..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 
 
ചോദ്യോത്തരങ്ങള്‍
 
 

മുഹമ്മദുബ്നു അബ്ദുല്‍ വഹാബിന്റെ പൈതൃകം

ചോ: മുഹമ്മദുബ്നു അബ്ദുല്‍ വഹാബിനെ നവോത്ഥാനസംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഒരു നല്ല മനുഷ്യനായി വി.എ. കബീര്‍, പ്രബോധനം വാരികയില്‍ ചിത്രീകരിച്ചിരിക്കുന്നു (വാള്യം 46, ലക്കം 5). അതിനായി പല തെളിവുകളും അദ്ദേഹം നിരത്തിയിട്ടുണ്ട്. എന്നാല്‍, മുഹമ്മദുബ്നു അബ്ദുല്‍ വഹാബ് പിഴച്ചവനാണെന്നും അവന്റെ പൂര്‍വികര്‍ ആയ ദുല്‍ഖുവൈസിറത്തുത്തമീമി നബി(സ)യുടെ മുഖത്ത് വിരല്‍ ചൂണ്ടി, നീതി ചെയ്യൂ മുഹമ്മദേ എന്നു പറഞ്ഞവനാണെന്നും ഇബ്നുഹജര്‍(റ) പോലെയുള്ള മഹാന്മാരെ ഉദ്ധരിച്ചുകൊണ്ട് അല്‍മുബാറക് വാരിക പറയുന്നു (വാള്യം 6, ലക്കം 49). എന്താണ് ഈ ഭിന്നാഭിപ്രായങ്ങള്‍ക്ക് കാരണം?

 
 
   

ഉ:ശിര്‍ക്ക്-ബിദ്അത്തുകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പൊരുതിയ പരിഷ്കര്‍ത്താവായിരുന്നു ശൈഖ് മുഹമ്മദുബ്നു അബ്ദുല്‍ വഹാബ്(റ). ശിര്‍ക്ക്-ബിദ്അത്തുകളെ ന്യായീകരിക്കുന്നവര്‍ക്ക് സ്വാഭാവികമായും അദ്ദേഹത്തെ ഇഷ്ടപ്പെടില്ല. അവര്‍ അദ്ദേഹത്തെ കഠിനമായെതിര്‍ക്കുകയും അപവാദങ്ങള്‍ പ്രചരിപ്പിച്ച് സ്വഭാവഹത്യക്ക് ശ്രമിക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ ഒരാരോപണമാണ്, നബി(സ)യെ ഭര്‍ത്സിച്ച അറബിയുടെ സന്താനപരമ്പരയില്‍ പെട്ടവനാണ് മുഹമ്മദുബ്നു അബ്ദുല്‍ വഹാബ് എന്ന് ഇബ്നുഹജറുല്‍ ഹൈത്തമിയും മറ്റും എഴുതിവെച്ചത്. ഇത് തെളിയിക്കപ്പെട്ട സത്യമല്ലെന്നതു ഒരു കാര്യം. വാദത്തിനു വേണ്ടി ശരിയാണെന്നു സമ്മതിച്ചാല്‍തന്നെ, തികച്ചും അനിസ്ലാമികമായ ഒരു ചിന്താഗതിയെ മാത്രമേ അത് അനാവരണം ചെയ്യുന്നുള്ളൂ. ആരുടെ മകനാണെന്നോ ആരുടെ സന്താനപരമ്പരയില്‍ പെട്ടവനാണെന്നോ നോക്കിയല്ല ഇസ്ലാം വ്യക്തിയുടെ മാഹാത്മ്യം നിര്‍ണയിക്കുന്നത്. അങ്ങനെയായിരുന്നുവെങ്കില്‍ കടുത്ത മുശ്രിക്കും ബിംബപൂജകനുമായിരുന്ന ആസറിന്റെ പുത്രനായ ഇബ്റാഹീമി(അ)ന് മഹത്ത്വം നിഷേധിക്കപ്പെടുമായിരുന്നു! പ്രത്യുത, ആദംനബി(അ)യുടെ മകനായ ഖാബീലിനും നൂഹ്നബി(അ)യുടെ മകനായ കന്‍ആനിനും ശ്രേഷ്ഠത കൈവരുമായിരുന്നു. അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ അഹ്ലുബൈത്തില്‍ പെട്ടവരൊക്കെ എക്കാലത്തും സജ്ജനങ്ങളും മഹാന്മാരും ആയിരുന്നുവോ? മറിച്ച്, അബൂജഹലിന്റെ പുത്രനായ ഇക്രിമ(റ) ഇസ്ലാമിനു വേണ്ടി രക്തസാക്ഷിയായില്ലേ? ഇതൊന്നും മനസ്സിലാക്കാതെ, മനുഷ്യര്‍ ജനിച്ച നാടും കുടുംബവുമൊക്കെ ചൂണ്ടിക്കാട്ടി ദുരാരോപണങ്ങള്‍ ചുമത്തുക എക്കാലത്തും യാഥാസ്ഥിതിക പൌരോഹിത്യത്തിന്റെ ദൌര്‍ബല്യമായിരുന്നിട്ടുണ്ട്. വസ്തുതയോ നീതിബോധമോ അവരെ പിന്തുണയ്ക്കുന്നില്ല

 
 
 
 
 
 
 
 
 
 
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.