ഉ: സി.പി.എമ്മുകാരുടെ രാഷ്ട്രീയ കരടുരേഖയില്‍ കരടു കടന്നുകൂടിയിട്ടുണ്െടന്ന് തെളിയിക്കുന്നതാണ് ചോദ്യകര്‍ത്താവ് ഉദ്ധരിച്ച ഭാഗങ്ങള്‍. ഇന്ത്യന്‍ കമ്യൂണിസ്റു പ്രസ്ഥാനത്തിനും മതേതരത്വത്തിനും ന്യൂനപക്ഷങ്ങള്‍ക്കാകെയും കടുത്ത ഭീഷണി ഉയര്‍ത്തിക്കൊണ്ട് രാജ്യത്ത് ഫാഷിസ്റ് ശക്തികള്‍ അധികാരമേറ്റതില്‍ ഏറെ അസ്വസ്ഥരാണ് സി.പി.എം. വേണ്ടിവന്നാല്‍ കോണ്‍ഗ്രസ്സിനെ കൂട്ടുപിടിച്ചു പോലും വാജ്പേയി സര്‍ക്കാറിനെ താഴെയിറക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി. കല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് തയ്യാറാക്കിയ രാഷ്ട്രീയപ്രമേയത്തിന്റെ കരടുരേഖയുടെ സിംഹഭാഗവും ഭൂരിപക്ഷ വര്‍ഗീയതയുടെ ഫാഷിസവും ഉയര്‍ത്തുന്ന വെല്ലുവിളികളെ പരാമര്‍ശിക്കുന്നതാണ്. പക്ഷേ, സാങ്കല്‍പികമോ ഊതിവീര്‍പ്പിക്കപ്പെട്ടതോ ആയ ന്യൂനപക്ഷ വര്‍ഗീയതയുടെ നേരെ നിഴല്‍യുദ്ധം പ്രഖ്യാപിക്കാതെ, യഥാര്‍ഥവും ഭീകരവുമായ ഭൂരിപക്ഷവര്‍ഗീയതയെ അപലപിക്കാന്‍ സി.പി.എമ്മിന് ഇപ്പോഴും ധൈര്യമില്ലെന്ന് പ്രമേയം വ്യക്തമാക്കുന്നു. ഉറച്ച ഭീരുത്വം തീര്‍ച്ചയായും ഫാഷിസത്തിന്റെ വിജയമാണ്. ഉറച്ച മതേതര പാര്‍ട്ടികള്‍ക്ക് പോലും ന്യൂനപക്ഷ വര്‍ഗീയതയെക്കുറിച്ച അകാരണമായ അങ്കലാപ്പ് സൃഷ്ടിക്കാന്‍ ഹിന്ദുത്വവാദികള്‍ക്ക് സാധിച്ചുവല്ലോ.
വര്‍ഗീയത ഭൂരിപക്ഷത്തിന്റേതായാലും ന്യൂനപക്ഷത്തിന്റേതായാലും അപലപനീയവും എതിര്‍ക്കപ്പെടേണ്ടതും തന്നെയാണ്. എന്നാല്‍, രാജ്യത്തെയാകെ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുള്ള ആര്‍ഷസംസ്കാരത്തിലേക്ക് തിരിച്ചുകൊണ്ടു പോവാന്‍ പ്രതിജ്ഞാബദ്ധവും ആത്യന്തിക ദേശീയതയിലധിഷ്ഠിതവും കടുത്ത ന്യൂനപക്ഷവിരോധം നയമായി അംഗീകരിച്ചതുമായ ഹിന്ദുത്വശക്തികള്‍ എവിടെ, അതിന് തടയിടുന്നതില്‍ മതേതരകക്ഷികള്‍ പരാജയപ്പെട്ടതില്‍ നിരാശരായ ന്യൂനപക്ഷങ്ങളില്‍ ഒറ്റപ്പെട്ട ചില വ്യക്തികളോ ഗ്രൂപ്പുകളോ പ്രകടിപ്പിക്കുന്ന പ്രതികരണ വര്‍ഗീയത എവിടെ? ഈ പ്രതികരണ വര്‍ഗീയതയെത്തന്നെയും അസന്ദിഗ്ധമായി നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്ന ആദര്‍ശ സമാധാനപ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. സജീവരാഷ്ട്രീയത്തിലിറങ്ങുകയോ സാമുദായിക രാഷ്ട്രീയം നയമായി അംഗീകരിക്കുകയോ ചെയ്യാത്ത ജമാഅത്തെ ഇസ്ലാമി, തെരഞ്ഞെടുപ്പുകളില്‍ മതനിരപേക്ഷ ജനാധിപത്യകക്ഷികളുടെ സ്ഥാനാര്‍ഥികളെയാണ് പിന്തുണക്കാറുള്ളതെന്നും അക്കൂട്ടത്തില്‍ സി.പി.എം. സ്ഥാനാര്‍ഥികളും ഉള്‍പ്പെടുമെന്നും പാര്‍ട്ടിക്ക് നന്നായറിയാവുന്നതാണ്. മാര്‍ക്സിസവുമായി മൌലികമായ വിയോജിപ്പ് ഉണ്ടായിരുന്നിട്ടുകൂടി കമ്യൂണിസ്റു സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുനല്‍കുവാനും ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ കമ്യൂണിസ്റു പാര്‍ട്ടികളോട് സഹകരിക്കുവാനും തയ്യാറാവുകയും രാഷ്ട്രാന്തരീയ തലത്തില്‍ സാമ്രാജ്യത്വത്തെ തുറന്നെതിര്‍ക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയുടെ മേല്‍ വര്‍ഗീയ മുദ്രകുത്താന്‍ സി.പി.എം. ഇനിയും ധാര്‍ഷ്ട്യം കാണിക്കുന്നതിന്റെ പിന്നില്‍ അജ്ഞതയും മുന്‍വിധികളും മതത്തിനു നേരെയുള്ള നിഷേധാത്മകമായ കാഴ്ചപ്പാടും പ്രവര്‍ത്തിക്കുന്നതായി കരുതണം. തദ്ഫലമായി തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നു കരടു രാഷ്ട്രീയപ്രമേയം. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ചില്ലിക്കാശ് വിദേശസഹായം പറ്റുന്നില്ല. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തം ഫണ്ടിനെ മാത്രമാണ് അത് എക്കാലവും അവലംബിക്കാറ്. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധമുള്ള ചില ചാരിറ്റബ്ള്‍ ട്രസ്റുകളും വിദ്യാഭ്യാസ-ധര്‍മസ്ഥാപനങ്ങളും കേന്ദ്ര ആഭ്യന്തവകുപ്പിന്റെ അനുമതിയോടെ വിദേശസംഭാവനകള്‍ സ്വീകരിക്കുകയും വരവു-ചെലവു കണക്കുകള്‍ കൃത്യമായി മന്ത്രാലയത്തെ അറിയിക്കുകയും ചെയ്യുന്നു. ബി.ജെ.പിയെപ്പോലെ സി.പി.എമ്മിനും ന്യൂനപക്ഷ മത-ധര്‍മസ്ഥാപനങ്ങള്‍ വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നത് തെറ്റാണെന്ന് അഭിപ്രായമുണ്െടങ്കില്‍ അത് തുറന്നുപറയുന്നതാണ് ശരി.
ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള മൌലികവാദശക്തികള്‍ മുസ്ലിംകള്‍ക്ക് സംഭവിച്ചിരിക്കുന്ന അന്യവല്‍ക്കരണത്തെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നു എന്നതാണ് മറ്റൊരാരോപണം. അത് അടിസ്ഥാനരഹിതമാണ് എന്നതിരിക്കട്ടെ, മുസ്ലിംകള്‍ക്ക് എന്തുകൊണ്ട് അന്യവല്‍ക്കരണം സംഭവിച്ചു എന്നാണ് സി.പി.എം. ആദ്യമായി ആലോചിക്കേണ്ടത്. സ്വാതന്ത്യ്രലബ്ധി മുതല്‍ മുസ്ലിം സമൂഹം കോണ്‍ഗ്രസ്സും കമ്യൂണിസ്റുപൂര്‍ട്ടികളും ഉള്‍പ്പെടുന്ന മതേതര ചേരിയോടൊപ്പമായിരുന്നു. ഒരേയൊരു മലബാറില്‍ മാത്രമാണ് അവര്‍ സാമുദായിക രാഷ്ട്രീയ ലൈന്‍ പിന്തുടര്‍ന്നത്. കഴിഞ്ഞ ഇരുപതു വര്‍ഷമായി സി.പി.എം. മുന്നണിയോടൊപ്പമാണ് ബംഗാളിലെ മുസ്ലിംകള്‍. എന്നിട്ടും അവര്‍ക്ക് ഭരണഘടനാനുസൃതമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും രാഷ്ട്രീയ-സാമ്പത്തിക-വിദ്യാഭ്യാസമേഖലകളില്‍ അവര്‍ കടുത്ത പിന്നാക്കാവസ്ഥയില്‍ തുടരുകയും ചെയ്യുകയായിരുന്നു. മറുവശത്ത്, അവരുടെ അസ്തിത്വവും വ്യക്തിത്വവും നിഷേധിക്കുന്ന ഫാഷിസ്റുകള്‍ കരുത്താര്‍ജിച്ചു രാജ്യഭരണം തന്നെ പിടിച്ചടക്കി. ആരാധനാലയങ്ങള്‍ പോലും പകല്‍വെളിച്ചത്തില്‍ തകര്‍ക്കപ്പെട്ടു. ഇതൊന്നും തടയാന്‍ മതേതരപാര്‍ട്ടികളെന്ന് അവകാശപ്പെടുന്നവര്‍ക്ക് സാധിച്ചില്ല. അതാണ് മുസ്ലിം സമുദായത്തിന്റെ അന്യവല്‍ക്കരണത്തിന് കാരണം. ഇനിയും, സ്വന്തമായി സംഘടിക്കാതെയും അസ്തിത്വവും വ്യക്തിത്വവും പരിരക്ഷിക്കാന്‍ ശ്രമിക്കാതെയും മതേതരപാര്‍ട്ടികളില്‍ ലയിച്ചുചേര്‍ന്നാല്‍ അവരുടെ മേല്‍വിലാസം പോലും അവശേഷിക്കുമെന്നതിന് ഒരു ഗ്യാരണ്ടിയുമില്ല. ജമാഅത്തെ ഇസ്ലാമിയാകട്ടെ, മുസ്ലിംസമുദായത്തെ കേവലം ഒരു ജാതിയായി കാണുന്നില്ല. അതിന്റെ ദൃഷ്ടിയില്‍ മുസ്ലിംകള്‍ ലോകത്തിനും രാജ്യത്തിനും സത്യത്തിന്റെയും നീതിയുടെയും സാഹോദര്യത്തിന്റെയും സന്ദേശം നല്‍കാനും, സമൂഹത്തിന്റെ ധാര്‍മിക പുനര്‍നിര്‍മാണത്തിനും ചുമതലപ്പെട്ട ആദര്‍ശസമൂഹമാണ്. സാര്‍വലൌകികവും ശാശ്വതവുമായ ദൈവിക സന്മാര്‍ഗമാണ് ഇസ്ലാം. പത്തൊമ്പതാം നൂറ്റാണ്ടില്‍ കാള്‍ മാര്‍ക്സും ഫ്രെഡറിക് എംഗല്‍സും ചേര്‍ന്നു സ്വന്തം ബുദ്ധിയിലൂടെ രൂപപ്പെടുത്തിയ മാര്‍ക്സിസം എന്ന കേവലഭൌതിക പ്രത്യയശാസ്ത്രത്തിനു വേണ്ടി ദൈവികദര്‍ശനമായ ഇസ്ലാമിനെ മുസ്ലിംകള്‍ കൈയൊഴിക്കുന്ന പ്രശ്നമേയില്ല; മാര്‍ക്സിസം എന്ന പരീക്ഷണം സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കെ വിശേഷിച്ചും. പരമാവധി ചെയ്യാനാവുക മനുഷ്യന്റെ ഭൌതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും രാജ്യത്ത് സമാധാനപരമായി ജീവിക്കാനുള്ള യത്നത്തില്‍ സാധ്യമായേടത്തോളം പരസ്പരം സഹകരിക്കുകയാണ്. അതിന്റെ പ്രായോഗികത ചര്‍ച്ചചെയ്യാന്‍ ജമാഅത്തെ ഇസ്ലാമി എപ്പോഴും സന്നദ്ധമാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അല്ലാതെ, മാര്‍ക്സിസ്റ് വീക്ഷണത്തിലൂടെയുള്ള സാമൂഹിക പരിഷ്കരണത്തോട് പൊരുത്തപ്പെടാന്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് സാധ്യമല്ല. അത് യഥാര്‍ഥവും അഭികാമ്യവുമായ പരിഷ്കരണമല്ല എന്നതാണ് കാരണം.
സ്ത്രീകളുടെ സ്ത്രീത്വം നിലനിര്‍ത്തിക്കൊണ്ട് അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ജമാഅത്ത് പ്രതിജ്ഞാബദ്ധമാണ്. വിദ്യാഭ്യാസവും ബോധവല്‍ക്കരണവും പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് അതിനുള്ള വഴി. മുതലാളിത്തത്തിന്റെ പേരിലായാലും സോഷ്യലിസത്തിന്റെ പേരിലായാലും സ്ത്രീയെ പ്രദര്‍ശനവസ്തുവോ ഉപഭോഗ ഉപകരണമോ ആക്കുന്നതിനോട് ഒരു ശതമാനവും യോജിക്കാനാവില്ല. തകര്‍ന്ന സോവിയറ്റ് യൂനിയനിലെ സ്ത്രീകള്‍ ഇന്ന് സ്വന്തം നാട്ടിലെയും വിദേശ നഗരങ്ങളിലെയും തെരുവകളില്‍ മാനം വിറ്റു കാശുണ്ടാക്കുന്ന ദുരവസ്ഥ മാര്‍ക്സിസ്റുകാരുടെ കണ്ണ് തുറപ്പിക്കണം. ഇന്ത്യയിലെ നിലവിലുള്ള മുസ്ലിം വ്യക്തിനിയമങ്ങളില്‍ ശരീഅത്തിലും സ്ത്രീകള്‍ക്ക് ഇസ്ലാം നല്‍കിയ അവകാശങ്ങള്‍ക്കും വിരുദ്ധമായ പലതുമുണ്െടന്നും അതിനാല്‍ അത് പരിഷ്കരിക്കണമെന്നും വാദിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. അതേസമയം, മുസ്ലിം വ്യക്തിനിയമം അപ്പടി ശരീഅത്താണെന്നും അത് തൊട്ടുകളിക്കരുതെന്നും സ്ത്രീകളെ ആരാധനാലയങ്ങളില്‍പോലും പ്രവേശിപ്പിക്കരുതെന്നും ശഠിക്കുന്ന പിന്തിരിപ്പന്‍ യാഥാസ്ഥിതികത്വത്തെ രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ സംരക്ഷിക്കുകയായിരുന്നു. കേരളത്തിലെ സി.പി.എം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 33 ശതമാനം സ്ത്രീസംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ ആ സീറ്റുകളില്‍ മുസ്ലിം സ്ത്രീകള്‍ മത്സരിക്കരുതെന്ന് ഫത്വ ഇറക്കിയവര്‍ക്കെതിരെ ഒരക്ഷരം ഉരിയാടാന്‍ പാര്‍ട്ടി തയ്യാറായില്ല. ഫത്വ സഫലമായാല്‍ നഷ്ടം മുസ്ലിം ലീഗിനായിരിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു മൌനം സമ്മതത്തിനു പിന്നില്‍. അന്നേരം സാമൂഹിക പരിഷ്കരണ ത്വരയൊക്കെ പോയ വഴി കണ്ടില്ല. ഇനിയും സ്ത്രീകളുടെ അവകാശനിഷേധത്തിനു വേണ്ടി നിലകൊള്ളുന്ന പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരെ തുറന്ന നിലപാടെടുക്കാന്‍ സി.പി.എം തയ്യാറുണ്േടാ എന്നാണറിയേണ്ടത്. (1998 ആഗസ്ത് 29) |