|
മലയാളത്തില്‍ പോലുമിന്ന് കമ്യൂണിസത്തേക്കാള്‍ ഇസ്ലാമും മാര്‍ക്സിനേക്കാള്‍ മൗദൂദിയുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ കേരളീയര്‍, ലോകമാകെ മാര്‍ക്സിസം കത്തിപ്പടരുമെന്ന് കരുതിയ കാലമുണ്ടായിരുന്നു. അന്ന് 1917-ലെ ഒക്ടോബര്‍ വിപ്ലവം സൃഷ്ടിച്ച അലകളുടെ ഇളക്കം അവിരാമം തുടരുകയായിരുന്നു. കമ്യൂണിസം കേരളീയ യുവതയുടെ സിരകളെ ത്രസിപ്പിച്ചുകൊണ്ടിരുന്ന അക്കാലത്ത് അതിനോട് വിടപറഞ്ഞ് ഇസ്ലാമിക വിപ്ലവപ്രസ്ഥാനത്തില്‍ ഇടംതേടിയ ചെറുപ്പക്കാരനാണ് ടി.കെ. മുഹമ്മദ് സാഹിബ്.
കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന അതിന്റെ നേതാക്കളെയും ജനങ്ങളെയും ബന്ധിപ്പിച്ച ഇടക്കണ്ണിയായിരുന്നു അദ്ദേഹം. നിരോധനകാലത്ത് മിക്ക മാര്‍ക്സിസ്റ്റ് നേതാക്കളും ആലുവയിലും പരിസരങ്ങളിലുമാണ് ഒളിച്ചുതാമസിച്ചിരുന്നത്. അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അപൂര്‍വം പാര്‍ട്ടിപ്രവര്‍ത്തകരിലൊരാളായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ കമ്യൂണിസം കൈവിട്ട് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനായ ശേഷവും ഇ.എം.എസ് നമ്പൂതിരിപ്പാടും
ഇ. ബാലാനന്ദനുമെല്ലാം ടി.കീയുമായി ഉറ്റ സൗഹൃദം പുലര്‍ത്തി.
പ്രസ്ഥാന ജീവിതം
ജമാഅത്തെ ഇസ്ലാമിയിലേക്കുള്ള തന്റെ വരവും തുടര്‍ന്നുള്ള പ്രാസ്ഥാനികാനുഭവങ്ങളും ടി.കെ. മുഹമ്മദ് സാഹിബ് തന്നെ വിശദീകരിക്കുന്നു:
"വളാഞ്ചേരിയില്‍ ജമാഅത്തെ ഇസ്ലാമി രൂപം പ്രാപിച്ച ഉടനെ, പഴയ തിരുകൊച്ചി പ്രദേശത്തേക്കുള്ള പ്രവര്‍ത്തകനായി താജുദ്ദീന്‍ സാഹിബ് നിയോഗിക്കപ്പെട്ടു. ജനാബ് അബ്ദുല്‍ജബ്ബാര്‍ മൗലവി, എസ്.പി. മുഹമ്മദ് കുട്ടി തുടങ്ങിയ ഏതാനും വ്യക്തികള്‍ താജുദ്ദീന്‍ സാഹിബ് മുഖേന ജമാഅത്തുമായി ബന്ധപ്പെട്ടിരുന്നു. 1949-ലെ മധ്യവേനല്‍ക്കാലത്ത് ജനാബ് ടി.ഒ. ബാവസാഹിബിന്റെ നേതൃത്വത്തില്‍ ആലുവ പെരിയച്ചിറ മണല്‍പ്പുറത്ത് ഒരു പ്രസംഗപരമ്പര നടക്കുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധം വിടര്‍ത്തി ഞങ്ങള്‍ ഏതാനും ചെറുപ്പക്കാര്‍ നിഷ്ക്രിയരായി നില്‍ക്കുന്ന കാലഘട്ടം. പ്രസംഗം കേള്‍ക്കാന്‍ ഞങ്ങളും പോകാറുണ്ട്. മൂന്നാം ദിവസം പ്രസംഗിക്കേണ്ടിയിരുന്ന മൗലവി എത്തിച്ചേരുകയില്ലെന്ന് അറിവുകിട്ടി. ജനാബ് ടി.ഒ. ബാവസാഹിബിന്റെ ആവശ്യപ്രകാരം ഒരു പ്രസംഗകനെ തേടി ഞങ്ങളില്‍ ചിലര്‍ ചേക്കുഞ്ഞിഹാജിക്കുള്ള കത്തുമായി കൊച്ചിയിലെത്തി. ഹാജിക്ക് മറ്റ് പരിപാടിയുണ്ട്. മറ്റാരെയും പകരം അയക്കാനില്ല. കൊച്ചി പുതിയപള്ളിയുടെ കിഴക്കേതിണ്ണയില്‍ ഇരിക്കുന്ന ഒരു മനുഷ്യനെ ചൂണ്ടി ഹാജി പറഞ്ഞു: "ഏതാനും ദിവസമായി അദ്ദേഹത്തെ ഇവിടെ കാണുന്നു. അദ്ദേഹം ഒരു പുരോഗമനാശയക്കാരനും പണ്ഡിതനുമാണെന്ന് തോന്നുന്നു. അദ്ദേഹത്തെ വിളിച്ചുനോക്ക്." നീളന്‍ താടിയും തടിച്ച് വെളുത്ത ശരീരവും. ഞങ്ങള്‍ അടുത്തു ചെന്ന് സലാം ചൊല്ലി. ഉറക്കത്തില്‍നിന്ന് ഉണര്‍ന്നപോലെ താജുദ്ദീന്‍ സാഹിബ് ഞങ്ങളെ നോക്കി സലാം മടക്കി. വന്ന കാര്യമുണര്‍ത്തി. ഒരു മടിയും കൂടാതെ ഞങ്ങളോടൊപ്പം താജുദ്ദീന്‍ സാഹിബ് ആലുവയിലേക്ക് വന്നു. പ്രസംഗപീഠത്തില്‍ കയറി പ്രസംഗം തുടങ്ങി. ഞങ്ങള്‍ക്കും മറ്റ് ശ്രോതാക്കള്‍ക്കും എന്താണീ പ്രസംഗത്തിന്റെ പൊരുള്‍ എന്ന് മനസ്സിലായില്ല. പിന്നീട് കുറേ നാള്‍ കഴിഞ്ഞ് ഇസ്ലാംമതം എന്ന പുസ്തകം വായിച്ചപ്പോഴാണ് താജുദ്ദീന്‍ സാഹിബിന്റെ പ്രസംഗത്തിന്റെ പൊരുള്‍ മനസ്സിലായത്. അദ്ദേഹം ഒരു പ്രസംഗകനായിരുന്നില്ല. പിന്നെയെന്തിനാണ് ആലുവയില്‍ പ്രസംഗിക്കാന്‍ വന്നത്. ഏത് വിധേനയെങ്കിലും ആ ചെറുപ്പക്കാരുമായി ബന്ധപ്പെടണം -അതായിരുന്നു ലക്ഷ്യം.
പ്രസംഗം കഴിഞ്ഞ് ടി.ഒ. ബാവസാഹിബ് ഭക്ഷണം കഴിക്കാനായി താജുദ്ദീന്‍ സാഹിബിനെ ക്ഷണിച്ചു. ഒഴികഴിവുകള്‍ പറഞ്ഞ് ക്ഷണം സ്വീകരിക്കാതെ ഞങ്ങളുടെ കൂടെ തായിക്കാട്ടുകരയിലേക്ക് പോന്നു. കെ.ബിയുടെ വസതിയിലാണ് എത്തിച്ചേര്‍ന്നത്. സമയം രാത്രി രണ്ട് മണി. ഞങ്ങളെ മുമ്പിലിരുത്തി ജമാഅത്തെ ഇസ്ലാമിയെയും മൗലാനാ മൗദൂദിയെയും കേരളത്തിലെ അമീറിനെയും പരിചയപ്പെടുത്തിക്കൊണ്ട് താജുദ്ദീന്‍ സാഹിബ് സ്റ്റഡീക്ലാസ് എടുത്തു. ജമാഅത്ത് പ്രബോധനം എന്ന പേരില്‍ ഒരു പത്രം പുറത്തിറക്കുന്നുണ്ടെന്നും അതുമായി ജമാഅത്ത് അമീര്‍ തന്നെ വരുമെന്നും അറിയിച്ചു. ഇതിനകം കൊച്ചിയില്‍ ജബ്ബാര്‍ മൗലവിയെയും എസ്.വിയെയും ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിത്തരാന്‍ മറന്നില്ല.
ആലുവയിലും കൊച്ചിയിലും ജമാഅത്ത് പ്രവര്‍ത്തനങ്ങള്‍ എളിയ തോതില്‍ ആരംഭിച്ചിരുന്നു. പ്രബോധനവുമായി 1949 അവസാനം ഹാജി സാഹിബും ഇഷാഖലി മൗലവിയും ആലുവയിലെത്തി. മുന്‍കൂട്ടി അറിവ് കിട്ടിയതുപ്രകാരം ആലുവ ഇസ്ലാമിയ്യ മദ്‌റസയില്‍ ഒരു യോഗത്തിനുള്ള ഏര്‍പ്പാട് ചെയ്തിരുന്നു. ഈ യോഗത്തില്‍ ജനാബ് ടി.ഒ. ബാവസാഹിബും സന്നിഹിതനായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഹാജി സാഹിബിന്റെ സ്റ്റഡിക്ലാസിനു ശേഷം ഞങ്ങളുടെ നിര്‍ബന്ധപ്രകാരം എന്നു
പറയട്ടെ, ജമാഅത്തെ ഇസ്ലാമിയുടെ വ്യവസ്ഥക്ക് വിധേയമായി ഒരു ഹംദര്‍ദ് ഹല്‍ഖ ആലുവ കേന്ദ്രമായി രൂപംകൊണ്ടു. ഇതേകാലയളവില്‍ കൊച്ചിയിലും ഒരു ഹംദര്‍ദ് ഹല്‍ഖ രൂപംകൊണ്ടു. തുടര്‍ന്ന് കൊച്ചി ആലുവ ഹല്‍ഖകളുടെ സംയുക്ത വാരാന്തയോഗം കൊച്ചിയിലും തായിക്കാട്ടുകരയിലുമായി മാറിമാറി നടന്നുകൊണ്ടിരുന്നു. താജുദ്ദീന്‍ സാഹിബ് കൊച്ചിയില്‍ ഒരു ഹോട്ടല്‍ സ്ഥാപിച്ചു. ജമാഅത്ത് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു ഇതിന്റെയും ലക്ഷ്യം. പരിസര പ്രദേശങ്ങളായ പള്ളിക്കര, വടക്കേക്കര എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിച്ചു. പള്ളുരുത്തി അഹമ്മദ്കുട്ടി ഹാജി ജമാഅത്തുമായി ബന്ധപ്പെട്ടതോടെ പള്ളുരുത്തിയിലും പ്രവര്‍ത്തനം ആരംഭിച്ചു.
ജനാബ് ടി. മുഹമ്മദ് സാഹിബിനെയും പിന്നീട് ജനാബ് മുഹമ്മദ് അബുല്‍ജലാല്‍ മൗലവിയെയും ഈ പ്രദേശത്തെ ഫുള്‍ടൈം പ്രവര്‍ത്തകരായി നിയോഗിച്ചിരുന്നു. 1952 മധ്യത്തില്‍ ആലപ്പുഴ വഴി തിരുവനന്തപുരം വരെയും കോട്ടയം കൊട്ടാരക്കര വഴി കൊല്ലം വരെയും ഇരുവരും ഒരു സാഹിത്യപ്രചാരണ പര്യടനം നടത്തി. കൊല്ലം ടൗണിലെത്തിയപ്പോള്‍ ചിന്നക്കടയില്‍ നേരത്തെ ഒരു 'ജമാഅത്തെ ഇസ്ലാമി' രൂപവത്കരിച്ചുകഴിഞ്ഞിരുന്നതായി അറിയാന്‍ കഴിഞ്ഞു. ലാഹോറില്‍ ജമാഅത്തെ ഇസ്ലാമി നിലവില്‍ വന്നത് എങ്ങനെയോ അറിഞ്ഞതിനാലാണത്രേ ആദര്‍ശമോ ലക്ഷ്യമോ അറിയാതെ പേരില്‍ മാത്രം ആകൃഷ്ടരായി ഇങ്ങനെയൊരു ജമാഅത്തെ ഇസ്ലാമി അവര്‍ രൂപവത്കരിച്ചത്. സാക്ഷാല്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ അവിടെ എത്തുമ്പോഴേക്കും ആ ജമാഅത്തെ ഇസ്ലാമി അവിടെ അസ്തമിച്ചിരുന്നു. എന്നിരുന്നാലും എ.കെ.എസ്. ബുഖാരി, എ.കെ. അബ്ദുല്‍ഖാദിര്‍ എന്നിവരുമായി ബന്ധപ്പെടാന്‍ എളുപ്പത്തില്‍ കഴിഞ്ഞിരുന്നു.
ആ കാലഘട്ടത്തില്‍ തെക്കന്‍ പ്രദേശങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് കൂടുതല്‍ ആരും അറിഞ്ഞിരുന്നില്ല. എന്നാല്‍ മൗദൂദി സാഹിബിനെ പരക്കെ അറിയുമായിരുന്നു. മുസ്ലിയാക്കന്മാരുടെ പ്രസംഗങ്ങളിലൂടെയാണ് ജനങ്ങള്‍ മൗദൂദിയെ പരിചയപ്പെട്ടിരുന്നത്. 'ലാഹോറിലെ ദജ്ജാല്‍', 'പുത്തന്‍ നബി' തുടങ്ങിയ എല്ലാ മോശമായ പേരുകളും അദ്ദേഹത്തിന്റെ നാമത്തോട് തുന്നിച്ചേര്‍ത്താണ് മൗദൂദിയെ പരിചയപ്പെടുത്തിക്കൊണ്ടിരുന്നത്. ഇക്കാരണത്താല്‍ മൗദൂദിയുടെ ഖുതുബാത്, ഇസ്ലാംമതം, രക്ഷാസരണി എന്നിവ പുറത്തെടുക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടിവന്നിട്ടുണ്ട്. നീര്‍ക്കുന്നത്ത് ഒരു 'അല്‍അഹ്‌റാര്‍' ലൈബ്രറി ഉണ്ടെന്നറിഞ്ഞ് അവിടെ എത്തി. ലൈബ്രറി പൂട്ടിയിരിക്കുകയാണ്. മണിക്കൂറുകള്‍ കാത്തിരുന്ന് ഒരു ഖുതുബാത് എടുപ്പിച്ചത് ഇന്നും മറക്കാനാവാത്ത സംഭവമായി സ്മരണയില്‍ തെളിഞ്ഞുനില്‍ക്കുന്നു.
മൗദൂദി സാഹിബിന്റെ സാഹിത്യങ്ങള്‍ ഉത്തരേന്ത്യയില്‍നിന്ന് വായിച്ച് പരിചയപ്പെട്ടിരുന്ന ശൈഖ് മദനി എന്നു പേരായ വ്യക്തി മൗദൂദിസാഹിത്യങ്ങളുടെ പകര്‍പ്പുകൊണ്ട് തിരുവിതാംകൂര്‍ മേഖലയില്‍ പ്രസംഗപരമ്പരകള്‍ പൊടിപാറ്റുന്ന കാലമാണത്. ആലപ്പുഴയില്‍ മദനി പ്രസംഗിക്കുന്ന ഘട്ടത്തിലാണ് ഈയുള്ളവന്‍ അവിടെ എത്തുന്നത്. ആലപ്പുഴ 'അല്‍മദ്‌റസതുല്‍ മുഹമ്മദിയ്യ'യിലെ ഉസ്താദുമാരായ വി.കെ. മൗലവിയും ത്വയ്യിബ് സാറുമായും ബന്ധപ്പെട്ടു. അവരുടെ ഉപദേശപ്രകാരം മദനിയെ ചെന്നുകണ്ടു. മൗദൂദി സാഹിബിന്റെ മലയാള സാഹിത്യം കണ്ടമാത്രയില്‍ ഓരോ കോപ്പികള്‍ വാങ്ങുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആലപ്പുഴയിലെ പ്രസംഗം അവസാനിക്കുകയാണ്. അടുത്തുതന്നെ കോട്ടയത്ത് പ്രസംഗമുണ്ട്. അവിടെ എത്തിയാല്‍ പുസ്തകങ്ങള്‍ വിറ്റുതരാമെന്ന് മദനി വാക്കുതന്നു. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തെത്തി. നേരത്തേ പേരുകൊണ്ട് അറിയുമായിരുന്ന കെ.എ.കെ. മേത്തറുടെ കുമ്മനത്തുള്ള വീട്ടില്‍ എത്തി. കോട്ടയം തിരുനക്കര മൈതാനിയിലെ പ്രസംഗപരമ്പരയുടെ കണ്‍വീനറാണദ്ദേഹം. ആലപ്പുഴയില്‍ വെച്ച് മദനിയുമായി ബന്ധപ്പെട്ടതും കോട്ടയത്ത് വരാന്‍ അദ്ദേഹം പ്രേരിപ്പിച്ചതും മേത്തറെ തെര്യപ്പെടുത്തി. പ്രസംഗത്തിനു മുമ്പ് അദ്ദേഹത്തെ കാണാന്‍ സൗകര്യം ചെയ്തുതരണമെന്ന് മേത്തറോട് ആവശ്യപ്പെട്ടു. മുന്‍കൂട്ടി കാണാന്‍ സൗകര്യമുണ്ടാവുകയില്ലെന്നും സ്റ്റേജില്‍ വെച്ച് കാണാന്‍ സൗകര്യം ചെയ്യാമെന്നും മേത്തര്‍ ഉറപ്പു നല്‍കി. പ്രസംഗത്തിനു മുമ്പ് തിരുനക്കരവെച്ച് ഏതാനും ചിലരെ സാഹിത്യങ്ങള്‍ കാണിച്ചു. അതോടെ മൗദൂദി ഇറങ്ങിയിട്ടുണ്ടെന്നും സൂക്ഷിക്കണമെന്നും പരക്കെ സംസാരം. സാഹിത്യ പ്രചാരകന്‍ സ്റ്റേജിന്റെ താഴെ മദനിയെ കാത്ത് നില്‍ക്കുകയാണ്. തിരുനക്കര മൈതാനം നിറയെയുള്ള പന്തല്‍ 'മനുഷ്യമഹാസമുദ്രം.' പന്തലിന് നടുവിലൂടെ അനേകരുടെ അകമ്പടിയോടെ സ്റ്റേജിലേക്ക് വരുന്ന മദനി ആശങ്കയോടെ 'മൗദൂദി'യെ പരതുന്നതുപോലെ തോന്നി. സ്റ്റേജിന്റെ പിന്നില്‍ 'മൗദൂദി'യെ കണ്ടെത്തി. കാര്യം വഷളായിട്ടുണ്ടെന്നും വേഗം സ്ഥലം വിട്ടുകൊള്ളണമെന്നും മദനി ചെവിയില്‍ മന്ത്രിച്ചു. അങ്ങനെ സാഹിത്യം നിറച്ച പാട്ടപ്പെട്ടിയുമായി 'മൗദൂദി' പതുക്കെ രക്ഷപ്പെട്ടു."
ഏവര്‍ക്കും പ്രിയങ്കരന്‍
ജമാഅത്തെ ഇസ്ലാമിയെ നാമാവശേഷമാക്കാനുള്ള ശ്രമം നാനാഭാഗത്തുനിന്നും നടന്നുകൊണ്ടിരുന്ന കാലമാണത്. അതുകൊണ്ടു തന്നെ അതിന്റെ പ്രവര്‍ത്തകര്‍ക്ക് കടുത്ത പരിഹാസങ്ങളും രൂക്ഷമായ ആക്ഷേപങ്ങളും കൊടിയ പീഡനങ്ങളും അനുഭവിക്കേണ്ടി വന്നു. ടി.കെ. മുഹമ്മദ് സാഹിബും ബഹിഷ്കരണത്തിനും പള്ളിവിലക്കിനുമെല്ലാം വിധേയനായി. എന്നിട്ടും അദ്ദേഹം എല്ലാം ക്ഷമയോടെ നേരിട്ടു. ഒട്ടും പ്രകോപിതനായില്ല. വിവേകം കൈവിടാതെ, ദ്രോഹിച്ചവരോടും ഉദാരമായ സമീപനം സ്വീകരിച്ചു. ടി.കീയുടെ പ്രകൃതത്തിന്റെ പ്രത്യേകതയായിരുന്ന ശാന്തത കൈവിടാതിരിക്കാന്‍ എല്ലായ്പ്പോഴും അദ്ദേഹത്തിനു സാധിച്ചു. അതുകൊണ്ടുതന്നെ ക്രമേണ എതിരാളികള്‍ പോലും മിത്രങ്ങളായി മാറി.
ടി.കീയുടെ വിപുലമായ സുഹൃദ്‌വലയം അദ്ദേഹത്തിനെന്നപോലെ ജമാഅത്തിനും ഏറെ ഉപകരിച്ചു. ടി.വി. മുഹമ്മദലി ഒരു സംഭവം അനുസ്മരിക്കുന്നു: "1980-ല്‍ എറണാകുളം ഇസ്ലാമിക് സെന്ററില്‍ അദ്ദേഹം ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. രാത്രി അദ്ദേഹമില്ലാത്ത സമയത്ത് സെന്ററിലേക്ക് ഒരു ലോറി നിറയെ കസേരയെത്തി. അത് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സി.ഐ.ടി.യുക്കാര്‍ പ്രശ്നമുണ്ടാക്കി. മറ്റാരും അത് തൊടാന്‍ പാടില്ലെന്നായി. പ്രശ്നം രൂക്ഷമായി. അതിനാല്‍ ടി.കെ. വന്നിട്ട് തീര്‍ക്കാമെന്ന ഞങ്ങളുടെ സംസാരം കേട്ട സി.ഐ.ടി.യുക്കാര്‍ ചോദിച്ചു: 'ഇത് ടി.കെ. സാറിന്റെ ചുമതലയിലാണോ?' ഞങ്ങള്‍ പറഞ്ഞു: 'അതെ.' ഉടനെ അവരുടെ പ്രതികരണം: 'ടി.കെ. സാറിന്റേതാണങ്കില്‍ ഞങ്ങള്‍ പോകുന്നു. ലോഡ് നിങ്ങള്‍ ഇറക്കിക്കൊള്ളൂ."
ജമാഅത്ത് നേതൃത്വത്തില്‍
നിലത്തെഴുത്താശാന്മാരില്‍നിന്ന് മലയാളവും പള്ളിദര്‍സില്‍ നിന്ന് ഇസ്ലാമിക വിദ്യാഭ്യാസവും നേടിയ ടി.കെ. മുഹമ്മദ് സാഹിബ് കഠിനാധ്വാനത്തിലൂടെ ഇംഗ്ലീഷും അറബിയും ഉര്‍ദുവും പഠിച്ചു. നല്ല വായനശീലമുണ്ടായിരുന്നതിനാല്‍ മലയാളം സ്ഫുടമായി സംസാരിക്കുകയും നല്ല ഭാഷയില്‍ പ്രസംഗിക്കുകയും ചെയ്യുമായിരുന്നു. സ്റ്റഡിക്ലാസുകളും പ്രഭാഷണങ്ങളും ഏറെ ആകര്‍ഷകങ്ങളും വശ്യമനോഹരങ്ങളുമായിരുന്നു.
കര്‍മോത്സുകതയും സമര്‍പ്പണ സന്നദ്ധതയും ടി.കീയെ ജമാഅത്തെ ഇസ്ലാമിയുടെ നേതൃനിരയിലേക്കുയര്‍ത്തി. ജമാഅത്തെ ഇസ്ലാമി ദേശീയ പ്രതിനിധിസഭാംഗമായും സംസ്ഥാന കൂടിയാലോചനാസമിതി അംഗമായും പല തവണ തെരഞ്ഞെടുക്കപ്പെട്ടു. ദല്‍ഹിയില്‍ പ്രതിനിധിസഭായോഗം നടന്നുകൊണ്ടിരിക്കെയാണ് സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി ഇഹലോകവാസം വെടിഞ്ഞത്. അതിനാല്‍ മറ്റു ജമാഅത്ത് നേതാക്കളോടൊപ്പം പാകിസ്താനിലെത്തി ജനാസസംസ്കരണത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിനും അവസരം ലഭിച്ചു.
തായിക്കാട്ടുകര മോഡല്‍ ഓര്‍ഫനേജ്, ദാറുസ്സലാം അറഫാ മസ്ജിദ്, എറണാകുളം ഇസ്ലാമിക് സെന്റര്‍, എറണാകുളം മദീനാ മസ്ജിദ്, മൂവാറ്റുപുഴ മദ്‌റസത്തുല്‍ ബനാത്ത്, മന്നം വനിതാ ഇസ്ലാമിയ്യ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ടി.കെ. മുഹമ്മദ് സാഹിബ് മുന്‍കൈയെടുത്തും സഹകരിച്ചും സഹായിച്ചും സ്ഥാപിതമായവയാണ്.
മോഡല്‍ ഓര്‍ഫനേജ്
തായിക്കാട്ടുകരയില്‍ ടി.കെ. മുഹമ്മദ് സാഹിബ്, മോഡല്‍ ഓര്‍ഫനേജ് തുടങ്ങിയ കഥ ടി.വി. മുഹമ്മദലി വിശദീകരിക്കുന്നു: "1994-ലെ ബോഡോ കലാപത്തില്‍ മുസ്ലിംകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. നൂറുകണക്കിന് കുട്ടികള്‍ അനാഥരായി. ദുരിതമനുഭവിക്കുന്നവര്‍ക്ക് മരുന്നും വസ്ത്രവും നല്‍കി ആശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളത്തില്‍നിന്ന് ഐഡിയല്‍ റിലീഫ് വിംഗ് പ്രവര്‍ത്തകര്‍ ആസാമിലെത്തി. അനാഥക്കുട്ടികളെ രക്ഷിക്കണമെന്ന ഗ്രാമീണരുടെ ദീനമായ അപേക്ഷ. വളണ്ടിയര്‍മാരുടെ വാഹനം നിറയെ അനാഥക്കുട്ടികള്‍. ഐ.ആര്‍.ഡബ്ല്യു പ്രവര്‍ത്തകര്‍ കുഴങ്ങി. അവസാനം അഞ്ചു കുട്ടികളെ അവര്‍ കേരളത്തിലേക്ക് കൊണ്ടുവന്നു. അവരെ പറവൂര്‍ കെ.കെ. ഇബ്‌റാഹീം സാഹിബ് തന്റെ വീട്ടില്‍ താമസിപ്പിച്ചു. ആസാമില്‍നിന്ന് തീവ്രവാദികളെ കൊണ്ടുവന്ന് താമസിപ്പിച്ചിരിക്കുന്നുവെന്ന വാര്‍ത്ത പരന്നു. പോലീസ് അന്വേഷണമായി. ഇബ്‌റാഹിം സാഹിബിനെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തയും വന്നു. വിവരമന്വേഷിക്കാന്‍ ടി.കെ. മുഹമ്മദ് സാഹിബ് പറവൂരിലെത്തി. ആസാമില്‍ നൂറുകണക്കിന് കുട്ടികള്‍ മാതാപിതാക്കള്‍ വധിക്കപ്പെട്ട് അനാഥരായി അലയുന്ന വിവരം അപ്പോഴാണ് അദ്ദേഹമറിയുന്നത്. 25 കുട്ടികളെയെങ്കിലും കൊണ്ടുവന്ന് വളര്‍ത്താമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ആസാമിലെ 44 അനാഥരെയുംകൊണ്ട് അദ്ദേഹം തായിക്കാട്ടുകരയില്‍ മോഡല്‍ ഓര്‍ഫനേജ് തുടങ്ങി. പോലീസും ഇന്റലിജന്‍സ് വിഭാഗവും നിരന്തരം അന്വേഷണവും ചോദ്യം ചെയ്യലും തുടര്‍ന്നുകൊണ്ടിരുന്നു. അദ്ദേഹം എല്ലാറ്റിനെയും ധീരമായി നേരിട്ടു. ആ കുട്ടികളിപ്പോള്‍ പഠിച്ച് വലിയവരായി. ബിരുദധാരികളാണ് പലരും. ചിലര്‍ പഠനം കഴിഞ്ഞ് നാട്ടിലേക്കു പോയി ഇസ്ലാമിക പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു. മറ്റു ചിലര്‍ വിവിധ കോഴ്സുകള്‍ക്ക് പഠിച്ചുകൊണ്ടിരിക്കുന്നു.
കുടുംബം
അഞ്ചു പതിറ്റാണ്ടോളം കാലം ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം സമൂഹത്തെ പരിചയപ്പെടുത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്ന ടി.കെ. മുഹമ്മദ് സാഹിബ് 2006 ഏപ്രില്‍ 8 ന് 82-ാമത്തെ വയസ്സില്‍ പരലോകം പ്രാപിച്ചു.
1924-ല്‍ ആലുവയില്‍ തച്ചവള്ളത്തില്‍ കൊച്ചിന്റെയും കരപ്പായി ബിയ്യാത്തുമ്മയുടെയും മകനായി ജനിച്ച ടി.കീയുടെ ഭാര്യ തായിക്കാട്ടുകര തച്ചവള്ളത്ത് ബീവിയാണ്. മുഹമ്മദലി, ഡോ. ഇബ്‌റാഹീം, ഇസ്മാഈല്‍, ബശീര്‍, അബ്ദുര്‍റഹീം, ഹാജറാ സലീം എന്നിവര്‍ മക്കളും. അവരെല്ലാം ഇസ്ലാമികപ്രസ്ഥാന പ്രവര്‍ത്തകരോ സഹകാരികളോ ആണ്.
|