..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 
 
ചോദ്യോത്തരങ്ങള്‍
 
 

ജീവിതം മുഴുവന്‍ ഇബാദത്ത്

ചോ: "ജീവിതം മുഴുവന്‍ ഇബാദത്താകുന്നു എന്നത് അല്ലാഹു പറഞ്ഞതാണോ? റസൂല്‍(സ) പറഞ്ഞതാണോ? അത് രണ്ടുമല്ലെങ്കില്‍ മുസ്ലിമിന് അത് സ്വീകരിക്കുവാന്‍ ബാധ്യതയില്ല. കച്ചവടം ചെയ്യല്‍ ഇബാദത്ത്, കച്ചവടം ചെയ്യാതിരിക്കല്‍ ഇബാദത്ത്, കൃഷി ചെയ്യല്‍ ഇബാദത്ത്, കൃഷി ചെയ്യാതിരിക്കല്‍ ഇബാദത്ത്- അങ്ങനെ ഇബാദത്തിന്റെ നേര്‍വിപരീതവും ഇബാദത്തായിത്തീരുന്ന അവസ്ഥ ശരാശരി ബുദ്ധിയുള്ളവര്‍ക്ക് അചിന്ത്യമാണ്.'' ഒരു ചോദ്യത്തിനുള്ള മറുപടിയില്‍ മുജാഹിദ് ജിഹ്വ (ശബാബ്, ആഗസ്റ് 25, 1996). പ്രതികരണം.

 
 
   

ഉ: ഒരിക്കല്‍ പറ്റിയ വിഡ്ഢിത്തം ന്യായീകരിക്കാന്‍ പിന്നെ എത്രയെത്ര വിഡ്ഢിത്തങ്ങള്‍! അതിനിടയില്‍ തങ്ങള്‍ പ്രചരിപ്പിക്കുന്നതായി അവകാശപ്പെടുന്ന വിശുദ്ധ ഖുര്‍ആനും സുന്നത്തും എന്ത് പറയുന്നുവെന്ന് ശ്രദ്ധിക്കാന്‍ പോലും നേരംകിട്ടാതെ പോവുന്നു. "നിശ്ചയം, എന്റെ നമസ്കാരവും എന്റെ ത്യാഗകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും സര്‍വലോക നാഥനായ അല്ലാഹുവിനാകുന്നു'' എന്ന പ്രതിജ്ഞ ഓരോ നമസ്കാരത്തിലും വിശ്വാസികള്‍ പുതുക്കണമെന്ന് അല്ലാഹുവും റസൂലും കല്‍പിച്ചതാണെന്നാണ് ജമാഅത്തെ ഇസ്ലാമി മനസ്സിലാക്കിയിട്ടുള്ളത്. "എന്റെ ജീവിതം അല്ലാഹുവിന്നാകുന്നു'' എന്നു പ്രതിജ്ഞയെടുത്താല്‍ അതുതന്നെയാണ് ജീവിതം മുഴുവന്‍ ഇബാദത്താകുന്ന രീതി. വിശ്വാസി ചെയ്യുന്ന ഓരോ കര്‍മവും -കുടുംബത്തിന് ആഹാരം നല്‍കുന്നത് മുതല്‍ ഭാര്യാസംസര്‍ഗം വരെ- സദുദ്ദേശ്യപൂര്‍വമാണെങ്കില്‍ ഇബാദത്താണെന്ന് പഠിപ്പിച്ചത് മുഹമ്മദ് നബി(സ)യാണ്, അബുല്‍അ്ലാ മൌദൂദിയല്ല. കുടുംബം പോറ്റാനും സമൂഹത്തെ സേവിക്കാനും ദൈവമാര്‍ഗത്തില്‍ വ്യയം ചെയ്യാനുമായി സത്യസന്ധതയോടെ കൃഷിയും കച്ചവടവും ചെയ്താല്‍ അത് ഇബാദത്താണ്; വെള്ളിയാഴ്ച ജുമുഅയുടെ ബാങ്കുകേള്‍ക്കുമ്പോള്‍ കൃഷിയും കച്ചവടവും നിര്‍ത്തിവെച്ചാല്‍ അതും ഇബാദത്ത്തന്നെ. അന്ത്യനാളിന്റെ തലേദിവസം നിങ്ങളിലൊരുവന്റെ കൈയില്‍ ഒരു തൈയുണ്ടെങ്കില്‍ അവനത് നട്ടുകൊള്ളട്ടെ എന്ന് പഠിപ്പിച്ചതും പ്രവാചകനാണ്. ജീവിതം പൂര്‍ണമായി അല്ലാഹുവിന് അര്‍പ്പിക്കുന്നതിന്റെ പേരാണ് ഇസ്ലാം, അതാണ് ദീന്‍. ആ അര്‍പ്പണംതന്നെയാണ് ഇബാദത്തും. പ്രാഥമിക ക്ളാസുകളില്‍ കുട്ടികള്‍ പഠിക്കുന്ന ഈ വക കാര്യങ്ങള്‍ മഹാപണ്ഡിതന്മാരെ ഓര്‍മിപ്പിക്കേണ്ടിവരുന്ന കഷ്ടസ്ഥിതിയോര്‍ത്ത് പരിതപിക്കുകയല്ലാതെ എന്ത് ചെയ്യാന്‍!

 
 
 
 
 
 
 
 
 
 
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.