ചോ: "ജമാഅത്തെ ഇസ്ലാമി കേരളത്തിലെ മുസ്ലിം സമുദായത്തിന് പ്രസ്താവ്യമായ സംഭാവനകളൊന്നും നല്‍കിയിട്ടില്ല.'' കേരള നദ്വത്തുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരിച്ച 'ഇസ്ലാമും കേരളത്തിലെ സാമൂഹിക-പരിവര്‍ത്തന പ്രസ്ഥാനങ്ങളും' എന്ന പുസ്തകത്തില്‍ ഇങ്ങനെ വായിക്കാനിടയായി. ഇത് എത്രമാത്രം വാസ്തവമാണ്?
ഉ: പ്രസ്തുത പുസ്തകത്തില്‍ അതിന്റെ കര്‍ത്താവ് മുജാഹിദ് പ്രസ്ഥാനക്കാരുടെ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും മാത്രമേ കാര്യമായി പരിഗണിച്ചിട്ടുള്ളൂ. സുന്നികളോ ജമാഅത്തെ ഇസ്ലാമിക്കാരോ പ്രസ്താവ്യമായ എന്തെങ്കിലും സേവനങ്ങള്‍ നിറവേറ്റിയതായി അദ്ദേഹം കരുതുന്നില്ല.
സ്വന്തം പ്രസ്ഥാനത്തെ വലുതാക്കിക്കാട്ടാന്‍ ഇതര പ്രസ്ഥാനങ്ങളെ ഇടിച്ചു താഴ്ത്തുക മനുഷ്യരുടെ സാമാന്യ ദൌര്‍ബല്യമാണ്. പക്ഷേ, ജമാഅത്തെ ഇസ്ലാമിയില്‍നിന്ന് വ്യത്യസ്തമായ എന്തു സേവനങ്ങളാണ് മുജാഹിദ് പ്രസ്ഥാനക്കാര്‍ കേരളത്തില്‍ ചെയ്തതെന്ന് ഒരു ബുദ്ധിജീവി എന്ന നിലയിലെങ്കിലും പുസ്തകകര്‍ത്താവ് ആലോചിക്കാതിരുന്നത് ഉചിതമായില്ല. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കേരളത്തില്‍ പൊരുതിയത് ഇന്നുള്ള മുജാഹിദ് സംഘടനയല്ല; മുന്‍ ഇസ്ലാഹീ പ്രസ്ഥാനമാണ്. അതാകട്ടെ ജമാഅത്തെ ഇസ്ലാമിക്കുംകൂടി അവകാശപ്പെടാന്‍ ഒരു വിരോധവുമില്ലാത്തതാണ്താനും. 1944-ലാണ് കേരളത്തില്‍ ജമാഅത്ത് പ്രവര്‍ത്തനമാരംഭിച്ചത്. അതിനുമുമ്പ് അതിന്റെ നേതാക്കള്‍ ഇസ്ലാഹീ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചവരാണ്. ജമാഅത്തെ ഇസ്ലാമി നിലവില്‍വന്നശേഷവും ശിര്‍ക്ക്-ബിദ്അത്തുകള്‍ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുകയും അക്കാരണത്താല്‍ അത് യാഥാസ്ഥിതിക പൌരോഹിത്യത്തിന്റെ എതിര്‍പ്പുകളെ നിരന്തരം ഏറ്റു വാങ്ങുകയും ചെയ്തിട്ടുണ്ട്. കാളപൂട്ട് വാദപ്രതിവാദങ്ങളില്‍നിന്നും നമസ്കാരത്തിലെ കൈകെട്ട്, തറാവീഹ് റക്അത്തുകളുടെ എണ്ണം പോലുള്ള ശാഖാപരമായ പ്രശ്നങ്ങളെ സംബന്ധിച്ച വിവാദങ്ങളില്‍നിന്നും ജമാഅത്തെ ഇസ്ലാമി വിട്ടുനിന്നു എന്നത് ശരിയാണ്. ഇതൊരു തെറ്റായി എന്ന് ജമാഅത്തിനിപ്പോഴും തോന്നുന്നില്ലെന്ന് മാത്രമല്ല, സമുദായത്തിന്റെ ഐക്യത്തിനു അനുപേക്ഷ്യമായി കരുതുകയും ചെയ്യുന്നു. ദേശസ്നേഹത്തിന്റെ പേരില്‍ ആര്‍.എസ്.എസുകാര്‍ കാട്ടിക്കൂട്ടുന്നതൊക്കെ നോക്കി, അവര്‍ മാത്രമാണ് ഈ രാജ്യത്ത് യഥാര്‍ഥ ദേശസ്നേഹികളെന്ന് തെറ്റിദ്ധരിക്കുന്നതുപോലെയാണ് ശിര്‍ക്ക്-ബിദ്അത്തുകള്‍ക്കെതിരെ മുജാഹിദുകളുടെ ചെയ്തികള്‍ കണ്ട് അവരാണ് യഥാര്‍ഥ തൌഹീദിന്റെ വക്താക്കളെന്ന വിലയിരുത്തല്‍. യുക്തിദീക്ഷയോ വിവേകമോ ഇല്ലാത്ത സംസ്കരണശ്രമങ്ങളോട് ജമാഅത്തെ ഇസ്ലാമിക്ക് യോജിപ്പില്ല. പിന്നെ, മുജാഹിദുകള്‍ ചെയ്യുന്ന സേവനമെന്നു പറയുന്നത് പള്ളികളും മദ്രസകളും പാഠപുസ്തകങ്ങളും പത്രപ്രസിദ്ധീകരണങ്ങളുമാണെങ്കില്‍ അക്കാര്യത്തിലും, ജമാഅത്തെ ഇസ്ലാമിയെക്കാള്‍ എന്തു സവിശേഷതയാണ് അവര്‍ക്കവകാശപ്പെടാനുള്ളതെന്ന് മനസ്സിലാവുന്നില്ല. മാത്രമല്ല, ഇസ്ലാമിക പ്രസിദ്ധീകരണ രംഗത്ത് ഒരു വിപ്ളവംതന്നെ സാധിച്ചതും സമുദായത്തിന് വഴികാണിച്ചതും ജമാഅത്തെ ഇസ്ലാമിയാണെന്ന് നിഷ്പക്ഷമതികളെല്ലാം സമ്മതിക്കും. സര്‍വോപരി, മുതലാളിത്തത്തിനും കമ്യൂണിസത്തിനും യുക്തിവാദത്തിനും അതുപോലുള്ള അനിസ്ലാമികാദര്‍ശങ്ങള്‍ക്കുമെതിരെ നിരന്തരമായ ആശയസമരം നടത്തി ഇസ്ലാമിനെ സമ്പൂര്‍ണബദലായി അവതരിപ്പിക്കാന്‍ ജമാഅത്തെ ഇസ്ലാമിയല്ലെങ്കില്‍ പിന്നെ ആരാണുണ്ടായിരുന്നതെന്ന് ചിന്താശക്തി പണയപ്പെടുത്തിയിട്ടില്ലാത്തവര്‍ ആലോചിക്കണം. "തങ്ങള്‍ ചെയ്യാത്തതിന്റെ പേരില്‍ സ്തുതിക്കപ്പെടാന്‍ അവര്‍ ആഗ്രഹിക്കുന്നു'' എന്നു വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചവരുടെ നിലവാരത്തിലേക്ക് ആരും അധഃപതിക്കരുത