ചോ: താഗൂത്തീ ഗവണ്‍മെന്റിനെ അനുസരിക്കല്‍ ശിര്‍ക്കും കുറ്റകരവുമാണെന്ന് ജമാഅത്തെ ഇസ്ലാമി പറയുന്നു. നാം ജീവിക്കുന്നത് അമുസ്ലിം രാഷ്ട്രമായ ഇന്ത്യയിലാണ്. ഇന്ത്യ താഗൂത്തീ ഭരണത്തില്‍ ഉള്‍പ്പെടുമോ? ഉള്‍പ്പെടുമെങ്കില്‍ ഇന്ത്യാ ഗവണ്‍മെന്റിനെ അനുസരിക്കുന്നതിന്റെ വിധിയെന്ത്
ഉ: താഗൂത്ത് എന്നാല്‍ ദൈവേതരശക്തികള്‍ എന്നാണര്‍ഥം. ദൈവമല്ലാത്ത ആരുടെയും പരമാധികാരത്തിന് നിരുപാധികം വഴങ്ങാന്‍ വിശ്വാസിക്ക് പാടില്ല. നിര്‍ബന്ധിതനായി വഴങ്ങിയാല്‍ കുറ്റമില്ല. വഴങ്ങുന്നത് തെറ്റാണെന്നംഗീകരിച്ചുകൊണ്ടുതന്നെ താഗൂത്തിനെ അനുസരിച്ചാല്‍ കുറ്റമാണ്; ശിര്‍ക്കല്ല. എന്നാല്‍, അല്ലാഹുവിന്റെ പരമാധികാരമേ അംഗീകരിക്കാതെ, പകരം അവന്റെ സൃഷ്ടികളുടെ പരമാധികാരത്തില്‍ വിധേയത്വം അര്‍പ്പിച്ചാല്‍ അത് ശിര്‍ക്ക് തന്നെ. ഇതാണ് ജമാഅത്തെ ഇസ്ലാമി പറഞ്ഞുവന്നിട്ടുള്ളത്. ഈ മൂന്നു രൂപത്തില്‍ അനിസ്ലാമിക ഗവണ്‍മെന്റിനെ അനുസരിക്കുന്നവരും ഈ രാജ്യത്തുണ്ട്. ഓരോരുത്തരുടെയും വിധിയും വ്യത്യാസപ്പെട്ടിരിക്കുന്നു. ഏതായാലും അല്ലാഹുവിന്റെ പരമാധികാരം മനസാ അംഗീകരിക്കുന്ന മുസ്ലിം പ്രായോഗികതലത്തില്‍ അനിസ്ലാമിക ഗവണ്‍മെന്റിനെ അനുസരിച്ചാല്‍ ശിര്‍ക്കാവുമെന്ന് ജമാഅത്തെ ഇസ്ലാമി വാദിച്ചിട്ടില്ല. അത് ദുഷ്പ്രചാരണമാണ്.