..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 

ഗള്‍ഫ് വാര്‍ത്തകള്‍

 

മനുഷ്യന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുക (1.12.2009)


അബ്ബാസിയ: ലോകത്തെ മുഴുവന്‍ നാഗരികതകളും സംയോജിക്കുകയും മന്ഷ്യന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന മഹത്തായ ദര്‍ശനമാണ് പ്രവാചകന്‍ ഇബ്രാഹീം (അ) മിന്റേതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി പറഞ്ഞു. കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംയുക്ത ഈദ്ഗാഹില്‍ പെരുന്നാള്‍ ഖുത്വബ നിര്‍വ്വഹിക്കുകയായിരിന്നു അദ്ദേഹം. ദൈവത്തിന്റെ ഏകത്വം ഉയര്‍ത്തിപ്പിടിച്ച് ഇബ്രാഹീം പ്രവാചകന്‍ സൃഷ്ടികളെ തുല്യരും സമന്‍മാരുമായാണ് നോക്കിക്കണ്ടത്. മന്ഷ്യന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സഹവര്‍ത്തിത്തം പ്രയോഗവത്കരിക്കണം. സകല ചരാചരങ്ങളോടും നീതിപുലര്‍ത്തുവാനും സ്നേഹ കാരുണ്യ വികാരങ്ങള്‍ പുലര്‍ത്താനും ഒരു വിശ്വാസിക്ക് സാധിക്കണം. സമത്വമെന്ന ആശയമാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നത്. ഇത് പഠിക്കാത്തവരും പകര്‍ത്താത്തവരും ഏക ദൈവ വിശ്വാസത്തിന്റെ പൊരുളറിയാത്തവരാണ്. മലയാളികള്‍ക്കിടയില്‍ വിപുലമായ രീതിയില്‍ ഇതാദ്യമായി നടന്ന സംയുക്ത ഈദ്ഗാഹില്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന സ്ത്രീകളടക്കം നാലായിരത്തോളം പേര്‍ പങ്കെടുത്തു.

അബ്ബാസിയ ടൂറിസ്റിക് പാര്‍ക്കില്‍ നടന്ന ഈദ്ഗാഹിന്റെ ഭാഗമായി സുഹൃദ് സംഗമം ഇന്ത്യന്‍ എമ്പസി ചാര്‍ജ് ഡി അഫേഴ്സ് ബഹു. ദിനേശ് ബാട്ടിയ ഉദ്ഘാടനം ചെയ്തു. വത്തിക്കാന്‍ എമ്പസി ഫസ്റ് സെക്രട്ടറി റവറന്റ് ഡോക്ടര്‍ ജോണ്‍ ജോണ്‍ കല്ലറക്കല്‍, ഡോക്ടര്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വിവിധ രാഷ്ട്രീയ, മത, സാംസ്കാരിക സംഘടനാ നേതാക്കള്‍ സുഹൃദ് സംഗമത്തില്‍ സംബന്ധിച്ചിരുന്നു. വിവിധ മത ജന വിഭാഗങ്ങള്‍ ഈദ്ഗാഹില്‍ അതിഥികളായി എത്തിച്ചേര്‍ന്നു. വൈസ് ചെയര്‍മാന്‍ ഫസീഹുല്ല, അപ്സര മഹമൂദ്, കെ. വി. മുജീബുല്ലാഹ് എന്നിവര്‍ എക്സിബിഷന്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാന്‍ ഖലീല്‍ അടൂര്‍ സ്വാഗതം പറഞ്ഞു. കെ. ഐ. ജി. ആക്ടിംഗ് പ്രസിഡന്റ് വി. പി. ഷൌക്കത്തലി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ ലത്തീഫ് ഖിറാഅത്തൂം ഹസന്‍ തിക്കോടി നന്ദിയും പറഞ്ഞു. എക്സിബിഷനും കൂടാതെ കുട്ടികളുടെ വിനോദ പരിപാടികളും സംഘടിത ഉളൂഹിയ്യത്തും ഈദ്ഗാഹിന്റെ ഭാഗമായി നടക്കുകയുണ്ടായി.

 
     
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.