..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 

എസ്‌.എം. ഹനീഫ്‌ സാഹിബ്‌


പാലക്കാട്‌ ജില്ലയില്‍നിന്ന്‌ ഇസ്ലാമികപ്രസ്ഥാന നേതൃത്വത്തിലെത്തിയ ആദ്യകാല നേതാക്കളില്‍ പ്രമുഖനാണ്‌ എസ്‌.എം. ഹനീഫ്‌ സാഹിബ്‌. സംഘാടകന്‍, പ്രസംഗകന്‍, ചിന്തകന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ജ്വലിക്കുന്ന വിപ്ലവബോധത്തിന്റെ പ്രതീകമായിരുന്നു. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലൂടെ പൊതുപ്രവര്‍ത്തനമാരംഭിച്ച എസ്‌.എം. ഹനീഫ്‌ സാഹിബ്‌ മുസ്ലിംലീഗിലൂടെയാണ്‌ ജമാഅത്തെ ഇസ്ലാമിയിലെത്തിയത്‌. പാലക്കാട്‌-കോയമ്പത്തൂര്‍ ഭാഗത്ത്‌ പ്രസ്ഥാനത്തിന്റെ ശക്തിസ്രോതസ്സായിരിക്കെയാണ്‌ അദ്ദേഹം പരലോകം പ്രാപിച്ചത്‌.

1916-ലാണ്‌ എസ്‌.എമ്മിന്റെ ജനനം. പിതാവ്‌ ശേഖുത്താനത്ത്‌ മൊയ്തു. മാതാവ്‌ മക്യോമ. അവരുടെ ഏഴു മക്കളില്‍ മൂന്നാമനാണ്‌. സ്കൂള്‍ വിദ്യാഭ്യാസം അഞ്ചാം ക്ലാസ്സ്‌. പ്രാഥമിക മതപഠനം മേപ്പറമ്പ്‌ പള്ളി ദര്‍സില്‍. ചെറുപ്രായത്തില്‍ത്തന്നെ ജോലിയില്‍ പ്രവേശിച്ചു. പിന്നീട്‌ സ്വന്തമായി പുകയിലക്കച്ചവടം തുടങ്ങി.

കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍

സാധാരണക്കാര്‍ക്കിടയില്‍ ഒരുവനായി ജീവിച്ച എസ്‌.എം. ഹനീഫ്‌ സാഹിബിന്‌ സമൂഹത്തിന്റെ താഴേതട്ടിലുള്ളവരോടും തൊഴിലാളികളോടുമായിരുന്നു അടുത്ത ബന്ധം. സാമ്രാജ്യത്വത്തോടെന്നപോലെ മുതലാളിത്തത്തോടും കടുത്ത രോഷം മനസ്സില്‍ കത്തിനിന്നു. അതുകൊണ്ടുതന്നെ അക്കാലത്ത്‌ അവിടെ സ്വാധീനം നേടിക്കൊണ്ടിരുന്ന കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഏറെ കഴിയും മുമ്പേ അതിന്റെ സജീവ പ്രവര്‍ത്തകനും പാര്‍ട്ടിയംഗവുമായി. നല്ല വായനശീലവും അസാധാരണമായ ഓര്‍മശക്തിയും കര്‍മകുശലതയും ഒത്തുചേര്‍ന്നപ്പോള്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുന്നണിയിലെത്തി. ആയിടക്കാണ്‌ പാലക്കാട്‌ ബീഡിത്തൊഴിലാളികളുടെ സമരം നടന്നത്‌. അതിന്‌ നേതൃത്വം നല്‍കിയതിന്റെ പേരില്‍ അറസ്റ്റ്‌ ചെയ്യപ്പെടുകയും ഒരു കൊല്ലം കോയമ്പത്തൂര്‍ ജയിലില്‍ കഴിയേണ്ടിവരികയും ചെയ്തു. അക്കാലത്ത്‌ അവിടെ വെച്ച്‌ ഉര്‍ദുഭാഷ എഴുതാനും വായിക്കാനും പഠിച്ചു. പിന്നീട്‌ ജമാഅത്ത്‌ പ്രവര്‍ത്തകനായപ്പോള്‍ അത്‌ ഏറെ ഉപകരിക്കുകയും ചെയ്തു.

രണ്ടാം ലോകയുദ്ധം നടക്കുന്ന കാലം. നാട്ടിലെങ്ങും കൊടിയ ദാരിദ്ര്യം. പാവപ്പെട്ടവര്‍ പട്ടിണികൊണ്ട്‌ പൊറുതിമുട്ടി. അന്നവര്‍ക്ക്‌ ആഹാരസാധനങ്ങള്‍ക്കുള്ള ഏക ആശ്രയം റേഷന്‍കടകളായിരുന്നു. ബര്‍മയില്‍ നിന്നും സിംഗപ്പൂരില്‍നിന്നും ഉപയോഗശൂന്യമായി ഒഴിവാക്കിയ അരിയാണ്‌ അന്ന്‌ റേഷന്‍കടകളിലൂടെ വിതരണം ചെയ്തിരുന്നത്‌. എത്ര കഴുകിയാലും ദുര്‍ഗന്ധം വമിക്കുന്ന അതുപോലും ആവശ്യത്തിന്‌ കിട്ടാനുണ്ടായിരുന്നില്ല. എന്നാല്‍ പണക്കാര്‍ക്ക്‌ കരിഞ്ചന്തയില്‍ യഥേഷ്ടം നെല്ലും അരിയും ലഭിക്കുമായിരുന്നു. റേഷന്‍ഷോപ്പില്‍ അരിക്ക്‌ കാത്തുനില്‍ക്കുന്ന ആള്‍ക്കൂട്ടത്തിനടുത്ത്‌ എസ്‌.എമ്മുമുണ്ടായിരുന്നു. അപ്പോഴാണ്‌ അതുവഴി നിറയെ നെല്ലുമായി ഒരു ലോറി കടന്നുവന്നത്‌. ഹനീഫ്‌ സാഹിബ്‌ അത്‌ തടഞ്ഞുനിര്‍ത്തി മുഴുവന്‍ നെല്ലും ന്യായവിലക്ക്‌ വിതരണം നടത്തുകയും സംഖ്യ നെല്ലുടമയെ ഏല്‍പിക്കുകയും ചെയ്തു. വിവരമറിഞ്ഞ്‌ പോലീസ്‌ സ്ഥലത്തെത്തി അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്ത്‌ ആറുമാസം ജയിലിലടച്ചു.

ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന്‌ നിരന്തരം പീഡനങ്ങളുണ്ടായതോടെ ഒരുതരം ഒറ്റപ്പെടലനുഭവിച്ചു. അതില്‍നിന്ന്‌ രക്ഷപ്പെടാനായി പട്ടാളത്തില്‍ ചേര്‍ന്നു. അത്‌ ഉര്‍ദുവില്‍ കൂടുതല്‍ അവഗാഹം നേടാനും ഇംഗ്ലീഷ്‌ ഭാഷ പഠിക്കാനും അവസരമൊരുക്കി. പട്ടാളക്കാരനായപ്പോഴും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്ന്‌ വിട്ടുനില്‍ക്കാന്‍ മനസ്സനുവദിച്ചില്ല. അതിനാല്‍ കമ്യൂണിസ്റ്റ്‌ ലഘുലേഖകളും പുസ്തകങ്ങളും കൊണ്ടുപോയി സൈനിക ക്യാമ്പില്‍ രഹസ്യമായി വിതരണം ചെയ്തു. വിവരമറിഞ്ഞ സൈനിക മേധാവി എസ്‌.എമ്മിനെ പട്ടാളത്തില്‍നിന്ന്‌ പിരിച്ചുവിട്ടു.

മുസ്ലിംലീഗില്‍

നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുടുംബം കടുത്ത പ്രതിസന്ധിയിലായിരുന്നു. പട്ടിണിയും പ്രാരബ്ധങ്ങളും അദ്ദേഹത്തെ വേട്ടയാടി. ആ ഘട്ടത്തില്‍ കൂട്ടുകാരുടെ സഹായത്തോടെ പുകയിലക്കച്ചവടം ആരംഭിച്ചു. സത്യസന്ധമായും കൃത്യനിഷ്ഠയോടെയും അതു നടത്താന്‍ സാധിക്കാതെ വന്നപ്പോള്‍ കച്ചവടമവസാനിപ്പിച്ചു.

അപ്പോഴേക്കും പാലക്കാട്‌ മുസ്ലിംലീഗ്‌ സജീവമായിരുന്നു. എസ്‌.എം. ഹനീഫ്‌ സാഹിബും ലീഗില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1942- ലായിരുന്നു അത്‌. തൊഴിലാളികളോട്‌ വളരെയേറെ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്‌ ലീഗിന്‌ ഒരു തൊഴിലാളി സംഘടന ഇല്ലാത്തത്‌ വലിയ പോരായ്മയായി തോന്നി. അങ്ങനെ അക്കാര്യം സീതിസാഹിബിന്റെയും മറ്റും ശ്രദ്ധയില്‍പ്പെടുത്തി. ഏറെ കഴിയുംമുമ്പേ ലീഗിന്‌

ഒരു തൊഴിലാളി സംഘടന രൂപവത്കൃതമായി. ഹനീഫ്‌ സാഹിബും അതിന്റെ സംഘാടനത്തില്‍ സജീവ പങ്കാളിയായി. അതിന്റെ കീഴില്‍ ബീഡി

ത്തൊഴിലാളികള്‍ നടത്തിയ സമരത്തിന്റെ പേരില്‍ അദ്ദേഹം വീണ്ടും ജയിലിലായി.

തടവില്‍നിന്ന്‌ മോചിതനായി പുറത്തുവന്നപ്പോഴേക്കും രാജ്യം രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. വര്‍ഗീയവിഷം നാടെങ്ങും പരന്നൊഴുകി. ഉത്തരേന്ത്യ കൊടിയ കലാപക്കെടുതികള്‍ക്കിരയായി. മുസ്ലിംലീഗിന്റെ പേരും കൊടിയും എവിടെയും കാണാതായി. ആ ഘട്ടത്തിലാണ്‌ ഹനീഫ്‌ സാഹിബിലെ ധീരസാഹസികന്‍ രംഗത്തുവന്നത്‌. അദ്ദേഹം ലീഗ്‌ നേതാക്കളെ കണ്ട്‌ സംഘടന പുനഃസംഘടിപ്പിക്കണമെന്ന്‌ വീറോടെ വാദിച്ചു. അതിനായി നിരന്തരം യാത്ര ചെയ്തു. അങ്ങനെ വിഭജനാനന്തരം കേരളത്തില്‍ മുസ്ലിം ലീഗിന്റെ പുനഃസംഘടനയില്‍ നിര്‍ണായകമായ പങ്കുവഹിച്ചു.

പത്തുകൊല്ലം മുസ്ലിംലീഗില്‍ സജീവമായി പ്രവര്‍ത്തിച്ച ഹനീഫ്‌ സാഹിബിന്‌ മുഹമ്മദലി ജിന്ന, ലിയാഖത്തലി ഖാന്‍, നവാബ്‌ സിദ്ദീഖലി ഖാന്‍, പില്‍ക്കാലത്ത്‌ പാകിസ്താനിലെ ജങ്ക്‌ പത്രത്തിന്റെ കോളമിസ്റ്റായിത്തീര്‍ന്ന സെഡ്‌.എ. സുലേരി തുടങ്ങിയ നേതാക്കളുമായി അടുത്തബന്ധമുണ്ടായിരുന്നു. മുസ്ലിംലീഗിന്റെ താലൂക്ക്‌ ഓര്‍ഗനൈസറായിരുന്ന അദ്ദേഹം മലബാര്‍ ജില്ലാ മുസ്ലിംലീഗിലും അവയുടെ ഉപകമ്മിറ്റികളിലും പാലക്കാട്‌ ടൗണ്‍ മുസ്ലിംലീഗിലും അവയുടെ ഉപകമ്മിറ്റികളിലും മറ്റും നിരവധി ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌. നേരത്തെ കമ്യൂണിസ്റ്റ്കാരനായിരിക്കെ ജയപ്രകാശ്‌ നാരായണനെപ്പോലുള്ളവരുമായും ഉറ്റ ബന്ധം പുലര്‍ത്തിയിരുന്നു.

ലീഗിന്‌ പതിനാലിന നിര്‍ദേശങ്ങള്‍

ലീഗ്‌ സമ്പന്നരുടെ താല്‍പര്യങ്ങള്‍ക്കാണ്‌ പ്രാമുഖ്യം നല്‍കുന്നതെന്നും തൊഴിലാളികളെ അവഗണിക്കുകയാണെന്നുമുള്ള ചിന്ത ഹനീഫ്‌ സാഹിബിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. അതോടൊപ്പം ഇസ്ലാമികകാര്യങ്ങളിലും അതിന്റെ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നതിലും നേതാക്കള്‍ക്കുപോലും നിഷ്കര്‍ഷയില്ലെന്നതും അദ്ദേഹത്തെ അസ്വസ്ഥനാക്കി. അതിനാല്‍ സംഘടനയുടെ ആദര്‍ശവത്കരണത്തിന്‌ പര്യാപ്തമായ പതിനാലിന നിര്‍ദേശങ്ങള്‍ നേതൃത്വത്തിന്‌ സമര്‍പ്പിച്ചു. പ്രസ്തുത നിര്‍ദേശങ്ങള്‍ തീരെ പരിഗണിക്കപ്പെട്ടില്ല. ആദര്‍ശരംഗത്തെ അയഞ്ഞ അവസ്ഥ തുടരുകയും ചെയ്തു. അതോടൊപ്പം സകാത്ത്‌ ശേഖരിച്ച്‌ വിതരണം ചെയ്യാന്‍ ലീഗ്‌ മുന്‍കൈയെടുക്കണമെന്ന അദ്ദേഹത്തിന്റെ പ്രമേയം കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ പോലും അനുവാദം ലഭിച്ചില്ല. ലീഗിനെ നന്നാക്കാന്‍ ശ്രമിക്കുന്നത്‌ പാഴ്‌വേലയാണെന്ന്‌ ബോധ്യമായ എസ്‌.എം. ഹനീഫ്‌ സാഹിബ്‌ 1952-ല്‍ അതിനോടു വിടപറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയില്‍

പാലക്കാട്‌ അങ്ങാടിയിലെ മുഹ്‌യിദ്ദീന്‍ പള്ളിയില്‍ ഹാജിസാഹിബും ഇസ്സുദ്ദീന്‍ മൗലവിയും നടത്തിയ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ അവസരം ലഭിച്ച എസ്‌.എം. ഹനീഫ്‌ സാഹിബ്‌ അതിലാകൃഷ്ടനായി. അതിനു മുമ്പുതന്നെ സഹോദരനിലൂടെ ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചും ഹാജിസാഹിബിനെക്കുറിച്ചും ധാരാളമായി കേട്ടിരുന്നു. സകാത്തിനെക്കുറിച്ച്‌ കൂടുതല്‍ പഠിക്കാനാവശ്യപ്പെട്ട്‌ സീതിസാഹിബ്‌ വായിക്കാന്‍ കൊടുത്ത പുസ്തകം മൗലാനാ മൗദൂദിയുടെ ഇസ്ലാംമതമായിരുന്നുവെന്നത്‌ ഇന്ന്‌ കൗതുകമായി തോന്നിയേക്കാം.

എസ്‌.എമ്മിനെ സംബന്ധിച്ച്‌ മനസ്സിലാക്കിയ ഹാജി സാഹിബ്‌ അദ്ദേഹവുമായി നിരന്തരം ബന്ധപ്പെട്ടു. തദ്ഫലമായി എസ്‌.എം. ജമാഅത്തുകാരനായി. ഏറെക്കഴിയുംമുമ്പേ അതിന്റെ സജീവ പ്രവര്‍ത്തകനാവുകയും ചെയ്തു. പിന്നീടുള്ള ജീവിതം പൂര്‍ണമായും ഇസ്ലാമിക പ്രസ്ഥാനത്തിന്‌ സമര്‍പ്പിതമായിരുന്നു.

ഹൈദറാബാദില്‍ നടന്ന ജമാഅത്തിന്റെ സമ്മേളനത്തില്‍ സംബന്ധിച്ച്‌ ആവേശഭരിതനായി തിരിച്ചെത്തിയ എസ്‌.എം. പിന്നീട്‌ മലബാര്‍ ഭാഗത്തു നടന്ന എല്ലാ പരിപാടികളിലെയും നിറസാന്നിധ്യമായി മാറി. അതോടൊപ്പം നല്ലൊരു പ്രഭാഷകനായി നാട്ടിലെങ്ങും ചുറ്റിനടക്കുകയും ചെയ്തു.

1952-ല്‍തന്നെ ഹാജി സാഹിബിന്റെ നേതൃത്വത്തിലുള്ള 'മജ്ലിസുന്നുഖ്ബയി'ല്‍ അംഗമായി. ഇത്‌ വൈജ്ഞാനിക വളര്‍ച്ചക്കും നേതൃശേഷിയുടെ പോഷണത്തിനും നന്നായി ഉപകരിച്ചു. തുടര്‍ന്ന്‌ ഹനീഫ്‌ സാഹിബ്‌ കേന്ദ്ര പ്രതിനിധിസഭയിലേക്കും സംസ്ഥാന കൂടിയാലോചനാ സമിതിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. മരണംവരെ രണ്ടു സ്ഥാനങ്ങളിലും തുടരുകയും ചെയ്തു. അതോടൊപ്പം പാലക്കാട്‌ ജില്ലാ സെക്രട്ടറിയുമായിരുന്നു.

ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനായതോടെ സാമ്പത്തികരംഗം കുറേക്കൂടി ശ്രദ്ധിക്കാനും വ്യവസ്ഥപ്പെടുത്താനും തുടങ്ങി. സുഹൃത്തുക്കളുമായി സഹകരിച്ച്‌ കൂട്ടുകച്ചവടമാരംഭിച്ചു. അതിലൂടെ സാമ്പത്തികനില സാമാന്യം തൃപ്തികരമാംവിധം മെച്ചപ്പെട്ടു.

സജീവ സാന്നിധ്യം

പാലക്കാടന്‍ ജീവിതത്തിന്റെ സജീവ സാന്നിധ്യമായിരുന്നു എസ്‌.എം. ഹനീഫ്‌ സാഹിബ്‌. അവിടെ ഉണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം തേടി ഏവരും സമീപിച്ചിരുന്നത്‌ അദ്ദേഹത്തെയാണ്‌. വ്യാപാരികള്‍ക്കിടയിലെ പ്രശ്നങ്ങളിലെല്ലാം മാധ്യസ്ഥ്യം വഹിച്ചതും അവ പരിഹരിച്ചതും എസ്‌.എമ്മായിരുന്നു.

പി.എസ്‌. നൂര്‍ മുഹമ്മദ്‌ സാഹിബും എതിരാളികളും തമ്മിലുണ്ടായ പ്രശ്നം പരിഹരിച്ചത്‌ അദ്ദേഹമാണ്‌. അത്‌ നൂര്‍ മുഹമ്മദ്‌ സാഹിബിന്റെ പ്രയാസങ്ങള്‍ക്ക്‌ അറുതിവരുത്തുകയും അദ്ദേഹത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക്‌ വഴിയൊരുക്കുകയും ചെയ്തു. അതേത്തുടര്‍ന്നാണ്‌ അദ്ദേഹം മദ്‌റസതുന്നൂറിന്‌ കെട്ടിടം നിര്‍മിച്ചു നല്‍കിയത്‌.

പാലക്കാട്ടും പരിസരത്തും മുസ്ലിംകള്‍ക്കിടയിലുണ്ടായ പല പ്രശ്നങ്ങളും രമ്യമായി പരിഹരിക്കുന്നതിലും എസ്‌.എം. ഹനീഫ്‌ സാഹിബ്‌ നിര്‍ണായകമായ പങ്കുവഹിച്ചു. നഗരത്തിലെ മുഹ്‌യിദ്ദീന്‍ പള്ളിക്കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ മുജാഹിദുകള്‍ വിജയിച്ചു. അതോടെ മഹല്ലില്‍ വലിയ ഭിന്നിപ്പായി. പ്രശ്നം കോടതിയിലെത്തി. ഇരുവിഭാഗവും കേസിനുവേണ്ടി ധാരാളം സമയവും പണവും ചെലവഴിച്ചു. മുജാഹിദുകള്‍ കേസ്‌ നടത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ എസ്‌.എം. ഹനീഫ്‌ സാഹിബിനെ സമീപിച്ച്‌ നേതൃത്വം ഏറ്റെടുക്കാനാവശ്യപ്പെട്ടു. ഈ അവസരമുപയോഗിച്ച്‌ പള്ളിക്കേസ്‌ ഒഴിവാക്കാനും പുതിയ ഒരു പള്ളി നിര്‍മിക്കാനും അവരെ പ്രേരിപ്പിച്ചു. അങ്ങനെ അതംഗീകരിക്കപ്പെട്ടു. തുടര്‍ന്ന്‌ ജമാഅത്ത്‌ പ്രവര്‍ത്തകരും മുജാഹിദുകളും കൂടി നിര്‍മിച്ച പള്ളി പണി പൂര്‍ത്തിയായപ്പോള്‍ മുജാഹിദ്‌ സുഹൃത്തുക്കള്‍ സ്വന്തമാക്കുകയായിരുന്നു.

മുജാഹിദ്‌ മദ്‌റസയില്‍ ജമാഅത്ത്‌ പ്രവര്‍ത്തകരുടെ കുട്ടികള്‍ക്ക്‌ വിലക്കു വന്നതിനാല്‍ സ്വന്തമായി മദ്‌റസ തുടങ്ങാന്‍ നിര്‍ബന്ധിതമായി. അങ്ങനെ ജമാഅത്ത്‌ ഓഫീസില്‍ത്തന്നെ മദ്‌റസ പ്രവര്‍ത്തനമാരംഭിച്ചു. പിന്നീടത്‌ ഒരു പീടികമുറിയിലേക്കു മാറ്റി. വിദ്യാര്‍ഥികളുടെ ആധിക്യം കാരണം സ്വന്തം സ്ഥലം വാങ്ങി കെട്ടിടം നിര്‍മിച്ച്‌ അവിടേക്കു മാറ്റേണ്ടിവന്നു. 1970-ലായിരുന്നു അത്‌. ഇതിനെല്ലാം നേതൃത്വപരമായ പങ്കുവഹിച്ചത്‌ എസ്‌.എമ്മായിരുന്നു.

മൗദൂദിയുമായി കൂടിക്കാഴ്ച

ഹനീഫ്‌ സാഹിബിന്റെ ജീവിതാഭിലാഷങ്ങളിലൊന്നായിരുന്നു മൗലാനാ മൗദൂദിയുമായുള്ള കൂടിക്കാഴ്ച. അവസാനം ഹജ്ജ്‌വേളയില്‍ അദ്ദേഹത്തിന്‌ അതിനവസരം ലഭിച്ചു. മക്കയില്‍വെച്ച്‌ സയ്യിദ്‌ മൗദൂദിയുമായി പരിചയപ്പെടുകയും ആശയവിനിമയം നടത്തുകയും ചെയ്തു. ഹാജി സാഹിബിന്റെ നാട്ടുകാരനായ ഹനീഫ്‌ സാഹിബിനെ സയ്യിദ്‌ മൗദൂദി സ്നേഹപൂര്‍വം സല്‍ക്കരിച്ചു.

പാലക്കാട്ടെ പൊതുജീവിതത്തില്‍ സജീവസാന്നിധ്യമായിരുന്ന എസ്‌.എം. ഹനീഫ്‌ സാഹിബ്‌ നിരവധി കുടുംബപ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്‌. സര്‍വസമ്മതനായിരുന്ന അദ്ദേഹത്തെ ജാതി-മത-സമുദായഭേദമന്യേ എല്ലാവരും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്‌ വലിയ വില കല്‍പിക്കുകയും അവ അംഗീകരിക്കുകയും ചെയ്തു.

പ്രസ്ഥാനപ്രവര്‍ത്തകരുള്‍പ്പെടെ നാട്ടിലെ പാവപ്പെട്ടവരെ സഹായിക്കുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു എസ്‌.എം. പി.എം. മുഹമ്മദ്‌ സാഹിബ്‌ അനുസ്മരിക്കുന്നു:

"ഒരു വാടകക്കെട്ടിടത്തില്‍ ബീഡിക്കമ്പനി നടത്തിയിരുന്നു. കമ്പനി നഷ്ടത്തിലായതിനാല്‍ വാടക കൊടുക്കാന്‍ സാധിച്ചില്ല. കെട്ടിടയുടമ പരാതിയുമായി സമീപിച്ചത്‌ ഹനീഫ്‌ സാഹിബിനെയാണ്‌. മുഹമ്മദ്‌ സാഹിബിനെ അറിയിക്കുക പോലും ചെയ്യാതെ ഹനീഫ്‌ സാഹിബ്‌ മുഴുവന്‍ വാടകയും അടച്ചുതീര്‍ത്തു.

പല പ്രവര്‍ത്തകരുടെയും വീടുകള്‍ സന്ദര്‍ശിച്ച്‌ ആവശ്യങ്ങള്‍ മനസ്സിലാക്കി പരിഹരിക്കുക പതിവായിരുന്നു. പരിസരത്ത്‌ ആരെങ്കിലും മരണമടഞ്ഞാല്‍ മയ്യിത്ത്‌ സംസ്കരണത്തിനാവശ്യമായതെല്ലാം ചെയ്തിരുന്നത്‌ അദ്ദേഹമാണ്‌. ഇവ്വിധം ജനങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതിനാല്‍ അവര്‍ അദ്ദേഹത്തെ അങ്ങേയറ്റം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു."

സൗഹൃദം സ്ഥാപിക്കാന്‍

ഒരിക്കല്‍ പാലക്കാട്ട്‌ വര്‍ഗീയകലാപത്തിന്റെ അന്തരീക്ഷം ഉരുണ്ടുകൂടി. ജില്ലാ കലക്ടര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനായി അദ്ദേഹം രാഷ്ട്രീയപ്പാര്‍ട്ടിനേതാക്കളുടെ യോഗം വിളിച്ചു. ഹനീഫ്‌ സാഹിബും അതില്‍ സംബന്ധിച്ചു. ചര്‍ച്ചകള്‍ അനന്തമായി നീണ്ടു പോയപ്പോള്‍ അദ്ദേഹം കലക്ടറെ സംബോധന ചെയ്തു പറഞ്ഞു: "ചര്‍ച്ചകള്‍ നിര്‍ത്തി ഉടനെത്തന്നെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്‌ ഉത്തമം. അതാണ്‌ താങ്കളിപ്പോള്‍ ചെയ്യേണ്ടത്‌."

"താങ്കള്‍ ഏതു രാഷ്ട്രീയപ്പാര്‍ട്ടിക്കാരനാണ്‌?" കലക്ടര്‍ ചോദിച്ചു.

"താങ്കള്‍ക്ക്‌ രാഷ്ട്രീയമാണോ വേണ്ടത്‌? അതോ സമാധാനമോ?" ഹനീഫ്‌ സാഹിബ്്‌ തിരിച്ചുചോദിച്ചു.

"എന്തു നടപടി വേണമെന്നാണ്‌ താങ്കള്‍ പറയുന്നത്‌?"

"ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കകളും തെറ്റിദ്ധാരണയും അകറ്റാന്‍ പോലീസ്‌ മുന്നിട്ടിറങ്ങണം. ജനങ്ങള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ ജീപ്പ്പില്‍ മൈക്ക്‌ ഉപയോഗിച്ച്‌ പരസ്യപ്പെടുത്തണം. നിങ്ങള്‍ക്ക്‌ സമ്മതമാണെങ്കില്‍ ഞാനതിന്‌ നേതൃത്വം നല്‍കാം."

ഹനീഫ്‌ സാഹിബിന്റെ നിര്‍ദേശം എല്ലാവരും അംഗീകരിക്കുകയും പ്രയോഗവത്കരിക്കുകയും ചെയ്തു. അതിലൂടെ വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കാനും സൗഹൃദം പുനഃസ്ഥാപിക്കാനും സാധിച്ചു. 1972-ലാണ്‌ ഇതെന്ന്‌ പാലക്കാട്ടെ പി.എ. അബ്ദുല്‍ കരീം ഓര്‍ക്കുന്നു.

1972-ല്‍ ഇന്ത്യ-പാക്‌ യുദ്ധകാലത്ത്‌ ഡി.ഐ.ആര്‍ അനുസരിച്ച്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടു. തൃശൂര്‍ ജയിലിലാണ്‌ അദ്ദേഹത്തെ തടവിലിട്ടത്‌; അതോടൊപ്പം അറസ്റ്റ്‌ ചെയ്യപ്പെട്ട അന്നത്തെ അമീര്‍ കെ.സി. അബ്ദുല്ലമൗലവിയെ കണ്ണൂര്‍ ജയിലിലും. അക്കാലത്ത്‌ അവരിരുവരും മാത്രമാണ്‌ അറസ്റ്റ്‌ ചെയ്യപ്പെട്ട ജമാഅത്ത്‌ നേതാക്കള്‍. ഏതാനും മാസത്തെ ജയില്‍ വാസത്തിനുശേഷം ഇരുവരും മോചിതരായി.

കുടുംബം

1973 സെപ്തംബര്‍ 22-ന്‌ 57-ാ‍മത്തെ വയസ്സിലാണ്‌ എസ്‌.എം. ഹനീഫ്‌ സാഹിബ്‌ കല്‍മണ്ഡപത്തിലെ സ്വഭവനത്തില്‍ വെച്ച്‌ അന്ത്യശ്വാസം വലിച്ചത്‌. താജുദ്ദീന്‍, യഹ്‌യ, അഷറുദ്ദീന്‍ എന്നീ മൂന്നു പുത്രന്മാരും റഹ്മത്ത്‌, മുനീറ എന്നീ പുത്രിമാരുമുണ്ട്‌. എസ്‌.എം. ഹലീമയാണ്‌ ഭാര്യ മേലാറ്റൂര്‍ ഉച്ചാരക്കടവിലെ ഹംസക്കുട്ടി ഹാജി മകളുടെ ഭര്‍ത്താവാണ്‌.

 

 
 
 
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.