മൗലാനാ മൗദൂദി ഒരിക്കലും അക്കാദമിക പണ്ഡിതനായിരുന്നില്ല. ദന്തഗോപുരങ്ങളിലിരുന്നു കൊണേ്ടാ വിജനമായ മൂലകളിലിരുന്നു കൊണേ്ടാ അദ്ദേഹം ചിന്തിച്ചില്ല. ശരിയായ അര്‍ഥത്തിലുള്ള ഒരു ചിന്തകനായിരുന്നു അദ്ദേഹം. ആ ചിന്തയുടെ സവിശേഷത അതിലടങ്ങിയ ചാലകശക്തിയായിരുന്നു. സമൂഹത്തെ ചലിപ്പിക്കാന്‍ കെല്‍പി ല്ലാത്ത ചിന്ത ഫലശൂന്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. മൗലാനാ മൗദൂദി എന്ന ചിന്തകന്റെ ഉള്ളില്‍ ഒരു പ്രാസ്ഥാനികത കുടികൊണ്ടിരുന്നു. അതാണ് ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനത്തിനു രൂപം നല്‍കിയത്.
ബൃഹത്തായ ഒരു ഗ്രന്ഥസമ്പത്ത് നമുക്ക് നല്‍കികൊണ്ടാണ് അദ്ദേഹം വിടപറഞ്ഞത്. ഈ ഗ്രന്ഥങ്ങള്‍ ലോകത്തിലെ നിരവധി ഭാഷകളില്‍ ഇന്നുലഭ്യമാണ്. അവ ഇന്ന് ഇന്ത്യയുടേയോ പാക്കിസ്ഥാന്റെയോ മാത്രം സ്വത്തല്ല. മുഴുവന്‍ ഇസ്ലാമിക ലോകത്തിന്റെയും സ്വത്താണ്. ഇസ്ലാമിക ലോകത്തിന്റെ അതിര്‍ത്തികള്‍ കടന്ന് യൂറോപ്പിലും അമേരിക്കയിലുമെല്ലാം വമ്പിച്ച പ്രചാരം നേടിവരികയാണ് ഇന്ന് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍.
ബൃഹത്തായ ഈ ഗ്രന്ഥങ്ങള്‍ മാത്രമല്ല, ഇസ്ലാമികാടിത്തറയില്‍ വാര്‍ക്കപ്പെട്ട ഒരു സംഘടനയെയും മൗദൂദി നമുക്ക് നല്‍കിയിട്ടുണ്ട്. ഇസ്ലാമികാടിത്തറയില്‍ ഇത്തരമൊരു സംഘടനയെ പടുത്തുയര്‍ത്താന്‍ അദ്ദേഹം സഹിച്ച ത്യാഗങ്ങള്‍ ചില്ലറയൊന്നുമല്ല. ഇസ്ലാമിനുവേണ്ടി ജീവാര്‍പ്പണം ചെയ്യാന്‍ കരുത്തും സന്നദ്ധതയുമുള്ള നിരവധി വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കാനും അദ്ദേഹത്തിനു സാധിച്ചു. ഇസ്ലാമിനുവേണ്ടി എണ്ണമില്ലാത്ത യാതനകള്‍ അദ്ദേഹം സഹിച്ചു. ഒന്നിലധികം തവണ ജയില്‍വാസമനുഷ്ടിച്ചു. പക്ഷെ, എതിര്‍പ്പുകളുടെ മുമ്പില്‍ ഒരിക്കല്‍പോലും അദ്ദേഹം പിന്തിരിഞ്ഞില്ല... ശത്രുക്കളുടെ ഗൂഢാലോചനകളെയെല്ലാം അതിജീവിച്ച് കൊണ്ട് മദൂദി സാഹിബ് മരണംവരെ തന്റെ ദൗത്യം തുടര്‍ന്നുകൊണ്ടിരുന്നു. മൗലാനാ മൗദൂദി മരിച്ചു എന്ന് ഞാന്‍ പറയുകയില്ല. മൗദൂദിയെപ്പോലുള്ള ഒരാള്‍ മരിക്കുകയില്ല. ഇത്രയും ഉദാത്തമായ ചിന്തയും മഹത്തായ ഒരു പ്രസ്ഥാനവും ലോകത്തിനു നല്‍കിയ ഒരു മഹാന്‍ മരിക്കുന്നതെങ്ങനെ?
*** ***
ജമാഅത്തെ ഇസ്ലാമി ഇന്ത്യയിലും പക്കിസ്ഥാനിലും ഒറ്റപ്പെട്ടു നില്‍ക്കന്ന ഒരു സംഘടനയാണെന്ന് ആരും വിചാരിക്കരുത്. ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ ലോകം മുഴുവന്‍ വ്യാപിച്ചുകിടപ്പുണ്ട്. യൂറോപ്പിലും അമേരിക്കയിലുമുള്ള ഇസ്ലാമിക സംഘടനകള്‍ ജമാഅത്തെ ഇസ്ലാമിയുടെയും അറബ് നാടുകളിലെ ഇഖ്‌വാനുല്‍ മുസ്ലിമൂനെപ്പോലുള്ള സംഘടനകളുടെയും പരസ്പര ബന്ധത്തിന്റെ നിദര്‍ശനങ്ങളാണ്. ജമാഅത്തെ ഇസ്ലാമി ഒരു സാര്‍വലൗകിക പ്രസ്ഥാനമായി കഴിഞ്ഞിട്ടുണ്ട്.
(ഡോ. യൂസുഫുല്‍ ഖര്‍ദാവി ഉദ്ധരണം: പ്രബോധനം വാരിക; 1982 ജൂണ്‍ 26