..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 
 
 
 
മലര്‍വാടി-ബാലസംഘം

ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി-യു വജന വിഭാഗമായ എസ്‌.ഐ.ഒ വിന്റെ നേതൃത്വത്തിനു കീഴില്‍ എസ്‌.ഐ.ഒ ബാലസംഘം എന്ന പേരിലായിരുന്നു ബാലസംഘം പ്രവര്‍ത്തനങ്ങള്‍ നടന്ന്‌ വന്നിരുന്നത്‌. 2003-ല്‍ എസ്‌.ഐ.ഒ വിദ്യാര്‍ഥി കേന്ദ്രീകൃതമാവുകയും ജമാഅത്ത്‌ പുതിയ യുവജന വിഭാഗം രൂപീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രവര്‍ത്തന സൗകര്യം പരിഗണിച്ച്‌ ബാലസംഘം പ്രവര്‍ത്തനങ്ങള്‍ ജമാഅത്ത്‌ ഏറ്റെടുക്കുകയുണ്ടായി.

ശൂറാ അംഗം ജ. ടി.കെ ഹുസൈന്‍ രക്ഷാധികാരിയും അക്ബര്‍ വാണിയമ്പലം സംസ്ഥാന കോഡിനേറ്റര്‍ ആയും നിശ്ചയിച്ച്‌ ജമാഅത്തിനു കീഴില്‍ മലര്‍വാടി ബാലസംഘം എന്ന പേരില്‍ ബാലസംഘം പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. 13 പേരടങ്ങുന്ന സമിതിയാണ്‌ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്‌. ജില്ലാ തലത്തില്‍ ജമാഅത്ത്‌ ജില്ലാ പ്രസിഡന്റ്‌ നിശ്ചയിക്കന്ന ജില്ലാ കോഡിനേറ്ററും അടങ്ങുന്ന സമിതി പ്രവര്‍ത്തിക്കുന്നു. ഏരിയകളില്‍ ഏരിയാ കോഡിനേറ്ററുടെ നേതൃത്വത്തിന്‍ കീഴില്‍ ഹല്‍ഖാ കോഡിനേറ്റര്‍മാര്‍ അടങ്ങുന്ന സമിതിയും ബാലസംഘം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത്‌ നടപ്പിലാക്കുന്നു.

12 വയസ്സ്‌ വരെയുള്ള എല്ലാ ബാലികാ-ബാലന്മാര്‍ക്ക്‌ മലര്‍വാടി ബാലസംഘത്തില്‍ അംഗങ്ങളാകാം. നിലവില്‍ സംസ്ഥാനത്തെ ഏതാണ്ട്‌ എല്ലാ ഘടകങ്ങളിലും ബാലസംഘം യൂനിറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.

പ്രധാന പരിപാടികള്‍

ബാലോത്സവം

വേനലവധിക്കാലം കുട്ടികള്‍ക്ക്‌ കൂട്ടുചേരാനും ഉല്ലാസപ്രദമാക്കാനും എല്ലാ വര്‍ഷവും 'ഒരുമയുടെ പുഞ്ചിരി' എന്ന പേരില്‍ ബാലേത്സവം സംഘടിപ്പിക്കുന്നു. പ്രാദേശികതലങ്ങളില്‍ നെറ്റിപ്പന്ത്‌, സൂചിക്കു നൂല്‍കോര്‍ക്കല്‍, ബലൂണ്‍ ബ്രേക്കിങ്‌, ലെമണ്‍ സ്പൂണ്‍ റേസ്‌ തുടങ്ങിയ രസകരമായ മത്സരങ്ങളും വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിക്കുന്നു. ആയിരത്തി ഇരുനൂറോളം പ്രദേശങ്ങളില്‍ നടന്ന ഈ മത്സരങ്ങള്‍ പലയിടങ്ങളിലും ഗ്രാമോത്സവങ്ങള്‍ എന്ന രീതിയില്‍ ശ്രദ്ധേയമായിരുന്നു. മത്സരങ്ങള്‍ വിളിച്ചറിയിച്ചുകൊണ്ട്‌ കുട്ടികളുടെ വിളംബര ഘോഷയാത്രയും വീടുകള്‍തോറും കയറിയിറങ്ങി കുട്ടികളെ ക്ഷണിക്കലും കുട്ടികള്‍ സ്വയം തയ്യാറാക്കിയ പോസ്റ്ററുകള്‍ പതിക്കലും ഇതിന്റെ ഭാഗമായി നടന്നുവരുന്നു.

ഏരിയാതലത്തില്‍ നടത്തിയ 'കളിക്കളം' വൈവിദ്ധ്യം കൊണ്ട്‌ ശ്രദ്ധേയമായിരുന്നു. ഒരേസമയം 20 മൂലകളിലായി സജ്ജീകരിച്ച വൈവിദ്ധ്യമാര്‍ന്ന മത്സരങ്ങളില്‍ കുട്ടികള്‍ സ്വയം നിയന്ത്രിതരായി പങ്കെടുക്കുന്നു. മരംകയറല്‍, കയറില്‍ തൂങ്ങിക്കയറല്‍, മങ്കീവാക്‌, പാലം കടക്കല്‍, സൈക്ലിങ്‌ തുടങ്ങിയ സാഹസിക ഇനങ്ങളും ഒറിഗാമി, ചിത്രംവര, ഷൂട്ടൗട്ട്‌, സ്റ്റിക്‌ ബാലന്‍സിങ്ങ്‌, ക്വിസ്‌, ഗാനം, മെമ്മറി ടെസ്റ്റ്‌, എയിം തുടങ്ങിയ ഇനങ്ങളുമാണ്‌ വിവിധ മൂലകളില്‍ സജ്ജീകരിക്കുന്നത്‌.

മത്സരത്തില്‍ പങ്കെടുത്താല്‍ 5 പോയിന്റും വിജയികള്‍ക്ക്‌ 10 പോയിന്റും നല്‍കുന്നു. ഏറ്റവും കൂടുതല്‍ പോയിന്റ്‌ കരസ്ഥമാക്കുന്നയാളെ ഏരിയാ പ്രതിഭയായി പ്രഖ്യാപിക്കുന്നു. നിശ്ചിത പോയിന്റ്‌ നേടിയ എല്ലാ കുട്ടികള്‍ക്കും സമ്മാനം നല്‍കുന്നു.

ഏരിയാതലത്തില്‍ പ്രതിഭകളാകുന്ന കുട്ടികള്‍ക്കായി സംസ്ഥാനത്തിന്റെ നാലു മേഖലകളിലായി പ്രതിഭാസംഗമങ്ങള്‍ സംഘടിപ്പിക്കുന്നു.

'ഒരു കൈ ഒരു തൈ'

കുട്ടികളില്‍ പാരിസ്ഥിതിക ബോധം ജനിപ്പിക്കുക, അവരുടെ കര്‍മ്മശേഷി ക്രിയാത്മകമായി വിനിയോഗിക്കുക എന്നീ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചുകൊണ്ടാണ്‌ ജൂലൈ മാസത്തില്‍ 'ഒരു കൈ ഒരു തൈ' മരം നടീല്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്‌. കാമ്പയിന്റെ സംസ്ഥാന, ജില്ലാ, ഏരിയാ, പ്രാദേശികതല ഉദ്ഘാടനങ്ങള്‍ സംഘടിപ്പിക്കുന്നു.

'ഒരു കൈ ഒരു തൈ' കാമ്പയിന്‍ അമീര്‍ പ്രഫ. കെ. എ. സിദ്ദീഖ്‌ ഹസന്‍ നിര്‍വഹിക്കുന്നു

പ്രാദേശിക യോഗങ്ങളില്‍ മണ്ണ്‌, മനുഷ്യന്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയും മണ്ണില്‍ പണിയെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. വിദ്യാലയം, വീട്‌, ആശുപത്രികള്‍, ആരാധനാലയങ്ങള്‍, നിരത്തുവക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരിക്കണക്കിന്‌ തൈകള്‍ കാമ്പയിന്റെ ഭാഗമായി വെച്ചുപിടിപ്പിച്ചു. പ്രാദേശികതലത്തില്‍ ഏറ്റവും കൂടുതല്‍ തൈ വെച്ചുപിടിപ്പിക്കുന്ന കുട്ടിക്ക്‌ പ്രകൃതിമിത്രം അവാര്‍ഡ്‌ നല്‍കുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വനംമന്ത്രി സുധാകരന്‍, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി, പരിസ്ഥിതി പ്രവര്‍ത്തകര്‍, വിവിധ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ കാമ്പയിന്‍ ഉദ്ഘാടനങ്ങള്‍ നിര്‍വ്വഹിച്ചു.

വിജഞ്ഞാനോത്സവം

സംസ്ഥാനത്തെ എല്‍.പി - യു.പി സ്കൂളുകളിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച വിജ്ഞാനോത്സവത്തില്‍ 75000ത്തിലധികം കുട്ടികള്‍ പങ്കെടുത്തു. സ്കൂള്‍, സബ്ജില്ലാ, ജില്ലാ തലങ്ങളില്‍ മത്സരങ്ങള്‍ നടന്നു.

പൊതുവിജ്ഞാനം അളക്കുന്നതും പ്രവര്‍ത്തനാധിഷ്ഠിതവുമായ വിജ്ഞാന പരീക്ഷ ഏറെ താല്‍പര്യത്തോടെയാണ്‌ സ്കൂള്‍ അധികൃതര്‍ സ്വാഗതം ചെയ്തത്‌. ഓരോ തലത്തിലുമുള്ള വിജയികള്‍ക്ക്‌ ആകര്‍ഷകമായ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

മറ്റു പ്രവര്‍ത്തനങ്ങള്‍

പ്ലാസ്റ്റിക്‌ മാലിന്യ നിര്‍മ്മാര്‍ജ്ജനം, കൊതുക്‌ നശീകരണ ബോധവല്‍ക്കരണ പരിപാടി, ഗൃഹസമ്പര്‍ക്ക പരിപാടി, പ്രഭാഷണ പരിശീലനം, സ്വാതന്ത്ര്യദിന പരിപാടികള്‍, ദിനപത്ര ക്വിസ്‌ തുടങ്ങിയ ധാരാളം പരിപാടികളും കുട്ടികള്‍ക്കായി നടത്തിവരുന്നു.

വിലാസം:
 
 

മലര്‍വാടി ബാലസംഘം
പി.ബി. നമ്പര്‍ 833,
ഹിറാ സെന്റര്‍,
കോഴിക്കോട്‌-673004.
ഫോണ്‍:
0495-2722709, 2720752.
ഫാക്സ്‌: 0495 2724524
E-mail: hiracentre@asianetindia.com

 
 
 
 
 
 
 
 
 
   
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.