..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 
 
ചോദ്യോത്തരങ്ങള്‍
 
 

പവാചകന്മാരുടെ പ്രബോധനവും ജമാഅത്തെ ഇസ്ലാമിയും

ചോ: "ഇസ്ലാമിക രാഷ്ട്രീയ ക്രമത്തിന്റെ ഒരു ന്യൂക്ളിയസ് രൂപപ്പെട്ടതിനു ശേഷമാണ് സാമൂഹിക-രാഷ്ട്രീയ നിയമങ്ങള്‍ അവതരിച്ചത്. അവയുടെ അവതരണത്തിനുതന്നെ വിശ്വാസികളുടെ കഴിവനുസരിച്ച് ഒരു ക്രമമുണ്ടായിരുന്നു. സ്വന്തമായ ഒരു ഭൂപ്രദേശത്തോടുകൂടി പ്രത്യേകമായ രാഷ്ട്രീയ ശക്തിയായി നിലനില്‍ക്കാനുള്ള അംഗബലം മുസ്ലിംകള്‍ക്കുണ്ടായതിനു ശേഷം മാത്രമാണ് അസത്യവ്യവസ്ഥയില്‍നിന്ന് സ്വയം അറുത്തുമാറ്റാന്‍ അവര്‍ക്ക് അനുമതി നല്‍കപ്പെട്ടത്. ഒരു സമൂഹവും സമ്പദ്ക്രമവും സ്വന്തമായി നടത്തിക്കൊണ്ടുപോകാവുന്ന ഒരവസ്ഥയില്‍ മുസ്ലിംകള്‍ എത്തിച്ചേര്‍ന്നപ്പോഴാണ് അനിസ്ലാമിക വ്യവസ്ഥിതിയുമായി എല്ലാ സാമൂഹികബന്ധങ്ങളും വിഛേദിക്കാന്‍ അവര്‍ ആജ്ഞാപിക്കപ്പെട്ടതും സാമൂഹിക-സാംസ്കാരിക ജീവിതവുമായി ബന്ധപ്പെട്ട ഇസ്ലാമിക ശാസനകള്‍ അവതരിച്ചതും'' (ഇസ്ലാമിക പ്രബോധനം ലക്ഷ്യവും ശൈലിയും, അമീന്‍ അഹ്സന്‍ ഇസ്ലാഹി, പേജ് 65).

തൌഹീദും ആഖിറത്തും നുബുവ്വത്തും ശക്തമായി അവതരിപ്പിക്കുന്നതായിരുന്നു പ്രവാചകന്മാരുടെ പ്രബോധനരീതിയെന്നും അതംഗീകരിക്കാത്തവരോടായിരുന്നു അവര്‍ക്ക് ഏറ്റുമുട്ടേണ്ടിവന്നതെന്നും വിശുദ്ധ ഖുര്‍ആനും ഇസ്ലാമിക ചരിത്രവും വ്യക്തമായി പറയുന്നു.

ദേശീയതലത്തില്‍ ഇസ്ലാമിക നവോത്ഥാനത്തിനു ചുക്കാന്‍ പിടിക്കുന്ന ജമാഅത്തെ ഇസ്ലാമി അതിന്റെ തുടക്കം മുതല്‍തന്നെ, പ്രവാചകന്‍മാരുടെ പതിവുശൈലിവിട്ട്, ഇസ്ലാമിനെ ഒരു പ്രത്യയശാസ്ത്രവും ജീവിതപദ്ധതിയുമായി അവതരിപ്പിക്കുന്നതിനു പ്രാമുഖ്യം നല്‍കുന്നു. ആധുനിക മനുഷ്യന്റെ ധൈഷണിക ദാഹമകറ്റാന്‍ തീരെ സാധിക്കാതെ, പിറന്ന മണ്ണില്‍പോലും അഭയം കിട്ടാതെ വന്ന മനുഷ്യനിര്‍മിത ഭാവനാ വിലാസങ്ങള്‍ക്ക് (പ്രത്യയശാസ്ത്രമെന്ന് അവയെ വിളിക്കാനൊക്കില്ല.) ഒരു ബദലായി മാത്രം ദൃഢവും പ്രസക്തവും സര്‍വോപരി ദൈവികവുമായ ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിലെ യുക്തിയെന്ത്? 'മുതലാളിത്തത്തിനും കമ്യൂണിസത്തിനും മധ്യേ' ഇസ്ലാമിനെ അവതരിപ്പിക്കുന്നതിനു മുമ്പ് അടിസ്ഥാന ശിലകളെ പരിചയപ്പെടുത്തേണ്ടതില്ലേ? പ്രവാചകന്‍മാരുടെ പിന്‍തലമുറക്ക് അവരുടെ പ്രബോധനരീതി പഥ്യമല്ലേ?

 
 
   

ഉ: പ്രവാചകന്മാരുടെ പ്രബോധനവും പ്രബോധനരീതിയുംതന്നെയാണ് മൌലികമായി എക്കാലത്തും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് സ്വീകാര്യവും മാതൃകയും. എന്നാല്‍, സമാനസാഹചര്യങ്ങളിലല്ലാതെ പ്രബോധനരീത അതേപടി പറിച്ചുനടണമെന്ന് ഇതിനര്‍ഥമില്ല. പല പ്രവാചകന്‍മാരുടെ വ്യത്യസ്ത പ്രബോധനരീതികളും മുന്‍ഗണനാക്രമങ്ങളും വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്താനാണ്.

പണ്ഡിതനും പ്രതിഭാശാലിയുമായ മൌലാനാ അമീന്‍ അഹ്സന്‍ ഇസ്ലാഹിയുടെ വീക്ഷണത്തോട് ജമാഅത്തെ ഇസ്ലാമിക്ക് വിയോജിപ്പില്ല. അതേസമയം ആ വീക്ഷണം ഉദ്ധരിച്ച ചോദ്യകര്‍ത്താവ് എത്തിച്ചേര്‍ന്ന നിഗമനങ്ങളില്‍ അബദ്ധമുണ്ട്. ഒന്നാമതായി മക്കയില്‍ നബി സത്യപ്രബോധനവുമായി രംഗത്തുവന്ന കാലഘട്ടത്തിന് സമാനമായ സാഹചര്യങ്ങളല്ല ജമാഅത്തെ ഇസ്ലാമി ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിലവില്‍വന്നപ്പോള്‍ ഉണ്ടായിരുന്നത്. ഇസ്ലാമിന്റെ ആവിര്‍ഭാവകാലത്തെ മക്കയില്‍നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ ഇസ്ലാമിനെ താത്ത്വികമായി അംഗീകരിച്ച പ്രബലമായൊരു മുസ്ലിം സമൂഹം നിലവിലിരുന്നു.

അവര്‍ തൌഹീദും പ്രവാചകദൌത്യവും മരണാനന്തരജീവിതവും വിശ്വാസാദര്‍ശങ്ങളായി സ്വീകരിച്ചവരാണ്. അതോടൊപ്പം മതം സ്വകാര്യജീവിതത്തില്‍ പരിമിതമാണെന്നും രാഷ്ട്രീയത്തില്‍ മുതലാളിത്തത്തിലോ സോഷ്യലിസത്തിലോ അധിഷ്ഠിതമായ ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും അവര്‍ കരുതി. ഇസ്ലാമിന്റെ സമഗ്രമായ സങ്കല്‍പം ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് സാധിച്ചില്ല. മതപണ്ഡിതന്മാര്‍ അതിനവരെ പ്രേരിപ്പിച്ചുമില്ല. പരമ്പരാഗത മുസ്ലിംകളുടെ ഈ തെറ്റായ മതസങ്കല്‍പം തിരുത്തിക്കൊണ്ടു വേണമായിരുന്നു ഇന്ത്യയില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് പ്രവര്‍ത്തനമാരംഭിക്കാന്‍. അതിനാല്‍, ഇസ്ലാം സ്വയംതന്നെ മുതലാളിത്തത്തിന്റെയും സെക്യുലരിസത്തിന്റെയും തിന്‍മകളില്ലാത്തതും നന്‍മകള്‍ ഉള്ളതുമായ രാഷ്ട്രീയ-സാമ്പത്തികവ്യവസ്ഥ കൂടിയാണെന്ന സത്യം ഊന്നിപ്പറഞ്ഞുകൊണ്ട് അനിസ്ലാമിക പ്രസ്ഥാനങ്ങളിലേക്ക് വഴുതിപ്പോയ മുസ്ലിംകളെ തിരിച്ചുകൊണ്ടുവരാന്‍ ജമാഅത്തെ ഇസ്ലാമി യത്നിച്ചു. ഇതിന്റെ ഫലമായി മുസ്ലിം സമൂഹത്തില്‍ ആശാവഹമായ വിചാരവിപ്ളവംതന്നെ ഉണ്ടായി. ഇന്ന് ഇസ്ലാം സമ്പൂര്‍ണ ജീവിതവ്യവസ്ഥിതിയാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ജമാഅത്തെ ഇസ്ലാമി മാത്രമല്ലെന്ന് നോക്കിക്കാണാവുന്നതേയുള്ളൂ.

രണ്ടാമതായി, മക്കയിലെ മുശ്രിക്കുകളില്‍നിന്ന് ഭിന്നമായി ഇന്ത്യയിലെ അമുസ്ലിംകള്‍ കേവലം വിശ്വാസപരമായും കര്‍മപരമായും സത്യപാതയില്‍നിന്ന് വ്യതിചലിച്ചു പോയവരല്ല. അവരില്‍ ബഹുഭൂരിഭാഗവും സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ മനുഷ്യനിര്‍മിത ഭൌതിക പ്രത്യയശാസ്ത്രങ്ങളുടെ പ്രവാചകരും പ്രയോക്താക്കളുമാണ്. അതിനാല്‍, പൊതുജീവിതമാകെ ദുഷിക്കുകയും രാഷ്ട്രം മൊത്തമായി കടുത്ത ധാര്‍മികാധഃപതനത്തെ നേരിടുകയും ചെയ്യുന്നു. മര്‍മത്ത് കൈവെക്കാതെ വ്യവസഥിതി അഴിച്ചുപണിയാന്‍ കഴിയില്ല. അതിനാല്‍, മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ക്കു പകരം ഇസ്ലാമിക പ്രസ്ഥാനം ദൈവിക സന്‍മാര്‍ഗത്തെ മുമ്പോട്ടു വെക്കുന്നു. ഇതിനടിസ്ഥാനമാകട്ടെ, തൌഹീദും രിസാലത്തും ആഖിറത്തുംതന്നെയാണ് താനും.

മൂന്നമതായി, നിയമങ്ങളും നിയമങ്ങളുടെ വിശദാംശങ്ങളും ഒരിസ്ലാമിക സാമൂഹികക്രമം മദീനയില്‍ നിലവില്‍വന്നശേഷമാണ് പ്രവാചകന് ലഭിച്ചത് എന്നതു ശരിയാണ്. പക്ഷേ, വിശുദ്ധ ഖുര്‍ആനിലെ 114 അധ്യായങ്ങളില്‍ 86-ഉം അവതരിച്ചത് മക്കയിലാണ്. അവയില്‍ തൌഹീദും രിസാലത്തും ആഖിറത്തും ശക്തമായി അവതരിപ്പിച്ചതോടൊപ്പം മൂല്യാധിഷ്ഠിതമായ ഒരു സാമൂഹിക ക്രമത്തിനാവശ്യമായ മൌലിക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തദടിസ്ഥാനത്തില്‍, ഇസ്ലാമിലേക്ക് വന്ന മുശ്രിക്കുകളെ നബി(സ) സംസ്കരിച്ചിട്ടുമുണ്ട്. സത്യത്തില്‍ അവരുടെ ധാര്‍മിക സംശുദ്ധിയാണ് പിന്നീട് ഇസ്ലാമിക സാമൂഹിക ക്രമത്തിന്റെ ഭദ്രതക്ക് നിദാനമായത്. അതിനാല്‍, മുസ്ലിംകള്‍ അധികാരം കൈയേല്‍ക്കാന്‍ സമയമാവുമ്പോഴേ ഇസ്ലാമിന്റെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ക്രമത്തെക്കുറിച്ചു സംസാരിക്കേണ്ടതുള്ളൂ എന്ന വാദം അബദ്ധമാണ്. ഏതു പരിതഃസ്ഥിതിയിലും ഊന്നല്‍ നല്‍കേണ്ടത് മൌലിക വിശ്വാസകാര്യങ്ങള്‍ക്കാണെന്ന് ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുകയും ചെയ്യുന്നു.

 
 
 
 
 
 
 
 
 
 
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.