ആന്തമാനിലെ കുട്ടികളുമൊത്ത്:
ബാലസംഘത്തിന് ആവേശമായി കേരളാ ടീമിന്റെ പര്യടനം
February 1, 2010
ആന്തമാന്‍: ആന്തമാന്‍ ദ്വീപ സമൂഹത്തിന്റെ തെക്കേകോണില്‍ പ്രസ്ഥാനപ്രവര്‍ത്തകരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് ഒഴുകിയെത്തിയ ബാലികാ-ബാലന്‍മാര്‍ കനിയാപുരം സ്കൂള്‍ ഗ്രൌണ്ടിനെ ഉത്സവപറമ്പാക്കി മാറ്റി. ആന്തമാനിലെ മലര്‍വാടി ബാലസംഘത്തിന്റെ ആദ്യ ബാലോത്സവം അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വന്‍വിജയമായി. മലര്‍വാടി കേരളാ കോ-ഓര്‍ഡിനേറ്റര്‍ അബ്ബാസലിയുടെ നേതൃത്വത്തിലുള്ള ഏഴംഗ ടീമിന്റെ ആന്തമാന്‍ പര്യടനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടതായിരുന്നു ഡിസംബര്‍ 27-ലെ ബാലോത്സവം.
മുന്‍പരിചയമില്ലാത്ത പരിമിതരായ പ്രസ്ഥാനപ്രവര്‍ത്തകരുടെ കഠിനാധ്വാനവും കേരളാ ടീമിന്റെ പ്രോത്സാഹനവും കൂടിച്ചേര്‍ന്നപ്പോള്‍ പ്രവത്തകര്‍ക്ക് ആവേശവും മറക്കാനാവാത്ത അനുഭവവുമായി ബാലോത്സവം.
500 കുട്ടികളെ പ്രതീക്ഷിച്ച് നടത്തിയ ബാലോത്സവം 600-ല്‍ അധികം കുട്ടികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പാലം കടക്കല്‍, മങ്കീ വാക്ക്, മരം കയറല്‍ , കയറിലൂടെ നടക്കല്‍ തുടങ്ങിയ സാഹസിക ഇനങ്ങളും ബാസ്കറ്റ് ബോള്‍ , ഷൂട്ട് ഔട്ട്, പുള്‍ അപ്പ് തുടങ്ങിയ കായിക ഇനങ്ങളും നിമിഷ പ്രസംഗം , ഹാന്റി ക്രാഫ്റ്റ്, അറേഞ്ച് ദ ക്ളോക്ക് തുടങ്ങിയ കളികളും അരങ്ങേറി. സീനിയര്‍, ജൂനിയര്‍ ഇനങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ ഏറ്റവുമധികം പോയിന്റ് നേടിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും സമ്മാനങ്ങളും നല്‍കി. എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു. സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ രത്ന കണ്ണന്‍ ബാലോത്സവം ഉദ്ഘാടനം ചെയ്തു.
കേരളാ ടീമിന്റെ പര്യടനത്തിന്റെ ഭാഗമായി നടന്ന മറ്റൊരു പരിപാടിയായിരുന്നു മലര്‍വാടി കോ-ഓര്‍ഡിനേറ്റേഴ്സ് ട്രെയിനിംങ്ങ് ക്യാമ്പ്.
ക്യാമ്പില്‍ 35 വനിതകള്‍ പങ്കെടുത്തു. വനിതാ വിഭാഗമാണ് ഒരു വര്‍ഷം മുമ്പ് മലര്‍വാടി ബാലസംഘം യൂണിറ്റുകള്‍ രൂപവത്കരിച്ച് നടത്തി വരുന്നത്. ആന്തമാനില്‍ മലര്‍വാടി പ്രോഗ്രാമുകള്‍ ആസൂത്രണം ചെയ്യാന്‍ പത്തംഗ വനിതാ കമ്മിറ്റിക്ക് രൂപം നല്‍കുകയും ഒരുവര്‍ഷ പ്രോഗ്രാം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
ഡിസംബര്‍ 29ന് മലപ്പുറം, വിംബര്‍ലി ഗഞ്ച്, സ്റ്റുവര്‍ട്ട് ഗഞ്ച് എന്നിവിടങ്ങളില്‍ നടന്ന പേരന്റിംഗ് ക്ളാസ്സുകള്‍ രക്ഷിതാക്കള്‍ക്ക് സ്വയം വിലയിരുത്തലിന് ഏറെ സഹായകമായി. യുവജന സംഘടനയായ ഹ്യൂമന്‍ ടച്ചിനുവേണ്ടി സംഘടിപ്പിച്ച നേതൃപരിശീലന പരിപാടി യുവാക്കള്‍ക്ക് ആവേശം പകരുന്ന പുതിയ അനുഭവമായി. ആന്തമാനിലെ പ്രസ്ഥാനപ്രവര്‍ത്തകര്‍ക്ക് പുതുവര്‍ഷത്തേക്കുള്ള അറിവും ആവേശവും നല്‍കിയാണ് മലര്‍വാടി കേരളാ ടീം മടങ്ങിയത്. അബ്ബാസലി, മുസ്തഫ മങ്കട, അബ്ബാസ് കൂട്ടില്‍, ഫൈസല്‍ തൃശൂര്‍, അന്‍സാര്‍ നെടുമ്പാശേരി, പി.പി മുഹമ്മദ് മാസ്റ്റര്‍, ശിഹാബ് കോഴിക്കോട് എന്നിവരായിരുന്നു ടീമംഗങ്ങള്‍.
റ്റി.എ ഷെക്കീര്‍ (സെക്രട്ടറി,
ജില്ലാ മോനിറ്ററിംഗ് സെല്‍ ,
ജമാഅത്തെ ഇസ്ലാമി, ആന്തമാന്‍). |