..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 

കെ. മൊയ്തുമൗലവി

 

"ഇന്ത്യയിലേക്ക്‌ ഇസ്ലാം കടന്നുവന്നത്‌ ജാതീയമായ പീഡനത്തില്‍നിന്ന്‌ ഇവിടത്തെ അധഃസ്ഥിതരെ മോചിപ്പിച്ചുകൊണ്ടാണ്‌. എന്നിട്ട്‌ നാമിപ്പോള്‍ ഇവിടത്തെ ഏറ്റം വലിയ സവര്‍ണരാവുകയാണ്‌. രാത്രിയില്‍ എട്ടുകാലിവല തട്ടരുത്‌ എന്ന്‌ നമ്മുടെ പൂര്‍വികര്‍ പറയുമായിരുന്നു. കാരണം അവര്‍ക്ക്‌ രാത്രി വേറെ വല കെട്ടാന്‍ കഴിയില്ല. എന്നിട്ടാണ്‌ നാമിപ്പോള്‍ ഭാര്യമാരുടെയും കുട്ടികളുടെയും മുന്നിലിട്ട്‌ പച്ചമനുഷ്യനെ വെട്ടിക്കൊല്ലുകയും മനുഷ്യര്‍ താമസിക്കുന്ന വീടുകള്‍ തച്ചുതകര്‍ക്കുകയും ചെയ്യുന്നത്‌."

നാദാപുരത്ത്‌ കലാപം നടന്നുകൊണ്ടിരുന്ന നാളുകളിലൊന്നില്‍ കുറ്റ്യാടിയിലെ ഒരു വഅള്‌ പരമ്പര ഉദ്ഘാടനം ചെയ്തുകൊണ്ട്‌ മൊയ്തുമൗലവി പറഞ്ഞ വാക്കുകളാണിത്‌. ഇസ്ലാമിന്റെ മാനവികതയും അവര്‍ഗീയതയും ആവോളം ഉയര്‍ത്തിപ്പിടിച്ച മതപണ്ഡിതനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ നാദാപുരം-കല്ലാച്ചി ഭാഗങ്ങളില്‍ മൗലവി സഞ്ചരിക്കുന്ന വാഹനം അദ്ദേഹത്തെ കാണുന്നതോടെ ഒരു വിധ തടസ്സവുമില്ലാതെ ജനങ്ങളും ഒട്ടും പരിശോധനയില്ലാതെ പോലീസും കടത്തിവിടുമായിരുന്നു. ആര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ കഴിയാതിരുന്നപ്പോഴും അദ്ദേഹം അവിടെങ്ങളിലെങ്ങും സ്വൈരമായി സഞ്ചരിച്ചു. അത്രമാത്രം സമാദരണീയനും സര്‍വാംഗീകൃതനുമായിരുന്നു മൊയ്തുമൗലവി.

മകന്‍ അബ്ദുല്‍മജീദ്‌ അനുസ്മരിക്കുന്ന ഒരു സംഭവം: "ഉമ്മയുടെ മരണത്തോടെ ഒറ്റപ്പെടലിന്റെ നൊമ്പരം അനുഭവിച്ചിരുന്നു ഉപ്പ. ഞങ്ങളുടെ ഗ്രാമമായ ചിയ്യൂരില്‍നിന്ന്‌ കുറ്റ്യാടിയിലേക്ക്‌ താമസം മാറ്റാന്‍ ഉപ്പ തീരുമാനമെടുത്തു. കുറ്റ്യാടി കോളേജും പ്രസ്ഥാന സുഹൃത്തുക്കളും ആളും ബഹളവുമൊക്കെയാവുമ്പോള്‍ ഏകാന്തതയില്‍നിന്ന്‌ മോചനമാകുമെന്ന്‌ പ്രതീക്ഷിച്ചു. പക്ഷേ, അയല്‍വാസിയായ കണാരന്‍ ഉപ്പയെ ചിയ്യൂര്‍ വിട്ടുപോകാന്‍ സമ്മതിച്ചില്ല. 'നിങ്ങളെപ്പോലുള്ളവര്‍ ഇവിടം വിട്ടുപോവരുതെ'ന്ന കണാരന്റെ നിര്‍ബന്ധത്തിനു മുന്നില്‍ ഉപ്പാക്ക്‌ തീരുമാനം മാറ്റേണ്ടി വന്നു."

"താങ്കളെപ്പോലുള്ളവര്‍ ഇവിടെനിന്ന്‌ പോകാനോ ഇവിടെനിന്ന്‌

പുറത്താക്കപ്പെടാനോ പാടില്ല" എന്ന്‌ ഇബ്നുദ്ദുഗ്നയുടെ വാക്കുകള്‍ കേട്ട്‌ മക്കയില്‍നിന്ന്‌ എത്യോപ്യയിലേക്കുള്ള ഹിജ്‌റ ഉപേക്ഷിച്ച അബൂബക്ര് സ്വിദ്ദീഖിന്റെ സംഭവം മറ്റൊരു വിധത്തില്‍ മൊയ്തു മൗലവിയുടെ ജീവിതത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു.

എം.എ. വാണിമേല്‍ എഴുതുന്നു: "സമുദായസൗഹാര്‍ദവും മതമൈത്രിയും എന്നും മൊയ്തുമൗലവിയുടെ സ്വപ്നമായിരുന്നു. നാദാപുരംകലാപത്തിന്റെ നാളുകളില്‍ കുറ്റ്യാടി ജുമുഅത്ത്‌ പള്ളിയില്‍ അദ്ദേഹം നടത്തിയിരുന്ന ഖുത്വ്ബകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെയും നിരപരാധികള്‍ക്കുനേരെയുള്ള ആക്രമണങ്ങളെയും അദ്ദേഹം ശക്തിയായെതിര്‍ത്തു. പ്രദേശത്ത്‌ സമാധാന ശ്രമവുമായി വന്ന എഫ്‌.ഡി.സി.എയുടെ പ്രവര്‍ത്തകരുമായി അദ്ദേഹം പരമാവധി സഹകരിച്ചു. തെരുവംപറമ്പില്‍ ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യര്‍ കൂടി പങ്കെടുത്ത ഒരു പൊതുയോഗത്തില്‍ വെച്ചാണ്‌ താന്‍ തയ്യുള്ളതില്‍ ഉണിച്ചിര എന്ന സ്ത്രീയുടെ മുലകുടിച്ചുവളര്‍ന്നവനാണെന്ന സത്യം മൊയ്തു മൗലവി വെട്ടിത്തുറന്നു പറഞ്ഞത്‌. ഉണിച്ചിരയുടെ മകള്‍ ചിരുതയുമായുള്ള മൗലവിയുടെ സാഹോദര്യബന്ധം മാനവ സാഹോദര്യത്തിന്റെ ഉദാത്ത മാതൃകയായി വാഴ്ത്തപ്പെട്ടു."

സി. ദാവൂദ്‌ ഇക്കാര്യം ഒന്നുകൂടി വിശദീകരിക്കുന്നു. "തന്റെ നാട്‌ കലാപങ്ങളുടെ പര്യായമാകുന്നതില്‍ അദ്ദേഹം ഏറെ ദുഃഖിച്ചു. ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ പരമാവധി ഇഴയടുപ്പം കൊണ്ടുവരാന്‍ അദ്ദേഹം യത്നിച്ചു. തന്റെ മുലകുടി ബന്ധത്തിലെ സഹോദരി ചിരുതയെക്കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം ലോകത്തോടു പറയുന്നത്‌ ഈ സന്ദര്‍ഭത്തിലാണ്‌. 2002 ജൂണില്‍ സി.പി.എം പ്രവര്‍ത്തകനായ ബിനു കൊല്ലപ്പെട്ടതിനെ

തുടര്‍ന്നുണ്ടായ കലാപകലുഷമായ സാഹചര്യം. വിദ്വേഷത്തിന്റെ അഗ്നിയില്‍ നാടു കത്തിയമരുകയായിരുന്നു. ഈ സന്ദര്‍ഭത്തില്‍ എഫ്‌.ഡി.സി.എയുടെ ആഭിമുഖ്യത്തില്‍ തെരുവംപറമ്പില്‍ നടന്ന പൊതു സമ്മേളനത്തില്‍ വെച്ചാണ്‌ അന്യമതക്കാരിയായ സ്ത്രീ തന്റെ സഹോദരിയാണെന്ന കാര്യം മൗലവി ആദ്യമായി ലോകത്തോട്‌ വിളിച്ചുപറയുന്നത്‌. വേദിയിലുണ്ടായിരുന്ന ജസ്റ്റിസ്‌ കൃഷ്ണയ്യര്‍ക്ക്‌ ഇത്‌ ആദ്യം വിശ്വസിക്കാന്‍ പോലും സാധിച്ചില്ല. മൗലവിയോട്‌ ഒന്നുകൂടി ചോദിച്ചുറപ്പിച്ചതിനുശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'ഇക്കാര്യം ഞാന്‍ നാടുനീളെ പറയും; അവസരം കിട്ടുന്നിടത്തെല്ലാം.'

യഥാര്‍ഥത്തില്‍ ചിരുതയുമായുള്ള മുലകുടി സാഹോദര്യം മൊയ്തു മൗലവിക്ക്‌ ചെറുപ്പം മുതലേ ഉള്ളതാണ്‌. പിന്നെ എന്തുകൊണ്ടായിരിക്കാം മൗലവി ഇക്കാര്യം തന്റെ ജീവിതസായന്തനത്തില്‍ പരസ്യമായി പ്രഖ്യാപിക്കാന്‍ കാരണം? തന്റെ ശൈശവത്തില്‍ താന്‍ നുകര്‍ന്ന മുലപ്പാലിന്റെ മധുരം തന്റെ വാര്‍ധക്യത്തില്‍ കൃത്യമായ ഒരു രാഷ്ട്രീയ പ്രയോഗത്തിനുള്ള ആയുധമാക്കുകയായിരുന്നു അദ്ദേഹം. നമുക്ക്‌ മുലകുടി ബന്ധത്തിന്റെ ഫിഖ്ഹിനെക്കുറിച്ച്‌ നന്നായറിയാം. മൗലവിമാര്‍ അതിനെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും കൃത്യമായി നിവര്‍ത്തിച്ചുതരും. എന്നാല്‍ അതിന്റെ ഫിഖ്ഹിനപ്പുറം, തന്റെ നാട്ടില്‍, സാമൂഹികാവസ്ഥയില്‍ അതിനു നിര്‍വഹിക്കാനുള്ള രാഷ്ട്രീയ ദൗത്യത്തെക്കുറിച്ചായിരിക്കണം മൊയ്തുമൗലവി ചിന്തിച്ചത്‌. അതിന്‌ ഏറ്റവും പറ്റിയ സന്ദര്‍ഭം ഇതുതന്നെയാണെന്ന്‌ മൗലവി കരുതിക്കാണും. ഫിഖ്ഹിനും ഒരു രാഷ്ട്രീയമുണ്ട്‌."

മകന്‍ അബ്ദുല്‍മജീദ്‌ മൊയ്തുമൗലവി ചിരുതയോട്‌ പുലര്‍ത്തിയ സമീപനം വിശദീകരിക്കുന്നു: "മുലകുടി ബന്ധത്തിലെ സഹോദരിയായ ചിരുതക്ക്‌ ഒരു പെങ്ങളുടെ എല്ലാ സ്ഥാനവും കല്‍പിച്ചാദരിച്ചു. മരിക്കുവോളം ആ ബന്ധം നിലനിര്‍ത്തി. ചിരുതക്ക്‌ ഒരു സ്വര്‍ണക്കമ്മല്‍ വാങ്ങിക്കൊടുത്തത്‌ ഇയ്യിടെയാണ്‌. ഹിന്ദു കുടുംബത്തിലെ മുലകുടിബന്ധത്തിലെ ആ സഹോദരിയെക്കുറിച്ച്‌ പറയുമ്പോള്‍ ഉപ്പാക്കും ഉപ്പയെക്കുറിച്ച്‌ പറയുമ്പോള്‍ ചിരുതക്കും ആയിരം നാക്കാണ്‌. ചിരുതയോട്‌ നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന്‌ ഉപ്പ വസ്വിയ്യത്ത്‌ ചെയ്തിട്ടുണ്ട്‌."

പ്രദേശത്തെ പല ക്ഷേത്രങ്ങളോടും അയ്യപ്പന്‍ വിളക്ക്‌ ആഘോഷങ്ങളോടും അനുബന്ധിച്ച്‌ നടത്തപ്പെടാറുള്ള മതസൗഹാര്‍ദ സമ്മേളനങ്ങളില്‍ മൊയ്തു മൗലവിയുടെ മഹനീയ സാന്നിധ്യം സംഘാടകര്‍ക്ക്‌ നിര്‍ബന്ധമായിരുന്നു. ഇത്തരം പരിപാടികളില്‍ പങ്കെടുത്ത്‌ സംസാരിക്കാന്‍ പ്രസ്ഥാന പ്രവര്‍ത്തകരെ അദ്ദേഹം സദാ പ്രേരിപ്പിക്കുമായിരുന്നു.

സാമുദായികതക്കതീതമായി മൊയ്തു മൗലവി ഉയര്‍ത്തിപ്പിടിച്ച മാനവികതയെക്കുറിച്ച്‌ സി. ദാവൂദ്‌ വിശദീകരിക്കുന്നു: "സാമുദായികത തലക്കു പിടിക്കുമ്പോള്‍, അങ്ങനെയുള്ളൊരു സാമുദായികാവസ്ഥയില്‍, സമുദായത്തിനകത്തുനിന്ന്‌ സത്യങ്ങള്‍ തുറന്നുപറയാന്‍ നാം അറച്ചെന്നിരിക്കും. സത്യത്തോടുള്ള ഈ അറപ്പാണ്‌ പലപ്പോഴും സാമുദായികതക്ക്‌ വളമാകുക. എന്നാല്‍ സാമുദായിക വാദത്തിന്റെ ഉത്സവപ്പറമ്പായ ഒരു നാടിന്റെ മധ്യത്തില്‍ ജീവിച്ച്‌ സാമുദായികതക്കതീതമായ മാനവികതക്കുവേണ്ടി നിലകൊണ്ടു മൊയ്തുമൗലവി. തെരുവംപറമ്പിലെ ബലാത്സംഗം നാദാപുരത്തിന്റെയും കേരള രാഷ്ട്രീയത്തിന്റെയും കേന്ദ്രപ്രമേയമായി മാറിയകാലം. സമുദായംതന്നെയാണ്‌ ബലാത്സംഗം ചെയ്യപ്പെട്ടിരിക്കുന്നതെന്ന ചിത്രീകരണവുമായി വലതുപക്ഷവും മുസ്ലിംലീഗും, ഫോറന്‍സിക്‌ റിപ്പോര്‍ട്ടില്‍ അങ്ങനെയൊന്ന്‌ പറഞ്ഞിട്ടില്ലെന്ന സാങ്കേതികവാദവുമായി ഇടതുപക്ഷവും മുഖാമുഖം നിന്ന കാലം. മൊയ്തുമൗലവിയുടെ വീട്ടില്‍നിന്ന്‌ അധികമൊന്നും അകലെയല്ല ബലാത്സംഗത്തിനിരയായി എന്ന്‌ പറയപ്പെട്ട സ്ത്രീയുടെ വീട്‌. തെരുവംപറമ്പ്‌ ബലാത്സംഗക്കഥ കെട്ടിച്ചമച്ചതാണെന്ന്‌ മൗലവി പള്ളി മിമ്പറില്‍ കയറി പ്രഖ്യാപിക്കുകയുണ്ടായി. സമുദായത്തില്‍നിന്ന്‌ അതിന്റെ പേരില്‍ അദ്ദേഹത്തിന്‌ പഴിയും കേള്‍ക്കേണ്ടിവന്നു. എന്നാല്‍ അധികം താമസിയാതെ, തന്റെ പേരില്‍ കഥ മെനഞ്ഞ്‌ അധികാരം നേടിയവര്‍ തന്നെ തിരിഞ്ഞുനോക്കാതായപ്പോള്‍ ആ സ്ത്രീതന്നെ ഈ നാടകത്തിന്റെ ഗ്രീന്‍ റൂം വിശേഷങ്ങള്‍ പത്രക്കാരെ വിളിച്ച്‌ പുറത്തു പറഞ്ഞപ്പോള്‍, കാലം മൊയ്തു മൗലവിയുടെ നിലപാടിനെ ശരിവെക്കുകയായിരുന്നു. പക്ഷേ, അപ്പോഴേക്ക്‌ നാട്‌ അതിനു കൊടുക്കേണ്ടിവന്ന വില കനത്തതായിരുന്നുവെന്നതാണ്‌ യാഥാര്‍ഥ്യം."

ഇതായിരുന്നു കെ. മൊയ്തുമൗലവി. ഇസ്ലാമിക മൂല്യങ്ങള്‍ മുഴു ജീവിതമേഖലകളിലും മുറുകെപ്പിടിച്ച മഹാ പണ്ഡിതന്‍. തനിക്കു ശരിയെന്നു തോന്നുന്ന കാര്യം ഉറക്കെ വിളിച്ചുപറയുന്നതില്‍ ആരെയും അല്‍പം പോലും ഭയപ്പെടാതിരുന്ന മുജാഹിദ്‌, അറിയപ്പെട്ട പ്രസംഗകന്‍, കേരളത്തിലെ അപൂര്‍വം അറബിക്കവികളില്‍ പ്രമുഖന്‍, ജമാഅത്തെ ഇസ്ലാമിയുടെ സമുന്നതനായ നേതാവ്‌, തൊട്ടതൊക്കെയും പൊന്നാക്കിയ അപൂര്‍വ സിദ്ധികളുടെ ഉടമ, സമുദായ സൗഹാര്‍ദത്തിന്റെ ശക്തനായ വക്താവ്‌, കേള്‍വിക്കാരെ അഗാധമായി സ്വാധീനിച്ച ഖത്വീബ്‌, സമാദരണീയനായ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, സര്‍വോപരി സുസമ്മതനായ മധ്യസ്ഥന്‍.

ജീവിത യാത്ര

മൊയ്തുമൗലവി 1923 ജൂണ്‍ ഒന്നിന്‌ കോഴിക്കോട്‌ ജില്ലയില്‍ വാണിമേലിനടുത്ത്‌ നരിപ്പറ്റയില്‍ ജനിച്ചു. പിതാവ്‌ പത്തായക്കോടന്‍ കോറോത്ത്‌ കുട്ട്യാലി. മാതാവ്‌ പടയന്‍ കുടുംബത്തിലെ അമ്മദ്‌-കുഞ്ഞാമിന ദമ്പതികളുടെ മകള്‍ തെങ്ങലക്കണ്ടി ആഇശ ഹജ്ജുമ്മ. പ്രാഥമിക പഠനം നരിപ്പറ്റ എല്‍.പി. സ്കൂളില്‍. നാദാപുരം ജുമുഅത്ത്‌ പള്ളി, കരിയാട്‌ പുതുശ്ശേരി പള്ളി, മാട്ടുമ്മല്‍ വേതാമ്പ്രം ജുമുഅത്ത്‌ പള്ളി, വില്യാപ്പള്ളി ജുമുഅത്ത്‌ പള്ളി, വാഴക്കാട്‌ ദാറുല്‍ ഉലൂം അറബിക്‌ കോളേജ്‌, കാസര്‍കോട്‌ ആലിയ അറബിക്‌ കോളേജ്‌, തമിഴ്‌നാട്ടിലെ ഉമറാബാദ്‌ ജാമിഅ ദാറുസ്സലാം എന്നിവിടങ്ങളില്‍ നിന്ന്‌ ഇസ്ലാമികവിദ്യാഭ്യാസം നേടി. കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, മൗലാനാ ചാലിലകത്ത്‌, തറക്കണ്ടി അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍, കക്കടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍, അഹമ്മദ്‌ ശീറാസി, കടമേരി ചാന്തോങ്ങല്‍ കുഞ്ഞഹമ്മദ്‌ കുട്ടി മുസ്ലിയാര്‍, ശൈഖ്‌ മുഹമ്മദ്‌ മൗലവി, ഇ.കെ. മൗലവി, എം.സി.സി. സഹോദരന്മാര്‍, ടി. മുഹമ്മദ്‌ സാഹിബ്‌, മുഹമ്മദ്‌ ത്വാഈ മൗലവി, കെ.സി. അബ്ദുല്ല മൗലവി, വാഴക്കാട്‌ എം.ടി. അബ്ദുര്‍റഹ്മാന്‍ മൗലവി എന്നിവര്‍ അധ്യാപകരില്‍ പ്രമുഖരാണ്‌. കെ.എന്‍. ഇബ്‌റാഹീം മൗലവി, മുഹ്‌യിദ്ദീന്‍ ആലുവായ്‌, കടവത്തൂര്‍ എന്‍.കെ. അഹമ്മദ്‌ മൗലവി എന്നിവര്‍ സഹപാഠികളും.

ആലിയയിലേക്കുള്ള മാറ്റത്തെ സംബന്ധിച്ച്‌ മൊയ്തു മൗലവി ഓര്‍ക്കുന്നു: "തിരൂരങ്ങാടിയില്‍നിന്ന്‌ കാസര്‍കോട്‌ ആലിയ അറബിക്‌ കോളേജിലേക്കുള്ള മാറ്റം എന്നെ ഒരു പുതിയ ചുറ്റുപാടുമായി പരിചയപ്പെടുത്തി. അവിടത്തെ ആധ്യാത്മികമായ അന്തരീക്ഷം മനസ്സിനെ ആഹ്ലാദപുളകിതമാക്കി. അദമ്യമായ ആ നിര്‍വൃതിയില്‍ പുളകംകൊള്ളുന്ന എന്റെ ആത്മാവ്‌ ചിറക്‌ വിരുത്തി വിഹായസ്സിലേക്ക്‌ പറന്നുയരുകയാണോ?"

1946 വരെ മുസ്ലിംലീഗ്‌ പ്രവര്‍ത്തകനായിരുന്നു. വിദ്യാര്‍ഥിയായിരിക്കെത്തന്നെ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടു. പഠനം പൂര്‍ത്തീകരിച്ച ശേഷം പിതാവിന്റെ മരണത്തോടെ ഒലിപ്പില്‍ പള്ളി എന്നറിയപ്പെടുന്ന ചിയ്യൂര്‍ ജുമുഅത്ത്‌ പള്ളിയില്‍ അല്‍പകാലം ദര്‍സ്‌ നടത്തിയിരുന്നു. അക്കാലത്താണ്‌ ഹാജി സാഹിബ്‌ അവിടെ വാണിമേലില്‍ 13 ദിവസത്തെ വഅള്‌ പരമ്പര നടത്തിയത്‌. ആ പ്രഭാഷണങ്ങളില്‍ ആകൃഷ്ടനായാണ്‌ മൗലവി പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായത്‌.

ദീര്‍ഘകാലം തെക്കന്‍ കര്‍ണാടകത്തിലെ ഉപ്പിനങ്ങാടിയില്‍ പള്ളി ഇമാമായിരുന്നു. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി-ചെമ്മങ്കടവ്‌ പ്രദേശങ്ങള്‍, കണ്ണൂര്‍ ജില്ലയിലെ മുട്ടം-പഴയങ്ങാടി എന്നിവിടങ്ങളില്‍ മുഴുസമയ പ്രസ്ഥാന പ്രവര്‍ത്തകനായും സേവനമനുഷ്ഠിച്ചു.

1958 മുതല്‍ 18 വര്‍ഷം ജമാഅത്തെ ഇസ്ലാമി കേരള മജ്ലിസ്‌ ശൂറാ അംഗമായി. ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധിസഭയിലും അംഗമായിരുന്നു. മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍കോട്‌, തെക്കന്‍ കര്‍ണാടകയിലെ ഉപ്പിനങ്ങാടി എന്നീ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉത്തരമേഖലാ നാസിമായി. ഉപ്പിനങ്ങാടിയിലെയും കണ്ണൂരിലെ മുട്ടത്തെയും ഇസ്ലാമിക സ്ഥാപനങ്ങള്‍, വാണിമേല്‍ അറബിക്‌ കോളേജ്‌, ചേണ്ടമംഗല്ലൂര്‍ അല്‍മദ്‌റസത്തുല്‍ ഇസ്ലാമിയ്യ, കാസര്‍കോട്‌ ആലിയ അറബിക്‌ കോളേജ്‌, ശാന്തപുരം ഇസ്ലാമിയ്യ കോളേജ്‌, കുറ്റ്യാടി ഇസ്ലാമിയ്യ കോളേജ്‌, ദഅ്‌വാ കോളേജ്‌ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. കുറ്റ്യാടി ഇസ്ലാമിയ്യ കോളേജില്‍ പ്രിന്‍സിപ്പാളായും പ്രവര്‍ത്തിച്ചു. അവിടത്തെ കുല്ലിയ്യത്തുല്‍ ഖുര്‍ആന്റെ മുഖ്യശില്‍പി അദ്ദേഹമാണ്‌. അതിന്റെ പ്രിന്‍സിപ്പാളുമായിരുന്നു. 1981 മുതല്‍ മരണം വരെ കുറ്റ്യാടി ഖാദിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം പാലേരി, പാറക്കടവ്‌, തോട്ടത്താങ്കണ്ടി, ഊരത്ത്‌, വളയന്നൂര്‍, അടുക്കത്ത്‌, വേളം, ശാന്തിനഗര്‍, നരിപ്പറ്റ എന്നീ പരിസര പ്രദേശങ്ങളിലെ മഹല്ലുകളുടെ ഖാദി സ്ഥാനവും വഹിച്ചു.

1958-ല്‍ ഹജ്ജ്‌ നിര്‍വഹിച്ചു. സുഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്‌, യു.എ.ഇ, ബഹ്‌റൈന്‍, ലബനാന്‍, ഒമാന്‍, ഈജിപ്ത്‌, ലിബിയ, മൊറോക്കോ, അല്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ശൈഖ്‌ ഇബ്നുബാസ്‌, ഡോക്ടര്‍ യൂസുഫുല്‍ ഖറദാവി, ഉസ്താദ്‌ സയ്യിദ്‌ സാബിഖ്‌, മുഹമ്മദ്‌ ഖുത്വുബ്‌, ഇബ്‌റാഹിം അബ്ദുല്ല അന്‍സ്വാരി തുടങ്ങി ലോകപ്രശസ്ത പണ്ഡിതന്മാരുമായി ഉറ്റബന്ധം പുലര്‍ത്തി. 2005 മാര്‍ച്ച്‌ മൂന്നിന്‌ പരലോകം പ്രാപിച്ചു.

പ്രാസ്ഥാനിക രംഗത്ത്‌

കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി കാലുറപ്പിക്കാന്‍ തുടങ്ങിയ

നാളുകള്‍ മുതല്‍ അതിന്റെ ഓരോ ചുവടുവെപ്പിലും മൊയ്തുമൗലവിയുടെ നിറസാന്നിധ്യമുണ്ടായിരുന്നു. ഓരോ സന്ദര്‍ഭത്തിലും പ്രസ്ഥാനത്തിന്റെ നിര്‍ദേശം നടപ്പാക്കാന്‍ സര്‍വാത്മനാ സന്നദ്ധനായി നിലകൊണ്ടു.

പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുവഹിക്കുന്ന പലരും വൈജ്ഞാനിക രംഗത്ത്‌ ഏറെ പിറകോട്ടു പോകാറാണ്‌ പതിവ്‌. പുതുതായൊന്നും പഠിക്കാന്‍ കഴിയില്ലെന്നുമാത്രമല്ല; പഠിച്ചതുപോലും വേണ്ടവിധം ഉപയോഗപ്പെടുത്താനാവാതെ തുരുമ്പെടുക്കുന്നു. മറുഭാഗത്ത്‌ വായനയും പഠനവുമായി വൈജ്ഞാനികരംഗത്ത്‌ വ്യാപൃതരാവുന്നവര്‍ പ്രസ്ഥാനരംഗത്ത്‌ സജീവത പുലര്‍ത്താറില്ല. എന്നാല്‍ മൊയ്തുമൗലവി ഇതിനുതീര്‍ത്തും അപവാദമായിരുന്നു. മേഖലാ നാസിമും സംസ്ഥാന ശൂറാ അംഗവുമൊക്കെയായി കര്‍മഭൂമിയില്‍ നിറഞ്ഞുനിന്നപ്പോഴും വിജ്ഞാന സപര്യക്ക്‌ കോട്ടം തട്ടാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തി. നേരത്തേ നേടിയ അറിവുകള്‍ തേച്ചുമിനുക്കാന്‍ ശ്രമിച്ചു. വിജ്ഞാനത്തിന്റെ ചെലവില്‍ പ്രസ്ഥാന പ്രവര്‍ത്തനമോ പ്രസ്ഥാനത്തിന്റെ ചെലവില്‍ വൈജ്ഞാനിക പ്രവര്‍ത്തനമോ നടത്തുന്ന രീതി മൗലവിക്ക്‌ അന്യമായിരുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ ഓരോ ചരിത്ര മുഹൂര്‍ത്തത്തിലും മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ആവേശവും കരുത്തുമായി മൗലവി നിറഞ്ഞുനിന്നു. പ്രായാധിക്യം ശരീരത്തെ പിടിച്ചുലച്ചപ്പോഴും മനസ്സിലെ വിപ്ലവാവേശത്തിന്‌ ഒട്ടും മങ്ങലേറ്റില്ല. മരണത്തിന്റെ തൊട്ടുമുമ്പാണ്‌ രോഗം പ്രയാസപ്പെടുത്തിക്കൊണ്ടിരിക്കെത്തന്നെ ആലിയ അറബിക്‌ കോളേജിന്റെ ജൂബിലിയില്‍ പങ്കെടുക്കാന്‍ വടക്ക്‌ കാസര്‍കോട്ടേക്കും തിരുവനന്തപുരത്തിനടുത്ത്‌ പൂവ്വച്ചലില്‍ ദാറുല്‍ അര്‍ഖം അറബിക്‌ കോളേജിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ അവിടത്തെ പണ്ഡിതന്‍മാരുടെ ക്ഷണം സ്വീകരിച്ച്‌ തെക്കന്‍ കേരളത്തിലേക്കും യാത്ര ചെയ്തത്‌.

കേരളത്തിലങ്ങോളമിങ്ങോളം ഓടിനടന്ന്‌ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ശ്രമിച്ച മികച്ച സംഘാടകന്‍ കൂടിയായിരുന്നു മൊയ്തുമൗലവി. കേരളത്തിന്റെ തെക്കു-വടക്കുള്ള എല്ലാ ഗ്രാമങ്ങളിലും മൗലവി പ്രസ്ഥാനത്തിന്റെ സന്ദേശവുമായി സഞ്ചരിച്ചു. ഒരിക്കല്‍ പരിചയപ്പെട്ട ഒരാളെയും മറന്നില്ല. കൊല്ലങ്ങള്‍ കഴിഞ്ഞു കണ്ടുമുട്ടുമ്പോള്‍ കുട്ടികളുടെ പേരു പറഞ്ഞ്‌ വിവരം ചോദിക്കുന്നത്‌ പലപ്പോഴും കണ്ട്‌ വിസ്മയം തോന്നിയിട്ടുണ്ട്‌.

യൗവനത്തില്‍ വാര്‍ധക്യം ബാധിച്ചവര്‍ക്കിടയില്‍ തീക്ഷ്ണയൗവനം കാത്തുസൂക്ഷിച്ച വൃദ്ധനായിരുന്നു മൊയ്തുമൗലവി. അതുകൊണ്ടുതന്നെ നിരാശ അദ്ദേഹത്തിന്റെ നിഘണ്ടുവിലുണ്ടായിരുന്നില്ല. ആലസ്യം അദ്ദേഹത്തിന്‌ അന്യമായിരുന്നു. കര്‍മമാണ്‌ ആ ജീവിതത്തിന്റെ മുഖമുദ്ര.

പ്രസ്ഥാനത്തിന്റെ പുതിയ കാല്‍വെപ്പുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്ന മൊയ്തു മൗലവി ഏറെ പ്രതീക്ഷകളോടെ അവയെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. നിരാശ നിറഞ്ഞ വര്‍ത്തമാനങ്ങള്‍ക്കു പകരം വിദൂരതയിലേക്ക്‌ കണ്ണുനട്ട്‌ പ്രത്യാശകളുടെ അനേകം വഴികള്‍ ചൂണ്ടിക്കാണിച്ച്‌ പ്രവര്‍ത്തകര്‍ക്ക്‌ ആവേശം പകരുന്ന രീതിയാണ്‌ അദ്ദേഹം സ്വീകരിച്ചിരുന്നത്‌. ആവലാതികളെക്കാള്‍ ആവേശത്തിന്‌ സ്ഥാനം നല്‍കിയ ശുഭാപ്തിവിശ്വാസിയായിരുന്നു അദ്ദേഹം. പഴയതൊക്കെ നല്ലതും ശുഭവും പുതിയതൊക്കെ മോശവുമെന്ന പല്ലവി അദ്ദേഹത്തിന്‌ അസഹ്യമായിരുന്നു. ഗുണവും ദോഷവും കുറവും മേന്മയും അന്നും ഇന്നുമുണ്ട്‌ എന്ന വീക്ഷണമായിരുന്നു മൗലവിയുടേത്‌. ചിലപ്പോഴെങ്കിലും പുതിയതിനെ പുകഴ്ത്താനും മടികാണിച്ചിരുന്നില്ല. അദ്ദേഹം പറയുമായിരുന്നു: "പണ്ട്‌ നമ്മള്‍ പ്രബോധനം എന്നൊക്കെ പറയുമെന്നല്ലാതെ, സഹോദര സമുദായക്കാരെ സമീപിക്കേണ്ടത്‌ എങ്ങനെയെന്നോ എന്താണ്‌ അവരോട്‌ പറയേണ്ടതെന്നോ വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. ഇന്ന്‌ അങ്ങനെയല്ല. അതിനെല്ലാം വ്യക്തമായ ധാരണകള്‍ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു."

ജമാഅത്തെ ഇസ്ലാമിയുടെ പ്രധാന സമ്മേളനങ്ങളിലെല്ലാം ഉദ്ബോധനവും പ്രാര്‍ഥനയും നിര്‍വഹിച്ചിരുന്നത്‌ മൊയ്തുമൗലവിയാണ്‌. അത്‌ പൂര്‍ത്തിയാകുമ്പോഴേക്കും തേങ്ങാത്ത മനസ്സുകളും നനയാത്ത കണ്ണുകളും വിരളമായിരിക്കും. ഹൃദയമറിഞ്ഞുള്ള ആ വാക്കുകള്‍ ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നതായി അനുഭവപ്പെടുന്നു.

എല്ലാം തികഞ്ഞ പണ്ഡിതന്‍

ആറു പതിറ്റാണ്ടുകാലം ജമാഅത്തെ ഇസ്ലാമിയുടെ നേതൃരംഗത്ത്‌ സജീവസാന്നിധ്യമായിരുന്ന മൊയ്തുമൗലവി ഇരുത്തംവന്ന അത്യപൂര്‍വം പണ്ഡിതന്മാരിലൊരാളായിരുന്നു. ഖുര്‍ആനിലും ഹദീസിലും അറബി ഭാഷയിലും അദ്ദേഹത്തെപ്പോലെ ആഴത്തില്‍ അറിവുനേടിയവര്‍ ജമാഅത്തെ ഇസ്ലാമിയിലെന്നല്ല; സമകാലിക കേരള മുസ്ലിംകള്‍ക്കിടയില്‍ ത്തന്നെ വളരെ വിരളമാണ്‌. നേതാക്കളും പ്രഭാഷകരും എല്ലാ വിഭാഗങ്ങളിലും ധാരാളമുണ്ടെങ്കിലും ആഴവും പരപ്പുമുള്ള പണ്ഡിതന്‍മാര്‍ക്കാണ്‌ പഞ്ഞം. പരിവാരങ്ങളും പരിവേഷങ്ങളുമുണ്ടായിരുന്നില്ലെങ്കിലും മൗലവിക്ക്‌ താന്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലെ അറിവ്‌ സൂക്ഷ്മവും അഗാധവുമായിരുന്നു.

'പുത്തന്‍ പ്രസ്ഥാനക്കാര്‍ക്കിടയില്‍ ഓതിപ്പഠിച്ചവരില്ല, കിതാബ്‌ തിരിയുന്നവരില്ല' എന്നൊക്കെ പരിഹസിക്കുന്നവര്‍ക്കുള്ള കരുത്തുറ്റ മറുപടിയായിരുന്നു മൊയ്തുമൗലവി. ജമാഅത്തെ ഇസ്ലാമിയുടെ ആശയാദര്‍ശ

ങ്ങള്‍ 'മുതഫര്‍രിദി'ലെയും 'ശര്‍ഹുല്‍ അഖാഇദ'യിലെയും വരികളുദ്ധരിച്ച്‌ അദ്ദേഹം സമര്‍ഥിക്കുമ്പോള്‍ യാഥാസ്ഥിതിക പണ്ഡിതന്‍മാര്‍പോലും ആ പാണ്ഡിത്യത്തെ സ്നേഹാദരവുകളോടെയാണ്‌ നോക്കിക്കണ്ടിരുന്നത്‌. പാണ്ഡിത്യഗരിമ നിറഞ്ഞുനിന്ന അത്യപൂര്‍വ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്‌.

ടി.കെ. അബ്ദുല്ല സാഹിബ്‌ മൊയ്തു മൗലവിയുടെ പാണ്ഡിത്യത്തെ വിലയിരുത്തുന്നു: "മൊയ്തു മൗലവിയുടെ വ്യക്തിത്വത്തെയും പാണ്ഡിത്യത്തെയും വ്യത്യസ്തമാക്കുന്ന മുഖ്യഘടകം അദ്ദേഹത്തില്‍ ഒരേസമയം മൂന്ന്‌ പാരമ്പര്യങ്ങളും മൂന്ന്‌ ചിന്താപ്രസ്ഥാനങ്ങളിലെ അനുഭവസമ്പത്തും ഒത്തുചേര്‍ന്നിരിക്കുന്നു എന്നതാണ്‌. പള്ളിദര്‍സുകളും സുന്നി പണ്ഡിതന്‍മാരുമായുള്ള ബന്ധങ്ങളും ശിഷ്യത്വവും കേരളത്തിലെ മുസ്ലിം പാരമ്പര്യ മതസമൂഹത്തിന്റെ ആചാര വിചാരങ്ങളും നന്മകളും പ്രത്യേകതകളും ഉള്‍ക്കൊള്ളാനും അവരുടെ വൈകാരികതകള്‍ സ്വാംശീകരിക്കാനും വലിയ അളവില്‍ മൊയ്തു മൗലവിയെ സഹായിച്ചിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ ശ്രദ്ധേയമായ ഭാഗമായിരുന്നു അത്‌. അതുകൊണ്ടുതന്നെ ആ മേഖലകളില്‍ അനായാസം കടന്നുചെല്ലാനും ആശയവിനിമയത്തിനും സാധ്യമായിരുന്നു. പരിഷ്കര്‍ത്താക്കളില്‍ പലരും പരാജയപ്പെടുന്ന ഒരു മേഖലയാണിത്‌. അതേസമയം മുജാഹിദ്‌ സ്ഥാപനങ്ങളിലെ പഠനവും അവരുടെ പണ്ഡിതന്മാരുമായി നേരിട്ടുള്ള സമ്പര്‍ക്കവും മൗലവിക്ക്‌ കൈമുതലായി ഉണ്ടായിരുന്നു. ഈ അനുഭവസമ്പത്തുമായാണ്‌ പിന്നീട്‌ അദ്ദേഹം ജമാഅത്തെ ഇസ്ലാമിയിലേക്ക്‌ വരുന്നത്‌. മൊയ്തുമൗലവി വാഴക്കാട്ടെ ലീഗ്‌ സമ്മേളനത്തിനുവേണ്ടി എഴുതിയ കവിതയിലെ 'ഇസ്ലാമിക രാഷ്ട്ര'ത്തിന്റെ തുടിപ്പുകള്‍ ഇവിടെ അദ്ദേഹത്തിന്‌ നേരില്‍ പകര്‍ന്നുകിട്ടുകയാണ്‌. ദീര്‍ഘകാലം ശൂറാ മെമ്പര്‍, മേഖലാ നാസിം എന്നീ ഔദ്യോഗിക തലങ്ങളില്‍ മൊയ്തുമൗലവി പ്രസ്ഥാനത്തില്‍ വഹിച്ച പങ്ക്‌ എന്നെന്നും ഓര്‍മിക്കപ്പെടും. എന്നാല്‍ അതിനെക്കാളെല്ലാം എത്രയോ മഹത്തരമാണ്‌ ഒരു പണ്ഡിതനെന്ന നിലയില്‍ പ്രസ്ഥാനത്തിന്‌ അദ്ദേഹം നല്‍കിയ സേവനങ്ങളും സംഭാവനകളും."

ഒഴിവുവേളകളിലെല്ലാം മൗലവി പുസ്തക പാരായണത്തില്‍ മുഴുകുക പതിവായിരുന്നു. അറിവിന്റെ നവീകരണത്തിന്‌ നിരന്തര വായനയും പഠനവും അനിവാര്യമാണെന്ന്‌ അദ്ദേഹം ഉറച്ചുവിശ്വസിച്ചു. അതിനാല്‍ ഏത്‌ പുസ്തകം കിട്ടിയാലും ആര്‍ത്തിയോടെ വായിക്കുമായിരുന്നു.

വിജ്ഞാനോപാസകന്‍

അറിവിന്റെ മഹത്വമറിയാത്തവര്‍ക്ക്‌ സമൂഹത്തെ നേര്‍വഴിയില്‍ നയിക്കാനാവില്ല. പുരോഗതിയുടെ പാത കണ്ടെത്താനുമാവില്ല. അതുകൊണ്ടാണ്‌ ഇസ്ലാം വിജ്ഞാനത്തിന്‌ വമ്പിച്ച പ്രാധാന്യം കല്‍പിച്ചത്‌. അത്‌ തിരിച്ചറിഞ്ഞ്‌ പ്രവര്‍ത്തിച്ച ജ്ഞാനോപാസകനായിരുന്നു കെ. മൊയ്തുമൗലവി. ആ രംഗത്തെ പിറകോട്ടുപോക്ക്‌ അദ്ദേഹത്തെ അത്യധികം വേദനിപ്പിച്ചു. പ്രൊഫസര്‍ കെ.എ. സിദ്ദീഖ്ഹസന്‍ സാഹിബ്‌ കുറിക്കുന്നു: "പ്രസ്ഥാനത്തിന്റെ ഭാവിയെ സംബന്ധിച്ച വിചാരം മൗലവിയുടെ ഹൃദയത്തെ സദാ മഥിച്ചുകൊണ്ടിരുന്നു. പണ്ഡിതന്‍മാരുടെ തലമുറ കുറ്റിയറ്റുപോകുന്നതിലെ വേദനയാണ്‌ കണ്ടുമുട്ടുമ്പോഴൊക്കെ ആവര്‍ത്തിച്ചു പറയാറുള്ള കാര്യം. ആ വിചാരത്തിന്റെ മൂര്‍ത്തരൂപമായ കുല്ലിയ്യത്തുല്‍ ഖുര്‍ആന്ന്‌ കുറ്റ്യാടിയില്‍ തുടക്കം കുറിക്കാന്‍ വാര്‍ധക്യകാലത്ത്‌ മൗലവിയെ പ്രേരിപ്പിച്ചത്‌. കോളേജ്‌ തുടങ്ങിയെന്നു മാത്രമല്ല, അതിന്റെ പ്രിന്‍സിപ്പാളും അധ്യാപകനുമൊക്കെയായി മുഴുസമയവും സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ ദത്തശ്രദ്ധനായി. ആരോഗ്യവും പ്രായവും വകവെക്കാതെ വിദേശത്ത്‌ പോകാനും മൗലവി സമയം കണ്ടെത്തി."

മൊയ്തുമൗലവിയുമായി ബന്ധപ്പെടുത്തിക്കൊണ്ടല്ലാതെ കുറ്റ്യാടി കുല്ലിയ്യത്തുല്‍ ഖുര്‍ആനെക്കുറിച്ച്‌ ഓര്‍ക്കാന്‍ സാധ്യമല്ല. മരിക്കുന്നതിന്റെ ഒരു ദിവസം മുമ്പുവരെ അദ്ദേഹം അവിടെ ചെല്ലുകയും വിദ്യാര്‍ഥികളും അധ്യാപകരുമായി സ്ഥാപന കാര്യം സംസാരിക്കുകയും ചെയ്തിരുന്നു.

കെ.എന്‍. അബ്ദുല്ല മൗലവി എഴുതി: "കേരളത്തില്‍, വിശിഷ്യാ ഇസ്ലാമിക പ്രസ്ഥാനമേഖലയില്‍ അനുഭവപ്പെടുന്ന ഈ ശൂന്യത നികത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ്‌ മൗലവിയുടെ നേതൃത്വത്തില്‍ കുറ്റ്യാടിയില്‍ ആറുവര്‍ഷം മുമ്പ്‌ കുല്ലിയ്യത്തുല്‍ ഖുര്‍ആന്‍ എന്ന സ്ഥാപനം ഉദയംകൊണ്ടത്‌. കുല്ലിയ്യത്തില്‍നിന്ന്‌ ആറുവര്‍ഷം പൂര്‍ത്തിയാക്കി പുറത്തിറങ്ങാനിരിക്കുന്ന ആദ്യബാച്ചിലെ യുവപണ്ഡിതന്മാര്‍ക്ക്‌ തന്റെ കൈകൊണ്ടുതന്നെ സനദ്ദാനം നിര്‍വഹിക്കുന്ന സുന്ദരനിമിഷങ്ങളെ മനസ്സില്‍ താലോലിച്ചുകൊണ്ടിരിക്കവെയാണ്‌ മൗലവി വിധിക്കു കീഴടങ്ങിയത്‌. ഫലം കൊയ്തെടുത്ത്‌ അനുഭവിക്കാന്‍ സാധിച്ചില്ലെങ്കിലും മരം പുഷ്പിച്ചുനില്‍ക്കുന്ന മനം കുളിര്‍പ്പിക്കുന്ന കാഴ്ച കണ്ടുകൊണ്ടാണ്‌ മൗലവി വിടപറഞ്ഞത്‌. കുല്ലിയ്യത്തുല്‍ ഖുര്‍ആനിലെ ആദ്യബാച്ചിലെ തന്റെ വിദ്യാര്‍ഥികളുടെ കഴിവുകളിലും യോഗ്യതകളിലും സംതൃപ്തനും അഭിമാനിതനുമായിരുന്നു ആ ഗുരുനാഥന്‍."

കുല്ലിയ്യത്തുല്‍ ഖുര്‍ആനുമായി മൗലവി പുലര്‍ത്തിയ ഹൃദയ ബന്ധത്തിന്റെ ഊഷ്മളത അറിയാന്‍ ഒരു പരിധിയോളം ശിഷ്യനും സഹപ്രവര്‍ത്തകനുമായ ഹബീബ്‌ മസ്‌ഊദിന്റെ വാക്കുകള്‍ ഉപകരിച്ചേക്കാം: "കുല്ലിയ്യത്തുല്‍ ഖുര്‍ആനിലെ വിദ്യാര്‍ഥികള്‍ക്ക്‌ മൗലവി ഒരു വിസ്മയമായിരുന്നു. പ്രായം എണ്‍പത്‌ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ഊര്‍ജസ്വലതയും വിജ്ഞാനതൃഷ്ണയും ക്ലാസുകള്‍ നടത്താനുള്ള താല്‍പര്യവും ഒട്ടും കുറഞ്ഞില്ല. രാവിലെ കോളേജില്‍ എത്തിയാല്‍ ചിലപ്പോള്‍ രാത്രി എട്ട്‌ മണിവരെ കുട്ടികളോടൊപ്പം കോളേജില്‍ കഴിയുന്നതില്‍ അദ്ദേഹം നിര്‍വൃതി കണ്ടെത്തി. വിദ്യാര്‍ഥികളുടെ പഠനത്തിനാവശ്യമായ ചെലവ്‌ കണ്ടെത്താന്‍ അദ്ദേഹംതന്നെയാണ്‌ മുന്‍കൈയെടുത്തത്‌. ശാരീരികമായി ഏറെ പ്രയാസമുണ്ടായിരുന്നിട്ടും കുല്ലിയ്യത്തുല്‍ ഖുര്‍ആന്റെ ഫണ്ട്‌ ശേഖരണത്തിനായി ഒരു വിദേശ യാത്ര ഇടക്കാലത്ത്‌ അദ്ദേഹം നടത്തുകയുണ്ടായി."

പ്രായം അറുപതിലെത്തിനില്‍ക്കുമ്പോഴാണ്‌ മൊയ്തു മൗലവി കുറ്റ്യാടി ഇസ്ലാമിയ്യ കോളേജില്‍ അധ്യാപകനായി ചേര്‍ന്നത്‌. തൊള്ളായിരത്തി എണ്‍പതുകളുടെ ആരംഭത്തിലായിരുന്നു അത്‌. പിന്നീട്‌ ഏകദേശം ഇരുപത്തി രണ്ടു കൊല്ലക്കാലം അവിടെ വൈജ്ഞാനിക സേവനം ചെയ്യാന്‍ അദ്ദേഹത്തിന്‌ അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ ശിഷ്യനും പിന്നീട്‌ സഹപ്രവര്‍ത്തകനുമായിത്തീര്‍ന്ന ഡോ. അബ്ദുസ്സലാം വാണിയമ്പലം തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു: "അദ്ദേഹത്തിന്റെ ശിഷ്യത്വം ഞങ്ങള്‍ വിദ്യാര്‍ഥികളിലുണ്ടാക്കിയ വൈജ്ഞാനിക തൃഷ്ണ അപാരമായിരുന്നു. ഞങ്ങളില്‍ പലരെയും വഴിതിരിക്കുന്നതില്‍ ആ ഗുരുവര്യന്‍ വഹിച്ച പങ്ക്‌ ചെറുതല്ല. ടൈംടേബിള്‍ കോളങ്ങളില്‍ യാന്ത്രികമായി കറങ്ങുന്ന അധ്യാപകനായിരുന്നില്ല മൊയ്തുമൗലവി. ഒഴിവുള്ള ക്ലാസുകളില്‍ അദ്ദേഹം കയറിയിരിക്കും. വാര്‍ധക്യം കാരണം ഒരു പിഞ്ചുകുഞ്ഞിനെപ്പോലെ പിച്ചവെച്ച്‌ ക്ലാസിലേക്ക്‌ വരുന്ന മൗലവി പിന്നെ മുഴുവന്‍ വിദ്യാര്‍ഥികളെയും കൈയിലെടുത്ത്‌ അറിവുകൊണ്ട്‌ അമ്മാനമാടുന്നത്‌ ഒരനുഭവം തന്നെയായിരുന്നു.

മുഅല്ലഖ ഈണത്തില്‍ പാടിയും അതിന്റെ സാഹിത്യഭംഗി ആസ്വദിച്ചും ആസ്വദിപ്പിച്ചും മുന്നേറുന്ന ക്ലാസിനിടയില്‍ ഇഷ്ട വിഷയമായ വ്യാകരണ നിയമങ്ങളിലേക്ക്‌ ശീറാസിയുടെ ശിഷ്യന്‌ കടക്കാതിരിക്കാന്‍ കഴിയില്ല. വിഷയമേതായാലും 'ഇഅ്‌റാബ്‌' ചോദിക്കുമെന്നുറപ്പിക്കാം. നഹ്‌വും(വ്യാകരണം) സ്വര്‍ഫും(ക്രിയാരൂപങ്ങള്‍) പഠിക്കാതെ ഒന്നും പഠിക്കാന്‍ കഴിയില്ലെന്ന ഉറച്ച വിശ്വാസക്കാരനായിരുന്നതിനാല്‍ ആ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. ചിലപ്പോള്‍ പുതുതായി രചിച്ച കവിതയുമായിട്ടാവും വരവ്‌. അതു ചൊല്ലിയും ചൊല്ലിച്ചും രസിച്ചും രസിപ്പിച്ചുമുള്ള ക്ലാസ്‌. അതിനിടയിലൊക്കെ, ഉപ്പിനങ്ങാടിയിലെ വാദപ്രതിവാദവും പൈങ്ങോട്ടായിയിലെ പൊടിച്ചായയുടെ രസവും തുടങ്ങി സകല നാട്ടുവിശേഷങ്ങളും വിഷയീഭവിക്കും. അനുഭവങ്ങള്‍ വേണ്ടുവോളം ഉണ്ട്‌ എന്നതിനുപുറമെ അവയൊക്കെയും ഓര്‍മയുമുണ്ട്‌ എന്നതായിരുന്നല്ലോ മൊയ്തുമൗലവിയുടെ പ്രത്യേകത. നര്‍മങ്ങളും നല്ലവണ്ണം സ്റ്റോക്കുണ്ട്‌. അവ സന്ദര്‍ഭാനുസാരം പുറത്തെടുത്ത്‌ അദ്ദേഹം തന്നെ പൊട്ടിച്ചിരിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ നര്‍മത്തിന്റെ രസം അറിഞ്ഞില്ലെങ്കില്‍പോലും ആ ചിരിയുടെ പ്രത്യേകത കണ്ട്‌ കൂടെ ചിരിക്കും. ആ ചിരി തന്നെ ചിരിക്കാന്‍ വകയായുള്ളപ്പോള്‍ പിന്നെ നര്‍മമെന്തിനു വേറെ?

ക്ലാസില്‍ ദേഷ്യപ്പെടുന്ന അധ്യാപകനായിരുന്നില്ല മൊയ്തുമൗലവി. എന്നാല്‍ മടിയന്‍മാരെ കണക്കിന്‌ കൈകാര്യം ചെയ്യും. ആരെങ്കിലും ഉറക്കം തൂങ്ങിത്തുടങ്ങിയാല്‍ 'പോയി ഒരു തലയണ കൊണ്ടുവന്ന്‌ കൊടുക്കെടോ' എന്നേ പറയുകയുള്ളൂ. അതുമതി ശിക്ഷയായി.

പ്രസ്ഥാനത്തെ ഇസ്ലാമികവിജ്ഞാനങ്ങളുമായി ഇഴചേര്‍ക്കുന്നതില്‍ കാണിച്ച അസാമാന്യ കഴിവായിരുന്നു മൊയ്തുമൗലവിയുടെ അധ്യാപനത്തിന്റെ മറ്റൊരു സവിശേഷത. പ്രസ്ഥാനപഠനത്തിന്‌ സ്ഥാപനങ്ങള്‍ പ്രത്യേകം അധ്യാപകരെ അന്വേഷിക്കുന്ന ദുര്‍ഗതി ഓര്‍ക്കുമ്പോഴാണ്‌ മൊയ്തുമൗലവിയുടെ മാതൃക പ്രത്യേകം അനുസ്മരണീയമാകുന്നത്‌. ഖുര്‍ആന്‍ പഠിപ്പിക്കുമ്പോഴാണ്‌ മൊയ്തുമൗലവിയിലെ പ്രസ്ഥാനിയായ അധ്യാപകന്‍ കൂടുതല്‍ പുറത്തുവരിക. 'അലാ ലഹുല്‍ ഖല്‍ഖു വല്‍അമൃ' എന്ന ആയത്ത്‌ വിശദീകരിച്ച്‌ സ്രഷ്ടാവിനാണ്‌ ശാസനാധികാരം എന്ന തത്ത്വത്തിലൂന്നി ഹാകിമിയ്യത്ത്‌ പറഞ്ഞുതന്ന മൊയ്തുമൗലവിയുടെ ക്ലാസ്‌ ഇന്നും ഓര്‍മയിലുണ്ട്‌.

ഖിലാഫത്ത്‌, മൊയ്തുമൗലവി എന്ന പ്രസ്ഥാനിയുടെ ഇഷ്ടവിഷയമായിരുന്നു. ശര്‍ഹുല്‍ അഖാഇടയും ശൗഖിയുടെ കവിതാ ശകലങ്ങളും വെച്ച്‌ ഖിലാഫത്തിനെപ്പറ്റി പറഞ്ഞുതുടങ്ങിയാല്‍ അദ്ദേഹത്തിന്‌ ആയിരം നാവായിരിക്കും.

നന്നായി പഠിക്കുന്ന വിദ്യാര്‍ഥികളെ പ്രത്യേകം പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. പിതൃനിര്‍വിശേഷമായ കൗതുകത്തോടെ അത്തരം വിദ്യാര്‍ഥികളെപ്പറ്റി മറ്റുള്ളവരോടും പറഞ്ഞുകൊണ്ടേയിരിക്കും.

ക്ലാസിലൊതുങ്ങുന്ന ഔപചാരിക ബന്ധമായിരുന്നില്ല വിദ്യാര്‍ഥികളുമായി അദ്ദേഹത്തിന്‌ ഉണ്ടായിരുന്നത്‌. കാണുന്ന വിദ്യാര്‍ഥികളുമായി എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുന്ന മൊയ്തുമൗലവിയെയല്ലാതെ നിങ്ങള്‍ക്ക്‌ കാണാന്‍ കഴിയില്ല. ആ ബന്ധങ്ങളിലൂടെ വിജ്ഞാനവും തര്‍ബിയ്യത്തും നല്‍കുകയായിരിക്കും അദ്ദേഹം.

കുറ്റ്യാടി ഇസ്ലാമിയ്യ കോളേജ്‌ കഴിഞ്ഞതില്‍ പിന്നെ മൊയ്തുമൗലവിയെന്ന അധ്യാപകനെ കാണുന്നത്‌ ഈ ലേഖകന്‍ വെള്ളിമാടുകുന്നില്‍ ദഅ്‌വാ കോളേജ്‌ പ്രിന്‍സിപ്പാളായി വന്നപ്പോഴാണ്‌. ദഅ്‌വാ കോളേജിലേക്ക്‌ വരണമെന്ന ആവശ്യത്തിന്‌ അദ്ദേഹം വേഗം വഴങ്ങി. ആഴ്ചയില്‍ ഒരു ദിവസം വാണിമേലില്‍നിന്ന്‌ വെള്ളിമാടുകുന്നിലെത്തുന്നതില്‍ പ്രായം തടസ്സമായില്ല.

ശാന്തപുരം അല്‍ജാമിഅ ആരംഭിച്ചപ്പോള്‍ അവിടെയും വന്ന്‌ ക്ലാസെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ചില ദിവസങ്ങളില്‍ പരീക്ഷിച്ച്‌ നോക്കാതെയുമല്ല. പ്രായം അനുവദിക്കാതെ വന്നപ്പോഴാണ്‌ ആ മോഹം ഉപേക്ഷിച്ചത്‌. അല്‍ജാമിഅയുടെ ആദ്യ പ്രചോദനവും മൊയ്തുമൗലവിയായിരുന്നല്ലോ. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവയുടെ നിയോഗം നിര്‍വഹിക്കുന്നതില്‍ വിജയിക്കുന്നില്ലായെന്ന്‌ വ്യാകുലപ്പെട്ട മൊയ്തുമൗലവി ആവശ്യപ്പെട്ടതനുസരിച്ചാണ്‌ 1999-ല്‍ വെള്ളിമാടുകുന്ന്‌ ഐ.എസ്‌.ടി. ബില്‍ഡിംഗില്‍ പ്രസ്ഥാനത്തിലെ പണ്ഡിതന്മാരുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും ഒരു യോഗം അമീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നത്‌. യോഗത്തില്‍ വിഷയം അവതരിപ്പിച്ചത്‌ മൊയ്തുമൗലവി തന്നെയായിരുന്നു. വൈജ്ഞാനിക നിലവാരം താഴേക്ക്‌ പോകുന്ന ദുരവസ്ഥയിലേക്ക്‌ അദ്ദേഹം ഗൗരവപൂര്‍വം ശ്രദ്ധ ക്ഷണിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയിലാണ്‌ സര്‍ക്കാര്‍ പരീക്ഷയിലധിഷ്ഠിതമല്ലാത്ത, ഇസ്ലാമിക വിജ്ഞാനങ്ങള്‍ക്ക്‌ പരമപ്രാധാന്യം കല്‍പിക്കുന്ന, ഇന്ത്യയിലെ ഇസ്ലാമിക പ്രബോധനത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന അഭിപ്രായം ഉരുത്തിരിഞ്ഞുവന്നത്‌. പിന്നീട്‌ ചേര്‍ന്ന ജമാഅത്തെ ഇസ്ലാമി കേരള ശൂറ, സ്ഥാപനം ശാന്തപുരം കേന്ദ്രീകരിച്ച്‌ നടത്താം എന്ന തീരുമാനമെടുക്കുകയും അല്‍ജാമിഅയുടെ പിറവി യാഥാര്‍ഥ്യമാവുകയും ചെയ്തു. ഇന്ത്യയില്‍ ഇസ്ലാമിക വിദ്യാഭ്യാസരംഗത്ത്‌ വഴിത്തിരിവാകുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്ന അല്‍ജാമിഅയുടെ സ്ഥാപനത്തിലും അങ്ങനെ ആ പണ്ഡിതവര്യന്‍ തന്റെ നിയോഗം നിര്‍വഹിച്ചുവെന്നു ചുരുക്കം.

മാതൃകയായിരുന്നു മൊയ്തുമൗലവി എല്ലാറ്റിലും. വിദ്യാര്‍ഥികള്‍ക്ക്‌, സ്വന്തം കര്‍മമാതൃകയിലൂടെ വലിയ കാര്യങ്ങള്‍ പകര്‍ന്നു നല്‍കാനായി. വാര്‍ധക്യത്തിലെ വിജ്ഞാനതൃഷ്ണയും നിരന്തരമായ പഠന പാരായണങ്ങളും കാണുമ്പോള്‍ ചെറുപ്പക്കാരായ വിദ്യാര്‍ഥികള്‍ക്ക്‌ സ്വന്തത്തെക്കുറിച്ച്‌ ലജ്ജ തോന്നും. ക്ലാസിലാവട്ടെ പുറത്താവട്ടെ, ആരെയും ദുഷിക്കാത്ത ആ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഉയര്‍ന്ന മര്യാദയെക്കുറിച്ച്‌ ആദരം തോന്നും. പ്രസ്ഥാനനേതൃത്വത്തിലില്ലെങ്കിലും നേതൃത്വത്തെയും പാര്‍ട്ടി അച്ചടക്കത്തെയും ആദരിക്കുന്ന ആ പ്രസ്ഥാനിയെ കാണുമ്പോള്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സവിശേഷത നമുക്ക്‌ കൂടുതല്‍ ബോധ്യപ്പെടും. അങ്ങനെ പിന്‍പറ്റാന്‍ അദ്ദേഹത്തിന്റേതായ എത്രയെത്ര കര്‍മമാതൃകകള്‍, എത്രയെത്ര കാല്‍പ്പാടുകള്‍...."

കുറ്റ്യാടി ഇസ്ലാമിയ്യ കോളേജ്‌ അധ്യാപകനായിരുന്ന മൊയ്തുമൗലവി 1998 ജൂണ്‍ നാലിന്‌ അവിടത്തെ പ്രിന്‍സിപ്പാളായി നിയമിതനായി. സഹപ്രവര്‍ത്തകന്‍ ഹബീബ്‌ മസ്‌ഊദ്‌ ആ അനുഭവം വിശദീകരിക്കുന്നു: "അത്‌ കുറ്റ്യാടി ഇസ്ലാമിയ്യ കോളേജിന്റെ ചരിത്രത്തില്‍ ഒരു വഴിത്തിരിവായി. അതുവരെ കോളേജിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടാതെ ക്ലാസുകള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന മൗലവിക്ക്‌ കോളേജുമായി ബന്ധപ്പെട്ട ഓരോ വിഷയത്തിലും സ്വന്തമായ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും ഉണ്ടായിരുന്നു. നിരന്തരമായ ചര്‍ച്ചയിലൂടെ ഓരോ രംഗവും ശരിപ്പെടുത്താന്‍ അദ്ദേഹം കഠിനാധ്വാനം ചെയ്തു. സ്ഥാപനത്തെ ലക്ഷ്യത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരണമെന്ന നിശ്ചയദാര്‍ഢ്യത്തിലായിരുന്നു അദ്ദേഹം. സ്റ്റാഫ്‌ യോഗങ്ങളിലെ ആമുഖ പ്രസംഗങ്ങള്‍ അത്‌ വരച്ചുകാണിക്കുന്നതായിരുന്നു. വ്യക്തിസംഭാഷണങ്ങളില്‍ അത്‌ സൂചിപ്പിക്കുകയും ചെയ്യും. 1999-2000 കാലത്തെ യൂനിവേഴ്സിറ്റി നടത്തിയ പ്രീഡിഗ്രി അറബിക്‌ സ്പെഷ്യല്‍ പരീക്ഷയില്‍ റാങ്ക്‌ വാങ്ങിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹംപോലെ ഒന്നാം റാങ്ക്‌ കോളേജ്‌ നേടി.

അധ്യാപകരെയും വിദ്യാര്‍ഥികളെയും വിലയിരുത്തി പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്‌ നിരന്തരമായ ഉപദേശനിര്‍ദേശങ്ങള്‍ അദ്ദേഹം നല്‍കിക്കൊണ്ടിരുന്നു. അധ്യാപകരെ പഠിപ്പിക്കാനും അവരുടെ സംശയങ്ങള്‍ ദൂരീകരിക്കാനും സമയം കണ്ടെത്തിയിരുന്ന അദ്ദേഹത്തിന്റെ സാന്നിധ്യം ഒരു റഫറന്‍സ്‌ കേന്ദ്രമായാണ്‌ എല്ലാവരും അനുഭവിച്ചത്‌."

വിദ്യാഭ്യാസ പ്രവര്‍ത്തകനായ മൊയ്തുമൗലവിയുടെ സഹൃദയത്വം

ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബ്‌ വിശദീകരിക്കുന്നു. ചേണ്ടമംഗല്ലൂര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയ്യയില്‍ പ്രധാനാധ്യാപകനായിരിക്കെ നടന്ന സംഭവം: "മത്സ്യസമൃദ്ധമായ പാടശേഖരങ്ങളിലെ കന്നുപൂട്ട്‌ ഗ്രാമ്യജീവിതത്തിലെ ഉത്സവമായിരുന്നു അന്ന്‌. ഇസ്‌റാഈല്യരെ ശാപത്തിനിരയാക്കിയ ശബ്ബത്ത്നാള്‍ പോലെ. ഒരിക്കല്‍ പ്രവൃത്തിദിവസത്തില്‍ ഏറ്റവും സമൃദ്ധമായി മീന്‍ കിട്ടുന്ന വയലില്‍ കന്നുപൂട്ട്‌ രാവിലെ തുടങ്ങി. ഞങ്ങള്‍ക്ക്‌ ഇരിക്കപ്പൊറുതിയില്ല. ഒടുവില്‍ രണ്ടുംകല്‍പിച്ച്‌ നിവേദനവുമായി മൊയ്തുമൗലവിയെ സമീപിച്ചു. ഇന്ന്‌ അവധി അനുവദിക്കണം. പുഞ്ചിരിയിലൂടെ പ്രതികരിച്ച മൗലവിയുടെ ഉത്തരവ്‌ ഇസ്മാഈല്‍ മൗലവിയുടെ മനോഹരമായ കൈപ്പടയില്‍ നോട്ടീസായി ബോര്‍ഡില്‍ പ്രത്യക്ഷപ്പെടാന്‍ പിന്നെ താമസമുണ്ടായില്ല. 'ഉത്ത്വിലദ്ദിറാസ ഫില്‍ മദ്‌റസത്തില്‍ ഇസ്ലാമിയ്യ ബി മുനാസബത്തി സ്വൈദിസ്സമക്‌' (മീന്‍ പിടിത്തം പ്രമാണിച്ച്‌ അല്‍മദ്‌റസത്തുല്‍ ഇസ്ലാമിയ്യക്ക്‌ അവധിയായിരിക്കുന്നതാണ്‌!) മനഃശാസ്ത്രപരമായ ഈ സമീപനം ശിഷ്യഹൃദയങ്ങളെ ഗുരുവിന്‌ എന്നെന്നേക്കുമായി പണയപ്പെടുത്തിയതില്‍ അദ്ഭുതമില്ലല്ലോ."

അറബിക്കവി

അറബികളുമായുള്ള കേരളീയരുടെ ബന്ധത്തിന്‌ നിരവധി നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. നമ്മുടെ നാട്ടുകാര്‍ ലോകപ്രശസ്തങ്ങളായ അറബി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുമുണ്ട്‌. എന്നാല്‍ അടുത്തകാലത്തായി ഈ അവസ്ഥക്ക്‌ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. അറബി ഭാഷയില്‍ രചന നടത്തുന്ന പ്രമുഖരായ ഏറെപ്പേരെയൊന്നും കേരളത്തില്‍ കണ്ടെത്താനാവില്ല. ഇവിടെയാണ്‌ മനോഹരമായ അറബിക്കവിതകള്‍ നിരന്തരം എഴുതിക്കൊണ്ടിരുന്ന മൊയ്തുമൗലവി ഏറെ ശ്രദ്ധേയനാകുന്നത്‌. പല അറബി പത്രങ്ങളും വാരികകളും അദ്ദേഹത്തിന്റെ കവിതകള്‍ പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അറബികളുടെ മുമ്പില്‍ കവിതകള്‍ ആലപിച്ച്‌ അനേക തവണ അവരുടെ പ്രശംസക്ക്‌ അര്‍ഹനായിട്ടുമുണ്ട്‌.

വിദ്യാര്‍ഥിയായിരിക്കെ പൂര്‍വികരുടെ ധാരാളം കവിതകള്‍ ഹൃദിസ്ഥമാക്കിയ മൗലവിക്ക്‌ ഏതു വിഷയത്തെക്കുറിച്ചും അനായാസം കവിത രചിക്കാന്‍ സാധിക്കുമായിരുന്നു. നിമിഷകവിയായിരുന്നു അദ്ദേഹമെന്നുപറയാം. മൊറോക്കോവില്‍ വെച്ച്‌ 'തീന്‍' ചെടി കണ്ടപ്പോള്‍ ഖുര്‍ആനിലെ 'വത്തീനി' സൂക്തം ഓര്‍ത്ത്‌ മനോഹരമായ ഏതാനും വരി കവിതകളാലപിച്ച സംഭവം എം.വി. മുഹമ്മദ്‌ സലീം മൗലവി ഓര്‍ക്കുന്നു.

മനുഷ്യരില്‍ നന്മ വളര്‍ത്താനുദ്ദേശിച്ച്‌ അവരില്‍ കാണപ്പെടുന്ന സദ്ഗുണങ്ങളെ പ്രശംസിച്ച്‌ മൊയ്തുമൗലവി കവിത ചൊല്ലാറുണ്ടായിരുന്നു. ഇത്തരം പ്രശംസാകവിതകള്‍ വളരെയേറെ മികവുറ്റവയാണ്‌. അവയെക്കാള്‍ ആകര്‍ഷകമാണ്‌ മൗലവിയുടെ അനുശോചനകാവ്യങ്ങള്‍. അവ ഏറെ വികാരസാന്ദ്രവുമാണ്‌.

എം.വി. മുഹമ്മദ്‌ സലീം മൗലവി അദ്ദേഹത്തിന്റെ കവിതകളെ വിലയിരുത്തുന്നു: "മൊയ്തു മൗലവിയുടെ കവിതകളില്‍ നാം കാണുന്നത്‌ ഗൗരവ സാഹിത്യത്തിന്റെ സവിശേഷതകളാണ്‌; വിനോദഭാവനകളല്ല. മതഭക്തിയും ഇസ്ലാമിക ചിന്തയും ആത്മീയ ബോധവും ഉത്തേജിപ്പിക്കാനുള്ള കവിതകളാണ്‌ അദ്ദേഹം രചിച്ചവയില്‍ അധികവും. സ്ഥാപനങ്ങളുടെ വാര്‍ഷികയോഗങ്ങളിലും മറ്റും ആലപിക്കാന്‍ ആകര്‍ഷകമായ അറബിഗാനങ്ങളും ധാരാളം രചിച്ചിട്ടുണ്ട്‌. ഉപര്യുക്ത ലക്ഷ്യത്തിനുതകുന്നവയാണ്‌ അത്തരം ഗാനങ്ങളും.....

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വീറുറ്റ അറബിക്കവിതകള്‍ ഫലസ്തീന്‍ പ്രശ്നത്തില്‍ എഴുതപ്പെട്ടവയാണ്‌. വിശ്വവിഖ്യാതരായ കവികള്‍ ഹൃദയത്തിന്റെ ഭാഷയിലും ഫലസ്തീന്‍ കവികള്‍ ഹൃദയരക്തംകൊണ്ടും കുറിച്ചിട്ട വരികള്‍ ഏതു ശിലാഹൃദയനെയും ഹഠാദാകര്‍ഷിക്കും. നവാഗതര്‍ക്ക്‌ കാലുകുത്താന്‍ ഇടമില്ലാത്ത ഈ മേഖലയില്‍ കയറിപ്പറ്റി, ചെറുത്തുനില്‍പ്‌ നടത്തുന്ന കൊച്ചു വീരശൂരപരാക്രമികളെ വാനോളം വാഴ്ത്തി അവര്‍ക്ക്‌ ദിവ്യസഹായത്തിന്റെ പ്രതീക്ഷ പകര്‍ന്നുകൊടുക്കുന്ന മൗലവിയുടെ കവിതകള്‍ പ്രവാസികളായ ഫലസ്തീനികളെ അദ്ഭുതപരതന്ത്രരാക്കിയിട്ടുണ്ട്‌. 'ഇന്ത്യയില്‍ ഫലസ്തീന്‍ പ്രശ്നം അഗാധമായി പഠിച്ച, അതിന്റെ നാഡിമിടിപ്പുകള്‍ തൊട്ടറിഞ്ഞ്‌ പ്രതികരിക്കുന്ന പണ്ഡിതന്മാരുണ്ടോ? അറബിഭാഷയില്‍ അവഗാഹമുള്ള ആരെയും കോരിത്തരിപ്പിക്കുന്ന കവിത രചിക്കുന്ന വിപ്ലവ കവികളുണ്ടോ? അതൊരു ഇന്ത്യക്കാരന്‍ രചിച്ചതാണെന്ന്‌ വിശ്വസിക്കാനാവുന്നില്ല!' എന്നെല്ലാം അവര്‍ പ്രതികരിക്കുമ്പോള്‍ മൗലവി സുസ്മേരവദനനായി വിനയപുരസ്സരം തൊട്ടുമുമ്പിലിരിക്കുന്നുണ്ടാവും.

'മര്‍ദിതരുടെയും പീഡിതരുടെയും പ്രശ്നങ്ങളില്‍ ശക്തമായി പ്രതികരിക്കാന്‍ മൗലവി എപ്പോഴും ശ്രദ്ധിച്ചിരുന്നു. ബാള്‍ക്കന്‍ സ്റ്റേറ്റുകളില്‍ നടന്ന നരഹത്യകള്‍ക്കെതിരില്‍ മൗലവി രചിച്ച കവിത ഇതിനുദാഹരണമാണ്‌. മനുഷ്യാവകാശലംഘനങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത്‌ അപലപിക്കപ്പെടേണ്ടതാണ്‌. ഈ ഇനത്തില്‍ അനേകം കവിതകള്‍ മൗലവിയുടെ തൂലികയില്‍നിന്ന്‌ നിര്‍ഗളിച്ചിട്ടുണ്ട്‌. ബാബരി മസ്ജിദ്‌ ധ്വംസനം ഒന്നിലേറെ കവിതകളില്‍ കടന്നുവരുന്നു..

ആധുനിക മുസ്ലിംകള്‍ക്ക്‌ ദിശാബോധമുണ്ടാക്കുന്നതില്‍ മികച്ച പങ്കുവഹിച്ച നവോത്ഥാന നായകന്‍ സയ്യിദ്‌ അബുല്‍ അഅ്ല‍ാ മൗദൂദിയുടെ വേര്‍പാടിലെ അനുശോചനം മനസ്സിന്റെ അടിത്തട്ടില്‍നിന്ന്‌ ഉയര്‍ന്നുപൊങ്ങിയ ദുഃഖബാഷ്പംകൊണ്ട്‌ ആകര്‍ഷകമായി കോര്‍ത്തിണക്കിയ ഹാരമാണ്‌. ഹിറാ സമ്മേളനത്തോടനുബന്ധിച്ച്‌ അറബിയില്‍ രചിച്ച ഗാനം അനേകം അധരങ്ങളിലിന്നും മായാതെ നില്‍ക്കുന്നു. ആവേശത്തിമിര്‍പ്പിലും പ്രാര്‍ഥനാനിര്‍ഭരമായ ഈണമാണ്‌ അതിനു നല്‍കിയതെന്നത്‌ പ്രത്യേകം പ്രസ്താവ്യമാണ്‌."

കവിതയോടുള്ള മൊയ്തുമൗലവിയുടെ ബന്ധം സി. ദാവൂദ്‌ വിശദീകരിക്കുന്നു: "പ്രഭാഷകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നതിനെല്ലാമപ്പുറം മൊയ്തുമൗലവി തന്റെയുള്ളില്‍ കവിതയുടെയും സാഹിത്യത്തിന്റെയും ഒരു ഭാവനാലോകം കാത്തുസൂക്ഷിച്ചു. കവിതപെയ്യുന്ന ഹൃദയമായിരുന്നു അത്‌. അദ്ദേഹത്തിന്റെ അറബിക്കവിതകള്‍ക്ക്‌ സഹൃദയലോകത്ത്‌ നല്ല ശ്രദ്ധ ലഭിച്ചു......

കവിതയും സാഹിത്യവുമൊക്കെയായി ബന്ധപ്പെട്ട്‌ മൗലവിയോട്‌ സംസാരിച്ചാല്‍ അദ്ദേഹത്തിന്‌ സമയബോധംതന്നെ നഷ്ടപ്പെടും. എത്രവേണമെങ്കിലും അദ്ദേഹം സംസാരിച്ചിരിക്കും. 2003 മാര്‍ച്ച്‌ 21-ന്‌ 'ഇസ്ലാമിക സാഹിത്യ പാരമ്പര്യ'ത്തെക്കുറിച്ച്‌ എസ്‌.ഐ.ഒ സംഘടിപ്പിച്ച ശില്‍പശാലയില്‍ അറബിക്കവിതകളെക്കുറിച്ച്‌ അദ്ദേഹം ക്ലാസെടുത്തു. മണിക്കൂറുകളോളം നീണ്ടുനിന്ന ആ ക്ലാസ്‌ അറബിക്കവിതയുടെ തേരിലേറിയുള്ള ഒരു ദീര്‍ഘയാത്രയായിരുന്നു. ക്ലാസ്‌ കഴിഞ്ഞപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'അടുത്ത കാലത്തൊന്നും ഞാന്‍ ഇത്ര ദീര്‍ഘമായ ക്ലാസെടുത്തിട്ടില്ല. നിങ്ങള്‍ എനിക്ക്‌ താമസസൗകര്യം തരികയാണെങ്കില്‍ ഞാന്‍ ഇവിടെ താമസിച്ച്‌ നിങ്ങള്‍ക്ക്‌ അറബിക്കവിതകള്‍ പഠിപ്പിച്ചു തരാം.' അതായിരുന്നു കവിതയോടും സാഹിത്യത്തോടുമുള്ള അദ്ദേഹത്തിന്റെ താല്‍പര്യം."

കായംകുളം എസ്‌.ഐ.ഒ ദക്ഷിണ കേരള സമ്മേളനത്തില്‍ മഴപെയ്തപ്പോള്‍ പ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യം കണ്ട്‌ സ്റ്റേജില്‍വെച്ചെഴുതിയ

'അത്വാഉല്‍ അമീറ....' എന്നു തുടങ്ങുന്ന കവിതയും മഅ്ദനിയുടെ കാല്‍ ബോംബേറില്‍ തകര്‍ന്നപ്പോള്‍ എഴുതിയ 'യാ രിജ്ലാ മഅ്ദനി' എന്ന കവിതയും ഏറെ ശ്രദ്ധേയങ്ങളത്രെ.

മകന്‍ ബശീര്‍ മുഹ്‌യിദ്ദീന്‍ ഓര്‍ക്കുന്നു: "ഉപ്പയുടെ അറബിക്കവിതകളില്‍ ചിലത്‌ അനുശോചന കാവ്യങ്ങളാണ്‌. സയ്യിദ്‌ മൗദൂദി മുതല്‍ ഞങ്ങളുടെ എളാപ്പ അബ്ദുസ്സലാം മൗലവി വരെ പലരുടെയും തപ്തസ്മരണകള്‍ തുളുമ്പുന്നവയാണ്‌ ആ വരികള്‍. എളാപ്പയെ അനുസ്മരിച്ചെഴുതിയ 'അദ്ദികിരിയാത്ത്‌' എന്ന വികാരനിര്‍ഭരമായ കവിത ഈയിടെ ഡയറിയില്‍ കണ്ടു. പുതിയ കവിതകള്‍ എന്നെക്കൊണ്ട്‌ ചൊല്ലിക്കാറുണ്ടായിരുന്നു. എന്നാല്‍ ഈ കവിതയെപ്പറ്റി എന്നോടൊന്നും പറഞ്ഞില്ല. കവിത വായിച്ച്‌ എന്റെ കണ്ണ്‌ നിറഞ്ഞപ്പോള്‍ ഉപ്പ മെല്ലെ മുഖം തിരിച്ചത്‌ ഞാന്‍ ഓര്‍ക്കുന്നു. പിന്നീട്‌ മറ്റു പലരോടും പറഞ്ഞുവത്രെ, 'ഇതായിരിക്കും എന്റെ അവസാനത്തെ കവിത'.

സയ്യിദ്‌ മൗദൂദി, ഹാജി സാഹിബ്‌, കെ.സി. അബ്ദുല്ല മൗലവി, ഇസ്സുദ്ദീന്‍ മൗലവി, മൗലാനാ അബുല്ലൈസ്‌ ഇസ്ലാഹി നദ്‌വി എന്നിവരെ അനുസ്മരിച്ച്‌ അവരോടൊപ്പം സ്വര്‍ഗത്തില്‍ കൂട്ടണമേയെന്ന പ്രാര്‍ഥനയോടെയാണ്‌ ആ കവിത അസാനിക്കുന്നത്‌.

ശൈഖ്‌ അബ്ദുല്ലാ ഇബ്‌റാഹീം അന്‍സ്വാരി, ശൈഖ്‌ സായിദ്‌, ശൈഖ്‌ ഇബ്നുബാസ്‌, അബുല്‍ഹസന്‍ അലി നദ്‌വി, മുഹ്‌യിദ്ദീന്‍ ആലുവായ്‌, എടപ്പാള്‍ താജുദ്ദീന്‍ സാഹിബ്‌, അബൂബക്കര്‍ കുറ്റ്യാടി, ഉപ്പയുടെ ഉസ്താദ്‌ കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ മുതല്‍ വാഹനാപകടത്തില്‍ മരണപ്പെട്ട കുറ്റ്യാടി ഐഡിയല്‍ പബ്ലിക്‌ സ്കൂള്‍ വിദ്യാര്‍ഥിനി ഫാത്വിമ വരെ എത്രയോ പേര്‍ കവിതകളിലൂടെ അനുസ്മരിക്കപ്പെട്ടിട്ടുണ്ട്‌.

കവിത എഴുതിത്തുടങ്ങിയാല്‍ റൂമിനകത്തുതന്നെയായിരിക്കും. കൈയില്‍ കിട്ടുന്ന കടലാസുകളില്‍ എഴുതിവെക്കും. നിരന്തരം ചൊല്ലിക്കൊണ്ടിരിക്കും. എഴുത്തിനിടയില്‍ ആരെങ്കിലും വന്ന്‌ സലാം ചെല്ലിയാല്‍ ഒട്ടും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നില്ല. 'എത്ര നേരമായി ഞാന്‍ കാത്തിരിക്കുന്നു.' എന്ന ഭാവമായിരിക്കും മുഖത്ത്‌.

മഹാകവി അഹ്മദ്‌ ശൗഖിയായിരുന്നു ഇഷ്ടകവി. ഇഷ്ടവിഷയം ഖിലാഫത്തും. പ്രഭാഷണങ്ങളില്‍ പലപ്പോഴും ശൗഖിയെ ഉദ്ധരിക്കുമായിരുന്നു. ചിലപ്പോള്‍ പേരക്കുട്ടികള്‍ക്ക്‌ പേര്‌ വിളിക്കുക കവിതയിലൂടെയാകും."

രിയാദിലെ കാല്‍നടയാത്രയില്‍ ഒരു മരത്തണലില്‍വെച്ച്‌ കൈപിടിച്ച്‌ മനസ്സില്‍ വന്ന കവിത മൊയ്തുമൗലവി ചൊല്ലിക്കൊടുത്തത്‌ മാള ടി.എ. മുഹമ്മദ്‌ മൗലവി ഓര്‍ക്കുന്നു. അതിന്റെ ആശയമിങ്ങനെ: 'ഓ രിയാദ്‌, ആകാശമോ നീയോ മനോജ്ഞം? നിന്റെ ഹൃത്തടത്തില്‍ ഞാന്‍ ഒരു പരദേശി. ഈ രാജപാത, അതിന്റെ നീളത്തിന്‌ അറ്റമില്ല. ആകാശത്തേക്കോ ശൂന്യതയിലോക്കോ അതിഴഞ്ഞു നീങ്ങുന്നത്‌?'

കമലാസുറയ്യയുടെ യാ അല്ലാഹ്‌ എന്ന വിഖ്യാത കവിത അറബിയിലേക്ക്‌ മൊഴിമാറ്റം നടത്തിയത്‌ മൊയ്തു മൗലവിയാണ്‌. അതിനാവശ്യപ്പെട്ട്‌ സുറയ്യ എഴുതിയ കത്തില്‍നിന്ന്‌: "ആദരണീയനായ ജ്യേഷ്ഠ സഹോദരാ, തര്‍ജമ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതിന്‌ മാപ്പു തരാന്‍ അപേക്ഷിക്കുന്നു. മറ്റാരും എന്റെ കവിതകള്‍ കൈകാര്യം ചെയ്യുന്നതില്‍ എനിക്കു താല്‍പര്യമില്ല. നിഷ്കളങ്കരായ പുണ്യാത്മാക്കള്‍ക്കു മാത്രമേ അവയെ മനസ്സിലാക്കാനാവുകയുള്ളൂ എന്ന്‌ എനിക്കറിയാം."

ഓര്‍മകളുടെ കലവറ

ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സഞ്ചരിക്കുന്ന ചരിത്രശേഖരമായിരുന്നു മൊയ്തുമൗലവി. അദ്ദേഹത്തിന്റെ ഓര്‍മശക്തി അപാരവും തീക്ഷ്ണവുമായിരുന്നു. പ്രസ്ഥാനം കടന്നുവന്ന വഴികളുടെ കഥകള്‍ കൃത്യമായി ഓര്‍ക്കുന്ന ആധികാരിക സ്രോതസ്സായിരുന്നു മൗലവി.

പ്രസ്ഥാനത്തിന്റെ മാത്രമല്ല; പരിചിതരുടെയൊക്കെ വിശദാംശങ്ങള്‍ നന്നായറിയുന്ന സഹൃദയന്‍ കൂടിയായിരുന്നു അദ്ദേഹം. കുറ്റ്യാടി, വാണിമേല്‍, നരിപ്പറ്റ പ്രദേശങ്ങളിലെ പലരുടെയും മൂന്ന്‌ തലമുറ മുമ്പുള്ളവരുടെ വരെ കഥകള്‍ അദ്ദേഹത്തിന്റെ ഓര്‍മകളുടെ അറകളില്‍ ഭദ്രമായി ഉണ്ടായിരുന്നു. പലര്‍ക്കും അറിയാത്ത അവരുടെ കുടുംബചരിത്രം പറഞ്ഞ്‌ അവരെ അദ്ദേഹം വിസ്മയഭരിതരാക്കുമായിരുന്നു. ജനങ്ങള്‍ക്കിടയില്‍ ജീവിച്ചതിലൂടെ പകര്‍ന്നുകിട്ടിയ അറിവായിരുന്നു അതൊക്കെയും. വ്യക്തികളെയും കുടുംബങ്ങളെയും സംബന്ധിച്ച വിശാലമായ ഈ അറിവ്‌ ഉപയോഗിച്ച്‌ നിരവധി പേരെ മൗലവി സാഹിബ്‌ ഇണക്കിച്ചേര്‍ത്തിട്ടുണ്ട്‌. അദ്ദേഹം മുന്‍കൈയെടുത്ത്‌ ഉണ്ടാക്കിയ വിവാഹ ബന്ധങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താനാവില്ല. വേര്‍പിരിയലിന്റെ വക്കിലെത്തിയ പല ദാമ്പത്യങ്ങളും ഭദ്രമാക്കാനും ഈ പരന്ന പരിചയം അദ്ദേഹത്തിനു സഹായകമായി.

എം.എം. വാണിമേല്‍ ഓര്‍ക്കുന്നു: "നാടിന്റെ ചരിത്രം, പ്രത്യേകിച്ചും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആരംഭത്തിന്റെയും വളര്‍ച്ചയുടെയും ചരിത്രം രേഖപ്പെടുത്തിവെക്കണമെന്ന്‌ മൊയ്തുമൗലവി പലപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ ഉദ്ദേശ്യം വെച്ച്‌ ഈ ലേഖകനെ പലപ്പോഴും അദ്ദേഹം വീട്ടിലേക്ക്‌ വിളിപ്പിക്കുകയും ചെയ്തിരുന്നു. ജന്മദേശമായ ചിയ്യൂരിന്റെ ചരിത്രം മരിക്കുന്നതിന്‌ ഏതാനും നാളുകള്‍ക്കു മുമ്പ്‌ അദ്ദേഹം അയല്‍വാസിയായ ഒരു യുവാവിന്‌ പറഞ്ഞുകൊടുത്ത്‌ എഴുതിച്ചു തുടങ്ങിയിരുന്നു."

മകന്‍ ബശീര്‍ മുഹ്‌യിദ്ദീന്‍ അനുസ്മരിക്കുന്നു: "ഓര്‍മക്കുറിപ്പുകള്‍ എഴുതിയിരുന്ന കാലത്ത്‌ ചാരുകസേരയിലിരുന്ന്‌ അരനൂറ്റാണ്ട്‌ മുമ്പുള്ള കാര്യങ്ങള്‍ ഇടമുറിയാതെ പറഞ്ഞുതരുമ്പോള്‍ ആ ഓര്‍മകളുടെ ആഴം വല്ലാതെ അതിശയിപ്പിച്ചിട്ടുണ്ട്‌. അരനൂറ്റാണ്ടിലേറെ ചരിത്രമുള്ള, ഉപ്പ കൂടി മുതവല്ലിയായ ചിയ്യൂര്‍ മഹല്ല്‌ പള്ളിയെപ്പറ്റിയാണ്‌ അവസാനം എഴുതിക്കൊണ്ടിരുന്നത്‌."

കേരള ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച്‌ ലഭ്യമായ ഏക ചരിത്ര രേഖ മൊയ്തുമൗലവിയുടെ ഓര്‍മക്കുറിപ്പുകള്‍ മാത്രമാണ്‌.

വിനയം, ലാളിത്യം

ലളിതമായ ജീവിതമാണ്‌ മൊയ്തുമൗലവി നയിച്ചിരുന്നത്‌. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങി എല്ലാറ്റിലും മിതത്വം പുലര്‍ത്തി. അനാവശ്യമോ ആര്‍ഭാടമോ ഒന്നിലും കാണപ്പെട്ടില്ല. ധരിക്കുന്ന വസ്ത്രം പോലെ ശുഭ്രമായ മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. ഒരു വിരക്തന്റെ ലാളിത്യമാണ്‌ എല്ലാറ്റിലും സ്വീകരിച്ചിരുന്നത്‌. തേജസ്സാര്‍ന്ന മുഖവും ഗാംഭീര്യം സ്ഫുരിക്കുന്ന ശബ്ദവും വശ്യമധുരമായ ഖുര്‍ആന്‍ പാരായണവും ആ വ്യക്തിത്വത്തിന്റെ മാഹാത്മ്യം വിളംബരം ചെയ്യുന്നവയായിരുന്നു.

അത്യസാധാരണമായ വിനയത്തിന്റെ കാണപ്പെടുന്ന രൂപമായിരുന്നു മൊയ്തുമൗലവി. ഏതു കുട്ടിക്കും എപ്പോഴും കയറിച്ചെല്ലാന്‍ കഴിയുന്ന എളിമയുടെ ആള്‍രൂപം. അതുകൊണ്ടുതന്നെ പ്രായത്തിലും പാണ്ഡിത്യത്തിലും തന്നെക്കാള്‍ ഏറെ താഴെയുള്ള പ്രസ്ഥാനനേതാക്കളെ ആദരിക്കാനും അനുസരിക്കാനും അദ്ദേഹത്തിനൊട്ടും പ്രയാസപ്പെടേണ്ടി വന്നില്ല. നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കുക മാത്രമല്ല; ഇംഗിതം മനസ്സിലാക്കി സ്വയം മുന്നോട്ടുവന്ന്‌ കാര്യങ്ങള്‍ ഏറ്റെടുത്ത്‌ നടത്തുകയും ചെയ്തു. നര്‍മമധുരമായ സംഭാഷണവും സ്നേഹോഷ്മളമായ പെരുമാറ്റവും കണ്ടുമുട്ടിയവരെയൊക്കെ പരിചിതരും സുഹൃത്തുക്കളുമാക്കി മാറ്റി.

അത്യസാധാരണമായ വിനയം മൊയ്തുമൗലവിയെ ചെറുപ്പക്കാര്‍ക്ക്‌ ഏറെ പ്രിയങ്കരനാക്കി മാറ്റി. ചിന്തയിലും ചര്യയിലും യൗവനം കാത്തു സൂക്ഷിച്ചത്‌ ഇതിന്‌ സഹായകമാവുകയും ചെയ്തു. 'നമ്മുടെ കൂട്ടത്തില്‍ ചെറുപ്പക്കാരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച വൃദ്ധന്‍' എന്നാണ്‌ സി. ദാവൂദ്‌ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. ചെറുപ്പക്കാരുടെ ഒരു വലയം അദ്ദേഹത്തിനുചുറ്റും എപ്പോഴുമുണ്ടായിരുന്നു.

സമുദായ ഐക്യത്തിന്റെ ശക്തനായ വക്താവ്‌

മുസ്ലിം ഐക്യത്തിന്റെ ശക്തനായ വക്താവായിരുന്നു മൊയ്തുമൗലവി. സി. ദാവൂദ്‌ ആ വശമിങ്ങനെ വിശദീകരിക്കുന്നു: "സമുദായാതീതമായ മാനവികത എന്നതുപോലെ മൗലവി ശക്തമായി ഉന്നയിച്ച മറ്റൊരാശയമായിരുന്നു മുസ്ലിം ഐക്യം. കേരളത്തില്‍ നിലനില്‍ക്കുന്ന കുടിലമായ സംഘടനാ സങ്കുചിതത്വത്തില്‍ അദ്ദേഹം ഏറെ മനംനൊന്തു. നന്മയുടെ സ്ഥാപനത്തിനായി രൂപവത്കൃതമായ സംഘടനകള്‍ എല്ലാ നന്മകളെയും റദ്ദ്ചെയ്യുന്ന നിഷേധാത്മക അനുഭവമായിമാറിയതില്‍ അദ്ദേഹത്തിന്‌ അടങ്ങാത്ത അമര്‍ഷമുണ്ടായിരുന്നു. സംഘടനാതീതമായ ബന്ധങ്ങള്‍ക്കും സഹകരണങ്ങള്‍ക്കും വേണ്ടി അദ്ദേഹം നിരന്തരം വാദിച്ചു. മുസ്ലിം ഐക്യം അദ്ദേഹത്തിന്റെ ഏതാണ്ട്‌ എല്ലാ പ്രഭാഷണങ്ങളുടെയും പ്രധാനപ്പെട്ട ഒരു പ്രമേയമായിരുന്നു. സുന്നി, മുജാഹിദ്‌ വിഭാഗങ്ങളിലെ പണ്ഡിതന്മാരുമായും നേതാക്കളുമായും അദ്ദേഹം പുലര്‍ത്തിപ്പോന്ന അടുത്ത ബന്ധം ശ്രദ്ധേയമാണ്‌. നാദാപുരത്തുകാരുടെ ആത്മീയ നേതാവും ഖാദിയുമായിരുന്ന മര്‍ഹൂം കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാരുമായി അദ്ദേഹത്തിന്‌ അടുത്ത ആത്മബന്ധമുണ്ടായിരുന്നു. ഇരുവരും നിരവധി തവണ വേദികള്‍ പങ്കിടുകയും പൊതുവായ കാര്യങ്ങള്‍ക്കുവേണ്ടി ഒരുമിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്‌. ഇതര സംഘടനാ നേതാക്കന്മാരെ വ്യക്തിപരമായി പരിചയപ്പെടാന്‍ വൈമുഖ്യം കാട്ടുകയും അവര്‍ മരിച്ചാല്‍ പോലും സന്ദര്‍ശിക്കാന്‍ മടിക്കുകയും ചെയ്യുന്ന സംഘടനാ തീവ്രവാദികളെക്കൊണ്ട്‌ നിറഞ്ഞ നമ്മുടെ മുസ്ലിം അവസ്ഥയില്‍ മൊയ്തുമൗലവി തീര്‍ച്ചയായും ജ്വലിക്കുന്ന ഒരപവാദമാണ്‌. ഏതാനും കൊല്ലം മുമ്പ്‌ തന്റെ വീടിനടുത്ത്‌ മുജാഹിദ്‌ ആശയക്കാരായ ചില സുഹൃത്തുക്കള്‍ ചേര്‍ന്ന്‌ ഒരു പള്ളി നിര്‍മിക്കുകയുണ്ടായി. പള്ളി ആരംഭിച്ചതിനുശേഷം അവിടെ നടന്ന ഒരു ക്ലാസില്‍വെച്ച്‌, ഇങ്ങനെ ഒരു പള്ളി വന്നതു നല്ലതുതന്നെ; എങ്കിലും മഹല്ല്‌ പള്ളിയുമായുള്ള ബന്ധം മുറിക്കരുതെന്നും ഇടക്കൊക്കെ അവിടെയും നമസ്കാരത്തിനും മറ്റും പോകണമെന്നും അദ്ദേഹം ഉപദേശിക്കുകയുണ്ടായി."

ഹമീദ്‌ വാണിമേല്‍ ഓര്‍ക്കുന്നു: "മുസ്ലിം ഐക്യം അദ്ദേഹത്തിന്റെ ജീവിത സ്വപ്നമായിരുന്നു. ഇതിനുവേണ്ടി ഇത്രയധികം പ്രസംഗിച്ച മറ്റൊരു പണ്ഡിതന്‍ കേരളത്തിലുണ്ടാവില്ല. കടുത്ത സംഘടനാ പക്ഷപാതികളെ അദ്ദേഹത്തിന്‌ ഇഷ്ടമായിരുന്നില്ല. മുസ്ലിം ഐക്യത്തെ തുരങ്കംവെക്കുന്ന ഏതു പുതിയ വാദങ്ങളെയും അദ്ദേഹം നിരാകരിച്ചു. മുസ്ലിംകള്‍ പരസ്പരം സലാം പറയുന്നത്‌ വിലക്കുന്നതും വിവാഹബന്ധം നിഷിദ്ധമാക്കുന്നതുമടക്കമുള്ള പുത്തന്‍ വാദങ്ങളെ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ചോദ്യം ചെയ്യാന്‍ അദ്ദേഹം ധാരാളം സമയം ചെലവഴിച്ചു. ഐക്യത്തിന്‌ വിള്ളല്‍ വീഴാതിരിക്കാന്‍ കര്‍മശാസ്ത്രത്തിന്റെ വിശാലമായ വഴികള്‍ പരിചയപ്പെടുത്തി. ആയിരക്കണക്കിന്‌ വിവാഹങ്ങള്‍ക്ക്‌ കാര്‍മികത്വം വഹിച്ച മൗലവി, ഉച്ചക്ക്‌ മാതൃഭാഷയില്‍ ഖുത്വ്ബ നിര്‍വഹിച്ച്‌ അതേ ദിവസം രാത്രി അറബി ഭാഷയില്‍ ഖുത്വ്ബ നടത്താനും സന്നദ്ധത കാണിച്ചു. നികാഹ്‌ ഖുത്വ്ബകളിലെ ഭാഷയെക്കാള്‍ മഹല്ലിലെ മുസ്ലിം ഐക്യത്തിന്‌ പ്രാധാന്യം കല്‍പിച്ചു. ഇത്‌ അഴകൊഴമ്പന്‍ നിലപാടാണെന്ന വിമര്‍ശത്തെ പുഞ്ചിരിയോടെ നേരിട്ടു. അതിര്‍വരമ്പുകള്‍ക്കപ്പുറം ഐക്യത്തിന്റെ ആത്മാവ്‌ തേടിയുള്ള യാത്രയാണ്‌ അദ്ദേഹത്തിന്റെ ജീവിതം.

'വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌. തന്റെ മുമ്പില്‍ തന്നെ കാഫിറാക്കിയും വ്യാജാരോപണങ്ങളുന്നയിച്ചും ഒരു മുസ്ലിയാരുടെ പാതിരാ പ്രസംഗം നടക്കുന്നു. ഇതുകേട്ട്‌ പ്രകോപിതരായ നാട്ടിലെ യുവാക്കളെ സമാധാനിപ്പിച്ച്‌ മൗലവി പറഞ്ഞു: 'ഇതിലും വലുത്‌ ഞാന്‍ കേട്ടതും അനുഭവിച്ചതുമാണ്‌. ഇതിലൊന്നും പുതുമയില്ല. തക്കാളിയും ചീഞ്ഞമുട്ടയും എറിഞ്ഞ സംഭവം വരെ ഉണ്ടായിട്ടുണ്ട്‌, ഇന്നലെകളില്‍ പലതും അനുഭവിച്ച ഞാന്‍ ഇനിയും ക്ഷമിക്കുകയാണ്‌. എനിക്കുവേണ്ടി പ്രതികരിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കുന്ന പ്രശ്നമില്ല."

മുജാഹിദ്‌ പണ്ഡിതന്‍ മൂസാ വാണിമേല്‍ എഴുതുന്നു: "സ്വന്തം ആദര്‍ശങ്ങളോട്‌ അങ്ങേയറ്റം കൂറും പ്രതിബദ്ധതയും പുലര്‍ത്തുന്നതോടൊപ്പംതന്നെ, അത്‌ ആരുമായും അകല്‍ച്ചക്കും അന്തച്ഛിദ്രതക്കും ഇടയാവരുതെന്ന നിര്‍ബന്ധബുദ്ധിയുള്ള വിശാലമനസ്കനായ പണ്ഡിത ശ്രേഷ്ഠനായിരുന്നു അദ്ദേഹം. ആദര്‍ശരംഗത്തും പ്രബോധന രംഗത്തുമെല്ലാം ഈ വിശാലത അദ്ദേഹം തെളിയിച്ചു. അധ്യാപകനായി, ഖാദിയും ഖത്വീബുമായി, പ്രഭാഷകനും പ്രചാരകനുമായി, പലതും പലതുമായി കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും അദ്ദേഹം വര്‍ഷങ്ങളോളം കഴിഞ്ഞു. തന്റെ ആദര്‍ശത്തിന്റെ അനുകൂലികളും അനുഗാമികളും മാത്രമായിരുന്നില്ല ആ പ്രദേശങ്ങളിലുണ്ടായിരുന്നത്‌. എന്നല്ല, ആദര്‍ശശത്രുക്കളും കഠിന വിരോധികളും സ്വാധീനം പുലര്‍ത്തുന്ന പ്രദേശങ്ങളും മഹല്ലുകളുമായിരുന്നു പലതും. എന്നിട്ടും സ്വത്വം കൈവിടാതെത്തന്നെ സര്‍വാദരണീയനായി കഴിഞ്ഞുകൂടാന്‍ അദ്ദേഹത്തിന്‌ സാധിച്ചു. വാദപ്രതിവാദങ്ങള്‍ക്കോ ഏറ്റുമുട്ടലുകള്‍ക്കോ അവസരമുണ്ടായില്ല. ഏതു കാറ്റിലും കോളിലും പുഞ്ചിരി കൊടുത്തും വാങ്ങിയും അദ്ദേഹം ജീവിച്ചു. സമര്‍ഥമായ ഒരു സിദ്ധിവിശേഷംതന്നെയത്രെ ഇത്‌. അനന്യസാധാരണമായ ഈ വ്യതിരിക്തത കേരളത്തിനകത്തും പുറത്തുമുള്ള പരസഹസ്രങ്ങളെ അദ്ദേഹത്തിലേക്കാകര്‍ഷിച്ചു. സമൂഹത്തില്‍ എല്ലാ തരത്തിലും പെട്ട വ്യത്യസ്ത ആശയക്കാരും ആദര്‍ശക്കാരുമുണ്ടായിരുന്നു അവരില്‍. അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളില്‍ ആദ്യന്തം പങ്കെടുത്ത ആയിരങ്ങള്‍ ഇതിന്റെ നിദര്‍ശനമായി. ചിയ്യൂര്‍ വലിയ ജുമുഅത്ത്‌ പള്ളിയും മൈതാനിയും ജനനിബിഡമായി. മയ്യിത്ത്‌ നമസ്കാരം വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടിവന്നു. ചുരുക്കം ചില നേതാക്കള്‍ക്കും പണ്ഡിതന്‍മാര്‍ക്കും മാത്രം ലഭിച്ച ആദരവും അംഗീകാരവും!"

ഏവര്‍ക്കും പ്രിയങ്കരന്‍

ജാതി-മത-കക്ഷി ഭേദമില്ലാതെ മൊയ്തുമൗലവി ഏവരെയും സ്നേഹിച്ചു. സാധ്യമാവുന്നത്ര സഹായിച്ചു. അതിനാല്‍ അവരും അദ്ദേഹത്തെ അതിരറ്റ്‌ സ്നേഹിച്ചു. അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു. സി. ദാവൂദ്‌ ഓര്‍ക്കുന്നു: "സ്നേഹവും അവശതയനുഭവിക്കുന്നവരോടുള്ള അടങ്ങാത്ത സഹാനുഭൂതിയുമായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്‌. സഹായാഭ്യര്‍ഥനകള്‍ക്കും ശിപാര്‍ശക്കത്തുകള്‍ക്കുമായി അദ്ദേഹത്തിന്റെ മുറിയില്‍ കയറിയിറങ്ങുന്നവരുടെ എണ്ണം നോക്കിയാലറിയാം പ്രയാസപ്പെടുന്നവര്‍ക്ക്‌ അദ്ദേഹം എത്രമാത്രം അത്താണിയായിരുന്നുവെന്ന്‌. ഒന്നിലേറെ കുടുംബചികിത്സാ സഹായ കമ്മിറ്റികളുടെ ആവശ്യത്തിനുവേണ്ടി മൗലവിയുടെ അടുത്ത്‌ പോവുകയുണ്ടായി. വിഷയം അവതരിപ്പിച്ചുകഴിഞ്ഞാല്‍ മൗലവി തന്റെ വക ഒരു സംഖ്യ ആദ്യം തരും. പിന്നെ ലെറ്റര്‍ പാഡെടുത്ത്‌ അതിലിങ്ങനെ കുറിക്കും: 'ആളെ ഞാനറിയും. വേണ്ടത്‌ ചെയ്യുക.' ആ രണ്ടു വാചകങ്ങള്‍ കമ്മിറ്റിക്കാര്‍ക്ക്‌ തങ്ങളുടെ ഫണ്ടുകള്‍ വിജയിപ്പിക്കുന്നതില്‍ ഏറെ ഉപകാരപ്പെടുകയും ചെയ്യും."

മുജാഹിദ്‌ നേതാവ്‌ മൂസാ വാണിമേല്‍ എഴുതുന്നു: "കാലത്തിന്റെ മാറ്റങ്ങള്‍ക്ക്‌ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു ഗ്രാമമാണ്‌ ചിയ്യൂര്‍. ഇന്നും ഏതാണ്ട്‌ അങ്ങനെത്തന്നെ. വിശ്വാസരംഗത്തും കര്‍മരംഗത്തും നടപ്പിലിരുന്ന എല്ലാ പഴമകളും ചാണിനുചാണായും മുഴത്തിനുമുഴമായും അനുധാവനം ചെയ്ത്‌ കൃതഹസ്തരായി കഴിയുന്ന ജനവിഭാഗം. ഈ ചുറ്റുപാടില്‍ മൊയ്തുമൗലവിയെപ്പോലുള്ള ഒരു സാമൂഹിക പരിഷ്കര്‍ത്താവും പുരോഗമനവാദിയും എങ്ങനെ ജനിച്ചുവളര്‍ന്നുവെന്നത്‌ ഗവേഷണമര്‍ഹിക്കുന്ന വിഷയമാണ്‌. നാട്ടിലും മഹല്ലിലും കുടുംബപരമായുണ്ടായിരുന്ന ഔന്നത്യവും സ്വാധീനവുമാകാം എതിര്‍പ്പുകള്‍ക്ക്‌ ശക്തികുറച്ചതും വളര്‍ച്ചക്ക്‌ സഹായകമായതും. ഏതായാലും ചേറില്‍നിന്ന്‌ താമരയെന്നപോലെ മൊയ്തുമൗലവിയെന്ന നവോത്ഥാന നായകനും ജനിച്ചുവളര്‍ന്നു....

ഒരു റമദാനില്‍ വാണിമേല്‍ ജുമുഅത്ത്‌ പള്ളിയില്‍ മര്‍ഹൂം കെ.കെ.എം. ജമാലുദ്ദീന്‍ മൗലവിയുടെ പ്രസംഗമുണ്ടായി. വിശുദ്ധഖുര്‍ആനും അത്‌ പഠിക്കേണ്ടതിന്റെ ആവശ്യകതയുമായിരുന്നു വിഷയം. പലരെയും പോലെ എന്നെയും അത്‌ വല്ലാതെ ആകര്‍ഷിച്ചു. ഖുര്‍ആന്‍ പഠിക്കണമെന്നത്‌ ഹൃദയത്തെ അലോസരപ്പെടുത്തിയ ഒരാവേശമായി മാറി. അങ്ങനെ അതേ റമദാന്‍ കാലത്തുതന്നെ മാതാവിനോടൊപ്പം ഞാന്‍ മൊയ്തുമൗലവിയുടെ വീട്ടില്‍ പോയി. തത്സമയം അവിടെ ഉണ്ടായിരുന്ന മൊയ്തുമൗലവിയെ ഞാനെന്റെ ആഗ്രഹമറിയിച്ചു. അനുഭാവപൂര്‍വം അദ്ദേഹം പറഞ്ഞു: 'നോമ്പുകഴിഞ്ഞാല്‍ ചിയ്യൂര്‍ പള്ളിയില്‍ ഞാനൊരു ദര്‍സ്‌ തുടങ്ങുന്നുണ്ട്‌. അതില്‍ പങ്കെടുക്കുക. നിന്റെ ആഗ്രഹം നിറവേറ്റാന്‍ കഴിയും. വാപ്പയുടെ അനാരോഗ്യം കാരണം ഞാനിനി നാടുവിട്ടുപോകാന്‍ വിചാരിക്കുന്നില്ല.'

കാര്യങ്ങള്‍ പറഞ്ഞതുപോലെത്തന്നെ സംഭവിച്ചു. രണ്ടു കൊല്ലക്കാലം പ്രസ്തുത ദര്‍സിലും ഒരു കൊല്ലം വാണിമേലിലും രണ്ടുകൊല്ലം കാസര്‍കോട്ടെ ആലിയയിലും അദ്ദേഹത്തിന്റെ ശിഷ്യനായിക്കഴിയാന്‍ എനിക്കു ഭാഗ്യം സിദ്ധിച്ചു. ആവേശം തിരതല്ലിയ പഠന കാലം."

ജനങ്ങള്‍ക്ക്‌ ഏറെ പ്രിയങ്കരനായിരുന്നതിനാല്‍ നല്ലൊരു മധ്യസ്ഥനാകാന്‍ അദ്ദേഹത്തിനു സാധിച്ചു. മകന്‍ അബ്ദുല്‍മജീദ്‌ ഓര്‍ക്കുന്ന ഒരു സംഭവം: "കൊച്ചു കുട്ടികള്‍ക്കുപോലും ഉപ്പയുടെ ലോകത്ത്‌ വലിയ ഇടം കിട്ടി. കുട്ടികളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച്‌ തന്റെ തീരുമാനങ്ങള്‍ തിരുത്തിയ എത്രയോ അനുഭവങ്ങള്‍ ഓര്‍ക്കാനുണ്ട്‌. സമൂഹത്തിലെ ഏതു തരം ആളുകളോടും ഒരേവിധം ഇടപെടാനും അവരുടെ സൗഹൃദം പിടിച്ചുപറ്റാനുമുള്ള വൈഭവം വേറെത്തന്നെ. കലഹങ്ങളും ശണ്ഠകളും വഴക്കും വക്കാണവും എന്നും ഒരുള്‍ഭയത്തോടെ ഉപ്പ കണ്ടു. ഞങ്ങളുടെ വീട്ടിനടുത്ത പെരുവഴിയില്‍ പാതിരാനേരത്ത്‌ ശണ്ഠയും വഴക്കും. എന്തിനും തയ്യാറായിനില്‍ക്കുന്ന രണ്ടു വിഭാഗം. ഉപ്പ ടോര്‍ച്ചുമെടുത്ത്‌ ഇറങ്ങിച്ചെന്ന്‌ അവരില്‍ ഒരാളുടെ കൈപിടിച്ചു പോന്നു: 'ഇത്‌ നേരം പാതിരാവാണ്‌. ഇനി നേരം വെളുത്തിട്ടാവാം.' പിറ്റേന്ന്‌ അവര്‍ വഴക്ക്‌ മറന്നിരുന്നു. ഇത്തരം സന്ദിഗ്ധ ഘട്ടങ്ങളിലെ ഉപ്പയുടെ ഇടപെടലിന്‌ ഒരു മാസ്മരശക്തിയും ദൈവിക പിന്തുണയും ഉണ്ടായിരുന്നുവെന്ന്‌ എനിക്ക്‌ തോന്നാറുണ്ട്‌."

ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബ്‌ തന്റെ നാട്ടിലെ അനുഭവം ഓര്‍ക്കുന്നു: "ഗുരുവും ഖത്വീബും കവിയുമൊക്കെയായി നരിപ്പറ്റക്കാരന്‍ കോറോത്ത്‌ മൊയ്തുമൗലവിയുടെ ആഗമനം ചേണ്ടമംഗല്ലൂരിന്റെ ഗ്രാമ്യജീവിതത്തില്‍ അക്ഷരാര്‍ഥത്തില്‍ വഴിത്തിരിവായി. കെ.സി. അബ്ദുല്ല മൗലവിയുടെ നേതൃത്വത്തില്‍ ശക്തിപ്പെട്ടുവന്ന ഇസ്ലാമിക പ്രസ്ഥാനത്തെയും അതിന്റെ മദ്‌റസാ പരീക്ഷണത്തെയും ജനകീയവത്കരിച്ചത്‌ മൊയ്തുമൗലവിയുടെ സുസ്മേരസാന്നിധ്യമായിരുന്നു. മത-സമുദായ ഭേദം കൂടാതെ ആബാലവൃദ്ധം ജനങ്ങളുടെ മനസ്സുകളിലേക്ക്‌ ഇറങ്ങിച്ചെന്ന ആ മനുഷ്യസ്നേഹിക്ക്‌ നാട്ടുകാരണവന്മാരും ഖാദിയും ബുദ്ധിജീവി എം.എം. കുഞ്ഞിമുഹമ്മദും കമ്യൂണിസ്റ്റുകാരന്‍ കുഞ്ഞന്‍നായരും കല്‍പ്പണിക്കാരന്‍ ഇമ്പിച്ചിക്കണ്ഠനും ഒരേസമയം കൂട്ടുകാരായി."

സുറയ്യയുടെ സാക്ഷ്യം

വിശ്വവിഖ്യാത സാഹിത്യകാരി കമലാ സുറയ്യ, മൊയ്തുമൗലവിയെ വിലയിരുത്തുന്നു: "പണ്ഡിതനും പക്വമതിയുമായിരുന്ന മൊയ്തുമൗലവിയെ എന്റെ വീട്ടിലേക്ക്‌ കൊണ്ടുവന്നത്‌ അദ്ദേഹത്തിന്റെ മകന്‍ ബഷീറായിരുന്നു. ഇസ്ലാം സ്വീകരിച്ചതിനുശേഷം എനിക്ക്‌ ലഭിച്ച ഒരു മഹാ സൗഭാഗ്യമായി ബശീറിനെ ഞാന്‍ കണക്കാക്കി. ജനനത്തില്‍ത്തന്നെ മാതാവ്‌ മരിച്ചുപോയ ആ കുട്ടിക്ക്‌ ഞാന്‍ ഉമ്മയായി മാറി. എന്റെ സല്‍ക്കാരമുറിയില്‍ അനവധി തവണ അദ്ദേഹം സന്ധ്യാപ്രാര്‍ഥന നടത്തി. രോഗശയ്യക്കരികിലും പ്രാര്‍ഥിച്ചു. സൗമ്യനും സാത്വികനുമായ ഒരു മകനെക്കൂടി ലഭിച്ചതില്‍ സ്വാഭാവികമായും ഞാന്‍ അഭിമാനിച്ചു.

ബശീറിന്റെ ബാപ്പ വീട്ടില്‍ വന്നപ്പോള്‍ ഒരു ചിരകാല ബന്ധുവിന്റെ ആഗമനം പോലെയാണ്‌ എനിക്ക്‌ അനുഭവപ്പെട്ടത്‌. ഞാന്‍ പിന്തള്ളിയ സമുദായക്കാര്‍ എനിക്ക്‌ കടുത്ത അവജ്ഞയാണ്‌ ആ കാലത്ത്‌ വാരിക്കോരിത്തന്നത്‌. അനാഥത്വം എന്റെയുള്ളില്‍ ഒരു വേദനപോലെ നിലനിന്നു.

മൊയ്തുമൗലവി പുഞ്ചിരിതൂകി. ബശീറിന്‌ സ്വന്തം പിതാവില്‍നിന്ന്‌ തന്നെയാണ്‌ ആത്മീയ പക്വതയും സൗമ്യശീലവും കിട്ടിയതെന്ന്‌ ആ നിമിഷം ഞാന്‍ മനസ്സിലാക്കി. പിന്നീടാണ്‌ മൗലവിയെപ്പറ്റി പല കഥകളും ഞാന്‍ കേള്‍ക്കാന്‍ ഇടവന്നത്‌. മതവിദ്വേഷമില്ലാത്ത ഒരു പണ്ഡിതന്‍. ഹിന്ദുവായ ചിരുതയുടെ മാതാവിന്റെ മുലപ്പാല്‍ കുടിച്ചുവളര്‍ന്ന മുസ്ലിം!

നാദാപുരത്ത്‌ വര്‍ഗീയകലാപങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ മൊയ്തുമൗലവിയുടെ വീട്‌ അഭയാര്‍ഥികള്‍ക്ക്‌ തണലായി മാറി. അദ്ദേഹത്തിന്റെ വാക്കുകള്‍ പലരെയും സംയമനം ശീലിപ്പിച്ചു. സര്‍വവും അല്ലാഹുവിന്‌ സമര്‍പ്പിച്ചാല്‍ മനസ്സ്‌ പിടക്കേണ്ടതില്ല. എല്ലാ തീരുമാനവും അല്ലാഹുവിന്റെതാണല്ലോ.

ആയിടക്കാണ്‌ ഞാന്‍ എഴുതിക്കൂട്ടിയിരുന്ന ചെറു കവിതകള്‍ അദ്ദേഹം അറബിയിലേക്ക്‌ പരിഭാഷപ്പെടുത്താമെന്ന്‌ സമ്മതിച്ചത്‌. ഞാന്‍ അനുഗൃഹീതയായി. ഒടുവില്‍ ശാന്തപുരം അല്‍ജാമിഅയില്‍ വെച്ച്‌ ഗുരുതുല്യനായ യൂസുഫുല്‍ ഖറദാവി എന്റെ പുസ്തകം യാ അല്ലാഹ്‌ പ്രകാശനം ചെയ്തു. പക്ഷേ, ഹൃദ്രോഗവും പ്രമേഹവും എന്റെ കാലടികളെ തളര്‍ത്തിക്കഴിഞ്ഞിരുന്നു. അതുകൊണ്ട്‌ എനിക്ക്‌ ആ അരങ്ങ്‌ കാണാന്‍ കഴിഞ്ഞില്ല. ഖറദാവിയുടെയും മൊയ്തുമൗലവിയുടെയും പ്രസംഗങ്ങളടങ്ങിയ കാസറ്റ്‌ ബശീര്‍ എനിക്ക്‌ സമ്മാനിച്ചു. അത്‌ ഒരമൂല്യനിധി പോലെ ഞാന്‍ എന്റെ അലമാരിയില്‍ സൂക്ഷിച്ചിരിക്കുന്നു.

എന്റെ ഇസ്ലാമാശ്ലേഷത്തെപ്പറ്റി മൊയ്തു മൗലവി ബോധനം ദ്വൈമാസികയിലെഴുതിയ കവിത മകന്‍ ബശീറാണ്‌ എന്നെ ഈണത്തില്‍ ചൊല്ലിക്കേള്‍പ്പിച്ചത്‌. നാട്ടില്‍ പല അപവാദങ്ങളും പ്രചരിച്ചുകൊണ്ടിരിക്കെ പൂര്‍ണമനസ്സോടെ എന്നെ സ്വാഗതം ചെയ്യുകയായിരുന്നു ആ വിശാല ഹൃദയന്‍. അന്നുമുതല്‍ ഒരു ജ്യേഷ്ഠസഹോദരനായി മൊയ്തുമൗലവിയെ എന്റെ മനസ്സില്‍ ഞാന്‍ പ്രതിഷ്ഠിച്ചിരുന്നു.

എല്ലാവരെയും നന്ദിയോടെ, നന്ദി നനക്കുന്ന കണ്ണുകളോടെ ഞാന്‍ ഓര്‍മിക്കുന്നു. മൊയ്തുമൗലവി ഇന്ന്‌ സ്വര്‍ഗസ്ഥനാണ്‌. അര്‍ഹിക്കുന്ന പദവി അദ്ദേഹത്തിന്‌ അല്ലാഹു നല്‍കാതിരിക്കില്ല, തീര്‍ച്ച."

പ്രഭാഷകന്‍, ഖത്വീബ്‌

കേരളത്തിലെ ശ്രദ്ധേയരായ പ്രഭാഷകരില്‍ ഒരാളായിരുന്നു മൊയ്തുമൗലവി. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്ക്‌ അസാധാരണമായ ചാരുതയായിരുന്നു. ശ്രോതാക്കളെ പിടിച്ചിരുത്താനും ഇസ്ലാമികമായി വളര്‍ത്താനും അവക്ക്‌ കഴിയുമായിരുന്നു. ഖുര്‍ആന്‍ സൂക്തങ്ങളും ചരിത്രസംഭവങ്ങളും ഇടക്കിടെ ഉദ്ധരിച്ച്‌ വശ്യമധുരമായ ശൈലിയില്‍ വാര്‍ന്നുവീണ ആ വാഗ്ധോരണി നിറയെ അറിവിന്റെ മണിമുത്തുകളായിരുന്നു.

പി.കെ. ജമാല്‍ അദ്ദേഹത്തിന്റെ പ്രഭാഷണത്തെ സ്വാനുഭവത്തിലൂടെ വിലയിരുത്തുന്നു:

"1970. ആലുവ ജുമാമസ്ജിദ്‌ അങ്കണത്തില്‍ പ്രഭാഷണപരമ്പര. ക്രൈസ്തവ സമൂഹത്തിന്റെ സദ്ഗുണങ്ങള്‍ വാഴ്ത്തിപ്പറയുന്ന ഖുര്‍ആന്‍ സൂക്തങ്ങളുദ്ധരിച്ചാണ്‌ മൊയ്തുമൗലവിയുടെ പ്രസംഗം. വിശുദ്ധ വചനങ്ങളുടെ ശ്രവണമാത്രയില്‍ കണ്ണീരൊഴുക്കുന്ന വേദക്കാരെക്കുറിച്ച സ്മൃതികള്‍ അയവിറക്കുന്ന വികാരോജ്ജ്വലമായ ആ പ്രഭാഷണം സശ്രദ്ധം ശ്രവിക്കുന്ന ഒരു വലിയ വിഭാഗം ക്രൈസ്തവരുമുണ്ടായിരുന്നു സദസ്സില്‍. മൊയ്തുമൗലവിതന്നെ പിറ്റേ ദിവസവും പ്രസംഗിക്കണമെന്ന്‌ അവര്‍ നിര്‍ബന്ധം പിടിച്ചു. പിറ്റേന്ന്‌ പ്രസംഗിക്കേണ്ട അനുജന്‍ അബ്ദുസ്സലാം മൗലവിയുടെ ഊഴവും മൊയ്തുമൗലവിക്ക്‌ ഉപയോഗപ്പെടുത്തേണ്ടിവന്നു. ഖുര്‍ആന്റെ ആത്മാവിലേക്കിറങ്ങി വ്യാഖ്യാനിക്കുന്ന മൗലവിയുടെ ശൈലി സാധാരണക്കാര്‍ക്ക്‌ ഏറെ പഥ്യമായിരുന്നു. വിശുദ്ധ വേദത്തിന്റെ കാതല്‍ കണ്ടെത്തിയ പ്രതിഭാവിലാസം ഓരോ വാക്കിലും വാചകത്തിലും തെളിഞ്ഞു മിന്നി."

മൊയ്തുമൗലവിയുടെ കാഴ്ചപ്പാടും വിശാല വീക്ഷണവും അവതരണരീതിയും എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. അതിനാലാണ്‌ സമുദായത്തിലെ വിവിധ കക്ഷികളും സംഘടനകളും വ്യത്യാസങ്ങള്‍ മറന്ന്‌ അദ്ദേഹത്തിന്റെ സദസ്സില്‍ ഒന്നിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ ഖുത്വ്ബകളും പൊതുപ്രഭാഷണങ്ങളും എല്ലാ അതിരുകളും ഭേദിച്ച്‌ ഹൃദയങ്ങളെ കീഴടക്കി. സ്വകാര്യ സംഭാഷണങ്ങളില്‍, നമ്മില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിശാല വീക്ഷണത്തെക്കുറിച്ച്‌ ആ മനസ്സ്‌ പരിതപിച്ചു. ഓരോരുത്തരും വെള്ളം കയറാത്ത അറകളില്‍ സ്വയം ബന്ധിതരായി കഴിയുന്ന ദുരവസ്ഥയില്‍ ആ ഹൃദയം വേദനിച്ചു.

മൗലവിയുടെ ജുമുഅ ഖുത്വ്ബകള്‍ക്ക്‌ സമാനതകളില്ല. അവ ജനമനസ്സുകളെ അഗാധമായി സ്വാധീനിച്ചു. ശ്രോതാക്കളില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. ഇതെങ്ങനെ സാധിച്ചുവെന്ന്‌ സി. ദാവൂദ്‌ വിശദീകരിക്കുന്നു: "പഞ്ഞമാസമാണ്‌. ആളുകള്‍ക്ക്‌ പണിക്ക്‌ പോവാന്‍ പറ്റില്ല. ആരൊക്കെയാണ്‌ പട്ടിണികിടക്കുന്നത്‌, ആരൊക്കെയാണ്‌ വയറു നിറച്ചുണ്ണുന്നത്‌ എന്നൊന്നും പറയാന്‍ പറ്റില്ല. പ്രയാസപ്പെടുന്ന ആളുകളുണ്ട്‌. അവരത്‌ പുറത്ത്‌ പറയുന്നില്ലെന്നേയുള്ളൂ. ഓരോരുത്തരും അവനവന്റെ ഇടവലങ്ങള്‍ കാര്യമായി ശ്രദ്ധിക്കണം. വേണ്ടത്‌ എന്താണെന്നു വെച്ചാ അതു ചെയ്യണം. പള്ളിയില്‍ അവിടെയും ഇവിടെയുമൊക്കെ കുറച്ച്‌ ബക്കറ്റ്‌ വെച്ചിട്ടുണ്ട്‌. നമസ്കാരം കഴിഞ്ഞുപോവുമ്പോള്‍ അവനവന്റെ കഴിവനുസരിച്ച്‌ അതില്‍ എന്തെങ്കിലും ഇടണം.' മഴ കനത്തുപെയ്യുന്ന ഒരു കര്‍ക്കടമാസത്തില്‍ കുറ്റ്യാടി ജുമുഅത്ത്‌ പള്ളിയിലെ തന്റെ മിമ്പറില്‍വെച്ചുള്ള മൊയ്തുമൗലവിയുടെ ആ ഖുത്വ്ബ വര്‍ഷങ്ങള്‍ക്കു ശേഷവും ശരിക്കും ഓര്‍മയില്‍ നില്‍ക്കുന്നു...

ജനങ്ങളുടെ ഭാഷയില്‍ അദ്ദേഹം വര്‍ഷങ്ങളോളം മിമ്പറിലൂടെ അവരോട്‌ ആശയവിനിമയം നടത്തി. ഒരു പ്രഭാഷണത്തിന്റെ ഗാംഭീര്യമോ സൗകുമാര്യമോ അദ്ദേഹത്തിന്റെ ഖുത്വ്ബകള്‍ക്കുണ്ടായിരുന്നില്ല. എന്താണ്‌ പറയേണ്ടതെന്നുവെച്ചാല്‍ തന്നെയറിയുന്ന, താനറിയുന്ന ജനങ്ങളുടെ ഭാഷയില്‍ അദ്ദേഹം അതങ്ങ്‌ പറയും, ആര്‍ക്കും വിരസത അനുഭവപ്പെടില്ല. ആര്‍ക്കും മനസ്സിലാവാത്ത പ്രശ്നമില്ല. പണ്ഡിതരും ജ്ഞാനികളുമായ പലര്‍ക്കും ജനങ്ങളുടെ ഭാഷയില്‍ സംസാരിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എന്നാല്‍ മൊയ്തു മൗലവിക്ക്‌ അത്‌ അനായാസേന സാധിച്ചു. ജനങ്ങളുമായുള്ള ആത്മബന്ധത്തില്‍നിന്ന്‌ അവരുമായുള്ള കലര്‍പ്പില്ലാത്ത ഇടപെടലുകളില്‍നിന്നാണ്‌ ആ ഭാഷ രൂപപ്പെടുന്നത്‌. അങ്ങനെ ഇടപെടുന്നവര്‍ക്കേ അതിനു സാധിക്കൂ എന്നതാണു കാര്യം. മൗലവി എപ്പോഴും ജനങ്ങള്‍ക്കിടയില്‍ അവരോടൊപ്പം തന്നെയായിരുന്നു. അവരെ സ്നേഹിച്ചും ഉപദേശിച്ചും ശാസിച്ചും അദ്ദേഹം അവരിലൊരാളായി ജീവിച്ചു."

ശിഷ്യന്‍ അരീക്കോട്‌ വി. സൈതലവി അനുസ്മരിക്കുന്നു: "വെള്ളിയാഴ്ച ഖുത്വ്ബക്ക്‌ മാത്രമായി മൗലവി റഫര്‍ ചെയ്യാറില്ല. തന്റെ മേശപ്പുറത്തുള്ള അല്‍മുജ്തമഅ്‌ വാരികയില്‍നിന്നും ഖുര്‍ആന്‍ തഫ്സീറുകളില്‍നിന്നും ഫിഖ്ഹ്‌ ഗ്രന്ഥങ്ങളില്‍നിന്നുമായി ധാരാളം അറിവുകള്‍ മനസ്സില്‍ കുറിച്ചിട്ടുണ്ടാവും. അത്‌ സന്ദര്‍ഭോചിതം ഖുത്വ്ബയില്‍ അവതരിപ്പിക്കും. നോട്ടുകളോ കുറിപ്പുകളോ മുസ്വ്ഹഫ്‌ തന്നെയോ ഖുത്വ്ബക്ക്‌ അദ്ദേഹം കൊണ്ടുപോകാറില്ല. ഖുത്വ്ബകളില്‍ അന്നേവരെ കേള്‍ക്കാത്ത പുതിയ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ മൗലവിയെപ്പോലെ വായന തപസ്സാക്കിയ പണ്ഡിതന്മാര്‍ക്കേ കഴിയൂ. കേട്ട വിഷയമാണെങ്കില്‍പ്പോലും ശ്രോതാക്കളെ മടുപ്പിക്കാതെ അവതരിപ്പിക്കാനറിയാം. വളരെ ചുരുങ്ങിയ സമയത്തില്‍ വിഷയം ഒതുക്കിപ്പറയാന്‍ ഇത്ര കഴിവുള്ളവര്‍ വളരെ കുറവാണ്‌. കേള്‍ക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുന്ന ലളിതമായ ശൈലി."

അതിരുകളില്ലാത്ത ബന്ധം

ഈജിപ്തും ലിബിയയും മൊറോക്കോയും അല്‍ജീരിയയും

സിറിയയുമെല്ലാം സന്ദര്‍ശിക്കാന്‍ സൗഭാഗ്യം ലഭിച്ച മൊയ്തു മൗലവിക്ക്‌ ശ്രദ്ധേയരായ നിരവധി അന്തര്‍ദേശീയ വ്യക്തിത്വങ്ങളുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചു. സുഊദി അറേബ്യയിലെ ഫൈസല്‍ രാജാവ്‌, ഗ്രാന്റ്‌ മുഫ്തി ശൈഖ്‌ അബ്ദുല്‍ അസീസിബ്നുബാസ്‌, മുന്‍ സിറിയന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മഅ്‌റൂഫുദ്ദവാലിബി, ശൈഖ്‌ അബ്ദുല്‍ ബദീഅ്‌ സഖര്‍ പോലുള്ളവര്‍ അക്കൂട്ടത്തില്‍ പെടുന്നു.

ഓര്‍മയിലും ചിന്തയിലുമെന്നപോലെ ശരീരത്തിലും നടത്തത്തിലുമെല്ലാം യുവത്വം കാത്തുസൂക്ഷിച്ചു മൊയ്തു മൗലവി. അദ്ദേഹത്തോടൊപ്പം രാത്രി കഴിച്ചുകൂട്ടാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം പ്രഭാതത്തില്‍ യോഗാസനത്തിലേര്‍പ്പെടുന്നതാണ്‌ കണ്ടത്‌. ഇത്‌ ഈ ലേഖകന്റെ മാത്രം അനുഭവമല്ല. അബൂറശാദ്‌ പുറക്കാട്‌ തന്റെ അനുഭവം വിവരിക്കുന്നു: "ഖത്തര്‍ സന്ദര്‍ശനവേളയില്‍ കാലത്ത്‌ അദ്ദേഹത്തെ കാണാന്‍ താമസസ്ഥലത്ത്‌ ചെന്നതായിരുന്നു. റൂമില്‍ അദ്ദേഹം തലതാഴെയും കാല്‍ മീതെയുമായി ശീര്‍ഷാസനത്തില്‍ നില്‍ക്കുന്നു. തല താഴ്ത്തി കാലില്‍ നേരെ നിന്നപ്പോള്‍ സലാം ചൊല്ലി ഞാന്‍ അദ്ഭുതത്തോടെ ചോദിച്ചു: 'ഇതെന്തു കഥ?'

'അതുകൊണ്ടല്ലെടോ! വയസ്സെത്രയായി? ഇപ്പോള്‍ ഒരു പ്രശ്നവുമില്ലല്ലോ ആരോഗ്യത്തിന്‌?' പിന്നെ മുഖം നിറയെ ചിരി. അദ്ദേഹം തുടര്‍ന്നു: 'പതിനഞ്ചു വര്‍ഷമായി പ്രമേഹമുണ്ട്‌. പക്ഷേ, പൂര്‍ണ നിയന്ത്രണത്തിലാണ്‌. പഞ്ചസാരയുള്‍പ്പെടെ എന്തും കഴിക്കും. നാം നമ്മുടെ ആരോഗ്യം ശ്രദ്ധിക്കണം, അതും നമ്മുടെ ദീനീ ബാധ്യതയാണ്‌. നമ്മുടെ പല നേതാക്കളും നമുക്ക്‌ നേരത്തേ നഷ്ടപ്പെട്ടു. അവര്‍ ആരോഗ്യം നോക്കാതെ പ്രസ്ഥാനത്തിനു വേണ്ടി പണിയെടുത്തിരുന്നു. പക്ഷേ, അവരുടെ അകാല വിയോഗം അവര്‍ക്കല്ല, പ്രസ്ഥാനത്തിനാണ്‌ തീരാനഷ്ടം വരുത്തിവെച്ചത്‌."

കുടുംബജീവിതം

പ്രമുഖ പണ്ഡിതനും മുജാഹിദ്‌ നേതാവുമായ എം.ടി. അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ സഹോദരി മുസ്ലിയാരകത്ത്‌ റുഖിയ്യയാണ്‌ ആദ്യ ഭാര്യ. അവരുടെ മരണശേഷം നാദാപുരത്തിനടുത്ത്‌ കുന്നോത്ത്‌ ആലിക്കുട്ടിയുടെയും കുഞ്ഞാമിയുടെയും മകള്‍ ഖദീജയെ വിവാഹം കഴിച്ചു. അബ്ദുല്‍ മജീദ്‌, സുബൈര്‍, ബശീര്‍ മുഹ്‌യിദ്ദീന്‍, ആതിഖ, സുബൈദ, ആഇശ എന്നിവരാണ്‌ മക്കള്‍.

മകന്‍ അബ്ദുല്‍മജീദ്‌ പിതാവുമൊത്തുള്ള ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുന്നു: "തൂവെള്ള തുണിയുടുത്ത്‌ ചന്ദനനിറമുള്ള കുപ്പായമിട്ട്‌ പച്ച ചുട്ടിയുള്ള തോര്‍ത്ത്‌ ചുമലിലിട്ട്‌ ബ്രൗണ്‍ നിറമുള്ള ലെതര്‍ ബാഗ്‌ തൂക്കിപ്പിടിച്ച്‌ ഉപ്പ പടി കയറിവരുന്ന കാഴ്ച എന്റെ ബാല്യത്തിലെ നിറമുള്ള ഓര്‍മകളിലൊന്നാണ്‌. ഉപ്പ വരുന്ന ദിവസം ഞങ്ങള്‍ക്ക്്‌ പെരുന്നാളാണ്‌. പ്രബോധനത്തില്‍ മാസം തോറും പ്രസിദ്ധീകരിച്ചിരുന്ന നാസിം പരിപാടിയില്‍നിന്ന്‌ ഉപ്പ വീട്ടിലെത്തുന്ന ദിവസം ഞങ്ങള്‍ ഊഹിച്ചെടുക്കും. ആഹ്ലാദവതിയായി ഉമ്മ വീട്ടിലുടനീളം ഓടിനടക്കും. രുചിയുള്ള ആഹാരങ്ങള്‍ ഉണ്ടാക്കി ഉപ്പയെ കാത്തിരിക്കുന്ന ആ നിമിഷങ്ങളായിരുന്നു തൊള്ളായിരത്തി എഴുപതില്‍ മണ്‍മറഞ്ഞുപോയ ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മയുടെ ജീവിതത്തിലെ അനര്‍ഘ മുഹൂര്‍ത്തങ്ങള്‍. ബാഗില്‍ ചുരുട്ടിക്കൂട്ടിവെച്ച വസ്ത്രങ്ങള്‍ വരാന്തയില്‍വെച്ചുതന്നെ പുറത്തെടുത്ത്‌ ഉമ്മ അലക്കുകല്ലിനടുത്ത്‌ കൊണ്ടുപോയിടും. ട്രെയിനിലും ബസ്സിലും നിരന്തരമായി യാത്രചെയ്ത്‌ ആഴ്ചകള്‍ നീളുന്ന പര്യടനം കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോള്‍ അഴുക്കും പൊടിപടലങ്ങളും നിറഞ്ഞ ആ വസ്ത്രങ്ങളുടെ നിറമൊന്ന്‌ കാണേണ്ടതുതന്നെയാണ്‌. ഉപ്പയുടെ ബാഗ്‌ തപ്പുന്ന തിരക്കിലായിരിക്കും ഞാന്‍. എനിക്കുവേണ്ടത്‌ ഞങ്ങളുടെ കുഗ്രാമത്തില്‍ കാണാനാകാത്ത ബസ്‌-ട്രെയിന്‍ ടിക്കറ്റുകളാണ്‌. അതെല്ലാം എനിക്കായി ഉപ്പ ബാഗില്‍ കരുതിവെച്ചിരിക്കും. ഉപ്പ വരുന്നതോടെ വീട്‌ ജനനിബിഡമായി. അയമ്മദാക്ക, കേളുക്കുറുപ്പ്‌, കണാരന്‍, എളാപ്പമാര്‍, ഉപ്പയുടെ പെങ്ങന്മാര്‍, പറമ്പിലെ പണിക്കാര്‍, ജമാഅത്തുകാര്‍, നാട്ടിലെ കാരണവന്‍മാര്‍. അവരുടെ ചാലും മൂലും അടങ്ങിയാല്‍ പിന്നെ ഞങ്ങള്‍ മക്കളെയും ഒന്നിച്ചിരുത്തി ആഹാരം കഴിച്ച്‌ ഒരു ലഘു വിശ്രമം. വൈകുന്നേരമാവുമ്പോള്‍ പറമ്പിലൂടെ തെങ്ങിനോടും വാഴയോടും പ്ലാവിനോടും കുശലം പറഞ്ഞും ക്ഷേമാന്വേഷണം നടത്തിയും ഒരു നീണ്ട കറക്കമാണ്‌. മക്കള്‍ ഞങ്ങളും കൂട്ടുണ്ടാവും.

ഞങ്ങളുടെ ഉമ്മ. 1970 മാര്‍ച്ചില്‍ അനിയന്‍ ബശീറിനെ പ്രസവിച്ച്‌ ആഴ്ചകള്‍ക്കകമാണ്‌ ഉമ്മയുടെ വേര്‍പാടുണ്ടായത്‌. പതിനേഴ്‌ വര്‍ഷം നീണ്ടുനിന്ന ആ ദാമ്പത്യ ജീവിതത്തിലെ സ്നേഹോഷ്മളത ഉപ്പയുടെ ഓര്‍മകളില്‍ തിളക്കം കുറയാതെ നിന്നിരുന്നെന്ന്‌ എനിക്കറിയാം. ഉമ്മയുടെ വേര്‍പാടിനുശേഷം രണ്ടുപേര്‍ ഉപ്പയുടെ ജീവിതത്തിലേക്ക്‌ കടന്നുവരികയുണ്ടായെങ്കിലും അവരില്‍ ഒരാള്‍ അകാല ചരമം പ്രാപിക്കുകയാണുണ്ടായത്‌. ഒടുവില്‍ ഉപ്പയുടെയും ഞങ്ങളുടെയും ജീവിതത്തിലേക്ക്‌ കടന്നുവന്ന സ്ത്രീ ഞങ്ങള്‍ക്ക്‌ ഒരു 'എളേമ'യായിരുന്നില്ല. 'ഉപ്പാ, ഇവരില്‍ ഞാന്‍ എന്റെ ഉമ്മയുടെ മുഖം കാണുന്നു, ഇവരെ ഉമ്മയെന്നുവിളിച്ചോട്ടേ'യെന്ന്‌ ഒരിക്കല്‍ ഉപ്പയോട്‌ ചോദിച്ചു. അന്നുതൊട്ട്‌ അവര്‍ ഞങ്ങള്‍ക്ക്‌ ഉമ്മയാണ്‌.

ഉപ്പ അയല്‍വാസികളുടെയും കുടുംബാംഗങ്ങളുടെയും ഏതാവശ്യങ്ങളും കണ്ടറിഞ്ഞ്‌ സഹായങ്ങളെത്തിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധവെച്ചു. ചക്ക, മാങ്ങ, പഴം, അരി തുടങ്ങിയവയെല്ലാം. ഉപ്പയുടെ ഉമ്മ കുറച്ച്‌ കണിശക്കാരിയായിരുന്നു. അത്രയങ്ങ്‌ കൊടുക്കാന്‍ മനസ്സുവരില്ല. അതിനാല്‍ വല്ല്യുമ്മ ഇശാ നമസ്കാരത്തിന്‌ കൈ കെട്ടിക്കഴിഞ്ഞാല്‍ ഉപ്പയും ഉമ്മയും കട്ടിലിനടിയില്‍ അവര്‍ ഭദ്രമായി വെച്ച ചക്കയും മാങ്ങയും വാഴക്കുലയുമെല്ലാം അയല്‍വീടുകളിലേക്ക്‌ കടത്തുകയായി! വല്ല്യുമ്മയുടെ ഇശാ നമസ്കാരത്തിന്‌ അല്‍പം ദൈര്‍ഘ്യം കൂടുതലാണ്‌. അത്‌ അയല്‍ക്കാര്‍ക്ക്‌ ഗുണവുമാണ്‌.

വീട്ടിലെത്തുന്ന ഇടവേളകളില്‍ അടുത്തുള്ള കുളങ്ങളിലും നീര്‍ക്കെട്ടുകളിലും സുഹൃത്തുക്കളെയും കൂട്ടി ഒറ്റാലും വലയുമായി മീന്‍ പിടിക്കാന്‍ ഉപ്പാക്ക്‌ ഉത്സാഹമായിരുന്നു. കുളം നിറഞ്ഞുകിട്ടാന്‍ കാത്തിരിക്കുന്നപോലെയാണ്‌ ആ കാലങ്ങളില്‍ മീന്‍പിടിക്കാനുള്ള ഒരുക്കവും ബദ്ധപ്പാടും കണ്ടാല്‍. കൃഷിയില്‍ വലിയ താല്‍പര്യമായിരുന്നു. തെങ്ങും കവുങ്ങും വാഴയും കായ്ച്ചു കണ്ടാല്‍ ആ മുഖത്ത്‌ കളിയാടിയിരുന്ന സന്തോഷം ഒന്നു വേറെയാണ്‌. ഞങ്ങളോടെന്നപോലെ അവയോടും കൊച്ചുവര്‍ത്തമാനങ്ങള്‍ പറയുന്നത്‌ കാണാം.

സല്‍ക്കാരപ്രേമിയായിരുന്നു. വീട്ടില്‍ അതിഥികളായെത്തുന്നവര്‍ക്ക്‌ സന്തോഷം പകരാന്‍ ഏതറ്റംവരെയും പോകും. ഞാന്‍ ഇടക്ക്‌ ഉപ്പയെ സന്ദര്‍ശിക്കാന്‍ചെന്നാല്‍ പോലും ഒരു വിരുന്നുകാരന്റെ പരിഗണന കിട്ടും. മകനല്ലേയെന്നുചോദിച്ചാല്‍ 'സല്‍ക്കരിച്ചില്ലെങ്കില്‍ അവനെങ്ങാനും ഇനി വന്നില്ലെങ്കിലോ' എന്നു കണ്ണിറുക്കി ചിരിയോടെ ചോദിക്കും. കൂടപ്പിറപ്പുകളായ സഹോദരങ്ങള്‍ക്കുവേണ്ടി സന്തോഷപൂര്‍വം എന്തുത്യാഗത്തിനും ബുദ്ധിമുട്ടിനും തയ്യാറായിരുന്നു. അവരുടെ പ്രയാസങ്ങളിലും ഞെരുക്കങ്ങളിലും വേദനിക്കുകയും അവര്‍ക്ക്‌ ആശ്വാസം പകരുകയും ചെയ്യുന്ന ഒരു വലിയ മനസ്സുണ്ടായിരുന്നു. അനുജന്‍ അബ്ദുസ്സലാം മൗലവി ഉപ്പാക്ക്‌ മകനെപ്പോലെയായിരുന്നു.

കണക്കുകള്‍ കൃത്യമായി സൂക്ഷിക്കും. വീട്ടിലെ ചെലവുകള്‍, മരാമത്ത്‌ പണികള്‍ അങ്ങനെ ചെറുതും വലുതുമായ എന്ത്‌ കാര്യത്തിനും കൃത്യമായ കണക്ക്‌ എഴുതിവെക്കും. ആരെയും ബോധിപ്പിക്കാനല്ല. സ്വയം ബോധ്യമാവാന്‍ മാത്രം. മക്കളായ ഞങ്ങള്‍ക്ക്‌ വല്ലപ്പോഴും തരുന്ന ചില്ലറത്തുട്ടുകള്‍ക്കു പോലും ആ കുറിപ്പടികളില്‍ ഇടംകിട്ടും. മിതവ്യയം ആ മഹജ്ജീവിതത്തിന്റെ ഒരു സംസ്കാരമായിരുന്നു. വര്‍ണപ്പകിട്ടുകളും ആരവങ്ങളുമില്ലാത്ത ജീവിതം.

ഒരു ജ്യേഷ്ഠനും മൂന്ന്‌ അനുജന്മാരും രണ്ട്‌ ജ്യേഷ്ഠത്തിമാരും രണ്ട്‌ അനുജത്തിമാരും അടങ്ങുന്ന ഉപ്പയുടെ കുടുംബം പരസ്പരസ്നേഹത്തിന്റെയും ഭദ്രതയുടെയും കാര്യത്തില്‍ മുന്നിട്ടുനിന്നു. അവരുടെ മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന കുടുംബത്തിലെ കണ്ണികളെ സംയോജിപ്പിച്ച്‌ സുദൃഢമാക്കി നിര്‍ത്തുന്നതില്‍ ഉപ്പയുടെ സ്നേഹസാന്നിധ്യമായിരുന്നു മുഖ്യ ഘടകം. ഉപ്പ അവര്‍ക്ക്‌ അത്താണിയും അവലംബവുമായി നിന്നു. ഉപ്പയുടെ വേര്‍പാടോടെ ഇനി ഈ കണ്ണികളുടെ അടുപ്പവും ഉറപ്പും എങ്ങനെയിരിക്കും?

വീട്ടിലെ ഫലമൂലാദികളും തേങ്ങയും മൊത്തമായെടുക്കുന്നവര്‍, പണംതരേണ്ട അവധിയായാല്‍ ഉപ്പയെ സമീപിച്ച്‌ ഇളവാവശ്യപ്പെടുമ്പോള്‍ അവര്‍ക്ക്‌ നല്‍കുന്ന ഉദാരമായ ആനുകൂല്യം പലപ്പോഴും ഞങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്‌. ലാഭത്തിലെ കുറവും നഷ്ടത്തിന്റെ കണക്കും നിരത്തി ഉപ്പായെ വീഴ്ത്താമെന്ന ചിന്തയോടെ സംസാരിക്കുന്നവരെക്കുറിച്ച്‌ ഞങ്ങള്‍ വ്യംഗ്യമായ സൂചനകള്‍ കൈയും കലാശവും കാട്ടി നല്‍കുമ്പോള്‍ 'എടാ അവര്‍ പറയുന്നത്‌ നേരാണെങ്കിലോ' എന്ന ഉത്തമ വിശ്വാസത്തിലെടുക്കുന്ന സന്മനോഭാവം അധികമാരില്‍ കാണും?

മക്കള്‍ സര്‍വ കലകളിലും വ്യുല്‍പത്തിനേടണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു ഉപ്പാക്ക്‌. നീന്തല്‍, സൈക്ലിംഗ്‌, കളരി അഭ്യാസങ്ങള്‍, കളികള്‍- എല്ലാറ്റിലും പ്രാഗല്‍ഭ്യം തെളിയിക്കുന്ന മക്കളോട്‌ പ്രത്യേകം മമതയാണ്‌. പെണ്‍മക്കളെ മരം കയറാന്‍ വരെ ശീലിപ്പിച്ചു. പെണ്‍മക്കളെ മരം കയറ്റുന്നതിനെക്കുറിച്ചുള്ള സഹോദരിമാരുടെ കളിയാക്കല്‍ ചെറുചിരിയോടെ സന്തോഷപൂര്‍വം ഏറ്റുവാങ്ങും. എന്തിലും വെച്ചുപുലര്‍ത്തിയ ഒരു പുരോഗമന മനസ്സ്‌ ഉപ്പയുടെ സവിശേഷതയായിരുന്നു."

ഏഴു പതിറ്റാണ്ടിലെ കഥപറയുന്ന ഓര്‍മക്കുറിപ്പുകള്‍

2005 മാര്‍ച്ച്‌ നാലിന്‌ വാണിമേലിലെ ചിയ്യൂര്‍ പള്ളിപ്പരിസരത്ത്‌ ആറടി മണ്ണിലേക്ക്‌ ഇറക്കിവെച്ചത്‌ ഇനിയും പറയപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലാത്ത ഓര്‍മകളുടെ വന്‍ ശേഖരമാണ.്‌

മറ്റാര്‍ക്കും ഓര്‍ക്കാനോ പറഞ്ഞുതരാനോ കഴിയാത്ത അമൂല്യങ്ങളായ അസംഖ്യം അനുഭവകഥകള്‍ക്കുമേലാണല്ലോ മണ്ണ്‌ വാരിയിട്ടതെന്ന ചിന്ത മനസ്സിനെ ഇപ്പോഴും അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നീണ്ട മുക്കാല്‍ നൂറ്റാണ്ടുകാലത്തെ സംഭവബഹുലമായ ജീവിതത്തിലെ വിലപ്പെട്ട അനുഭവങ്ങളും തന്നോടൊപ്പം നടന്നുവന്നവരുടെ കഥകളും സമൂഹത്തിന്റെ നാഡീസ്പന്ദനങ്ങളും കേവലം ഇരുനൂറ്റമ്പത്‌ പുറങ്ങളില്‍ പറഞ്ഞു തീര്‍ക്കാവുന്നതല്ല. അതുകൊണ്ടു തന്നെ മര്‍ഹൂം കെ. മൊയ്തുമൗലവിയുടെ ഓര്‍മക്കുറിപ്പുകള്‍ ആ മഹജ്ജീവിതം ഉള്ളിലൊതുക്കിയ വിലപ്പെട്ട സ്മരണകളുടെ ഏതാനും ഇതളുകള്‍ മാത്രമാണ്‌. ജമാഅത്തെ ഇസ്ലാമിയുടെ രണ്ടും മൂന്നും നാലും തലമുറകള്‍ക്ക്‌ തീര്‍ത്തും അജ്ഞാതവും അതുകൊണ്ടുതന്നെ ഏറെ പുതുമയുള്ളതുമായ ഒട്ടേറെ അനുഭവങ്ങള്‍ അദ്ദേഹത്തിന്‌ പറഞ്ഞുതരാനുണ്ടെന്ന്‌ അറിയാമായിരുന്നു. അതിനാല്‍ ഓര്‍മക്കുറിപ്പുകളുടെ രണ്ടാം പതിപ്പ്‌ പുറത്തിറക്കിയപ്പോള്‍ അതൊന്നുകൂടി വികസിപ്പിക്കണമെന്നാഗ്രഹിച്ചു. എന്നാല്‍ അത്‌ പിന്നീടാവാമെന്നായിരുന്നു മൗലവിയുടെ പ്രതികരണം. അതുണ്ടായില്ലല്ലോ എന്നത്‌ ദുഃഖമായി അവശേഷിക്കുന്നു. കേരളത്തിലെ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ക്ക്‌ തങ്ങളുടെ പ്രസ്ഥാനത്തിന്റെ ഭൂതകാലത്തിലേക്ക്‌ കടന്നുചെല്ലാന്‍ സഹായിക്കുന്ന ഏറ്റവും നല്ല കവാടമാണ്‌ ഐ.പി.എച്ച്‌ പ്രസിദ്ധീകരിച്ച മൊയ്തുമൗലവിയുടെ ഓര്‍മക്കുറിപ്പുകള്‍.

ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍ ജമാഅത്തെ ഇസ്ലാമിയായി രൂപം കൊണ്ടതുമുതല്‍ പ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ച മൊയ്തുമൗലവി അതിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും രേഖപ്പെടുത്തുന്നത്‌ അഭിമാനത്തോടെയും ആഹ്ലാദത്തോടെയുമാണ്‌. പ്രബോധനത്തിന്റെയും ഐ.പി.എച്ചിന്റെയും കഥപറയുന്ന ഓര്‍മക്കുറിപ്പുകള്‍ പ്രസ്ഥാനത്തിന്റെ നാലു പതിറ്റാണ്ടുകാലത്തെ ചരിത്രം സംക്ഷിപ്തമായി വിവരിക്കുന്നു. അതിലൂടെ കടന്നുപോകുന്ന ഏവരും ഇനിയുമിനിയും ആ ഓര്‍മയുടെ അറകള്‍ തുറന്നിരുന്നുവെങ്കിലെന്നാഗ്രഹിച്ചുപോകും. എത്ര കേട്ടാലും കൊതിതീരാത്ത ചരിത്രാനുഭവങ്ങളാണ്‌ മൊയ്തു മൗലവി പറഞ്ഞു തന്നത്‌. 'പറയാതെ ബാക്കിവെച്ചതോ' എന്ന ചിന്തയും ചോദ്യവും മനസ്സിനെ വേട്ടയാടുന്നു. അത്തരം ചിന്തകള്‍ക്കും ചോദ്യങ്ങള്‍ക്കും ഇനിയൊട്ടും പ്രസക്തിയില്ലെങ്കിലും!

 

 
 
 
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.