘാടനം പി. അബ്ദുര്‍റഹ്മാന്‍ ഫാറൂഖി നിര്‍വഹിച്ചു. എ.പി വാസു, ടി. സുബൈദ പ്രസംഗിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി എം. കരീം മാസ്റര്‍ അവതരിപ്പിച്ചു. ചിറ്റാറയില്‍ കുഞ്ഞു സ്വാഗതവും കെ.വി സരളാദേവി നന്ദിയും പറഞ്ഞു.
സംഘടനകള്‍ സാമൂഹിക
പ്രതിബദ്ധത കാണിക്കണം
കൂട്ടിലങ്ങാടി: ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടനകള്‍ ഏറ്റെടുക്കണമെന്ന് തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി പാലൊളി മുഹമ്മദ്കുട്ടി. സോളിഡാരിറ്റി കുടിവെള്ളപദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലം അമൂല്യമാണെന്ന ബോധം ഇനിയും ഉണ്ടായില്ലെങ്കില്‍ അത് ജനങ്ങളുടെ കൂട്ടനാശത്തിന് കാരണമാകുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. കീരംകുന്നില്‍ പൂര്‍ത്തിയായ പദ്ധതിയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി. മുജീബുര്‍റഹ്മാന്‍, മഞ്ഞളാംകുഴി അലി എം.എല്‍.എ, മങ്കട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞലവി മാസ്റര്‍, ജ.ഇ ജില്ലാ പ്രസിഡന്റ് പി. ഇസ്മാഈല്‍, പദ്ധതി ചെയര്‍മാന്‍ ടി. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് സലീം മമ്പാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ബാസ് വി. കൂട്ടില്‍ സ്വാഗതവും പി.കെ ആസിഫലി നന്ദിയും പറഞ്ഞു.
സോളിഡാരിറ്റി ജനസേവനം മാതൃകാപരം
മണ്ണാര്‍ക്കാട്: കടത്തിണ്ണയില്‍ താമസിച്ചിരുന്ന ദലിത് സ്ത്രീ ശാന്തയെയും 2 മക്കളെയും യുവജനങ്ങളുടെ കര്‍മശേഷിയിലൂടെ പുനരധിവസിപ്പിച്ച മാതൃകാപരമായ പ്രവര്‍ത്തനം എല്ലാ യുവജന പ്രസ്ഥാനങ്ങള്‍ക്കും അനുകരണീയമാണെന്ന് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി മൊയ്തു പറഞ്ഞു.
കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാങ്ങോട് എന്ന സ്ഥലത്തെ പഞ്ചായത്ത് സഹകരണത്തോടെ സോളിഡാരിറ്റി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണാര്‍ക്കാട്ടെ സോളിഡാരിറ്റി പ്രവര്‍ത്തകരാണ് കുടുംബത്തെ തെരുവില്‍നിന്നും ഏറ്റെടുത്ത് ഒന്നരവര്‍ഷത്തോളം വാടകവീട്ടില്‍ താമസിപ്പിച്ചത്. തുടര്‍ന്ന് കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍നിന്നും 5.5 സെന്റ് സ്ഥലവും വീട് വെക്കാന്‍ 1 ലക്ഷം രൂപയും ലഭ്യമാക്കി. 1,40,000 രൂപ ചെലവിലാണ് വീട് നിര്‍മിച്ച് നല്‍കിയത്.
ചടങ്ങില്‍ സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് എം. സുലൈമാന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിലീപ് കുമാര്‍, ജ.ഇ ഏരിയാ ഓര്‍ഗനൈസര്‍ അബൂബിന്‍ മുഹമ്മദ്, ജില്ലാ സമിതിയംഗം പി.സി ഹംസ, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കളത്തില്‍ ഫാറൂഖ്, ജയന്‍ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് എന്‍.പി അഷ്റഫ് സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദ് മാസ്റര്‍ നന്ദിയും പറഞ്ഞു. |