..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 
 
ചോദ്യോത്തരങ്ങള്‍
 
 

ഐഹികജീവിത സമൃദ്ധിക്ക് ഊന്നല്‍

ചോ: ഒരു ഇസ്ലാമിക പ്രസ്ഥാനമെന്ന നിലയ്ക്ക് ജമാഅത്തെ ഇസ്ലാമിയെ അടുത്തറിയാന്‍ ശ്രമിക്കുന്ന ഒരാളാണു ഞാന്‍. ജമാഅത്തെ ഇസ്ലാമി ഇസ്ലാമിനെ ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയായി അവതരിപ്പിച്ചു കാണുന്നു. ഒരു ജനതയെ മാനസികമായി സംസ്കരിച്ചെടുക്കുന്നതിനെക്കാള്‍ ബാഹ്യപ്രകടനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയും അവരില്‍ പാരത്രികബോധമുണ്ടാക്കി അടിസ്ഥാനപരമായി പരിവര്‍ത്തനമുണ്ടാക്കുന്നതിനുപകരം ഐഹികജീവിത സമൃദ്ധിക്ക് ഊന്നല്‍നല്‍കിയുമാണ് കാണുന്നത്. ആശയപ്രബോധനത്തിന്റെ ലക്ഷ്യം ദീന്‍ സ്ഥാപിക്കുക എന്നതാണ് എന്ന് കാണാന്‍കഴിഞ്ഞു. നമ്മുടെ ചുറ്റുപാടില്‍ ബഹുഭൂരിപക്ഷവും വികലമായ ദൈവസങ്കല്‍പം വച്ചു പുലര്‍ത്തുന്നവരും ചിലര്‍ ദൈവത്തെത്തന്നെ നിഷേധിക്കുന്നവരുമാണല്ലോ. ഈയൊരു സാഹചര്യത്തില്‍ പ്രാപഞ്ചികദൃഷ്ടാന്തങ്ങളുടെയും വിശുദ്ധ ഖുര്‍ആന്റെയും അടിസ്ഥാനത്തില്‍ ദൈവസാന്നിധ്യത്തെക്കുറിച്ചും അവന്റെ ഏകത്വത്തെക്കുറിച്ചും അവരില്‍ യഥാര്‍ഥ ബോധമുണ്ടാക്കുകയും അതുവഴി ശാശ്വതമായ പരലോകമോക്ഷത്തിലേക്ക് അവരെ നയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുക എന്നതല്ലേ ഒരു ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മൌലികമായ കര്‍ത്തവ്യം? ഭൂമിയില്‍ അല്ലാഹുവിന്റെ നിയമവ്യവസ്ഥ നടപ്പിലാക്കുക എന്നത് ഒരിസ്ലാമിക പ്രബോധനസംഘത്തിന്റെ മേല്‍ ബാധ്യതയാകുന്നുണ്േടാ?

 
 
   

ഉ: ജമാഅത്തെ ഇസ്ലാമിയെ അടുത്തറിയാന്‍ ശ്രമിക്കുന്ന ചോദ്യകര്‍ത്താവ് നിഷ്പ്രയാസം ലഭിക്കുന്ന അതിന്റെ ഭരണഘടനയോ പോളിസി- പ്രോഗ്രാമോ ശ്രദ്ധിച്ചു വായിച്ചില്ലെന്നത് അദ്ഭുതകരമാണ്. സംശയങ്ങള്‍ക്ക് കാരണവും അതുതന്നെ. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ഭരണഘടനയില്‍ സംഘടനയുടെ ലക്ഷ്യം (ഖണ്ഡിക 4) ഇങ്ങനെ രേഖപ്പെടുത്തുന്നു:

"ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇഖാമതുദ്ദീന്‍ (ദീന്‍ നിലനിര്‍ത്തുക) ആകുന്നു. അതിനുള്ള സാക്ഷാല്‍ പ്രേരകശക്തിയാകട്ടെ, അല്ലാഹുവിന്റെ പ്രീതിയും പരലോക വിജയവും സിദ്ധിക്കുകയെന്നതുമത്രേ.''

ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി പോളിസിയില്‍ പ്രബോധനം എന്ന ശീര്‍ഷകത്തില്‍ പറയുന്നു: "ഇസ്ലാമിന്റെ മൌലികാധ്യാപനങ്ങളായ ദൈവത്തിന്റെ ഏകത്വം, പ്രവാചകത്വം, പാരത്രിക ജീവിതം എന്നിവയും അവയുടെ മൌലിക താല്‍പര്യങ്ങളും ജനങ്ങള്‍ക്ക് മനസ്സിലാവുക, ഇസ്ലാം മാത്രമാണ് നീതിയുടെയും കാരുണ്യത്തിന്റെയും ഏക വ്യവസ്ഥിതി എന്നും തങ്ങളുടെ സ്രഷ്ടാവും ഉടമസ്ഥനും പരിപാലകനുമായ ദൈവത്തിനുള്ള നിഷ്കളങ്ക ദാസ്യവൃത്തി സ്വീകരിക്കുന്നതിലാണ് ഐഹികക്ഷേമവും പാരത്രികമോക്ഷവും സ്ഥിതിചെയ്യുന്നതെന്നുമുള്ള യാഥാര്‍ഥ്യം അവര്‍ക്ക് വ്യക്തമാവുക, ബഹുദൈവത്വം, നിരീശ്വരത്വം തുടങ്ങിയ മിഥ്യാവിശ്വാസങ്ങളുടെയും ചിന്താഗതികളുടെയും ദൂഷ്യങ്ങളെക്കുറിച്ചും ധാര്‍മിക തിന്മകളുടെ വിപത്തിനെക്കുറിച്ചും അവര്‍ വേണ്ടത്ര മനസ്സിലാക്കിയിരിക്കുക...''

മുതലാളിത്തം, സോഷ്യലിസം, കമ്യൂണിസം, നാഷണലിസം തുടങ്ങിയ ആധുനിക ഭൌതികദര്‍ശനങ്ങളാണ് ഇന്ന് മതഭേദമില്ലാതെ എല്ലാ വിഭാഗങ്ങളെയും സ്വാധീനിക്കുന്നത്. അതാണ് ലോകത്തിന്റെ അധഃപതനത്തിന് പ്രധാന കാരണവും. അതിനാല്‍, കേവലം ആത്മീയമെന്നോ ആധ്യാത്മികമെന്നോ വിവരിക്കപ്പെടുന്ന വശങ്ങളില്‍ ഊന്നി പ്രബോധനം നിര്‍വഹിക്കുന്നതിന് പകരം, ആത്മീയവും ഭൌതികവുമായ ഇസ്ലാമിന്റെ മേന്മകളെയും നന്മകളെയും സന്തുലിതമായി പരിചയപ്പെടുത്തുകയാണ് ഇസ്ലാമിക പ്രസ്ഥാനം ചെയ്യുന്നത്. ഭൂമിയില്‍ അല്ലാഹുവിന്റെ വ്യവസ്ഥ നടപ്പാക്കുക എന്നത് ആ വ്യവസ്ഥ സമ്പൂര്‍ണമായി ജനങ്ങള്‍ അംഗീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. കുതിരക്ക് മുമ്പില്‍ വണ്ടികെട്ടാന്‍ പ്രസ്ഥാനം ഒരുങ്ങിയിട്ടില്ല.

 
 
 
 
 
 
 
 
 
 
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.