..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 
സ്വൂഫിസം

ജമാഅത്തെ ഇസ്ലാമി സ്വൂഫിസത്തെ മൊത്തമായി അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നില്ല. വിശുദ്ധ ഖുര്‍ആനിനോടും തിരുസുന്നത്തിനോടും യോജിക്കുന്നിടത്തോളം അംഗീകരിക്കുക, വിയോജിക്കുന്നത് നിരാകരിക്കുക എന്നതാണ് ജമാഅത്തിന്റെ നിലപാട്.

സ്വൂഫി പ്രസ്ഥാനങ്ങള്‍ പല തരത്തിലും വിധത്തിലുമുണ്ട്. മുഖ്യമായും അവയെ രണ്ടായി തരംതിരിക്കാം. ഇസ്ലാമിക സ്വൂഫിസവും അനിസ്ലാമിക സ്വൂഫിസവും. അചഞ്ചലമായ ഈമാന്‍, അദമ്യമായ ദൈവസ്നേഹം, നിഷ്കളങ്കമായ ഭക്തി, നിതാന്തമായ ദൈവസ്മരണ, ശരീഅത്തിനോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത, ഭൌതികതയോടുള്ള വിരക്തി, സംശുദ്ധവും ലളിതവുമായ ജീവിതം ഇതൊക്കെയാണ് ഇസ്ലാമിക സ്വൂഫിസത്തിന്റെ സവിശേഷതകള്‍. ഇപ്പറഞ്ഞ ഗുണങ്ങള്‍ ആരില്‍ കണ്ടാലും ജമാഅത്തെ ഇസ്ലാമി ആദരവോടെ വീക്ഷിക്കുന്നു.

എന്നാല്‍ സ്വൂഫികളില്‍ കാണപ്പെടുന്ന ചില പ്രവണതകളെ വിമര്‍ശനദൃഷ്ടിയോടെയാണ് ജമാഅത്ത് കാണുന്നത്. ഭൌതികപ്രമത്തതയില്‍നിന്നുള്ള അകല്‍ച്ചയും സുഖാഡംബരങ്ങളിലുള്ള വിരക്തിയും ശ്ളാഘനീയമാണെങ്കിലും ചില സ്വൂഫികളെ അത് ഒരു തരം ആത്മ പീഡനത്തിലേക്കും ഏകാന്തമായ സന്യാസജീവിതത്തിലേക്കും നയിക്കുന്നുണ്ട്. ഇത് ഇസ്ലാം അനുശാസിച്ചിട്ടുള്ളതോ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും സ്പിരിറ്റിനു നിരക്കുന്നതോ അല്ല. അല്ലാഹു മനുഷ്യര്‍ക്കായി സൃഷ്ടിച്ചിട്ടുള്ള വിഭവങ്ങള്‍ ന്യായമായ രീതിയില്‍ തേടുകയും നേടുകയും മിതമായി അനുഭവിക്കുകയും ചെയ്യാനാണ് ഇസ്ലാം മനുഷ്യരോട് ആവശ്യപ്പെടുന്നത്. സന്യാസത്തെയും ഏകാന്തജീവിതത്തെയും ഇസ്ലാം ഒരിക്കലും
പ്രോത്സാഹിപ്പിച്ചിട്ടില്ല. സമൂഹത്തില്‍നിന്നും അതിന്റെ പ്രശ്നങ്ങളില്‍നിന്നും ഓടിയൊളിച്ച് ഏകാന്തതയില്‍ വിശുദ്ധ ജീവിതം നയിക്കാനല്ല സജ്ജനങ്ങള്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്; പ്രത്യുത സമൂഹത്തിനിടയില്‍ വസിച്ചും സാമൂഹികപ്രശ്നങ്ങളോടു പ്രതികരിച്ചും, നന്മ കല്‍പിക്കുന്നവരും തിന്മ നിരോധിക്കുന്നവരുമായ മാര്‍ഗദര്‍ശകരും മാതൃകകളുമായിട്ടാണവര്‍ ജീവിക്കേണ്ടത്.

ചില സ്വൂഫി പ്രസ്ഥാനങ്ങള്‍ അവയുടെ ത്വരീഖത്തിന് നബിചര്യയേക്കാള്‍ മികച്ച സ്ഥാനം കല്‍പിക്കുന്നതിനോടും ശൈഖന്മാര്‍ക്ക് പ്രവാചകസമാനമോ അതില്‍ കവിഞ്ഞതോ ആയ പദവി നല്‍കുന്നതിനോടും ജമാഅത്ത് യോജിക്കുന്നില്ല. വിശ്വാസികള്‍ എത്ര വിശുദ്ധരായാലും അവര്‍ അന്ത്യപ്രവാചകന്റെ അനുയായികളും അവരുടെ സരണി വിശുദ്ധ ഖുര്‍ആനിനും സുന്നത്തിനും വിധേയവും ആയിരിക്കണം. ഭക്തിയുടെയും ആരാധനയുടെയും പേരില്‍ ആവിഷ്കരിക്കപ്പെടുന്ന ആചാരങ്ങള്‍ ഖുര്‍ആനിനും സുന്നത്തിനും നിരക്കാത്തതാണെങ്കില്‍ തള്ളപ്പെടേണ്ട ബിദ്അത്തുകളാകുന്നു.

ഇസ്ലാമിക വിശ്വാസദര്‍ശനങ്ങളില്‍നിന്ന് വ്യതിചലിച്ചതും ഹൈന്ദവ-ബൌദ്ധ-ക്രൈസ്തവാദി അനിസ്ലാമികദര്‍ശനങ്ങളെ സ്വാംശീകരിച്ചതും ഇസ്ലാമിക ശരീഅത്തിനോട് പ്രതിബദ്ധത പുലര്‍ത്താത്തതുമായ സ്വൂഫി പ്രസ്ഥാനങ്ങള്‍ അനിസ്ലാമിക സ്വൂഫിസമാകുന്നു. അനല്‍ഹഖ്, ലാ മൌജൂദ ഇല്ലല്ലാഹ്, ഹുലൂല് തുടങ്ങിയ അവരുടെ സങ്കല്‍പങ്ങള്‍ അഹം ബ്രഹ്മാസ്മി, അദ്വൈതം, ജീവാത്മാവിന്റെയും പരമാത്മാവിന്റെയും സംലയനം അഥവാ നിര്‍വാണം തുടങ്ങി ഹൈന്ദവ സങ്കല്‍്പങ്ങളുടെ വകഭേദമാകുന്നു. ഇത്തരം സ്വൂഫി പ്രസ്ഥാനങ്ങളെ ജമാഅത്ത് പൂര്‍ണമായും എതിര്‍ക്കുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ നേതൃനിരയിലുള്ള പ്രഗത്ഭ പണ്ഡിതര്‍ സ്വൂഫിസത്തെ ഗഹനമായ പഠനത്തിനുവിധേയമാക്കുകയും ഇസ്ലാമിക സ്വൂഫിസത്തെയും അനിസ്ലാമിക സ്വൂഫിസത്തെയും വേര്‍തിരിച്ചു കാണിക്കുകയും ചെയ്യുന്ന ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്

 
   
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.