ചോ: എന്തിനാണ് ജമാഅത്തെ ഇസ്ലാമിയില്‍ പ്രവേശിക്കുന്ന ഒരാള്‍ക്ക് പല തട്ടുകളും കല്‍പിക്കുന്നത്. ആദ്യം മുത്തഫിഖും പിന്നെ കാര്‍കുനും പിന്നെ റുക്നുമായിട്ട്? ഇസ്ലാമിക ചരിത്രത്തില്‍ പ്രവാചകന്‍(സ) ഇത്തരമൊരു തരംതിരിക്കല്‍ കാണിച്ചിരുന്നതായി കാണുന്നില്ല. ഇസ്ലാം സ്വീകരിച്ച എല്ലാവരും ഒരേ നിലവാരത്തിലായിരുന്നല്ലോ?
ഉ: ജമാഅത്തെ ഇസ്ലാമിയില്‍ ഒരാള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയെന്നാല്‍ അയാളെ മുസ്ലിമാക്കുക എന്നല്ല അര്‍ഥം. ശഹാദത്ത് കലിമയില്‍ വിശ്വസിച്ച് അത് പ്രഖ്യാപിച്ചവരൊക്കെ മുസ്ലിംകളായിത്തീരും. അങ്ങനെയുള്ള മുസ്ലിംകള്‍ ചേര്‍ന്ന സമൂഹത്തിന്റെ-അല്‍ജമാഅത്തിന്റെ-നായകരായിരുന്നു മുഹമ്മദ് നബി(സ)യും തുടര്‍ന്നു ഖലീഫമാരും. അവര്‍ക്കു ശേഷം 'അല്‍ജമാഅത്ത്' നിലവിലില്ലാതായി. നിലവിലുള്ള ഇസ്ലാമികപ്രസ്ഥാനങ്ങള്‍ യഥാര്‍ഥ അല്‍ജമാഅത്തിന്റെ സംസ്ഥാപനം ലക്ഷ്യമാക്കുന്ന സംഘടനകള്‍ മാത്രം. ഈ സംഘടനകള്‍ അവയുടെ അച്ചടക്കത്തിനും ഭദ്രതക്കും തര്‍ബിയത്തിനും അംഗത്വകാര്യത്തില്‍ ചില ഉപാധികളും നിബന്ധനകളും സ്വീകരിക്കുന്നു. ആയിനത്തില്‍പെടുന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ സംഘടനാ വ്യവസ്ഥ. ഏത് പാര്‍ട്ടിക്കാരനായാലും ജമാഅത്തെ ഇസ്ലാമിയോട് ചില കാര്യങ്ങളിലെങ്കിലും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള ആര്‍ക്കും മുത്തഫിഖ്(അനുകൂലി) ആകാം. അത് പാര്‍ട്ടിഘടനയുടെ ഭാഗമല്ല. സംഘടനയുടെ ആദര്‍ശവും ലക്ഷ്യവും നയപരിപാടികളും അംഗീകരിച്ച് ജമാഅത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവനാണ് കാര്‍കുന്‍(പ്രവര്‍ത്തകന്‍). ഇതും ഭരണഘടനാപരമായി ജമാഅത്തിന്റെ ഘടനയുടെ ഭാഗമല്ല. ഭരണഘടന സര്‍വാത്മനാ അംഗീകരിച്ച് ലക്ഷ്യപ്രാപ്തിക്കുവേണ്ടി പൂര്‍ണമായും പാര്‍ട്ടിക്ക് വിധേയനായും ഇസ്ലാമികചിട്ടകളനുസരിച്ചും പ്രവര്‍ത്തിക്കുന്നയാളാണ് റുക്ന്‍(അംഗം). ഒരു കാഡര്‍ പാര്‍ട്ടിയുടെ സ്വഭാവത്തില്‍ ജമാഅത്തിനെ വളര്‍ത്തിയെടുക്കാനും അച്ചടക്കരാഹിത്യം പരമാവധി ഒഴിവാക്കാനും ഭദ്രത പരിരക്ഷിക്കുവാനും സ്വീകരിച്ച ഘടന എന്നതിലപ്പുറം പ്രാധാന്യം ഈ സംവിധാനത്തിനില്ല. കടുത്ത പ്രതികൂല സാഹചര്യങ്ങളെയും നിരോധനങ്ങളെയും അതിജീവിക്കാന്‍ ജമാഅത്തിനെ യോഗ്യമാക്കിയതില്‍ ഈ സംവിധാനത്തിന് കാര്യമായ പങ്കുണ്ട്.