ചോ: സംസ്ഥാന യൂത്ത്ലീഗ് 1997 ജൂണ്‍ 1 മുതല്‍ 30 വരെ കേരളവ്യാപകമായി തീവ്രവാദവിരുദ്ധ കാമ്പയിന്‍ ആചരിക്കുകയുണ്ടായല്ലോ. മുസ്ലിംലീഗിന്റെ സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത മിക്കയോഗങ്ങളിലും തീവ്രവാദത്തിന്റെ പ്രധാന പ്രചാരകരായി ജമാഅത്തിനെയാണ് പരിചയപ്പെടുത്തിയത്. "ഇന്ന് തീവ്രവാദ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന പലരും സമുദായത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്തവരാണ്. ജമാഅത്തെ ഇസ്ലാമിയുടെ ഏജന്റുമാരായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. മൌദൂദിയെയും ഖുമൈനിയെയും തള്ളിപ്പറയാന്‍ കഴിയാത്തവരാണ് ഇത്തരം പ്രതിരോധപ്രവര്‍ത്തനത്തിന്റെ പിന്നിലുള്ളത്'' -എം.ഐ തങ്ങളുടെ പ്രസംഗം (1997 ജൂണ്‍ 23 -ചന്ദ്രിക).
ഉ: പുതുതായി ഒന്നും പഠിക്കാതിരിക്കുക, പഠിച്ചതൊന്നും മറക്കാതിരിക്കുക- ഇത് സ്ഥായീസ്വഭാവമായി മാറിക്കഴിഞ്ഞ ചില 'താത്ത്വികരെ'യാണ് നിര്‍ഭാഗ്യവശാല്‍ മുസ്ലിംലീഗിന് അതിന്റെ കാമ്പയിനുകള്‍ക്ക് മിക്കപ്പോഴും ലഭിക്കാറുള്ളത്. അതിനാല്‍, കാമ്പയിനിന്റെ ശീര്‍ഷകമെന്തായാലും അവര്‍ക്ക് പറയാനുള്ളത് ഒന്നുമാത്രം. വര്‍ഗീയതയോ മതമൌലികവാദമോ ഫാഷിസമോ തീവ്രവാദമോ ഭീകരതയോ എന്താവട്ടെ, അതിനൊക്കെ ഉത്തരവാദികള്‍ ആധുനിക ഇസ്ലാമികപ്രസ്ഥാനങ്ങളാണ്. ഇന്ത്യയില്‍ അത് ജമാഅത്തെ ഇസ്ലാമിയുമാണ്. ശഹീദ് ഹസനുല്‍ബന്ന, സയ്യിദ്ഖുതുബ്, അബുല്‍അഅ്ലാ മൌദൂദി പോലുള്ള ഇരുപതാംനൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാനനായകരെ അപൂര്‍ണവും വികലവുമായ വിലയിരുത്തലിലൂടെ വിമര്‍ശിക്കാനും അധിക്ഷേപിക്കാനും ഈ താത്ത്വികന്മാര്‍ക്ക് ഒരു വൈമനസ്യവുമില്ല. ഇസ്ലാം ഇതര മതങ്ങളെപ്പോലെ കേവലം ചില വിശ്വാസാചാരങ്ങളുടെ പേരല്ലെന്നും അത് സമഗ്രവും പൂര്‍ണവുമായ ജീവിതദര്‍ശനമാണെന്നും രാഷ്ട്രീയം ഉള്‍പ്പെടെ ജീവിതത്തിന്റെ ഒരു മേഖലയും ഇസ്ലാമിന് അന്യമല്ലെന്നും പ്രാമാണികമായും യുക്തിഭദ്രമായും തെളിയിച്ചതാണ് ഈ ചിന്തകന്മാര്‍ ചെയ്ത കുറ്റം. അവര്‍ പാശ്ചാത്യന്‍ മുതലാളിത്ത സാമ്രാജ്യത്വവാദികള്‍ക്കും കമ്യൂണിസ്റ് നാസ്തികര്‍ക്കുമെതിരെ മുസ്ലിം സമൂഹത്തെ പ്രബുദ്ധരാക്കുകയും ഭൌതികമോ ആത്മീയമോ ആയ പ്രശ്നങ്ങളുടെ പരിഹാരത്തിനുവേണ്ടി ഇസ്ലാമിതര ദര്‍ശനങ്ങളെ അഭയം പ്രാപിക്കേണ്ടതില്ലെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. പക്ഷേ പാശ്ചാത്യമതേതര ദര്‍ശനങ്ങളാല്‍ അറിഞ്ഞോ അറിയാതെയോ സ്വാധീനിക്കപ്പെട്ട മുസ്ലിം ബുദ്ധിജീവികളില്‍ ഒരു വിഭാഗത്തിന് ഇത് സഹിച്ചില്ല. അവര്‍ ഏറ്റുപിടിക്കുന്നത് "ദൈവത്തിനുള്ളത് ദൈവത്തിന്; സീസര്‍ക്കുള്ളത് സീസര്‍ക്ക്'' എന്ന മന്ത്രം മാത്രം. മുസ്ലിം സമുദായത്തിന്റെ ഉന്നമനമെന്നാല്‍ അവരുടെ ദൃഷ്ടിയില്‍ വ്യവസ്ഥിതി ഏതായാലും അതിലൂടെ ലഭിക്കുന്ന വിദ്യാഭ്യാസവും സംസ്കാരവും അതുവഴി നേടാവുന്ന സ്ഥാനമാനങ്ങളുമാകുന്നു. അതിലുപരി, സത്യത്തിലേക്ക് മനുഷ്യരെ ക്ഷണിക്കുകയും നന്മ സ്ഥാപിക്കുകയും തിന്മ ഇല്ലാതാക്കുകയും ചെയ്യാന്‍ ചുമതലപ്പെട്ട ഉത്തമ ആദര്‍ശസമൂഹമാണ് വിശുദ്ധ ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന മുസ്ലിംസമൂഹം എന്ന് മനസ്സിലാക്കാനോ അംഗീകരിക്കാനോ അവര്‍ക്ക് സാധിക്കുന്നില്ല. സാമുദായിക രാഷ്ട്രീയത്തിന്റെ ബാനറില്‍ ഇസ്ലാമികപ്രസ്ഥാനങ്ങള്‍ക്കെതിരെ തിരിയുന്ന ചിലരെ പിടികൂടിയിരിക്കുന്നതും ഈ ദൌര്‍ബല്യംതന്നെ.
മൌദൂദിയുടെയും സയ്യിദ് ഖുതുബിന്റെയും ചിന്തകളോ ഗ്രന്ഥങ്ങളോ ഇന്നുവരെ ആരെയും വഴിതെറ്റിച്ചിട്ടില്ല; ജാഹിലിയ്യത്തില്‍നിന്ന് തലമുറകളെ മോചിപ്പിച്ചിട്ടേയുള്ളൂ. അവരാരും ഉഗ്രവാദികളോ തീവ്രവാദികളോ ആയിരുന്നില്ല. ജിഹാദിന് വിശുദ്ധഖുര്‍ആനും പ്രവാചകമാതൃകയും നല്‍കുന്ന വിവക്ഷയില്‍ കവിഞ്ഞ ഒന്നും അവര്‍ അവതരിപ്പിച്ചുമില്ല. എന്നുവെച്ച്, ഒഴുക്കിന്നനുകൂലമായി മലര്‍ന്നുകിടക്കാനും ആരുടെ മുമ്പിലും മുട്ടുമടക്കി സ്ഥാനമാനങ്ങള്‍ വാങ്ങിയെടുക്കാനുമുള്ള ഭീരുത്വത്തിന്റെ പേരാണ് ജിഹാദ് എന്ന് സമ്മതിച്ചുകൊടുക്കാനും ഇസ്ലാമിക ചിന്തകന്മാര്‍ തയാറായില്ല. മാറ്റേണ്ടതിനെ മാറ്റിയേ പറ്റൂ; അതിനാണ് താനും ജിഹാദ്. ഇതെങ്ങനെ, എപ്പോള്‍ വേണമെന്ന് തീരുമാനിക്കേണ്ടത് സാഹചര്യങ്ങള്‍ക്കനുസരിച്ചാണ്. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ സായുധ ജിഹാദ് വിപരീതഫലങ്ങളേ ഉളവാക്കൂ. ഇസ്ലാമിക പ്രബോധനം യഥാവിധി പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് സായുധ ജിഹാദ് പ്രവാചകന്മാരുടെ അജണ്ടയില്‍ ഇല്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാല്‍ വഴിവിട്ടു ചിന്തിക്കുന്ന യുവാക്കള്‍, മൌദൂദിയുടെയോ സയ്യിദ് ഖുത്വുബിന്റെയോ ചിന്തകളെ ദുരുപയോഗപ്പെടുത്തുന്നുണ്െടങ്കില്‍ അതിനുമുമ്പ് അവര്‍ ദുരുപയോഗപ്പെടുത്തുന്നത് വിശുദ്ധ ഖുര്‍ആന്‍തന്നെയാണെന്ന് മറക്കരുത്. എന്നുവെച്ച് ഖുര്‍ആനിനെയും തള്ളിപ്പറയണം എന്നാണോ? ഖുര്‍ആന്‍ ഭൂമിയിലുള്ളേടത്തോളം ജിഹാദും ഉണ്ടാകും. അതെന്ത്, എങ്ങനെ എന്നതിനെക്കുറിച്ച് ഭിന്നവീക്ഷണങ്ങളുമുണ്ടാവും. ഓരോരുത്തരും തങ്ങളുടെ വീക്ഷണമാണ് ശരി എന്ന് പ്രാമാണികമായും യുക്തിസഹമായും ബോധ്യപ്പെടുത്തുകയാണ് വഴി.