..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 

പ്രസ്റിലീസ്/ വാര്‍ത്തകള്‍

പ്രൊഫ. കെ.എ സിദ്ദീഖ്ഹസന് അന്താരാഷ്ട്ര പുരസ്കാരം

January 20, 2010

ലണ്ടന്‍: ലോക പ്രശസ്ത ഇസ്ലാമിക വെബ്സൈറ്റായ ഇസ്ലാം ഓണ്‍ലൈന്‍ 2009ലെ സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്ന് പ്രൊഫ. കെ.എ സിദ്ദീഖ്ഹസന്‍, ടീസ്റ്റ സെറ്റില്‍വാദ്, അബ്ദുല്‍ ഹകീം ഫൈസി, അബ്റാറുല്‍ ഹസന്‍ എന്നിവര്‍ പുരസ്കാരത്തിന് അര്‍ഹരായി.
മാനുഷികതക്കും വികസനത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 11 മേഖലകളിലെ പ്രമുഖര്‍ക്കാണ് ഇസ്ലാം ഓണ്‍ ലൈന്‍ 'ഐഒഎല്‍ സ്റ്റാര്‍ ഓഫ് ദ ഇയര്‍' പുരസ്കാരം നല്‍കുന്നത്.  ലോകമെങ്ങുമുള്ള ഓണ്‍ലൈന്‍ വായനക്കാര്‍ നിര്‍ദേശിച്ച 56 വ്യക്തികളില്‍നിന്ന് ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ ഏറ്റവുമധികം അംഗീകാരം നേടിയ 12 പേര്‍ക്കാണ് അവാര്‍ഡുകള്‍. 120 രാജ്യങ്ങളിലെ പൌരന്മാര്‍ വോട്ടെടുപ്പില്‍ സംബന്ധിച്ചു. ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന് നല്‍കിയ സേവനങ്ങള്‍ പരിഗണിച്ചാണ് ജമാഅത്തെ ഇസ്ലാമി ദേശീയ ഉപാധ്യക്ഷനും നിര്‍ധനശാക്തീകരണത്തിനുള്ള വിഷന്‍ 2016 പദ്ധതിയുടെ സാരഥിയുമായ പ്രൊഫ. കെ.എ സിദ്ദീഖ്ഹസന് അവാര്‍ഡ്. വിദ്യാഭ്യാസ മേഖലയില്‍ നല്‍കിയ സംഭാവനകളാണ് അബ്ദുല്‍ ഹകീം ഫൈസിയെ ജേതാവാക്കിയത്. മറ്റ് അവാര്‍ഡുകള്‍ ഇങ്ങനെയാണ്.
കായികം: ഫ്രെഡറിക് ഉമര്‍ കാനൂട്ട് (ഫ്രഞ്ച് പൌരത്വമുള്ള മാലി ഫുട്ബാളര്‍), ശാസ്ത്രം: സലീം അല്‍ഹസാനി (ബ്രിട്ടന്‍),  മനുഷ്യാവകാശം: ജോര്‍ജ് ഗലോവെ (ബ്രിട്ടന്‍),  നവ മാധ്യമപ്രവര്‍ത്തനം: അബ്റാറുല്‍ ഹസന്‍ (ഇന്ത്യ), ഓര്‍ഗാനികലു (ഈജിപ്ഷ്യന്‍ അമേരിക്കന്‍ വനിത), ന്യൂനപക്ഷ ക്ഷേമം: ടീസ്റ്റ സെറ്റില്‍ വാദ് (ഇന്ത്യ), കല: സാമി യൂസുഫ്(ബ്രിട്ടീഷ് സംഗീതജ്ഞന്‍), സന്നദ്ധ സേവനം: ഹാല്‍ഫ്ഡേറ്റ്.കോം (ഇസ്ലാമിക സേവന വെബ്സൈറ്റ്), ആശയസംവാദം: ജേക്കബ് എര്‍ലി (ഡാനിഷ് രാഷ്ട്രീയ പ്രവര്‍ത്തകന്‍), പ്രഭാഷണം: ഹാറൂന്‍ യഹ്യ (തുര്‍ക്കി). വോട്ടെടുപ്പിന്റെ വിവരങ്ങള്‍ www.islamonline.net വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇവോണ്‍ റിഡ്ലി (3.9%വോട്ട്), താരിഖ് റമദാന്‍ (2.6%), സാറ ജോസഫ് (1.5%), ബാബര്‍ അലി (1.2%), അബ്ദുസ്സത്താര്‍ ഈദി (0.7%) എന്നിവരാണ് സാമുദായിക സേവനത്തിന് സിദ്ദീഖ് ഹസനൊപ്പം പരിഗണിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച സിദ്ദീഖ് ഹസനെ 90.1 ശതമാനം വോട്ടര്‍മാര്‍ പിന്തുണച്ചു. റംസി ബറൂദ് (15.1%), മലയാളിയായ ബിജു അബ്ദുല്‍ ഖാദര്‍ (9.2%), മിഷേല്‍ വുള്‍ഫ് (0.9%), എതാര്‍ എല്‍കതാത്നി (12.7%) എന്നിവരാണ് അബ്ദുല്‍ ഹകീം ഫൈസിക്കൊപ്പം പരിഗണിക്കപ്പെട്ടത്. ഫൈസി 44.8% വോട്ടു നേടി.
'മാധ്യമം' ദിനപത്രം, ഇസ്ലാമിക് സാമ്പത്തിക സ്ഥാപനമായ ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ്സ് ആന്‍ഡ് ക്രെഡിറ്റ്സ് ലിമിറ്റഡ്, മുസ്ലിം ഉന്നമനത്തിനുള്ള ബഹുമുഖ പദ്ധതിയായ ന്യൂദല്‍ഹി ആസ്ഥാനമായുള്ള 'വിഷന്‍ 2016' തുടങ്ങിയ സംരംഭങ്ങളില്‍ വഹിച്ച നേതൃപരമായ പങ്കാണ് സിദ്ദീഖ് ഹസനെ അവാര്‍ഡിനര്‍ഹമാക്കിയത്.
മലപ്പുറം സ്വദേശിയായ അബ്ദുല്‍ഹകീം ഫൈസി ഇസ്ലാമിക വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര സിലബസ് ഏര്‍പ്പെടുത്താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. വാഫി കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ് വഴി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും പരിഗണിക്കപ്പെട്ടു.

 
     
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.