..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 
 
ചോദ്യോത്തരങ്ങള്‍
 
 

ശിര്‍ക്കിനെ ലളിതവല്‍ക്കരിച്ചത് ശരിയോ?

ചോ: ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാസമിതി പ്രസിദ്ധീകരിച്ച (1979) 'സമുദായ ഐക്യവും മുസ്ലിം സംഘടനകളും' എന്ന ലഘുലേഖയില്‍ 32-ാം പേജില്‍ ഇങ്ങനെ കാണുന്നു: "മരിച്ചുപോയ മഹാന്‍മാരെ മുന്‍നിര്‍ത്തി പ്രാര്‍ഥിക്കുന്നത് തൌഹീദുമായി പൊരുത്തപ്പെടുമോ ഇല്ലേ, നേര്‍ച്ചകളും മാല-മൌലിദുകളും കഴിക്കണമോ വേണ്ടയോ, സുബ്ഹി നമസ്കാരത്തില്‍ ഖുനൂത്ത് സുന്നത്തുണ്േടാ ഇല്ലേ, നമസ്കാരത്തില്‍ കൈ മാറത്തോ മാറിനുതാഴെയോ കെട്ടേണ്ടത്? ഇതൊക്കെയാണ് മുസ്ലിം സമൂഹത്തെ ഭിന്നിപ്പിക്കുകയും പസ്പരം കാഫിറാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രശ്നങ്ങള്‍ എന്നത് ലജ്ജാവഹമായ വസ്തുതയത്രേ. മുസ്ലിം സംഘടനകള്‍ തമ്മില്‍ യോജിപ്പുള്ള പ്രശ്നങ്ങളെയും വിയോജിപ്പുള്ള പ്രശ്നങ്ങളെയും ഒരുമിച്ച് മുന്നില്‍ വെച്ചുകൊണ്ട് രണ്ടിനോടും പൊരുത്തപ്പെടുന്ന മിതമായ ഒരു സമീപനം സ്വീകരിക്കുകയാണെങ്കില്‍ സമുദായാന്തരീക്ഷം വിദ്വേഷകലുഷിതമാകുമോ എന്ന് ഓരോരുത്തരും സ്വയം ചിന്തിച്ചുനോക്കേണ്ടതാണ്.''

രിച്ചുപോയ മഹാന്‍മാരെ മുന്‍നിര്‍ത്തി പ്രാര്‍ഥിക്കുന്നത് ഗുരുതരമായ ശിര്‍ക്കല്ലേ? ഈ ശിര്‍ക്കിനെ, നമസ്കാരത്തില്‍ കൈ എവിടെ കെട്ടണമെന്ന കേവലം നിര്‍ദോഷമായ ഒരു വിഷയവുമായി കൂട്ടിച്ചേര്‍ത്തു പറഞ്ഞ് ലളിതവല്‍ക്കരിച്ചത് ശരിയായോ? ശിര്‍ക്കിന്റെയും തൌഹീദിന്റെയും പേരിലുള്ള ഭിന്നിപ്പ് ലജ്ജാവഹമാകുന്നതെങ്ങനെ? ഒടുവിലായി 'രണ്ടിനോടും പൊരുത്തപ്പെടുന്ന മിതമായ ഒരു സമീപനം' എന്നു പറഞ്ഞല്ലോ. ഏതു രണ്ടിനോടും? തൌഹീദിനോടും ശിര്‍ക്കിനോടുമോ? ഇതു രണ്ടിനോടും പൊരുത്തപ്പെടുന്ന ഒരു സമീപനമുണ്െടന്നോ ഇസ്ലാമില്‍?!

 
 
   

ഉ: തൌഹീദിനെയും ശിര്‍ക്കിനെയും കുറിച്ച ജമാഅത്തെ ഇസ്ലാമിയുടെ നിലപാടും വീക്ഷണവും സംശയാതീതമായി വ്യക്തമാക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഇസ്ലാമും ജാഹിലിയ്യത്തും', 'ശിര്‍ക്ക് അഥവാ ബഹുദൈവത്വം', 'ഖബ്റാരാധന' തുടങ്ങിയവ ഉദാഹരണം. ഇതിലൊന്നും തൌഹീദിനെ നിസ്സാരമാക്കുകയോ ശിര്‍ക്കിനെ ലാഘവ ബുദ്ധിയോടെ കാണുകയോ ചെയ്തിട്ടില്ലെന്നിരിക്കെ ജമാഅത്തെ ഇസ്ലാമിയുടെ ഒരു ജില്ലാസമിതി ഏതോ കാലത്ത് അടിച്ചിറക്കിയ ഒരു ലഘുലേഖയിലെ നന്നെക്കവിഞ്ഞാല്‍ സൂക്ഷ്മമല്ലെന്ന് മാത്രം പറയാവുന്ന വാചകങ്ങള്‍ പൊക്കിപ്പിടിച്ചു പ്രചാരണം നടത്തുന്ന നമ്മുടെ തൌഹീദിസ്റുകളുടെ ഇസ്ലാമിക സാഹോദര്യത്തെയും ബുദ്ധിപരമായ സത്യസന്ധതയെയും അഭിനന്ദിക്കാതിരിക്കാന്‍ വയ്യ! ഇനി, ലഘുലേഖയില്‍ പറഞ്ഞ കാര്യങ്ങളോ? മരിച്ചുപോയ മഹാന്‍മാരോട് പ്രാര്‍ഥിക്കുന്നത് നിസ്സാരപ്രശ്നമായി ലഘുലേഖ അവതരിപ്പിച്ചിട്ടില്ല. കാരണം, അത് ഇസ്തിഗാസയാണ്, ശിര്‍ക്കാണ്. അതേസമയം, മരിച്ചുപോയ മഹാന്‍മാരെ മുന്‍നിറുത്തി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയെന്നത് തവസ്സുലിന്റെ ഒരിനമാണ്. ഹഖു കൊണ്ടും ജാഹു കൊണ്ടും ബര്‍കത്തുകൊണ്ടുമൊക്കെയുള്ള ദുആയാണ് ഇതിന്റെ രീതി. "ബദ്രീങ്ങളേ ബര്‍ക്കത്തിനാല്‍ ശിഫയാക്കണേ യാറബ്ബനാ...'' എന്ന ബദ്ര്‍ബൈത്തിലെ വരി ഉദാഹരണം. തവസ്സുലിന്റെ ഈ ഇനം ശിര്‍ക്കാണെന്ന് ആധികാരികമായ പണ്ഡിതന്മാര്‍ക്ക് അഭിപ്രായമില്ല. ശിര്‍ക്കിലേക്ക് നയിക്കാവുന്ന ബിദ്അത്താണെന്ന് അഭിപ്രായമുണ്ട്. അതിനാല്‍ ലഘുലേഖയില്‍ പറയുന്നത്, ശിര്‍ക്കാണെന്ന് തെളിയിക്കപ്പെട്ട ഒരു കാര്യത്തെ കുറിച്ചല്ല.

രണ്ടാമതായി, ലഘുലേഖയില്‍ ഇക്കാര്യങ്ങളൊക്കെ അവഗണിച്ചു തള്ളേണ്ടതാണെന്ന് അഭിപ്രായപ്പെട്ടിട്ടില്ല. അവയുടെ പേരില്‍ മുസ്ലിം സമൂഹത്തെ ഭിന്നിപ്പിക്കുകയും പരസ്പരം കാഫിറാക്കുകയും ചെയ്യുന്നതാണ് ലജ്ജാവഹം എന്നാണ് പറഞ്ഞിട്ടുള്ളത്. ഇത് തികച്ചും ശരിയാണ്. ലഘുലേഖയില്‍ പറഞ്ഞ ഒരു കാര്യവും സമുദായത്തെ ഭിന്നിപ്പിക്കാനോ പസ്പരം കാഫിറാക്കാനോ നിമിത്തമായിക്കൂടാ.

രണ്ടിനോടും പൊരുത്തപ്പെടുന്ന മിതമായ സമീപനം എന്നാല്‍ ഏതു പ്രശ്നത്തിലും രണ്ടറ്റങ്ങളില്‍ നില്‍ക്കുന്ന അഭിപ്രായങ്ങള്‍ക്കു മധ്യേ മിതമായ സമീപനം സ്വീകരിക്കണമെന്നാണുദ്ദേശ്യം. അപ്പോള്‍, മരിച്ചുപോയ മഹാന്‍മാരെ മുന്‍നിറുത്തി അല്ലാഹുവിനോടായാലും പ്രാര്‍ഥിക്കുന്നത് ഒഴിവാക്കണം. കാരണം, അത് ഖുര്‍ആനോ സുന്നത്തോ കാണിച്ചുതന്നതല്ല; എന്നാല്‍-അങ്ങനെ വിളിച്ചു പ്രാര്‍ഥിക്കുന്നവരെ മുശ്രിക്കാക്കാനും വകുപ്പില്ല. നേര്‍ച്ചകളും മാല-മൌലിദുകളും മതത്തിലില്ലാത്ത ബിദ്അത്തുകളാണ്. അവ ഉപേക്ഷിക്കണം. എന്നാല്‍, അങ്ങനെ ചെയ്യുന്നവരെ സത്യം ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കുകയല്ലാതെ സമുദായത്തില്‍നിന്നോ മതത്തില്‍നിന്നോ പുറംതള്ളുകയെന്ന തീവ്രവാദ സമീപനം ശരിയല്ല. "മതത്തില്‍ അതിരുകവിയരുത്'', "നിങ്ങളെ മധ്യവര്‍ത്തികളായ സമുദായമാക്കിയിരിക്കുന്നു'' പോലുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ നമുക്ക് പാഠമാകേണ്ടതാണ്. ലഘുലേഖയുടെ സ്പിരിറ്റും ഇതുതന്നെ.

 
 
 
 
 
 
 
 
 
 
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.