ജമാഅത്ത് രൂപീകരണസമ്മേളനത്തില്‍ മൌലാനാ മൌദൂദി ചെയ്ത പ്രസംഗം (സംഗ്രഹം) 1941 ആഗസ്ത് 26
....... ഒരുകാലത്ത് സാധാരണ മുസ്ലിംകളെപ്പോലെ ഞാനും പാരമ്പര്യമതത്തിന്റെ വക്താവും പ്രയോക്താവുമായിരുന്നു. ബോധം വന്നപ്പോള്‍ ഇങ്ങനെ ബാപ്പമാരില്‍ കണ്ടത് മാത്രം പിന്‍പറ്റുന്നത് നിരര്‍ഥകമാണെന്ന് തോന്നി. അവസാനം ഖുര്‍ആനിലേക്കും സുന്നത്തിലേക്കും ശ്രദ്ധയൂന്നി ഇസ്ലാമിനെ മനസ്സിലാക്കുകയും മനസ്സറിഞ്ഞ് അതില്‍ വിശ്വസിക്കുകയും ചെയ്തു.
പിന്നീട് ഇസ്ലാമിക വ്യവസ്ഥയുടെ വിശദാംശങ്ങള്‍ ഗ്രഹിക്കാന്‍ ശ്രമിച്ചു. അങ്ങനെ അല്ലാഹു എന്റെ മനസ്സിന് പൂര്‍ണ സമാധാനം നല്കുകയും ഞാന്‍ വിശ്വസിക്കുന്ന സത്യത്തിലേക്ക് മറ്റുള്ളവരെ ക്ഷണിക്കാനാരംഭിക്കുകയും ചെയ്തു. ഈ ഉദ്ദേശ്യാര്‍ഥമാണ് ഹി. 1352-ല്‍ തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസിക പ്രസിദ്ധീകരണമാരംഭിച്ചത്. തുടക്കത്തില്‍ ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളകറ്റുവാനും ശരിയായ വിഭാവന സമര്‍പ്പിക്കുവാനുമാണ് വിനിയോഗിച്ചത്. ശേഷം ദീനിനെ ഒരു പ്രസ്ഥാനമായി സമര്‍പ്പിക്കുവാന്‍ തുടങ്ങി. പ്രസ്ഥാനംകൊണ്ട് ഞാന്‍ വിവക്ഷിക്കുന്നത്, മതനിഷ്ഠ എന്നത് നമ്മുടെ വ്യക്തിഗതജീവിതത്തിലെ നിര്‍ജീവമായ പ്രകടനങ്ങളില്‍ മാത്രമല്ല, സാമൂഹിക ജീവിതത്തിലും അതൊരു വ്യവസ്ഥയായി നടപ്പാക്കപ്പെടണം. അതിനെതിരെ തടസ്സമായി നില്ക്കുന്ന സകല ശക്തികളെയും തട്ടിമാറ്റാനും ശ്രദ്ധിക്കണം. ദാറുല്‍ ഇസ്ലാമിന്റെ സംസ്ഥാപനം ഈ ഗണത്തിലെ ആദ്യത്തെ കാല്‍വെപ്പായിരുന്നു. ഹിജ്റ 1357(1938)ലാണ് അതിന് തുടക്കം കുറിച്ചത്. അന്ന് നാല് വ്യക്തികളാണ് സഹപ്രവര്‍ത്തകരായുണ്ടായിരുന്നത്. ഈ എളിയ തുടക്കം കാലത്തിന്റെ തേട്ടമനുസരിച്ച് അതിനിസ്സാരമായിരുന്നു. പക്ഷേ, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഞങ്ങള്‍ നിരാശരായില്ല. ഇസ്ലാമിക പ്രസ്ഥാനത്തിലേക്ക് ക്ഷണിക്കുവാനും അതിന് താത്വികമായ അടിത്തറ
പാകുവാനും നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒന്ന്, രണ്ട് എന്ന ക്രമത്തില്‍ പ്രവര്‍ത്തകരുടെ വൃത്തം വലുതായി. നാട്ടിന്റെ നാനാഭാഗത്തും ഇതുപോലെ ചിന്തിക്കുന്ന ആളുകളുടെ ഹല്‍ഖകള്‍
രൂപീകൃതമായിക്കൊണ്ടിരുന്നു. ഇസ്ലാമിക സാഹിത്യങ്ങളുടെ പ്രചാരണത്തോടൊപ്പം വാമൊഴിയായുള്ള ആശയ പ്രചാരണങ്ങളും തുടര്‍ന്നുകൊണ്ടിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളെ അഗാധമായി വിശകലനം ചെയ്തപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ രൂപീകരണത്തിന് മണ്ണ്
പാകമായിരിക്കുന്നു എന്ന് ബോധ്യപ്പെട്ടു. രണ്ടാമത്തെ കാല്‍വെപ്പിനനുയോജ്യമായ സമയമാണിത്. അതിനു വേണ്ടിയാണീ സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
കഴിഞ്ഞതും നിലവിലുള്ളതുമായ മതസംഘടനകളെയും ഇസ്ലാമിക പ്രസ്ഥാനത്തെയും താരതമ്യം ചെയ്തുകൊണ്ടദ്ദേഹം പറഞ്ഞു:
1. ഇത്തരം സംഘടനകള്‍ ഇസ്ലാമിന്റെ ഏതെങ്കിലും ഒരു ശാഖയെയോ അല്ലെങ്കില്‍ ഭൌതികമായ ഏതെങ്കിലും ലക്ഷ്യത്തെയോ മുന്‍നിര്‍ത്തി സ്ഥാപിതമായതാണ്. നാമാകട്ടെ ഇസ്ലാമിനെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇസ്ലാം മാത്രമാണ് നമ്മുടെ പ്രസ്ഥാനത്തിന്റെ എല്ലാമെല്ലാം.
2. അവയുടെ ഘടന നിലവിലുള്ള ഭൌതിക പാര്‍ട്ടികളുടെ രീതിയനുസരിച്ചാണ്. എന്നാല്‍ നാം നബി(സ) സ്ഥാപിച്ച ജമാഅത്തിന്റെ ഘടനയാണ് തെരഞ്ഞെടുക്കുക.
3. ഇത്തരം മതസംഘടനകളില്‍ അംഗത്വം കിട്ടുവാനുള്ള യോഗ്യത മുസ്ലിം സമുദായത്തില്‍ ജനിക്കുക എന്നത് മാത്രമാണ്. ഇതിന്റെ അനന്തരഫലം, ഇത്തരം സംഘടനകളിലെ അംഗങ്ങളും പ്രവര്‍ത്തകരും മാത്രമല്ല, നേതാക്കള്‍ വരെ തങ്ങളുടെ സ്വഭാവകര്‍മാദികളില്‍ വിശ്വാസമര്‍പ്പിക്കാന്‍ കൊള്ളാത്തവരും വിശ്വസിച്ചേല്പിക്കാന്‍ പറ്റാത്തവരുമായിരിക്കും. നമ്മുടെ പ്രസ്ഥാനത്തില്‍ അംഗത്വമെടുക്കാനുള്ള മാനദണ്ഡം ഒരു സാമ്പ്രദായിക മുസ്ലിമാവുക എന്നതല്ല, മറിച്ച് ഇസ്ലാമിന്റെ ആദര്‍ശവാക്യവും അതിന്റെ വിവക്ഷയും അനിവാര്യ തേട്ടങ്ങളും ശരിയായി ഗ്രഹിച്ച് ഉറച്ച് വിശ്വസിക്കുകയും, അങ്ങനെ ജമാഅത്തില്‍ അംഗമായിക്കഴിഞ്ഞാല്‍ അവന്‍ അംഗീകരിച്ച ഈമാനിന്റെ നന്നെകുറഞ്ഞ തേട്ടങ്ങളെങ്കിലും പൂര്‍ത്തിയാക്കുകയും ചെയ്യണം-ഇന്‍ശാ അല്ലാഹ്. ഇസ്ലാമിക സമൂഹത്തിലെ നല്ല വ്യക്തികള്‍ മാത്രമാണ് അപ്പോള്‍ ഈ സംഘടനയില്‍ കടന്നുവരിക.
4. മറ്റു സംഘടനകളുടെ വീക്ഷണം ഇന്ത്യയില്‍, ഇന്ത്യയില്‍തന്നെ മുസ്ലിംകളിലും പരിമിതമായിരുന്നു. ഇനി, അല്പം വിശാലമായി ചിന്തിച്ചവര്‍ പോലും അത് ലോകമുസ്ലിംകളില്‍ പരിമിതപ്പെടുത്തി. ഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മുസ്ലിം സമുദായത്തില്‍ പരിമിതമായിരുന്നതിനാല്‍ അവരുടെ താല്‍പര്യങ്ങളിലും അവരുടെ പ്രവര്‍ത്തനങ്ങളിലും പ്രശ്നങ്ങളിലും ഒതുങ്ങിനിന്നു. അമുസ്ലിംകളെ സ്വാധീനിച്ചില്ലെന്ന് മാത്രമല്ല പലപ്പോഴും അത് അമുസ്ലിംകളുടെ മുന്നില്‍ മാര്‍ഗ തടസ്സങ്ങള്‍ സൃഷ്ടിക്കുക കൂടി ചെയ്തു. എന്നാല്‍ ഇസ്ലാം തന്നെയാണ് നമ്മുടെ പ്രസ്ഥാനം. ഇസ്ലാമാകട്ടെ ലോകത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണ്. അതിനാല്‍ നമ്മുടെ ദൃഷ്ടി ഏതെങ്കിലും പ്രത്യേക രാജ്യത്തിലെ പ്രത്യേക സമുദായത്തിന്റെ താല്‍ക്കാലിക പ്രശ്നങ്ങളുമായി
കെട്ടുപിണഞ്ഞ് നില്ക്കുന്നതല്ല. പ്രത്യുത, മുഴുവന്‍ മനുഷ്യരെയും ആവരണം ചെയ്യുന്നതും ഭൂതലത്തോളം വിശാലവുമാണ്. മുഴുവന്‍ മനുഷ്യരുടെയും ജീവിതപ്രശ്നങ്ങള്‍ നമ്മുടെ കൂടി പ്രശ്നങ്ങളാണ്. അല്ലാഹുവിന്റെ കിതാബും നബിതിരുമേനിയുടെ സുന്നത്തും മുഖേനയാണ് ആ പ്രശ്നങ്ങള്‍ക്ക് നാം പരിഹാരം സമര്‍പ്പിക്കുന്നത്. ആ പരിഹാരത്തിലാണ് സകലരുടെയും വിജയവും സൌഭാഗ്യവും. അതുകൊണ്ട് തന്നെ നമ്മുടെ പ്രസ്ഥാനത്തില്‍ ജന്മബാധ്യതയുള്ള മുസ്ലിംകളില്‍നിന്ന് നല്ല വ്യക്തികള്‍ വന്നുചേരുന്നതു പോലെ ജന്മനാ അമുസ്ലിംകളായവരില്‍ നിന്നുള്ള ഭാഗ്യശാലികളും അണിചേരുന്നതാണ്.
ഈ സവിശേഷതകള്‍ മൂലമാണ് നാം നമ്മുടെ ജമാഅത്തിനെ ഇസ്ലാമിക സംഘടനയെന്നും(ഇസ്ലാമീ ജമാഅത്ത്) ഇസ്ലാമിക പ്രസ്ഥാനമെന്നും വിശേഷിപ്പിക്കുന്നത്. ഇതിന്റെ ആദര്‍ശവും ലക്ഷ്യവും സംഘടനാവ്യവസ്ഥയും പ്രവര്‍ത്തനമാര്‍ഗവും ഇസ്ലാമിന്റേതാണെന്നിരിക്കെ, ഇസ്ലാമീ ജമാഅത്ത് എന്ന് തന്നെയാണ് ഇതിന് ഏറ്റവും അനുയോജ്യമായ
പേര്. ഇസ്ലാമിന്റെ യഥാര്‍ഥ ലക്ഷ്യത്തിലേക്ക് ഇസ്ലാമികമായ മാര്‍ഗത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുന്ന സംഘടനയാകയാല്‍ ഇത് ഇസ്ലാമിക സംഘടനയല്ലാതെ മറ്റൊന്നുമാവുകയില്ല. പ്രവാചക കാലഘട്ടത്തിനു ശേഷം
രൂപംകൊള്ളുന്ന ഏതൊരു പ്രസ്ഥാനത്തിനും രണ്ട് ശക്തമായ ആഭ്യന്തര പ്രതിസന്ധികള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.
1. ഇത്തരം സംഘടനകള്‍ നിലവില്‍ വന്നശേഷം കാലമേറെ കഴിയുന്നതിന് മുമ്പുതന്നെ അവര്‍ സ്വന്തം സംഘടന പ്രവാചക കാലത്തുണ്ടായിരുന്ന ജമാഅത്തിന്റെതാണ് എന്ന് തെറ്റിദ്ധരിക്കുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, തങ്ങളുടെ സംഘടനയില്‍ ചേരാത്തവര്‍ മുഅ്മിനല്ല. അതില്‍നിന്ന് ഒറ്റപ്പെട്ടവന്‍ നരകത്തിലും ഒറ്റപ്പെടും. ഈ കാഴ്ചപ്പാട് ഇത്തരം സംഘടനകളെ മുസ്ലിംകളില്‍പെട്ട ഒരു കക്ഷിയാക്കി മാറ്റുന്നു. അങ്ങനെ അവരുടെ മുഴുവന്‍ സമയവും ഊര്‍ജവും പ്രബോധനത്തിന് പകരം മുസ്ലിംകളുമായി ഏറ്റുമുട്ടുന്നതിനും വാദകോലാഹലങ്ങള്‍ക്കുമായി വിനിയോഗിക്കപ്പെടുന്നു.
2. ഇത്തരം സംഘടനകളുടെ അമീറായി അംഗീകരിക്കപ്പെടുന്ന വ്യക്തിക്ക് പ്രവാചകന് ശേഷം ഖുലഫാഉര്‍റാശിദുകള്‍ക്കുള്ള സ്ഥാനം കല്പിക്കപ്പെടുന്നു. അഥവാ ആരുടെ കണ്ഠത്തില്‍ ബൈഅത്തിന്റെ മാലയില്ലയോ അവന്‍ ഇസ്ലാമിന്റെ പുറത്താണെന്ന് തെറ്റിദ്ധരിക്കുന്നു. പിന്നീടവരുടെ മുഴുവന്‍ ശ്രദ്ധയും തങ്ങളുടെ നേതാവിന്റെ ഇമാമത്തും ഇമാറത്തും മറ്റുള്ളവരെക്കൊണ്ടംഗീകരിപ്പിക്കുന്നതില്‍ കേന്ദ്രീകരിക്കുന്നു.
നാം ഈ രണ്ട് അപകടങ്ങളില്‍നിന്നും സുരക്ഷിതരായി മുന്നോട്ടു പോവേണ്ടതുണ്ട്. പ്രവാചകന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട സംഘത്തിന്റെ അവസ്ഥ നമുക്കില്ലെന്ന് നല്ലവണ്ണം മനസ്സിലാക്കണം. ഇസ്ലാമിക വ്യവസ്ഥ നാമാവശേഷമായശേഷം അതിനെ
പുനരുജ്ജീവിപ്പിക്കാന്‍ വേണ്ടി എഴുന്നേറ്റവരുടെ സംഘടനയാണ് നമ്മുടേത്. പ്രവാചകനേതൃത്വത്തില്‍ ഒരു സംഘം രൂപംകൊള്ളുമ്പോള്‍ ലോകത്തിലെ ഇസ്ലാമിക സംഘം അത് മാത്രമായിരിക്കും. അതിനപ്പുറമുള്ളതെല്ലാം കുഫ്റായിരിക്കും. എന്നാല്‍ പില്ക്കാലത്ത് ആ വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് ശ്രമിക്കുന്ന ആളുകളെല്ലാം ഒരൊറ്റ ജമാഅത്തില്‍ അണിചേര്‍ന്നു കൊള്ളണമെന്നില്ല. ഒരേ സമയത്ത് തന്നെ ഒന്നിലേറെ സംഘടനകളുണ്ടാവാം. എന്നാല്‍ അവയിലൊന്നും, തങ്ങള്‍ മാത്രമാണ് സത്യത്തില്‍ എന്നവകാശപ്പെടാവതല്ല. തങ്ങളുടേത് മാത്രമാണ് ഇസ്ലാമിക സംഘടനയെന്നും തങ്ങളുടെ അമീര്‍ അമീറുല്‍ മുഅ്മിനീന്‍ ആണെന്നും പറയാവതല്ല. ഇക്കാര്യത്തില്‍ നമ്മുടെ സംഘടനയില്‍ ചേരുന്ന എല്ലാവരും കണിശമായ സൂക്ഷ്മത പുലര്‍ത്തേണ്ടതാണ്. നാം തീവ്രതയൊഴിവാക്കണം. കാരണം, മുസ്ലിംകളില്‍ ഇനിയും ഒരു 'ഫിര്‍ഖ'യാവാന്‍ നാം ഉദ്ദേശിക്കുന്നില്ല. നാം ദൈവിക ദീനിനെ സേവിക്കുന്നതിന് പകരം കൂടുതല്‍ നാശങ്ങള്‍ വരുത്തിവെക്കുന്നതിന് കാരണമാവുന്നതില്‍നിന്ന് അല്ലാഹു നമ്മെ രക്ഷിക്കട്ടെ. ആമീന്‍
ജമാഅത്തെ ഇസ്ലാമിക്ക് ലോകത്ത് ചെയ്യാനുള്ള പ്രവര്‍ത്തനത്തെക്കുറിച്ച് സങ്കുചിതമായ ഒരു വിഭാവനയും വേണ്ടതില്ല. കാരണം, അതിന് പ്രവര്‍ത്തിക്കാന്‍ ഒരു പ്രത്യേക മണ്ഡലമില്ല. മനുഷ്യജീവിതമാസകലം അതിന്റെ പ്രവര്‍ത്തന വൃത്തത്തില്‍ വരുന്നു. ഇസ്ലാം മുഴുവന്‍ മനുഷ്യരുടേതുമാണ്. മനുഷ്യനുമായി ബന്ധപ്പെട്ടതെല്ലാം ഇസ്ലാമുമായി ബന്ധമുള്ളതാണ്. ഇസ്ലാമിക പ്രസ്ഥാനം ഒരു സമഗ്ര പ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഏതെങ്കിലും പ്രത്യേക യോഗ്യതകളും വൈജ്ഞാനിക കഴിവുകളും ഉള്ളവരെയാണാവശ്യം എന്നില്ല. എല്ലാ മനുഷ്യര്‍ക്കും ഇവിടെ പ്രവര്‍ത്തനത്തിനവസരമുണ്ട്. ആരും ഇവിടെ നിഷ്ക്രിയരാവുകയില്ല. യോഗ്യതയുള്ളവര്‍ക്ക് അതനുസരിച്ച് സേവനം ചെയ്യാം.
പുരുഷന്‍, സ്ത്രീ, വൃദ്ധന്‍, യുവാവ്, ഗ്രാമീണന്‍, നഗരവാസി, കര്‍ഷകന്‍, തൊഴിലാളി, വ്യാപാരി, ഉദ്യോഗസ്ഥന്‍, പ്രസംഗകന്‍, എഴുത്തുകാരന്‍, സാഹിത്യകാരന്‍, നിരക്ഷരന്‍ തുടങ്ങി എല്ലാവരും ഒരുപോലെ പ്രവര്‍ത്തിക്കുന്നവരും പ്രയോജനം ചെയ്യുന്നവരുമാകും. നിബന്ധന ഒന്ന് മാത്രം. അവര്‍ ഇസ്ലാമികാദര്‍ശം സ്വയം തെരഞ്ഞെടുക്കുകയും അതനുസരിച്ച് ജീവിക്കാന്‍ ദൃഢനിശ്ചയം ചെയ്യുകയും വേണം. മുസ്ലിംകളുടെ ലക്ഷ്യമായി ഇസ്ലാം വിശേഷിപ്പിച്ച ലക്ഷ്യത്തെ തന്റെ ലക്ഷ്യമായി സ്വീകരിക്കണം. ജമാഅത്തെ ഇസ്ലാമിയിലേക്ക് കടന്നുവരുന്നവര്‍ നന്നായി മനസ്സിലാക്കേണ്ട ഒരു കാര്യം ഈ സംഘടനയുടെ മുമ്പിലുള്ള പ്രവര്‍ത്തനം ഒരിക്കലും അനായാസകരമോ അയത്നലളിതമോ അല്ല. അവര്‍ ഈ ലോകത്തെ മാറ്റേണ്ടവരാണ്. ഈ ലോകത്തിന്റെ സദാചാരം, രാഷ്ട്രീയം, നാഗരികം, സാമ്പത്തികം, സാമൂഹികം തുടങ്ങി മുഴുവന്‍ ലോകത്തിന്റെയും അലകും പിടിയും മാറ്റിയെടുക്കണം. ദൈവധിക്കാരത്തിലധിഷ്ഠിതമായ ജീവിതവ്യവസ്ഥയെ പിഴുതെറിഞ്ഞ് പകരം ദൈവാനുസരണത്തിലധിഷ്ഠിതമായ വ്യവസ്ഥയെ
സംസ്ഥാപിക്കണം. അതിനായി എല്ലാ പൈശാചിക ശക്തികളോടും ഏറ്റുമുട്ടേണ്ടിവരും. ഇതൊരു പ്രയാസരഹിതമായ പ്രവര്‍ത്തനമായി മനസ്സിലാക്കി കടന്നുവരുന്നവര്‍ പ്രതിബന്ധങ്ങളുമായി ഏറ്റുമുട്ടുമ്പോള്‍ നിര്‍വീര്യരായിത്തീരും. അതിനാല്‍ മുന്നോട്ടു ഗമിക്കുന്നതിന് മുമ്പായി, താന്‍ ഏതൊരു മുള്‍ക്കിരീടമാണ് അണിയാന്‍
പോകുന്നതെന്ന് ഓരോ വ്യക്തിയും നന്നായി ചിന്തിക്കണം. ഈ മാര്‍ഗത്തില്‍ മുന്നോട്ടു ഗമിക്കുന്നതും
പുറകോട്ടടിക്കുന്നതും ഒരുപോലെയല്ല. ഇവിടെ
പുറകോട്ടടിക്കുന്നതിന്റെ അര്‍ഥം മതപരിത്യാഗം എന്നാണ്. ഈ സംഘടനയില്‍നിന്ന് പുറത്തുപോകുന്നത് മതപരിത്യാഗമാണ് എന്നല്ല പറഞ്ഞതിന്റെ അര്‍ഥം. മറിച്ച് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുന്നോട്ട് കാലെടുത്തുവെച്ച ശേഷം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നാശനഷ്ടങ്ങളും ഭീഷണികളും കാരണമായി പുറത്തുപോകുന്നത് ആത്മാവിലും ചൈതന്യത്തിലും ഇര്‍തിദാദാണെന്നാണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചിട്ടുള്ളത്.
ആരെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ - യുദ്ധതന്ത്രമായിട്ടോ, മറ്റൊരു സൈ ന്യത്തോടൊപ്പം ചേരുന്നതിന് വേണ്ടിയോ അല്ലാതെ- പിന്മാറുകയാണെങ്കില്‍ അവന്‍ അല്ലാഹുവിന്റെ കോപത്തില്‍ പതിക്കുന്നതാണ്. അവന്റെ അഭയ സ്ഥാനം നരകമായിരിക്കും. എന്തുമാത്രം ദുഷിച്ച സങ്കേതമാണത്. (അല്‍അന്‍ഫാല്‍ 16)
അതിനാല്‍ കാലെടുത്തു വെക്കുന്നതിന് മുമ്പായി നന്നായി ആലോചിക്കുക. വെച്ച കാല്‍ തിരിച്ചു ചവിട്ടുകയില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു പോവുക. താനിപ്പോള്‍ ദുര്‍ബലനാണെന്ന് തോന്നുന്നവന്‍ തല്‍ക്കാലം മാറിനില്‍ക്കുക.
........ ബോധപൂര്‍വം ഇസ്ലാമികാദര്‍ശം അംഗീകരിച്ചവരും ഈ ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരുമായ നിങ്ങളെ ഇവിടെ വിളിച്ചു ചേര്‍ത്തത്, വൈയക്തിക നിലപാടുകള്‍ അവസാനിപ്പിച്ച് അല്ലാഹുവിന്റെയും പ്രവാചകന്റെയും നിര്‍ദേശപ്രകാരം ഒരേക ജമാഅത്താവുകയും പരസ്പരം കൂടിയാലോചിച്ച് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു വ്യവസ്ഥ ഉണ്ടാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ്. സംഘടനാ രൂപീകരണത്തോടെ എന്റെ കര്‍ത്തവ്യം പൂര്‍ണമാവുന്നു. മറന്നുപോയ പാഠങ്ങള്‍ ഓര്‍മിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു വിളിയാളന്‍ മാത്രമാണ് ഞാന്‍. എന്റെ എല്ലാ ശ്രമങ്ങളുടെയും പരമലക്ഷ്യം ഒരു സംഘടനാവ്യവസ്ഥയുണ്ടാക്കുക എന്നതായിരുന്നു. സംഘടനാ രൂപീകരണത്തിനുശേഷം ഞാനും അതില്‍ ഒരംഗമായിരിക്കും. തങ്ങളില്‍നിന്ന് യോഗ്യനായ ഒരാളെ നേതൃത്വത്തില്‍ നിയമിക്കുക എന്നത് ജമാഅത്തിന്റെ ഉത്തരവാദിത്വമാണ്. ഭാവിയില്‍ ഈ സംഘടനയെ ചലിപ്പിക്കുവാനാവശ്യമായ പരിപാടികള്‍ ഉണ്ടാക്കുകയും നടപ്പാക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ ബാധ്യതയാണ്. ക്ഷണിച്ചത് ഞാനായതുകൊണ്ട് പ്രസ്ഥാനത്തിന്റെ നേതൃത്വം എനിക്കായിരിക്കണമെന്ന് തെറ്റിദ്ധരിക്കരുത്. ഞാന്‍ ഒരിക്കലും അതാഗ്രഹിക്കുന്നില്ല. വിളിച്ചയാള്‍ തന്നെ നേതാവുമാകണമെന്ന സിദ്ധാന്തത്തോട് ഞാന്‍ യോജിക്കുന്നില്ല. ഈ മഹല്‍ പ്രസ്ഥാനത്തിന് നേതൃത്വം നല്കാന്‍ യോഗ്യനാണെന്നും ഞാന്‍ ധരിക്കുന്നില്ല. ഉത്തരവാദിത്വത്തിന്റെ ഭാരവും അതെക്കുറിച്ച ശരിയായ ധാരണയുമുള്ള, ബുദ്ധിയുള്ള ആരും, അത് സ്വന്തം ചുമലിലേറ്റി നടക്കാന്‍ തനിക്ക് കഴിയുമെന്ന മൂഢവിശ്വാസം പുലര്‍ത്തുമെന്ന് തോന്നുന്നില്ല. ഒരു ശരിയായ ഇസ്ലാമിക പ്രസ്ഥാനം നിലവില്‍ വരിക എന്നതാണെന്റെ അതിയായ ആഗ്രഹം. ഞാനും അതില്‍ അണിചേരും. ഇസ്ലാമിക വ്യവസ്ഥക്ക് കീഴില്‍ ഒരു ചപ്രാസിയായി സേവനം ചെയ്യുന്നതാണ് ഒരനിസ്ലാമിക വ്യവസ്ഥയില്‍ പ്രസിഡന്റോ പ്രധാനമന്ത്രിയോ ആവുന്നതിനെക്കാള്‍ അഭിമാനാര്‍ഹമായി ഞാന്‍ മനസ്സിലാക്കുന്നത്. സംഘടനാ രൂപീകരണത്തിനു മുമ്പ് പല ചുമതലകളും സ്വയം ഏറ്റെടുത്ത് നിര്‍വഹിച്ചിരുന്നു എന്നതുകൊണ്ട്,
രൂപീകരണാനന്തരവും നേതൃത്വം എന്റെ കൈപ്പിടിയിലൊതുക്കുമെന്ന് ആരും തെറ്റിദ്ധരിക്കരുത്. ജമാഅത്ത് രൂപംകൊള്ളുന്നതോടെ എന്റെ ഇതുവരെയുള്ള അവസ്ഥ അവസാനിക്കുന്നതാണ്. ഭാവി പ്രവര്‍ത്തനങ്ങളുടെ പൂര്‍ണമായ ഉത്തരവാദിത്വം ജമാഅത്തിന്റെതായിത്തീരുന്നു. ജമാഅത്ത് ആ ഉത്തരവാദിത്വത്തിനായി ആരെ ചുമതലപ്പെടുത്തുന്നുവോ അയാളെ അനുസരിക്കുകയും ഗുണംകാംക്ഷിക്കുകയും സര്‍വത്ര സഹകരിക്കുകയും ചെയ്യുക എന്നത് മറ്റ് അംഗങ്ങളെപ്പോലെ എന്റെയും കര്‍ത്തവ്യമായിത്തീരുന്നു. |