..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 

ഗള്‍ഫ് വാര്‍ത്തകള്‍

'സ്വവര്‍ഗരതിക്ക് നിയമസാധുത നല്‍കാനുള്ള നീക്കം
മാനവികതയോടുള്ള വെല്ലുവിളി': ഐ.വൈ.എ സംവാദ സദസ്സ് (2.10.2009)

ദോഹ: സ്വവര്‍ഗരതിക്ക് നിയമപരിരക്ഷ നല്‍കുന്ന ജൂലൈ രണ്ടിലെ ദല്‍ഹി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 'സ്വവര്‍ഗരതി: സംസ്കാരമോ സര്‍വനാശമോ' എന്ന വിഷയത്തില്‍ ദോഹയിലെ സാമൂഹ്യ, സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരെ അണിനിരത്തി ഐ.വൈ.എ സംവേദന വേദി സംവാദ സദസ്സ് സംഘടിപ്പിച്ചു. ഐ.വൈ.എ ഹാളില്‍ നടന്ന പരിപാടിയില്‍ ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ ഡയരക്ടര്‍ ഹമീദ് വാണിയമ്പലം വിഷയാവതരണം നിര്‍വഹിച്ചു. മനുഷ്യ പ്രകൃതിക്കും മാനവിക മൂല്യങ്ങള്‍ക്കും വിരുദ്ധമായ സ്വവര്‍ഗരതിക്കനുകൂലമായുണ്ടായ കോടതി വിധി ഇന്ത്യന്‍ ജനസമൂഹത്തിന് ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യസമൂഹത്തിലെ വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിന്റെ സ്വഭാവ വൈകല്യത്തെ നിയമമാക്കുന്നതിന് പകരം ചികില്‍സിച്ച് മാറ്റുകയും ഇതര ജനവിഭാഗങ്ങളെ സാംസ്കാരിക നാശത്തിന്റെയും മാരക ലൈംഗിക രോഗങ്ങളുടെ വ്യാപനത്തിന്റെയും കെടുതികളില്‍നിന്ന് രക്ഷിക്കുകയുമാണ് വേണ്ടത്. ജനിതക പ്രത്യേകതകളാണ് സ്വവര്‍ഗരതിയുടെ അടിസ്ഥാന കാരണമെന്ന് വരുത്തിത്തീര്‍ക്കാനുള്ള കുല്‍സിത ശ്രമങ്ങള്‍ വിജയം കണ്ടിട്ടില്ല. വിവാഹിതരില്‍ ചിലരും സ്വവര്‍ഗരതിയിലേക്ക് നീങ്ങുന്നുവെന്നത് ഇതൊരു ലൈംഗിക വൈകല്യമാണെന്ന് തെളിയിക്കുന്നു. ഇത്തരം ജന്തുപരമായ താല്‍പര്യങ്ങളെ സംസ്കാരം കൊണ്ട് നിയന്ത്രിക്കാന്‍ കഴിയേണ്ടവനാണ് മനുഷ്യന്‍. അപരിഷ്കൃത ചെയ്തികളെ വിപണിയുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി നൂതന മൂല്യങ്ങളായി ഉയര്‍ത്തിക്കൊണ്ട് വരുന്ന പാശ്ചാത്യന്‍ രീതി സ്വവര്‍ഗ രതിയെ അവകാശമായി ഉയര്‍ത്തിക്കൊണ്ട് വരുന്നതിന് പിന്നിലും ദര്‍ശിക്കാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലനില്‍ക്കുന്ന സാമൂഹ്യ മൂല്യങ്ങളെയും ഏറെ പഴക്കമുള്ള ഭാരതീയ സംസ്കാര ചരിത്രത്തെയും ഒട്ടും പരിഗണിക്കാതെയാണ് ദല്‍ഹി ഹൈക്കോടതി വിധിയെന്ന് അമൃത ടി.വി ദോഹ റിപ്പോര്‍ട്ടര്‍ പ്രദീപ് മേനോന്‍ അഭിപ്രായപ്പെട്ടു. പ്രകൃതി ഘടനയുടെ നിരാസത്തിലധിഷ്ഠിതമായ ഇത്തരം ചെയ്തികള്‍ അംഗീകരിക്കപ്പെടുന്നതോടെ കുടുംബ സങ്കല്‍പങ്ങളും മനുഷ്യവംശത്തിന്റെ നിലനില്‍പ് സംവിധാനങ്ങളും അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഒരു ഹൈക്കോടതി വിധി വന്‍തോതില്‍ കൊട്ടിഘോഷിക്കപ്പെടുന്നതിന് പിന്നില്‍ രാജ്യം നേരിടുന്ന സുപ്രധാന പ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കുകയെന്ന ഒളിയജണ്ടയുള്ളതായി സംശയിക്കണമെന്ന് സോമന്‍ പൂക്കാട് പറഞ്ഞു. അതേ സമയം, ദല്‍ഹി ഹൈക്കോടതി വിധിയില്‍ ഉല്‍കണ്ഠാജനകമായി ഒന്നുമില്ലെന്നും രാജ്യത്തെ വളരെ ചെറിയ ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന ഒരു വിയഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വവര്‍ഗരതി സര്‍വനാശത്തിന്റെ സൂചന തന്നെയാണെന്നും നമ്മുടെതല്ലാത്ത ഒരു സംസ്കാരത്തിന്റെ ഉല്‍പന്നമാണെന്നും മനോജ് സി.ആര്‍. അഭിപ്രായപ്പെട്ടു. അതേസമയം, മനുഷ്യ പ്രകൃതിയില്‍ അന്തര്‍ലീനമായ സത്യസന്ധമായ പ്രണയചോദനയെ അടിച്ചമര്‍ത്താന്‍ വാശികാണിച്ച സമൂഹം അനിവാര്യമാക്കിയ വൈകൃതമാണ് സ്വവര്‍ഗരതിയെന്നും സമൂഹം ചെയ്ത തെറ്റിന് പകരമായി അതിന് നിയമപരിരക്ഷ നല്‍കുന്നതില്‍ തെറ്റില്ലെന്നും മനോജ് വ്യക്തമാക്കി. ദല്‍ഹി ഹൈക്കോടതി വിധിയെ പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയും പ്രാധാന്യവും ശ്രദ്ധിച്ചാല്‍ ഈ നീക്കത്തിന് പിന്നിലെ അധിനിവേശ അജണ്ട തിരിച്ചറിയാനാവുമെന്ന് താജ് ആലുവ പ്രസ്താവിച്ചു. സ്വവര്‍ഗരതിക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നാസ് ഫൌണ്ടേഷന്‍ ഒരു പാശ്ചാത്യന്‍ ഫണ്ടഡ് ഏജന്‍സിയാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമാവുന്നത്. കോടതി വിധി വന്‍ വിജയമാണെന്നും സ്വവര്‍ഗരതി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള പോരാട്ടമാണ് അടുത്ത ലക്ഷ്യമെന്നുമുള്ള നാസ് ഫൌണ്ടേഷന്‍ നേതാവിന്റെ പ്രസ്താവനയും അതിന് പാശ്ചാത്യന്‍ മാധ്യമങ്ങള്‍ നല്‍കിയ വന്‍ കവറേജും സാംസ്കാരികാധിനിവേശ അജണ്ടകളെ തുറന്ന് കാട്ടാന്‍ പോന്നതാണ്. അത്തരം അജണ്ടകള്‍ക്കൊത്ത് വിധികളും വ്യാഖ്യാനങ്ങളും ചമക്കാന്‍ കോടതികള്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കുകയാണെന്നും താജ് കൂട്ടിച്ചേര്‍ത്തു. സ്വവര്‍ഗരതിക്കനുകൂലമായ കോടതി വിധിക്കെതിരായ പോരാട്ടം സാമൂഹ്യ സാഹചര്യങ്ങള്‍ക്കെതിരെയാണ് തിരിച്ച് വിടേണ്ടതെന്ന് മുഹമ്മദ് ശരീഫ് ഉണര്‍ത്തി. നാം അഭിമാനം കൊള്ളുകയും അഹങ്കരിക്കുകയും ചെയ്യുന്ന സംസ്കാരത്തനിമക്കേറ്റ കടുത്ത പ്രഹരമാണിതെന്ന് റാസി ആലപ്പുഴ അഭിപ്രായപ്പെട്ടു.
ഭാരതസംസ്കാരത്തിന് നിരക്കാത്ത സ്വവര്‍ഗരതി, സമൂഹത്തിന്റെ അടിത്തറയായ കുടുംബത്തിന്റെ കുടുംബത്തിന്റെ അടിവേരറുക്കുന്നതും സര്‍വനാശത്തിന്റെ ഹേതുവാണെന്നും ഇന്‍കാസ് പ്രതിനിധി സാം കുരുവിള അഭിപ്രായപ്പെട്ടു. വഴിവിട്ട ലൈംഗിക സ്വാതന്ത്യ്രത്തിന്റെ ഫലമായി ജീവിതം തകര്‍ന്നടിയുകയും കുടുംബ മൂല്യങ്ങള്‍ക്കായി പാശ്ചാത്യര്‍ പൌരസ്ത്യരിലേക്ക് തിരിഞ്ഞുനോക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നാം പൌരസ്ത്യര്‍ പാശ്ചാത്യജീര്‍ണതകളെ വാരിപ്പുണരുന്ന കാഴ്ച അത്യന്തം ദാരുണമാണെന്ന് അധ്യക്ഷത വഹിച്ച എ.വൈ.എ പ്രസിഡന്റ് മുഹമ്മദ് ഷബീര്‍ ഓര്‍മിപ്പിച്ചു.
ശശിധരന്‍ ആലപ്പുഴ, ഖാലിദ് എം.എ,വി.കെ.എം.കുട്ടി, നസ്റുല്‍ അസ്ലം, അഷ്റഫ് ഉളിയില്‍, ഫിറോസ് കോതമംഗലം, അന്‍വര്‍ ബാബു, തസ്നീം എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഐ.വൈ.എ പി.ആര്‍. സെക്രട്ടറി സമീര്‍ കാളികാവ് സ്വാഗതവും സെക്രട്ടറി അഹ്മദ് ഷാഫി നന്ദിയും പറഞ്ഞു.

 
     
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.