ചോ: "മുസ്ലിം ഭരണത്തെയും ഇസ്ലാമികഭരണത്തെയും സംബന്ധിച്ച് ഏറെ തെറ്റുധാരണകളും മുന്‍വിധികളും വെച്ചുപുലര്‍ത്തുന്നവരാണ് ഇന്ത്യയിലെ അമുസ്ലിംകളില്‍ മഹാഭൂരിപക്ഷവും. അവര്‍ക്കിടയില്‍ ഇസ്ലാമിക പ്രബോധനം നടത്തുമ്പോള്‍ ഭരണനിയമങ്ങള്‍ക്ക് ഊന്നലും മുന്‍ഗണനയും നല്‍കുന്നത് വിപരീത ഫലമേ ചെയ്യുകയുള്ളൂ. പ്രപഞ്ചനാഥന്‍, ഏക ആരാധ്യന്‍, കുറ്റമറ്റ മാര്‍ഗദര്‍ശനത്തിന് ആധികാരികമായി അര്‍ഹതയുള്ളവന്‍ എന്നീ നിലകളില്‍ അല്ലാഹുവെ യഥോചിതം പരിചയപ്പെടുത്തി വിശ്വാസം ജനിപ്പിക്കാനുള്ള ശ്രമമാണ് അവരുടെ കാര്യത്തില്‍ പ്രസക്തവും പ്രായോഗികവുമായിട്ടുള്ളത്. വിശ്വാസം രൂഢമുലമായിക്കഴിഞ്ഞാല്‍ മുഴുവന്‍ ജീവിതത്തിലും അല്ലാഹുവിന്റെ നിയമങ്ങള്‍ അലംഘനീയമായി ഗണിക്കുവാന്‍ അവര്‍ തയ്യാറാവും; രാഷ്ട്രീയകാര്യങ്ങളില്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ ലംഘിച്ചാലും സാരമില്ല എന്ന മിഥ്യാധാരണ അവര്‍ പുലര്‍ത്തുകയുമില്ല. അമുസ്ലിംകളുടെ മേല്‍ ഭരണം അടിച്ചേല്‍പിക്കാന്‍ കൊതിക്കുന്ന അധികാരമോഹികള്‍ എന്ന നിലയില്‍ തെറ്റിദ്ധരിക്കാനുള്ള സാഹചര്യം ഒഴിവാക്കിയേ തീരൂ.'' (ശബാബ് 13-9-96). പ്രതികരണം?
ഉ: അമുസ്ലിംകള്‍ക്ക് മുസ്ലിംഭരണത്തെയോ ഇസ്ലാമികഭരണത്തെയോ കുറിച്ചു മാത്രമല്ല തെറ്റിദ്ധാരണകളും മുന്‍വിധികളുമുള്ളത്. ഇസ്ലാമിനെക്കുറിച്ച് മൊത്തമായിത്തന്നെ അവരില്‍ ബഹുഭൂരിഭാഗവും അജ്ഞരോ തെറ്റിദ്ധരിപ്പിക്കപ്പെട്ടവരോ ആണ്. ഇതിന് പ്രതിവിധി ഇസ്ലാമിനെ അതിന്റെ തനതായ രൂപത്തില്‍ സമഗ്രവും സമ്പൂര്‍ണവുമായ ജീവിതദര്‍ശനമായി അവതരിപ്പിക്കുക തന്നെയാണ്. അല്ലാതെ ചില പ്രത്യേക തത്വങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയതുകൊണ്ടു മാത്രം തെറ്റുധാരണകള്‍ ദൂരീകരിക്കാനാവില്ല. ഇസ്ലാമിന്റെ മൌലികതത്വങ്ങള്‍ ഏകദൈവവിശ്വാസവും പ്രവാചകദൌത്യവും മരണാനന്തരജീവിതവുമാണെന്നതില്‍ സംശയമില്ല. എന്നാല്‍, ഈ തത്വങ്ങള്‍ ജീവിതത്തിന്റെ മൌലികവും സമഗ്രവുമായ പരിവര്‍ത്തനമാണ് ആവശ്യപ്പെടുന്നത്. അല്ലാതെ, പ്രസ്തുത വിശ്വാസപ്രമാണങ്ങള്‍ താത്വികമായി സമ്മതിച്ച്, ജീവിതം വിവിധ ഭൌതികദര്‍ശനങ്ങള്‍ക്കായി പങ്കുവെച്ചുകൊടുക്കാമെന്ന ധാരണ അമുസ്ലിംകളില്‍ സൃഷ്ടിക്കുന്നത് ശരിയോ യുക്തിസഹമോ അല്ല. ഇന്ത്യയില്‍ നീണ്ടകാലം മുസ്ലിംഭരണം നിലനിന്നിരുന്നു. അക്കാലത്തെ ഉള്ളതും ഇല്ലാത്തതുമായ അത്യാചാരങ്ങളാല്‍ കുത്തിനിറക്കപ്പെട്ടതാണ് ഇന്ത്യാചരിത്രം. ഈ ചരിത്രം മാത്രം പഠിച്ച അമുസ്ലിംകള്‍ ഇസ്ലാമിനെ തെറ്റിദ്ധരിച്ചാല്‍ ഒരദ്ഭുതവുമില്ല. അതിനാല്‍, ശരിയായ ഇസ്ലാമിക രാഷ്ട്രീയവീക്ഷണം എന്താണെന്നും യഥാര്‍ഥ ഇസ്ലാമികഭരണവും നാമമാത്ര മുസ്ലിംഭരണവും തമ്മിലുള്ള അന്തരമെന്താണെന്നും അവരെ ബോധ്യപ്പെടുത്താതിരുന്നാല്‍ തെറ്റുധാരണ വര്‍ധിക്കുകയേ ഉള്ളൂ. അതുപോലെ, നാം ജീവിക്കുന്ന ലോകത്ത് ഒരുപാടു മുസ്ലിം രാജ്യങ്ങളുണ്ട്. അവിടങ്ങളില്‍ നടക്കുന്ന കൊള്ളരുതായ്മകളുടെ പേരിലും അമുസ്ലിംകള്‍ ഇസ്ലാമിനെ തെറ്റിദ്ധരിക്കുന്നു. അതിനാല്‍, നിലവിലെ മുസ്ലിം ഭരണാധികാരികള്‍ ഇസ്ലാമിക രാഷ്ട്രീയത്തെ സത്യസന്ധമായി പ്രതിനിധീകരിക്കുന്നവരല്ല എന്ന സത്യം അമുസ്ലിംകളെ ധരിപ്പിക്കാതിരുന്നാല്‍ അവരുടെ അബദ്ധധാരണകള്‍ അടിയുറയ്ക്കുകയാണ് ചെയ്യുക. സര്‍വോപരി അമുസ്ലിം കേവലം മതവിശ്വാസി മാത്രമല്ല; ഭൌതികരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ വക്താവോ പ്രചാരകനോ കൂടിയാണ്. അതിനാല്‍, രാഷ്ട്രീയ ഭരണമേഖലകളില്‍ ഭൌതിക പ്രത്യയശാസ്ത്രങ്ങളുടെ പരാജയവും ദൈവിക സന്‍മാര്‍ഗസംഹിതയുടെ പ്രസക്തിയും ചൂണ്ടിക്കാട്ടാതെ സത്യപ്രബോധനം പൂര്‍ണമാവില്ല. ഈ വസ്തുതകളെല്ലാം വേണ്ടപോലെ വിലയിരുത്തി ഇസ്ലാമിന്റെ മൌലികപ്രമാണങ്ങളിലൂന്നി സമഗ്രമായ ആദര്‍ശപ്രബോധനം സന്തുലിതമായി നിര്‍വഹിക്കുന്ന ഇസ്ലാമികപ്രസ്ഥാനത്തെ അധികാര മോഹികളുടെ കൂട്ടമെന്ന് അമുസ്ലിംകള്‍ തെറ്റിദ്ധരിച്ചതായി ഭാഗവ്യവശാല്‍ അനുഭവമില്ല. ഒരു പഞ്ചായത്ത് വാര്‍ഡില്‍പോലും അധികാരം ലാക്കാക്കി പ്രവര്‍ത്തിച്ച പാരമ്പര്യം അതിനില്ലെന്ന് അവര്‍ക്കറിയാമല്ലോ. അതേസമയം മതം വേറെ, രാഷ്ട്രീയം വേറെ എന്ന് വാദിച്ചുകൊണ്ടുതന്നെ രാഷ്ട്രീയരംഗത്തെ എല്ലാ ജീര്‍ണതകളിലും പങ്കുവഹിക്കുന്ന മതസംഘടനകളുടെ പ്രവര്‍ത്തകരാണ് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പേരില്‍ അധികാരമോഹം കെട്ടിയേല്‍പിക്കുന്നത്. ആ വ്യാജാരോപണം അവര്‍ അവസാനിപ്പിക്കുകയാണ് അമുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കാതിരിക്കാന്‍ ഒന്നാമതായി വേണ്ടത്.