..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 
 
ചോദ്യോത്തരങ്ങള്‍
 
 

രാഷ്ട്രീയ നേതാവും ആത്മീയനേതാവും

ചോ: "ഇസ്ലാമില്‍ രാഷ്ട്രീയ നേതാവും ആത്മീയ നേതാവും വെവ്വേറെ ഉണ്ടാവരുതെന്ന നിര്‍ബന്ധം എന്തിനാണ്? സുഊദി അറേബ്യയിലെ ഫഹദ്രാജാവും ശൈഖ് ഇബ്നുബാസും സുഊദ് രാജാവും ശൈഖ് മുഹമ്മദ് അബ്ദുല്‍ വഹാബും ഇസ്ലാമിക സമൂഹത്തിലെ ഉദാഹരണങ്ങള്‍തന്നെയാണല്ലോ''. (ചന്ദ്രിക ദിനപത്രം കോഴിക്കോട്, 1992 ഒക്ടോബര്‍ 26/27)

യഥാര്‍ഥത്തില്‍ ഇസ്ലാമിക സമൂഹത്തില്‍ ആത്മീയ നേതാവ്, നേതൃത്വം എന്നിങ്ങനെയൊന്നുണ്ടോ? പ്രവാചകന്റെ കാലശേഷം ഖുലഫാഉര്‍റാശിദുകളുടെയോ മറ്റോ ചരിത്രത്തില്‍ ഇങ്ങനെയൊരു നേതൃത്വം ഉണ്ടായിരുന്നതായി തെളിവുകളുണ്ടോ?

 
 
   

ഉ: "നിങ്ങള്‍ക്ക് അല്ലാഹുവിന്റെ റസൂലില്‍ ഉത്തമമായ മാതൃകയുണ്ട്'' (വിശുദ്ധ ഖുര്‍ആന്‍), "നിങ്ങള്‍ എന്റെ സുന്നത്തിനെയും സന്‍മാര്‍ഗചാരികളായ ഖലീഫമാരുടെ സുന്നത്തിനെയും മുറുകെ പിടിക്കുക'' (നബിവചനം) തുടങ്ങിയ മാര്‍ഗനിര്‍ദേശകതത്വങ്ങള്‍ പഠിപ്പിക്കുന്നത് പ്രവാചകന്റെ മാതൃകയും അതിനെ അടിസ്ഥാനമാക്കിയുള്ള ഖുലഫാഉര്‍റാശിദുകളുടെ നടപടിക്രമവുമാണ് ഏതു വിഷയത്തിലും മുസ്ലിംകള്‍ക്ക് സ്വീകാര്യമായിരിക്കേണ്ടത് എന്നാണ്. നബി(സ) ഒരേയവസരത്തില്‍ ആത്മീയനേതാവും ഭരണനായകനും ആയിരുന്നു. തിരുമേനിയെ തുടര്‍ന്നുവന്ന നാലു ഖലീഫമാരും ഒരേയവസരത്തില്‍ ആത്മീയ നേതാക്കളും ഭരണാധികാരികളും ആയിരുന്നു. മതവും രാഷ്ട്രീയവും വേറെ എന്ന സങ്കല്‍പമേ അവരുടെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. പൌരോഹിത്യവും ആത്മീയനേതൃത്വവും ക്രൈസ്തവ സങ്കല്‍പങ്ങളാണ്. ഇസ്ലാമില്‍ അതിന് സ്ഥാനമില്ല. ഖിലാഫത്ത് രാജവാഴ്ചക്ക് വഴിമാറിയപ്പോള്‍ ഇസ്ലാമിനെക്കുറിച്ച് അറിവില്ലാത്തവര്‍ വെറും കുടുംബപാരമ്പര്യത്തിന്റെ പേരില്‍ ഭരണാധികാരികളായി വന്നു. അവരെ ഉപദേശിക്കാന്‍ മതപണ്ഡിതന്മാരും വേണ്ടിവന്നു. അങ്ങനെയാണ് മുസ്ലിംചരിത്രത്തില്‍ മതവും രാഷ്ട്രീയവും വഴിപിരിയുന്നത്. അപ്പോഴും ആത്മീയനേതാവ് എന്നൊരു തസ്തിക ഉണ്ടായിരുന്നില്ല. ഇന്നും സുഊദി അറേബ്യയുടെ ഔദ്യോഗിക മുഫ്തിയാണ് ശൈഖ് ഇബ്നുബാസ്; ആത്മീയ നേതാവല്ല. അദ്ദേഹം സ്വയം തന്നെ മത-രാഷ്ട്രീയ വിഭജനം അംഗീകരിക്കുന്ന ആളുമല്ല. ശൈഖ് മുഹമ്മദുബ്നു അബ്ദില്‍ വഹാബിന്റെ കാലത്ത് സുഊദി രാജവംശം അദ്ദേഹത്തിന്റെ ഉപദേശനിര്‍ദേശങ്ങളെ മാനിച്ചിരുന്നു എന്നല്ലാതെ അദ്ദേഹം ആത്മീയ നേതൃത്വം ഏറ്റെടുക്കുകയോ അവകാശപ്പെടുകയോ ചെയ്തിട്ടില്ല. ഇസ്ലാമിന് അന്യമായ സാങ്കേതിക പ്രയോഗങ്ങളെ ന്യായീകരിക്കുകയല്ല, ഉപേക്ഷിക്കുകയാണ് വേണ്ടത്.

 
 
 
 
 
 
 
 
 
 
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.