ജമാഅത്തെ ഇസ്ലാമിയുടെ നിരോധം
സുപ്രിംകോടതി നീക്കി
ഇസ്ലാമിക പ്രസ്ഥാനമായ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിക്കുമേല്‍ കേന്ദ്ര ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ നിരോധം സുപ്രിംകോടതി നീക്കി. നിരോധം ശരിവെച്ച ബി.എം ലാല്‍ ട്രൈബ്യൂണല്‍ വിധി പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞു. നിര്‍ത്തിവെച്ച സംഘടനാ പ്രവര്‍ത്തനം ഇന്നു പുരാരംഭിക്കുമെന്ന് ജമാഅത്ത് നേതാക്കള്‍ അറിയിച്ചു.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെതുടര്‍ന്ന് 1992 ഡിസംബര്‍ 10-ന് മറ്റു നാലു സംഘടനകളോടൊപ്പമാണ് ജമാഅത്തിനെയും നരോധിച്ച് ഗവണ്‍മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. 1967-ലെ നിയമവിരുദ്ധ പ്രവര്‍ത്തന (നിരോധ)നിയമപ്രകാരമായിരുന്നു ഇത്. 1994 ഏപ്രില്‍ 11-ന് ട്രൈബ്യൂണല്‍ നിരോധം ശരിവെച്ചു.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ജമാഅത്ത് ഏര്‍പ്പെട്ടതായി തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ജസ്റിസ് എസ്.പി ബറൂച്ച, ജസ്റിസ് ജെ.എസ് വര്‍മ, ജസ്റിസ് കെ.എസ് പരിപൂര്‍ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. ട്രൈബ്യൂണല്‍ കണ്ടെത്തിയ കാരണങ്ങള്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധ നിയമപ്രകാരം സംഘടനയെ നിരോധിക്കാന്‍ മതിയായവയല്ലെന്നും 38 പേജ്വരുന്ന വിധിന്യായത്തില്‍ സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
ട്രൈബ്യൂണല്‍വിധി വരുന്നതിനു മുമ്പ് മാര്‍ച്ച് 18-ന് നിരോധം സുപ്രിംകോടതി റദ്ദാക്കിയിരുന്നു. എന്നാല്‍, അലഹബാദ് ഹൈക്കോടതിയിലെ ജസ്റിസ് ബി.എം ലാലിന്റെ നേതൃത്വത്തിലുള്ള ട്രൈബ്യൂണല്‍ നിരോധം ശരിവെച്ചു. തുടര്‍ന്ന് ജമാഅത്ത് വീണ്ടും സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
ട്രൈബ്യൂണലിനു മുന്നില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളും തെളിവുകളും പരിശോധിച്ചാണ് വിധിയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ തെളിവുകള്‍ ഹാജറാക്കി വീണ്ടും നിരോധമേര്‍പ്പെടുത്താന്‍ ഇത് തടസ്സമല്ല.
ജമാഅത്തെ ഇസ്ലാമി അമീര്‍ മൌലാനാ സിറാജുല്‍ ഹസന്‍, നാഇബ് അമീര്‍ അബ്ദുല്‍ അസീസ് എന്നിവര്‍ കാശ്മീര്‍ സംബന്ധിച്ച് ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും ചോദ്യംചെയ്ത് പ്രസംഗിച്ചുവെന്നാണ് നിരോധത്തിനു കാരണമായി ഗവണ്‍മെന്റ് വ്യക്തമാക്കിയിരുന്നത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി തയാറാക്കിയ രേഖയും ആഭ്യന്തര മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി ടി.എന്‍ ശ്രീവാസ്തവ, ഇന്റലിജന്‍സ് ബ്യൂറോ ജോയന്റ് ഡയറക്ടര്‍ എന്‍.സി പഥി എന്നിവരുടെ സത്യവാങ്മൂലവുമാണ് ട്രൈബ്യൂണല്‍ മുമ്പാകെ സര്‍ക്കാര്‍ ഹാജറാക്കിയിരുന്നത്. അവ വ്യക്തിപരമായി നേരിട്ടുള്ള അറിവുകള്‍ക്കുപരി റിപ്പോര്‍ട്ടുകളെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
ഈ സാഹചര്യത്തില്‍ ഹാജറാക്കിയ തെളിവുകളുടെ വിശ്വാസ്യത പരിശോധിക്കാന്‍ ട്രൈബ്യൂണലിനു മാര്‍ഗമുണ്ടായിരുന്നില്ലെന്നും കേന്ദ്രത്തിന്റെ അഭിപ്രായം സ്വീകരിക്കുകമാത്രമായിരുന്നു വഴിയെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
1967-ലെ നിയമവിരുദ്ധ പ്രവര്‍ത്തന (നിരോധ)നിയമത്തെ ചോദ്യം ചെയ്ത് ജമാഅത്ത് ഫയല്‍ചെയ്ത റിട്ട് ഹരജി കോടതി തള്ളിക്കളഞ്ഞു. അത് ഇപ്പോള്‍ പരിഗണിക്കേണ്ട കാര്യമല്ലെന്ന് ഡിവിഷന്‍ബെഞ്ച് പറഞ്ഞു.
സീനിയര്‍ അഭിഭാഷകരായ സോളിസൊറാബ്ജി, വി.എം താര്‍ക്കുണ്ടെ എന്നിവരോടൊപ്പം രാജുരാമചന്ദ്രന്‍, ഇഹ്ജാസ് മഖ്ബൂല്‍ എന്നിവരാണ് ജമാഅത്തിനുവേണ്ടി ഹാജരായത്.
ജമാഅത്തിനു പുറമെ വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍, ഐ.എസ്.എസ്, ആര്‍.എസ്.എസ് എന്നീ സംഘടനകളെയാണ് നിരോധിച്ചിരുന്നത്. ആര്‍.എസ്.എസ്, ബജ്റംഗ്ദള്‍ എന്നിവയുടെ നിരോധം ബെഹ്രി ട്രൈബ്യൂണല്‍ നീക്കുകയുണ്ടായി.
(മാധ്യം 08/12/1994) |