ചോ: ജമാഅത്തെ ഇസ്ലാമിയില്‍ അംഗത്വം കിട്ടാന്‍ വലിയ പ്രയാസമാണ്; കമ്യൂണിസ്റ് പാര്‍ട്ടിക്കാരെപ്പോലെ കുറേക്കാലം പ്രവര്‍ത്തിച്ചാലേ അവര്‍ അംഗത്വം കൊടുക്കുകയുള്ളൂവെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നത് ശരിയാണോ? അല്ലെങ്കില്‍, എന്തുകൊണ്ടാണ് അര നൂറ്റാണ്ട് പിന്നിട്ട പാര്‍ട്ടിയുടെ അംഗസംഖ്യ ഇന്നും ആയിരങ്ങളില്‍ പരിമിതമായിരിക്കുന്നത്? പുറത്ത് ലക്ഷക്കണക്കിന് അനുഭാവികള്‍ ഉണ്ടല്ലോ. അവര്‍ക്കെല്ലാം അംഗത്വം കൊടുത്തുകൂടേ?
ഉ: ഭദ്രതയും കെട്ടുറപ്പും വേണമെന്നാഗ്രഹിക്കുന്ന ഏതു പാര്‍ട്ടിക്കും അംഗത്വ നിബന്ധനകള്‍ കര്‍ശനമാക്കേണ്ടിവരും. അല്ലാത്ത പക്ഷം ഇന്നത്തെ മിക്കരാഷ്ട്രീയ-മതസംഘടനകളിലും കാണുന്നപോലെ കാലുമാറ്റവും തൊഴുത്തില്‍കുത്തും ഗ്രൂപ്പിസവും വ്യക്തിജീവിതത്തിലെ അധാര്‍മികതയും പ്രസ്ഥാനത്തിന്റെ പ്രതിഛായയെ തകര്‍ക്കും. അതിനാലാണ് ജമാഅത്ത് ഭരണഘടന നന്നായി മനസ്സിലാക്കി അതുപ്രകാരം ജീവിക്കാന്‍ സന്നദ്ധനാണെന്ന് അനുഭവത്തിലൂടെ തെളിയിച്ചവര്‍ക്ക് മാത്രമായി അംഗത്വം പരിമിതപ്പെടുത്തിയിരിക്കുന്നത്. ഉപാധികള്‍ പൂര്‍ണമായി പാലിക്കാന്‍ കഴിയാത്തവര്‍ക്ക് കാര്‍കുന്‍ (പ്രവര്‍ത്തകന്‍) ആയിരിക്കാനും, സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ മാത്രം കഴിയുന്നവര്‍ക്ക് മുത്തഫിഖുകളായി നില്‍ക്കാനും ജമാഅത്ത് വ്യവസ്ഥ ചെയ്തിട്ടുണ്ട്. കുറേയെണ്ണം പെരുപ്പിച്ചുകാട്ടാന്‍ ഈ ഘടനയില്‍ മാറ്റം വരുത്തുന്നത് ഒടുവില്‍ ദോഷകരമായേ വരൂ എന്ന് മറ്റുള്ളവരുടെ അനുഭവങ്ങളില്‍നിന്ന് മനസ്സിലാക്കാം.