|
ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ചുമതലയേറ്റ് വെള്ളിമാടുകുന്നിലെത്തിയപ്പോള്‍ പിതൃസമാനമായ സ്നേഹത്തോടെ ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്ന ടി. ഇഷാഖലി മൗലവി ലാളിത്യത്തിന്റെയും വിനയത്തിന്റെയും കാണപ്പെടുന്ന രൂപമായിരുന്നു. അഗാധമായ പാണ്ഡിത്യത്തിന്റെ ഉടമയാണെന്ന് പ്രത്യക്ഷത്തില്‍ ആര്‍ക്കും തോന്നുകയില്ല. എന്നാല്‍ ഇസ്ലാമിക വിഷയങ്ങളില്‍ ഏതിനെക്കുറിച്ചു ചോദിച്ചാലും പ്രാമാണികമായ മറുപടി കൃത്യമായി ഏവര്‍ക്കും ലഭിക്കും. കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു.
ഗ്രന്ഥകാരന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇഷാഖലി മൗലവി ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാലനേതാക്കളില്‍ പ്രമുഖനാണ്. ഇസ്ലാമിക വിപ്ലവചിന്ത സിരകളില്‍ സദാ ചൂടു പകര്‍ന്നതിനാല്‍ അദ്ദേഹത്തിന് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഒരു യോഗിവര്യനെപ്പോലെ കര്‍മനിരതമായ ജീവിതം നയിച്ചു. വാര്‍ധക്യകാലത്താണ് മൗലവിയുമായി ഒന്നിച്ചുകഴിയാന്‍ അവസരം ലഭിച്ചത്. അപ്പോഴും എഴുത്തിലും വായനയിലുമായിരുന്നു മുഴുശ്രദ്ധയും ശ്രമവും.
ജനനം, വിദ്യാഭ്യാസം
1926-ല്‍ പാലക്കാട് ജില്ലയില്‍ ആനക്കര പഞ്ചായത്തിലെ പന്നിയൂരില്‍ ജനിച്ചു. പിതാവ് മൊയ്തീന്‍ കുട്ടി വ്യാപാരിയായിരുന്നു. മാതാവ് തൊഴുവാനൂരിലെ മമ്മി ഹാജിയുടെ മകള്‍ ബീവിക്കുട്ടി.
പ്രാഥമിക വിദ്യാഭ്യാസം ആനക്കര മാപ്പിള സ്കൂളിലായിരുന്നു. അഞ്ചാം ക്ലാസ് പാസായതോടെ മതപഠനത്തിലേക്ക് നീങ്ങി. കുമ്പിടി, കുറ്റിപ്പുറം, കൂടല്ലൂര്‍, ആനക്കര, തൊഴുവാനൂര്‍, തിരുവേഗപ്പുറ, ചാവക്കാട്, പുതിയങ്ങാടി എന്നിവിടങ്ങളിലെ പള്ളിദര്‍സുകളില്‍ പഠിച്ചു. 1942-ല്‍ പിതാവ് പരലോകം പ്രാപിച്ചു. തുടര്‍ന്ന് 1943-ല്‍ താമസം പന്നിയൂരില്‍നിന്ന് കുമ്പിടിയിലേക്കുമാറ്റി. ആ വര്‍ഷംതന്നെ മാതാവും പരലോകം പ്രാപിച്ചു.
പുതിയങ്ങാടി പള്ളിദര്‍സില്‍ വിദ്യാര്‍ഥിയായിരിക്കെ അറബി അധ്യാപകനായ ഫലകി മുഹമ്മദ് മൗലവിയുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചു. അദ്ദേഹം പുരോഗമനാശയക്കാരനും പരിഷ്കരണ വാദിയുമായിരുന്നു. ഫലകിയുടെ പ്രേരണാ ഫലമായി പതിനെട്ടാം വയസ്സില്‍ വാഴക്കാട് ദാറുല്‍ ഉലൂമില്‍ ചേര്‍ന്നു. അവിടത്തെ വിദ്യാര്‍ഥി എന്ന നിലയില്‍ ഇഷാഖലി മൗലവിയുടെ ചിത്രം കെ. മൊയ്തു മൗലവി ഇങ്ങനെ വരച്ചു കാണിക്കുന്നു:
"കേവലം ഒരു ഷര്‍ട്ടും ഒരു തുണിയും ഒരു ടവ്വലും അതായിരുന്നു അന്ന് ഇഷാഖലിയുടെ വേഷം. 'ഉടുതുണിക്ക് മറുതുണിയില്ല' എന്നു പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല. തലയില്‍ എണ്ണ ഇടാറില്ല. മുഖത്ത് വളര്‍ന്നുവരുന്ന നേരിയ രോമങ്ങള്‍ ഷേവ് ചെയ്യാറില്ല. ചായകുടിക്കുന്ന സമ്പ്രദായമില്ല. രണ്ടിഞ്ച് നീളമുള്ള ഒരു കടലാസ് പെന്‍സിലാണ് സ്വന്തമായുള്ള ഏക പഠനോപകരണം. അധികം സംസാരമോ കളിയോ ചിരിയോ ഒന്നുമില്ല. ചോദിച്ചാല്‍ ഉത്തരം പറയും. ബെല്ലടിച്ചാല്‍ ക്ലാസില്‍ ഹാജരാകും. ഏതെങ്കിലും ഒരു ഭാഗത്തിരുന്ന് പാഠം പഠിക്കും. ക്ലാസ് കഴിഞ്ഞാല്‍ റൂമിലേക്ക് തിരിക്കും. ഒന്നും മനസ്സിലാകാത്ത മണ്ടനെന്നേ പ്രഥമദൃഷ്ടിയില്‍ തോന്നുകയുള്ളൂ. പാഠം ആവര്‍ത്തിക്കുകയോ ചോദിച്ച് പഠിക്കുകയോ ഇല്ല. എന്നാല്‍ സഹപാഠികള്‍ വല്ല സംശയവും ചോദിച്ചാല്‍ അതിനു നിവാരണമുണ്ടാക്കിക്കൊടുക്കും. ക്രമേണ ക്ലാസിലെ കുട്ടികള്‍ക്ക് അദ്ദേഹം അവലംബമായി മാറി.
പരീക്ഷാ കാലം വന്നാല്‍, രാപകല്‍ മത്സരിച്ച് പഠിക്കുന്ന വിദ്യാര്‍ഥികളെയും ദിവസങ്ങളോളം ഉറങ്ങാതെ പഠനത്തില്‍ മാത്രം മുഴുകിയിരുന്ന സുഹൃത്തുക്കളെയും ഞാനോര്‍ക്കുന്നു. ഇഷാഖലി മാത്രം മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുകയോ ആരെങ്കിലും വായിക്കുന്നത് കേട്ടിരിക്കുകയോ ചെയ്യും. ക്ലേശിച്ചു പഠിക്കുകയോ ഉറക്കമൊഴിക്കുകയോ ചെയ്യാറില്ല. പരീക്ഷാഹാളില്‍ കൃത്യസമയത്തെത്തും. എത്രയും വേഗം സ്ഥലം വിടുകയും ചെയ്യും. എന്നെപ്പോലുള്ളവര്‍ പതിനെട്ടും ഇരുപതും പേജ് കറുപ്പിച്ച് വിടുമ്പോള്‍ അദ്ദേഹം അരപേജ് അല്ലെങ്കില്‍ മുക്കാല്‍ പേജ് മാത്രമെഴുതും. റിസള്‍ട്ട് വന്നാല്‍ കൂടുതല്‍ എഴുതിയ ഞങ്ങള്‍ക്ക് അമ്പത്ശതമാനവും അദ്ദേഹത്തിന് തൊണ്ണൂറ്റഞ്ച് ശതമാനവുമായിരിക്കും മാര്‍ക്ക്. എല്ലാ സംഗതികളും കാര്യമാത്ര പ്രസക്തമായിരുന്നു. എഴുത്ത്, സംസാരം, പ്രവര്‍ത്തനം, എല്ലാം.
പ്രിന്‍സിപ്പാള്‍ എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൗലവിക്കും അനുജന്‍ ഹസന്‍ മൗലവിക്കും ഇഷാഖലിയുടെ വളര്‍ച്ചയില്‍ വലിയ പങ്കുണ്ട്. 'ചേക്കാലി'യെ 'ഇഷാഖലി'യാക്കിയത് എം.സി.സി. സഹോദരന്മാരായിരുന്നുവെന്നു പറഞ്ഞാല്‍ തെറ്റില്ല. ഭാവിക്കുപകരിക്കുന്ന ഒരു പ്രതിഭാശാലിയെ ഇഷാഖലിയില്‍ നോക്കിക്കണ്ട ആ ക്രാന്തദര്‍ശികള്‍ അദ്ദേഹത്തെ അതിയായി സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്തു. ഞങ്ങള്‍ക്കാര്‍ക്കും എം.സി.സി. സഹോദരങ്ങളെ ഒരിക്കലും മറക്കുക സാധ്യമല്ല. അവരാണ് ഞങ്ങള്‍ ഞങ്ങളായിത്തീര്‍ന്നതില്‍ പ്രധാന പങ്കു വഹിച്ചവര്‍."
വാഴക്കാട് ദാറുല്‍ ഉലൂം 1946-ല്‍ നിര്‍ത്തലാക്കി. അധ്യാപകരും വിദ്യാര്‍ഥികളും തിരൂരങ്ങാടി തറമ്മല്‍ പള്ളിയിലേക്ക് മാറിയതോടെ ഇഷാഖലി മൗലവിയും അവിടെ പഠനം തുടര്‍ന്നു. പിന്നീട് പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജ് സ്ഥാപിതമായപ്പോള്‍ അദ്ദേഹവും മറ്റുള്ളവരോടൊപ്പം അവിടേക്കു മാറി. എന്നാല്‍ ദീര്‍ഘകാലം അവിടെ പഠനം തുടരാന്‍ കഴിഞ്ഞില്ല. വാഴക്കാട്ടുവെച്ച് തന്നെ ഹാജി സാഹിബിന്റെ സന്ദര്‍ശന വേളകളില്‍ അധ്യാപകരുമായി നടന്ന സംസാരത്തില്‍നിന്ന്് ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് മനസ്സിലാക്കാന്‍ അവസരം ലഭിച്ചിരുന്നു. അതോടെ അതിലാകൃഷ്ടനായ ഇഷാഖലി മൗലവി ക്രമേണ കൂടുതല്‍ പഠിക്കുകയും അതുമായി ബന്ധപ്പെടുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമിയുമായുള്ള ഈ ബന്ധം മദീനത്തുല്‍ ഉലൂമിലെ അധ്യാപകരിലുണ്ടാക്കിയ അനിഷ്ടമാണ് സ്ഥാപനത്തോട് വിടപറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ഇഷാഖലി മൗലവിയുടെ അമ്മാവന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ മകള്‍ ഉമ്മു ആഇശയെ ഹാജി സാഹിബ് വിവാഹം കഴിച്ചതോടെ അവര്‍ക്കിടയിലെ ബന്ധം കുറേക്കൂടി ഊഷ്മളവും സുദൃഢവുമായി. കുഞ്ഞഹമ്മദ് ഹാജി വളാഞ്ചേരി ജമാഅത്തുല്‍ മുസ്തര്‍ശിദീന്റെ സ്ഥാപകാംഗമാണ്. 1948-ല്‍ ജമാഅത്തെ ഇസ്ലാമി വളാഞ്ചേരി ഘടകം നിലവില്‍വന്നതോടെ അതിലും അംഗമായി. ഇക്കാരണങ്ങളാലെല്ലാം മൗലവിക്ക് പ്രസ്ഥാനവുമായി ഉറ്റബന്ധം പുലര്‍ത്താന്‍ അവസരം ലഭിച്ചു.
നേതൃനിരയില്‍
1960 ഏപ്രിലിലാണ് ഇഷാഖലി മൗലവി ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായത്. തുടര്‍ന്ന് എല്ലാ ശ്രദ്ധയും ശ്രമവും പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലായി. തന്റെ പാണ്ഡിത്യവും ബുദ്ധിസാമര്‍ഥ്യവുമുള്‍പ്പെടെ എല്ലാം ഇസ്ലാമിനും ഇസ്ലാമിക പ്രസ്ഥാനത്തിനും സമര്‍പ്പിച്ചു. ജമാഅത്തിന്റെ സന്ദേശ പ്രചാരണത്തിനായി നാടിന്റെ നാനാഭാഗങ്ങളില്‍ സഞ്ചരിക്കുമ്പോഴും വേഷം പഴയ വിദ്യാര്‍ഥികാലത്തേതുതന്നെയായിരുന്നു. കൂടെ
ഒരു പുസ്തക സഞ്ചികൂടി ഉണ്ടായിരുന്നുവെന്നതാണ് ഏകമാറ്റം. പലയിടങ്ങളിലും ചെന്ന് സ്വഭാവശുദ്ധിയും മൗലിക നന്മയുമുള്ള വ്യക്തികളെ കണ്ടെത്തി അവരുമായി ബന്ധം സ്ഥാപിച്ചു. നിരന്തര സമ്പര്‍ക്കത്തിലൂടെ അവരെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു. സ്വഭാവമേന്മയും ആത്മാര്‍ഥമായ സമീപനവും കാരണമായി ധാരാളമാളുകളെ ജമാഅത്തുമായി ബന്ധിപ്പിക്കാന്‍ അദ്ദേഹത്തിന് സൗഭാഗ്യമുണ്ടായി. അങ്ങനെ പ്രസ്ഥാന വളര്‍ച്ചയില്‍ മഹത്തായ സംഭാവനകളര്‍പ്പിക്കാന്‍ ആ പണ്ഡിതവര്യന് സാധിച്ചു.
അറബിയിലും ഉര്‍ദുവിലും നല്ല പരിജ്ഞാനമുണ്ടായിരുന്ന ഇഷാഖലി മൗലവി ജമാഅത്തെ ഇസ്ലാമി അംഗങ്ങളുടെ വൈജ്ഞാനിക വളര്‍ച്ചക്ക് വഴിയൊരുക്കാനും അവരില്‍ നേതൃഗുണം വളര്‍ത്താനുമായി ഹാജിസാഹിബിന്റെ നേതൃത്വത്തില്‍ 1951-ല്‍ ആരംഭിച്ച 'മജ്ലിസുന്നുഖ്ബ' യില്‍ അംഗമായിരുന്നു. അതിന്റെ യോഗങ്ങളില്‍ വിവിധ വിഷയങ്ങളില്‍ പ്രാമാണികമായ അറിവ് പകര്‍ന്നുകൊടുക്കാന്‍ അദ്ദേഹത്തിനു സൗഭാഗ്യം സിദ്ധിച്ചു.
ഇഷാഖലി മൗലവി അത്യസാധാരണമാംവിധം ധീരനും തന്റേടിയുമായിരുന്നു. ടി.കെ. അബ്ദുല്ല സാഹിബ് ഓര്‍ക്കുന്നു: "വാഴക്കാട് ദാറുല്‍ ഉലൂമില്‍ പഠിക്കുന്ന കാലം. ആ സ്ഥാപനത്തിന്റെ സ്വത്തുക്കള്‍ വഖ്ഫ് ചെയ്ത കുടുംബം നിശ്ചയിച്ച വ്യവസ്ഥയനുസരിച്ച് അവിടത്തെ വിദ്യാര്‍ഥികളും അധ്യാപകരും എല്ലാ ദിവസവും മഗ്‌രിബ് നമസ്കാരാനന്തരം പള്ളിയില്‍ വട്ടംകൂടിയിരുന്ന് ദിക്ര് ചൊല്ലേണ്ടതുണ്ടായിരുന്നു. ദാറുല്‍ ഉലൂമിലെ മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും അതില്‍ പങ്കെടുക്കുമായിരുന്നു, ഇഷാഖലി മൗലവിയൊഴിച്ച്. മാറിനില്‍ക്കുന്ന അദ്ദേഹത്തോട് അതില്‍ പങ്കാളിയാകാന്‍ ആവശ്യപ്പെടാനുള്ള ധൈര്യം അധ്യാപകര്‍ക്കു പോലുമുണ്ടായിരുന്നില്ല. അത്രയേറെ ആദര്‍ശധീരനായിരുന്നു അദ്ദേഹം."
നാല്‍പത് പേജിന്റെ നോട്ടുപുസ്തകം പോലുമില്ലാതെ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച അസാധാരണമായ ധൈഷണിക പ്രതിഭയെന്നും, സൂഫിവര്യനെപ്പോലെ ജീവിച്ച വിശുദ്ധനെന്നുമാണ് ടി.കെ. അബ്ദുല്ലാ സാഹിബ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ഇഹലോകത്തോട് വിടപറയുംവരെ മൗലവി സാഹിബ് കേന്ദ്ര പ്രതിനിധി സഭയിലും സംസ്ഥാന കൂടിയാലോചനാ സമിതിയിലും അംഗമായിരുന്നു. ശൂറായോഗങ്ങളില്‍ ധാരാളമായി സംസാരിച്ചിരുന്നില്ലെങ്കിലും പ്രധാന പ്രശ്നങ്ങളിലെല്ലാം ഇടപെടുകയും മൗലിക സ്വഭാവമുള്ള സ്വന്തം വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 1975-ല്‍ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെടുകയും ഏറ്റവും കൂടുതല്‍ ദിവസം ജയിലില്‍ കഴിയേണ്ടിവരികയും ചെയ്തു.
പ്രിന്‍സിപ്പാള്‍
ഇഷാഖലി മൗലവി ഏറെ മികവ് പ്രകടിപ്പിച്ച മേഖല അധ്യാപനമാണ്. എടവനക്കാട് ഇര്‍ശാദുല്‍ മുസ്ലിമീന്‍, ചേണ്ടമംഗല്ലൂര്‍ അല്‍മദ്‌റസത്തുല്‍ ഇസ്ലാമിയ്യ, ശാന്തപുരം ഇസ്ലാമിയ്യ കോളേജ്, കുറ്റ്യാടി ഇസ്ലാമിയ്യ കോളേജ് എന്നിവിടങ്ങളിലെല്ലാം അദ്ദേഹം അധ്യാപകനായിരുന്നു. ശാന്തപുരം കോളേജിലെ വിദ്യാര്‍ഥികള്‍ വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ കഴിവ് നേടിയെടുത്തതില്‍ മൗലവി വഹിച്ച പങ്ക് വിവരണാതീതമാണ്. ശാന്തപുരം ഇസ്ലാമിയ്യ കോളേജിലും കുറ്റ്യാടി ഇസ്ലാമിയ്യ കോളേജിലും പ്രിന്‍സിപ്പാളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശാന്തപുരത്ത് ജോലി ചെയ്തുകൊണ്ടിരിക്കെ കുടുംബസമേതം അവിടത്തന്നെയായിരുന്നു താമസം. അതിനാല്‍ വിദ്യാര്‍ഥികളുമായി അടുത്തിടപഴകാനും അവരിലെ വ്യത്യസ്ത കഴിവുകള്‍ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരാനും അദ്ദേഹത്തിനു സാധിച്ചു. രോഗം കാരണം ഡോക്ടര്‍മാര്‍ കണിശമായി വിലക്കുന്നതുവരെ അധ്യാപനം തുടര്‍ന്നു.
രചനകള്‍
ശാന്തപുരത്തോട് വിടപറഞ്ഞ ഇഷാഖലി മൗലവി വെള്ളിമാടുകുന്നില്‍ ജമാഅത്തെ ഇസ്ലാമിയുടെ ഗ്രന്ഥരചനാ വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചു. കഴിവുറ്റ ഒരെഴുത്തുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. ലളിതമായ ഭാഷയിലും സരളമായ ശൈലിയിലുമാണ് അദ്ദേഹത്തിന്റെ മുഴുവന്‍ രചനകളും. അതുകൊണ്ടുതന്നെ മദ്‌റസാ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതിലും മഹത്തായ പങ്കുവഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
പ്രബോധനം മാസികയിലെ 'പ്രശ്നവും വീക്ഷണവും' എന്ന പംക്തി അബൂശാക്കിര്‍ എന്ന തൂലികാനാമത്തില്‍ ഏറെക്കാലം കൈകാര്യം ചെയ്തിരുന്നത് ഇഷാഖലി മൗലവിയാണ്. തഫ്ഹീമുല്‍ ഖുര്‍ആന്‍ ആദ്യത്തെ രണ്ടു വാല്യങ്ങളുടെ പരിഭാഷയില്‍ പങ്കാളിയായ അദ്ദേഹമാണ് ഫിഖ്ഹുസ്സുന്നയുടെ ഒന്നും രണ്ടും മൂന്നും വാല്യങ്ങളുടെ മൊഴിമാറ്റം നടത്തിയത്. ഹദീസ് ഭാഷ്യം, പ്രാര്‍ഥനകള്‍ എന്നീ കൃതികളുടെ കര്‍ത്താവും അദ്ദേഹംതന്നെ.
1965-ല്‍ ശാന്തപുരത്തെ വീട് ഒഴിവാക്കി വളാഞ്ചേരിക്കടുത്ത മീമ്പാറയില്‍ താമസമാക്കിയ ഇഷാഖലി മൗലവി 1985 നവംബര്‍ 25-ന് ഇഹലോകവാസം വെടിഞ്ഞു. ഹാജി സാഹിബിന്റെ ഭാര്യാസഹോദരി ബീവിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ടി. മുഹമ്മദ് ശാക്കിര്‍, ടി. അബ്ദുല്‍ ഹമീദ് എന്നീ പുത്രന്മാരും സുഹ്‌റ, ഹബീബ, നജീബ എന്നീ പുത്രിമാരുമുണ്ട്.
വിസ്മയകരമായ ബുദ്ധിവൈഭവത്തിന്റെ ഉടമയായിരുന്ന ഇഷാഖലി മൗലവി വിരക്തനെപ്പോലെ വിശുദ്ധിയും യോഗിയെപ്പോലെ ലാളിത്യവുമുള്ള ജീവിതം നയിച്ചു. ആര്‍ക്കും മറക്കാനാവാത്ത അദ്ദേഹത്തിന്റെ സവിശേഷതകളും അതുതന്നെ.
|