..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 

കെ. അബ്ദുസ്സലാം മൗലവി

"താങ്കള്‍ കമ്യൂണിസ്റ്റുകാരെ ശ്രദ്ധിക്കണം. അവരെ നമുക്കു കിട്ടിയാല്‍ അത്‌ പ്രസ്ഥാനത്തിന്‌ വമ്പിച്ച നേട്ടമാകും"- നീര്‍ക്കുന്നം അബ്ദുല്‍ അസീസ്‌ സാഹിബ്‌, പുന്നപ്ര ഹസന്‍ ബാവ മാസ്റ്റര്‍, ആലപ്പുഴ യൂസുഫ്‌ എന്നിവരെ സംബന്ധിച്ച്‌ കെ. അബ്ദുസ്സലാം മൗലവിയോട്‌ ഹാജി സാഹിബ്‌ പറഞ്ഞു. മൂന്നുപേരും പ്രമുഖ കമ്യൂണിസ്റ്റ്‌ പ്രവര്‍ത്തകരായിരുന്നു; ഒന്നാമന്‍ പാര്‍ട്ടി സെല്‍ സെക്രട്ടറിയും. ഹാജിസാഹിബിന്റെ പരിപാടിയില്‍ കേള്‍വിക്കാരായി എത്തിയവരായിരുന്നു അവര്‍.

അബ്ദുസ്സലാം മൗലവി ഹാജി സാഹിബിന്റെ നിര്‍ദേശം പൂര്‍ണമായും പാലിച്ചു. മൂന്നുപേരെയും ലക്ഷ്യംവെച്ച്‌ നിരന്തരം പിന്തുടര്‍ന്നു. ഏറെക്കാലം കഴിയും മുമ്പേ മൂവരും ജമാഅത്തെ ഇസ്ലാമിയുടെ സജീവ പ്രവര്‍ത്തകരായി മാറി.

അബ്ദുസ്സലാം മൗലവിയുടെ പാദം പതിയാത്ത, ശ്രവണമധുരമായ ഖുര്‍ആന്‍ പാരായണം ശ്രവിക്കാത്ത, പതിഞ്ഞ സ്വരത്തിലുള്ള ഭക്തിനിര്‍ഭരമായ പ്രഭാഷണം നടക്കാത്ത, ജമാഅത്തെ ഇസ്ലാമിക്ക്‌ സ്വാധീനമുള്ള ഏതെങ്കിലും പ്രദേശം കേരളത്തിലുണ്ടോ എന്ന്‌ സംശയമാണ്‌; പ്രത്യേകിച്ചും ദക്ഷിണ കേരളത്തില്‍. അദ്ദേഹത്തിലൂടെ ജമാഅത്തെ ഇസ്ലാമിയിലേക്ക്‌ കടന്നുവന്നവര്‍ നിരവധിയാണ്‌. അവരില്‍ സാധാരണക്കാരും കൊല്ലം അബ്ദുല്ല മൗലവിയെപ്പോലുള്ള മതപണ്ഡിതന്‍മാരും ആലപ്പുഴ അബ്ദുല്‍ ഹമീദ്‌ സാഹിബിനെപ്പോലുള്ള നാട്ടുമുഖ്യന്മാരുമുണ്ട്‌. ഏവരെയും ആകര്‍ഷിക്കുന്ന വശ്യമായ പുഞ്ചിരിയും ഹൃദ്യമായ പെരുമാറ്റവും സ്നേഹപൂര്‍വമായ സമീപനവും അദ്ദേഹത്തിന്റെ വിശിഷ്ടഗുണങ്ങളത്രേ.

വടക്കുനിന്ന്‌ തെക്കോട്ട്‌

കോഴിക്കോട്‌ ജില്ലയില്‍ വാണിമേലിനടുത്ത്‌ നരിപ്പറ്റയില്‍ 1933-ലാണ്‌ അബ്ദുസ്സലാം മൗലവി ജനിച്ചത്‌. പിതാവ്‌ കുട്ട്യാലി. മാതാവ്‌ ആഇശ. കെ.മൊയ്തുമൗലവി ജ്യേഷ്ഠസഹോദരനാണ്‌. നരിപ്പറ്റയിലെയും വാണിമേലിലെയും സ്കൂളുകളിലാണ്‌ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട്‌ ചിയ്യൂര്‌, കടവത്തൂര്‍, തൊടികപ്പലം, എടവനക്കാട്‌ എന്നിവിടങ്ങളിലെ പള്ളിദര്‍സുകളില്‍ പഠിച്ചു. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്‌ കോളേജിലും കാസര്‍കോട്‌ അല്‍മദ്‌റസത്തുല്‍ ആലിയ അറബിക്‌ കോളേജിലുമായിരുന്നു ഉപരിപഠനം. കെ.സി അബ്ദുല്ല മൗലവി, മുഹമ്മദ്‌ അമാനി മൗലവി, എം.കെ മൊയ്തീന്‍ മൗലവി , കെ.പി മുഹമ്മദ്‌ മൗലവി എന്നിവര്‍ അദ്ദേഹത്തിന്റെ അധ്യാപകരില്‍ പ്രമുഖരാണ്‌.

ചെറുപ്രായത്തില്‍ത്തന്നെ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചു. പഠനം പൂര്‍ത്തിയാക്കിയ അബ്ദുസ്സലാം മൗലവി വി.പി മുഹമ്മദലി ഹാജി സാഹിബിന്റെ നിര്‍ദേശാനുസരണം കൊച്ചിയിലെ പള്ളുരുത്തിയില്‍ ഖത്വീബും മുഴുസമയ പ്രവര്‍ത്തകനുമായി. 1958-ലാണ്‌ ജമാഅത്തില്‍ അംഗമായത്‌.

കേരളത്തിലെ എല്ലാ ജില്ലകളിലും നാസിമായ ചുരുക്കം ചിലരില്‍ ഒരാളാണ്‌ അബ്ദുസ്സലാം മൗലവി. എന്നാല്‍ ഏറ്റവും കൂടുതല്‍ കാലം നാസിമായത്‌ ദക്ഷിണ കേരളത്തിലാണ്‌. അക്കാലത്ത്‌ ആലപ്പുഴ, അമ്പലപ്പുഴ, നീര്‍ക്കുന്നം തുടങ്ങിയ പ്രദേശങ്ങളില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്‌ അടിത്തറ പാകിയത്‌ അദ്ദേഹമാണ്‌.

മേഖലാ നാസിമായ അബ്ദുസ്സലാം മൗലവി ഒരിക്കല്‍ നാസിമായ ജ്യേഷ്ഠസഹോദരന്‍ മൊയ്തുമൗലവിയോട്‌ പറഞ്ഞു: "എന്തായാലും ഇപ്പോള്‍ നിന്നെക്കാള്‍ വിവരം എനിക്കാണ്‌."

"അതെന്താടോ നീ അങ്ങനെ പറയുന്നത്‌?" മൊയ്തുമൗലവി ചോദിച്ചു.

"അതോ, എന്നെക്കാള്‍ മൂന്നുകൊല്ലം മുമ്പാണ്‌ നീ നാസിമായത്‌." അബ്ദുസ്സലാം മൗലവി ചിരിച്ചുകൊണ്ട്‌ പറഞ്ഞു. നാസിം ജോലിയുടെ ഭാരവും വായിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയും വ്യക്തമാക്കുക

യായിരുന്നു അദ്ദേഹം.

1984 വരെ ജമാഅത്തെ ഇസ്ലാമി കേരള ശൂറയിലും കേന്ദ്ര പ്രതിനിധി സഭയിലും അംഗമായിരുന്നു. ദക്ഷിണമേഖലാ നാസിമായിരിക്കെ 1975-ലെ അടിയന്തരാവസ്ഥക്കാലത്ത്‌ അറസ്റ്റ്‌ ചെയ്യപ്പെടുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തു.

വിദ്യാഭ്യാസ പ്രവര്‍ത്തകന്‍

1956-ല്‍ മൂവാറ്റുപുഴയില്‍ അല്‍മദ്‌റസത്തുല്‍ ഇസ്ലാമിയ്യ സ്ഥാപിച്ചുകൊണ്ടാണ്‌ അബ്ദുസ്സലാം മൗലവി പ്രവര്‍ത്തനമാരംഭിച്ചത്‌. തുടര്‍ന്ന്‌ ദക്ഷിണ കേരളത്തിലെ മുസ്ലിം പെണ്‍കുട്ടികളുടെ മതവിദ്യാഭ്യാസം ലക്ഷ്യമാക്കി അവിടത്തന്നെ അല്‍മദ്‌റസത്തുല്‍ ബനാത്ത്‌ സ്ഥാപിച്ചു. 1957 മുതല്‍ 1960 വരെ അതിന്റെ പ്രധാനാധ്യാപകനും അദ്ദേഹംതന്നെയായിരുന്നു.

1967-ല്‍ കൊടുങ്ങല്ലൂരിലെ എറിയാട്‌ മദ്‌റസത്തുല്‍ ബനാത്ത്‌ സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചതും അബ്ദുസ്സലാം മൗലവി തന്നെ. പിന്നീട്‌ 1990-ല്‍ ഡോ. മുഹ്‌യിദ്ദീന്‍ ആലുവായ്‌, ബാവ മൂപ്പന്‍ എന്നിവരുമായി സഹകരിച്ച്‌ ആലുവയില്‍ അഷറുല്‍ ഉലൂം അറബിക്‌ കോളേജ്‌ സ്ഥാപിച്ചു. അതിന്റെ ആദ്യ പ്രിന്‍സിപ്പാളും അദ്ദേഹംതന്നെയായിരുന്നു. ഏറ്റവുമൊടുവില്‍ തൃശൂരിനടുത്ത കരുവന്നൂരില്‍ ദാറുസ്സലാം ചാരിറ്റബിള്‍ ട്രസ്റ്റ്‌ സ്ഥാപിച്ച്‌ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.

കൊടുങ്ങല്ലൂര്‍ ഇസ്ലാമിക്‌ എജ്യുക്കേഷന്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍, പെരുമ്പിലാവ്‌ അന്‍സ്വാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ വൈസ്‌ ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച മൗലവി മുപ്പതോളം ട്രസ്റ്റുകളില്‍ അംഗമായിരുന്നിട്ടുണ്ട്‌.

റാബിയ, റുഖിയ്യ എന്നീ രണ്ടു ഭാര്യമാരുണ്ട്‌. മുഹമ്മദലി, ഷൗക്കത്ത്‌, ആരിഫ്‌, ഷാക്കിര്‍, ഫൈസല്‍, യഹ്‌യ, സകരിയ്യ എന്നീ ഏഴു പുത്രന്മാരും സഫിയ എന്ന പുത്രിയുമുണ്ട്‌. 2003 ജനുവരു 3-ന്‌ പരലോകം പ്രാപിച്ചു.

ചില അനുഭവങ്ങള്‍

എസ്‌. അബ്ദുര്‍റശീദ്‌ എഴുതിയ അനുസ്മരണക്കുറിപ്പില്‍ ചേര്‍ത്ത അബ്ദുസ്സലാം മൗലവിയുടെ ചില ജീവിതാനുഭവങ്ങള്‍ ഏറെ ശ്രദ്ധേയങ്ങളാണ്‌:

"നീര്‍ക്കുന്നത്ത്‌ ഒരു ഓലഷെഡില്‍ നടന്ന സ്റ്റഡി സര്‍ക്കിള്‍ യോഗത്തില്‍ അബ്ദുസ്സലാം മൗലവി, മുഷഫ്‌ തുറന്നുവെച്ച്‌ ഖുര്‍ആന്‍ ക്ലാസെടുത്തു കൊണ്ടിരിക്കുന്നു. പുറത്തുനിന്ന്‌ ഗുണ്ടാസംഘമെത്തി കല്ലേറും ബഹളവും തുടങ്ങി. മുഷഫില്‍ കല്ലും മണ്ണും വീണു. ഇതുകണ്ട്‌ സഹിക്കാനാവാതെ അരോഗദൃഢഗാത്രനായ അബ്ദുല്‍ അസീസ്‌ സാഹിബ്‌ ചാടിയെഴുന്നേറ്റ്‌ ഗുണ്ടകളെ 'കൈകാര്യം' ചെയ്യാനൊരുങ്ങി. ഉടന്‍ അബ്ദുസ്സലാം മൗലവി അദ്ദേഹത്തെ ബലമായി പിടിച്ചിരുത്തി പറഞ്ഞു: 'അബ്ദുല്‍ അസീസ്‌, അവിടെ ഇരിക്കൂ. പ്രതികാരത്തിന്‌ മുതിരരുത്‌. അവരോട്‌ അല്ലാഹു ചോദിച്ചുകൊള്ളും. അല്ലാഹു ശിക്ഷിക്കുന്നതുപോലെ നിങ്ങള്‍ക്ക്‌ ശിക്ഷിക്കാന്‍ കഴിയില്ല.' ആ യോഗം അങ്ങനെ പിരിഞ്ഞു. തുടര്‍ന്ന്‌ മൂന്നാം ദിവസം അബ്ദുല്‍ അസീസ്‌ സാഹിബ്‌ കാണുന്നത്‌ ബഹളമുണ്ടാക്കാന്‍ നേതൃത്വം കൊടുത്തയാള്‍ മാവിന്‍കൊമ്പില്‍ തൂങ്ങി ആത്മഹത്യ ചെയ്ത അവസ്ഥയിലാണ്‌. ഉടന്‍ ആത്മഗതം ചെയ്തു: 'നേരാണ്‌, അല്ലാഹു ശിക്ഷിക്കുന്നതുപോലെ എനിക്കു ശിക്ഷിക്കാന്‍ കഴിയില്ല!'

അന്നലത്തോട്‌ പ്രദേശത്ത്‌ മൗലവിയും ഒരുപറ്റം യുവാക്കളും സ്ക്വാഡ്‌ പോയി. പ്രദേശത്തുകാര്‍ സംഘടിച്ച്‌ ചെറുത്തുനില്‍പും ആക്രമണവുമാരംഭിച്ചു, കൂക്കിവിളി, കല്ലേറ്‌, പടക്കമേറ്‌ തുടങ്ങിയവയുടെ അകമ്പടിയോടെ. മൗലവിയും സംഘവും അവിടെനിന്ന്‌ കിഴക്കോട്ടേക്ക്‌ ഓടി; അക്രമികള്‍ പിറകെയും. ഒടുവില്‍ പ്രബോധകസംഘം ഒരു മണല്‍ക്കൂനക്കു മുകളില്‍ കയറി. തിരിഞ്ഞുനിന്ന്‌ മൗലവി ഒരു പ്രഖ്യാപനം നടത്തി: 'സഹോദരന്മാരേ, ഇന്നു ഞങ്ങള്‍ക്ക്‌ നിങ്ങളെ കിട്ടിയില്ലെങ്കില്‍ നാളെ നിങ്ങളുടെ മക്കളെങ്കിലും ഞങ്ങളുടെ കൂടെ വരും." ഈ പ്രഖ്യാപനം പിന്നീട്‌ സത്യമായി പുലര്‍ന്നു.

ആക്രമണോത്സുകരായി വന്ന നേതാക്കളില്‍ ചിലരുടെ മക്കളും പേരക്കുട്ടികളും ഇന്ന്‌ ജമാഅത്തിന്റെയും അതിന്റെ പോഷകസംഘടനകളുടെയും സജീവ പ്രവര്‍ത്തകരാണ്‌.

പല സ്ഥലങ്ങളില്‍ വെച്ചും മൗലവിക്ക്‌ മര്‍ദനങ്ങളേല്‍ക്കേണ്ടിവന്നിട്ടുണ്ട്‌. ഒരിക്കല്‍ കോട്ടയം താഴത്തങ്ങാടിയില്‍ ജമാഅത്തെ ഇസ്ലാമിയെ പരിചയപ്പെടുത്തി സംസാരിക്കവെ കല്ലേറും കൂക്കിവിളിയും കാരണം അദ്ദേഹത്തിനും കൂടെയുണ്ടായിരുന്ന എം.പി.കെക്കും സ്റ്റേജില്‍നിന്ന്‌ ഓടി രക്ഷപ്പെടേണ്ടിവന്നു.

മറ്റൊരിക്കല്‍ ഈരാറ്റുപേട്ടയിലെത്തി നമസ്കരിക്കാന്‍ പള്ളിയില്‍ കയറിയപ്പോഴേക്കും വിലക്ക്‌ വന്നു. നമസ്കരിക്കാതെ ഇറങ്ങിപ്പോരുകയല്ലാതെ രക്ഷയുണ്ടായിരുന്നില്ല. മൂവാറ്റുപുഴക്കടുത്ത പെഴയ്ക്കാപ്പിള്ളിയില്‍ മൗലവി ഒരു വഅള്‌ പരമ്പര നടത്തി. അടുത്തുള്ള പള്ളിയില്‍ ദര്‍സ്‌ നടക്കാറുണ്ട്‌. അവിടെ നിന്ന്‌ കുഫ്ര് ഫത്‌വയും, മൗലവിയുടെ പ്രസംഗ പരമ്പരയില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ വിലക്കും വന്നു. പ്രസംഗം തുടര്‍ന്നു. വിഷയം പരലോകവും ഇസ്ലാമിക ചരിത്രവുമൊക്കെയാണ്‌. ഉടനെ വന്നു പ്രതികരണം: 'ഇതൊന്നും ഞങ്ങള്‍ക്ക്‌ കേള്‍ക്കേണ്ട. നമസ്കാരത്തിന്റെ ശര്‍ത്വും ഫര്‍ദുമൊക്കെ പ്രസംഗിക്കാന്‍ പറ്റുമെങ്കില്‍ അതു മതി.' അതിനു മറുപടി പറഞ്ഞത്‌ മൗലവിയുടെ കൂടെയുണ്ടായിരുന്ന എം.പി.കീയാണ്‌: എഴുപത്‌ വര്‍ഷമായി ഇവിടെ തുടരുന്ന പള്ളിദര്‍സില്‍നിന്ന്‌ നിങ്ങള്‍ക്ക്‌ നമസ്കാരത്തിന്റെ ശര്‍ത്വും ഫര്‍ദും ഇതുവരെ പഠിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ഞങ്ങള്‍ പറഞ്ഞു തരാം.' കൂക്കിവിളിയും ബഹളവും ഉടനെ ആരംഭിച്ചു. 'കലാപരിപാടി' തുടങ്ങിയപ്പോള്‍ മൗലവിക്കും കൂട്ടുകാര്‍ക്കും രായ്ക്കുരാമാനം സ്ഥലം വിടേണ്ടിവന്നു. മെയിലുകളോളം നടന്നാണ്‌ അന്നവര്‍ മൂവാറ്റുപുഴയിലെത്തിയത്‌.

അബ്ദുസ്സലാം മൗലവിയുടെ അക്കാലത്തെ പ്രവര്‍ത്തനരീതി മാതൃകാപരവും ഫലപ്രദവുമായിരുന്നു. അനുയോജ്യമെന്നു തോന്നുന്ന ഒരു പ്രദേശം തെരഞ്ഞെടുക്കും. അവിടെ സത്യത്തോടും നീതിയോടും ആഭിമുഖ്യമുള്ളവരെന്നു തോന്നുന്ന ചിലരെ കണ്ടെത്തും. സ്ക്വാഡ്‌ പ്രവര്‍ത്തനങ്ങളിലൂടെ അവരുമായി നിരന്തരബന്ധം സ്ഥാപിക്കും. പിന്നീട്‌ അവരെ ഉപയോഗിച്ച്‌ ഒരു സ്റ്റഡി സര്‍ക്കിളുണ്ടാക്കും. തുടര്‍ന്ന്‌ കുറെ ക്ലാസുകള്‍ സംഘടിപ്പിക്കും. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണവും ഹൃദയഹാരിയായ അറബികവിതകളുടെ അകമ്പടിയോടെയുള്ള വ്യാഖ്യാനവും പലരെയും അതിലേക്കാകര്‍ഷിക്കും. ക്രമേണ സ്റ്റഡി സര്‍ക്കിള്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തന വൃത്തമാക്കി മാറ്റും. കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രവര്‍ത്തനവൃത്തങ്ങളില്‍ ഏറെയും നാസിമുകളുടെ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ രൂപംകൊണ്ടവയാണ്‌. അതുകൊണ്ടുതന്നെ അവയിലൂടെ പ്രസ്ഥാനത്തിലേക്കുവന്ന പ്രവര്‍ത്തകര്‍ക്ക്‌ ആദര്‍ശവും ലക്ഷ്യവും നന്നായി പഠിക്കാനും മനസ്സിലാക്കാനും അവസരം ലഭിച്ചിരുന്നു.

 

 
 
 
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.