..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 

പ്രസ്റിലീസ്/ വാര്‍ത്തകള്‍

സമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി വേണം: ആരിഫലി (20.5.2009)

തിരുവനന്തപുരം: ബീമാപള്ളിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന്‌ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലിയുടെ നേതൃത്വത്തിലുള്ള സംഘം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ അടിയന്തരമായി നടപ്പാക്കണം. ക്രമസമാധാനം ഉറപ്പുവരുത്തുകയും കുറ്റവാളികളായ പോലിസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും വേണം. മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക്‌ സര്‍ക്കാര്‍ ജോലിയും അവര്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ നഷ്ടപരിഹാരവും നല്‍കണം. നിര്‍ദേശങ്ങള്‍ അടിയന്തരമായി പരിഗണിക്കുമെന്ന്‌ ഉറപ്പു നല്‍കിയ മന്ത്രി, സ്ഥിരമായി സമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാര്‍-സന്നദ്ധ സംഘടന സംയുക്ത ശ്രമം ഉണ്ടാകണമെന്ന അഭിപ്രായത്തെ സ്വാഗതം ചെയ്തു.

പരിക്കേറ്റ്‌ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം അമീറും മറ്റ്‌ ജമാഅത്ത്‌ നേതാക്കളും ഉച്ചക്ക്‌ ശേഷം ബീമാപള്ളിയിലെത്തി. അവിടെ മന്ത്രി കെ.പി. രാജേന്ദ്രനുമായി ചര്‍ച്ച നടത്തി. പള്ളി കമ്മിറ്റി ഭാരവാഹികള്‍, കൗണ്‍സിലര്‍ ബീമാപള്ളി റഷീദ്‌ എന്നിവരോട്‌ വിവരങ്ങള്‍ ആരാഞ്ഞു. ജമാഅത്ത്‌ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തിലും അമീര്‍ സംസാരിച്ചു. തത്ത്വദീക്ഷയില്ലാത്ത നടപടിയാണ്‌ പോലിസില്‍ നിന്ന്‌ ഉണ്ടായതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനി സമാധാനവും സൗഹൃദവും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാതെ സൂക്ഷിക്കണം. അല്ലെങ്കില്‍ അത്‌ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം തന്നെ തകര്‍ക്കുമെന്ന്‌ ആരിഫലി ഓര്‍മിപ്പിച്ചു. വൈകുന്നേരം വെടിവെപ്പ്‌ നടന്ന സ്ഥലവും മരിച്ചവരുടെ വീടുകളും സന്ദര്‍ശിച്ചു.

തിരുവനന്തപുരം ബിഷപ്പ്‌ ഹൗസില്‍ ലത്തീന്‍ കത്തോലിക്ക അതിരൂപത ആര്‍ച്ച്ബിഷപ്പ്‌ ഡോ. സൂസൈപാക്യവുമായും സംഘം ചര്‍ച്ച നടത്തി. സൗഹാര്‍ദവും സമാധാനവും നിലനിര്‍ത്താനാവശ്യമായ കൂട്ടായ ശ്രമങ്ങള്‍ക്ക്‌ സൂസൈപാക്യം പിന്തുണ അറിയിച്ചു.

സാമുദായിക ധ്രുവീകരണം ഉണ്ടാകാതെ പ്രശ്നം പരിഹരിക്കണമെന്നും ഇരുവരും ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ്‌ അമീര്‍ എം.ഐ അബ്ദുല്‍ അസീസ്‌, പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ്‌ വാണിമേല്‍, സംസ്ഥാന സമിതി അംഗം എച്ച്‌. ഷഹീര്‍ മൗലവി, സോണല്‍ സെക്രട്ടറി എം. മെഹ്ബൂബ്‌, ജില്ലാ നേതാക്കളായ എ.എസ്‌ നൂറുദ്ദീന്‍, എന്‍.എം അന്‍സാരി എന്നിവരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌.

 

 
     
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.