..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 
 
ചോദ്യോത്തരങ്ങള്‍
 
 

സുപ്രീംകോടതി വിധിയുടെ പ്രാധാന്യം

ചോ: ബഹ്രി ട്രൈബ്യൂണലിന് മുമ്പാകെ ആര്‍.എസ്.എസ്, ബജ്റംഗ്ദള്‍ എന്നിവയ്ക്കെതിരായി വേണ്ടത്ര തെളിവുകള്‍ സര്‍ക്കാര്‍ നിരത്താത്തതുകൊണ്ടാണ് ആ സംഘടനകളുടെ നിരോധം നീക്കംചെയ്തത്. ഇതുപോലെ ജമാഅത്തെ ഇസ്ലാമിക്കെതിരായി വേണ്ടത്ര തെളിവുകള്‍ കോടതി മുമ്പാകെ ഗവണ്‍മെന്റ് സമര്‍പ്പിക്കാത്തതുകൊണ്ടാണ് ജമാഅത്ത് നിരോധം റദ്ദാക്കിയത്. അതിനാല്‍, സുപ്രീംകോടതിയുടെ ജമാഅത്ത് നിരോധം റദ്ദാക്കിക്കൊണ്ടുള്ള വിധി ചരിത്രപ്രധാനമൊന്നുമല്ല. യഥാര്‍ഥത്തില്‍ ഗവണ്‍മെന്റ് രണ്ടു വിഭാഗം വര്‍ഗീയശക്തികളോടും പ്രീണനനയം കൈക്കൊള്ളുകയാണ്. ഈ അഭിപ്രായത്തോട് എങ്ങനെ പ്രതികരിക്കുന്നു?

 
 
   

ഉ: ജമാഅത്തെ ഇസ്ലാമിയെ ആര്‍.എസ്.എസിനോട് ചേര്‍ത്തുപറയാന്‍, മുന്‍ധാരണ മൂലം ഇപ്പോഴും ശഠിക്കുന്ന വികട മനസ്സിന്റെ അബദ്ധജടിലമായ വിലയിരുത്തലാണിത്. ആര്‍.എസ്.എസിന്റെ നിരോധം നീക്കിയത് സര്‍ക്കാര്‍ സ്വാഭീഷ്ടം നിയോഗിച്ച ഏകാംഗ ബഹ്രി ട്രൈബ്യൂണലാണ്. മറുവശത്ത് ജമാഅത്തെ ഇസ്ലാമിയുടെ നിരോധം റദ്ദാക്കിയത് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയും. രണ്ടിന്റെയും സ്ഥാനമോ തീരുമാനമോ ഒരു നിലയ്ക്കും തുല്യമല്ല. അതുപോലെ, ആര്‍.എസ്.എസിനെ നിരോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ തെളിയിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നതാണ് ബഹ്രി ട്രൈബ്യൂണല്‍ അഭിപ്രായപ്പെട്ടത്. അതേസമയം, ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കാന്‍ പറഞ്ഞ കാരണങ്ങള്‍ അപ്രസക്തവും മോശവുമാണെന്നാണ് സുപ്രീംകോടിത വ്യക്തമാക്കിയത്. സംഘടിക്കാനും പ്രവര്‍ത്തിക്കാനും പൌരന്മാര്‍ക്ക് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മൌലികാവകാശങ്ങളില്‍ കൈവെക്കാന്‍ സര്‍ക്കാരുകള്‍ക്ക് പാടില്ലെന്ന് സുപ്രീംകോടതിയുടെ പ്രഖ്യാപനമാണ് ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച വിധിയെ ചരിത്രപ്രധാനമാക്കിയത്. 1967-ലെ നിയമവിരുദ്ധ പ്രവര്‍ത്തനനിരോധ നിയമം, യഥേഷ്ടം ആരുടെമേലും അടിച്ചേല്‍പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് സുപ്രീംകോടതി ശക്തമായിത്തന്നെ തടയിട്ടിരിക്കുന്നു. ഇത് ജമാഅത്തെ ഇസ്ലാമിക്ക് മാത്രമല്ല, രാജ്യത്ത് ജനാധിപത്യവും മൌലികാവകാശവും പുലരാനാഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഗുണകരമാണ്.

 
 
 
 
 
 
 
 
 
 
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.