ചോ: ആരെയും കാഫിറാക്കല്‍ ജമാഅത്തെ ഇസ്ലാമിയുടെ നയമല്ല. ഒന്നിലധികം തവണ ആവര്‍ത്തിച്ചതാണീ കാര്യം. അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്ന സുന്നികളെ പ്രസ്ഥാനത്തിന് ചിത്രം വരയ്ക്കാനുള്ള ചുമരാണ് എന്ന പരിഗണന നല്‍കി അവരോട് മൃദുല സമീപനം സ്വീകരിക്കുകയും അല്ലാഹുവിനെ മാത്രം വിളിച്ച് പ്രാര്‍ഥിക്കുകയും റസൂലിന്റെ മാതൃക ആരാധനകളിലും മറ്റും അതേപടി പിന്തുടരുകയും ചെയ്യുന്ന ഖാദിയാനികളെ 'കാഫിര്‍' ഗണത്തില്‍പ്പെടുത്തുകയും ചെയ്യുന്നു ജമാഅത്തെ ഇസ്ലാമി. ഈ വൈരുധ്യം ഒന്നു വിശദീകരിച്ചുകൂടേ?
ഉ: ജമാഅത്തെ ഇസ്ലാമി സ്ഥാപിതമാവുന്നതിന് ഏതാണ്ട് അര നൂറ്റാണ്ട് മുമ്പ് നിലവില്‍ വന്ന പ്രസ്ഥാനമാണ് ഖാദിയാനിസം. മുഹമ്മദ് നബി(സ)ക്കു ശേഷം പുതിയൊരു പ്രവാചകന്‍ നിയുക്തനാവുകയില്ല എന്ന വിശുദ്ധ ഖുര്‍ആന്റെയും സുന്നത്തിന്റെയും അനിഷേധ്യമായ അധ്യാപനങ്ങളുടെയും മുസ്ലിം ലോകത്തിന്റെ ഏകകണ്ഠമായ വിശ്വാസത്തിന്റെയും വെളിച്ചത്തില്‍, മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനി വ്യാജപ്രവാചകനാണെന്നും അയാളുടെ മതം ഇസ്ലാമല്ലെന്നും മതപണ്ഡിതന്മാരും മുസ്ലിം സമൂഹവും ഒന്നടങ്കം തീരുമാനിക്കുകയായിരുന്നു. നബി(സ)ക്കു ശേഷം പ്രവാചകത്വം വാദിച്ചുവന്ന മറ്റെല്ലാവരുടെയും കാര്യത്തില്‍ അതേ തീരുമാനമാണ് മുസ്ലിംലോകം സ്വീകരിച്ചുവന്നത്. അതിനാല്‍, ജമാഅത്തെ ഇസ്ലാമി സ്ഥാപിതമായപ്പോള്‍, ഖാദിയാനികളെ മുസ്ലിംകളായി കരുതാന്‍ ന്യായങ്ങളോ തെളിവുകളോ അതിന്റെ മുമ്പിലുണ്ടായിരുന്നില്ല. ഖാദിയാനികള്‍ ഉന്നയിച്ച ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങളും യുക്തിശൂന്യമായ വിതണ്ഡവാദങ്ങളും സ്വീകാര്യമായി ജമാഅത്തിന് ബോധ്യപ്പെട്ടതുമില്ല. അതിനാല്‍, മുസ്ലിംലോകത്തിന്റെ വിശ്വാസവും വീക്ഷണവുമനുസരിച്ച് പണ്േട ഇസ്ലാമിന് പുറത്തുള്ളവരെ ജമാഅത്തും മുസ്ലിംകളായി കരുതുന്നില്ല എന്നതു മാത്രമാണ് സംഭവം. അല്ലാതെ ജമാഅത്തെ ഇസ്ലാമി ആരെയും കാഫിറാക്കിയതല്ല. ഇന്നും ലോകത്ത് ആധികാരികമായ ഒരിസ്ലാമിക കേന്ദ്രവും ഖാദിയാനികളെ മുസ്ലിംകളായി കരുതുന്നില്ല. മറിച്ച്, സുന്നികള്‍ കാഫിറുകളാണെന്ന് വാദിക്കുന്നവരും ഇല്ല. ഇത് ചിത്രമെഴുതാന്‍ ചുമര്‍ വേണമെന്ന വാദത്തിന്റെ ഫലമല്ല.