ചോ: "കാപിറ്റലിസത്തെയും കമ്യൂണിസത്തെയും മറ്റും താരതമ്യ പഠനത്തിന് വിധേയമാക്കി, ഇസ്ലാമിനെ ഒരു സാര്‍വലൌകിക ബദല്‍ ആയി ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിച്ച ഒരു പ്രബുദ്ധ മുസ്ലിംവിഭാഗമാകട്ടെ കമ്യൂണിസത്തിന് പറ്റിയതു പോലുള്ള മറ്റൊരു അബദ്ധത്തില്‍ ചെന്നു ചാടുകയാണ് ചെയ്തത്. പ്രശ്നത്തിന്റെ മര്‍മം രാഷ്ട്രീയമാണെന്ന് ധരിച്ചുവശായ ആ വിഭാഗം അതിന്റെ ബൌദ്ധികവും ഭൌതികവുമായ കഴിവുകള്‍ രാഷ്ട്രീയ വിശകലനത്തിനും ശക്തിസമാഹരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചത്കൊണ്ട് പൈശാചികമായ പാശ്ചാത്യ ദര്‍ശനത്തിന്റെയും നാഗരികതയുടെയും മൌലികമായ തിന്മകളെ വിലയിരുത്താനും അവയ്ക്കെതിരെ ആശയപരമായ സമരം നടത്താനും വിനിയോഗിക്കപ്പെടേണ്ട കഴിവുകള്‍ പാഴായിപ്പോവുകയാണുണ്ടായത്. ('അധാര്‍മിക നാഗരികതയുടെ അധിനിവേശത്തെ ചെറുക്കുക' എന്ന തലക്കെട്ടില്‍ 1994 സെപ്തംബര്‍ 9-ന് ഇറങ്ങിയ ശബാബ് മുഖപ്രസംഗത്തില്‍ നിന്ന്.) ഇസ്ലാമിക പ്രസ്ഥാനത്തെക്കുറിച്ച ഈ വിലയിരുത്തല്‍ ശരിയാണോ?
ഉ: വിലയിരുത്തല്‍ വസ്തുനിഷ്ഠമോ പക്വമോ അല്ല. പ്രവാചകന്മാരുടെ പ്രബോധന ചരിത്രം പരിശോധിച്ചാല്‍ അവരില്‍ ഓരോരുത്തരും താന്താങ്ങളുടെ കാലഘട്ടത്തിലെ തിന്മകള്‍ക്കും ധര്‍മച്യുതികള്‍ക്കുമെതിരായ പോരാട്ടത്തിന് മുന്തിയ പരിഗണന നല്‍കിയതും കാലത്തിന്റെ ഭാഷയിലും ശൈലിയിലും പ്രബോധനം നിര്‍വഹിച്ചതും കാണാം. ഇബ്റാഹീം(അ) വിഗ്രഹാരാധനയ്ക്കും ലൂത്ത്(അ) സ്വവര്‍ഗരതിക്കും മൂസാ(അ) ഫിര്‍ഔന്റെ ദുര്‍ഭരണത്തിനും ഈസാ(അ) പൌരോഹിത്യ ചൂഷണത്തിനും മുഹമ്മദ്(സ) എല്ലാവിധ അധാര്‍മികതക്കും ചൂഷണത്തിനും എതിരെ ശബ്ദമുയര്‍ത്തിയതും പൊരുതിയതും ഉദാഹരണം. അതിനാല്‍, ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍, സാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങളുടെ പരിഹാരമെന്ന നിലയില്‍ രംഗപ്രവേശം ചെയ്ത ഭൌതിക പ്രത്യയശാസ്ത്രങ്ങളായ കാപിറ്റലിസവും കമ്യൂണിസവും ലോകത്തെയാകെ പിടിയിലൊതുക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് മനുഷ്യരാശിയെ വഴിതെറ്റിക്കുകയും ചെയ്തപ്പോള്‍, അതേ ഭൂമികയില്‍ നിന്നുകൊണ്ടുതന്നെ അവയുടെ തിന്മകളും പരാജയവും എടുത്തുകാട്ടാനും ഇസ്ലാമിനെ ബദല്‍വ്യവസ്ഥയായി അവതരിപ്പിക്കാനും തയ്യാറായി. ഇതാകട്ടെ, തീര്‍ത്തും അല്ലാഹുവിലും പ്രവാചകന്മാരിലും മരണാനന്തര ജീവിതത്തിലുമുള്ള വിശ്വാസത്തില്‍ ഊന്നിക്കൊണ്ടും വ്യക്തിസംസ്കരണത്തിലൂടെ സാമൂഹിക സംസ്കരണം എന്ന രീതി അവലംബിച്ചുകൊണ്ടും ആയിരുന്നു. അതിനാല്‍, മര്‍ഹൂം സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ ഏറ്റവും മഹത്തായ സംഭാവനയായി മൌലാനാ അബുല്‍ഹസന്‍ അലി നദ്വി (അലിമിയാന്‍) ചൂണ്ടിക്കാട്ടിയപോലെ പാശ്ചാത്യചിന്തയിലും സംസ്കാരത്തിലും ആകൃഷ്ടരായ അനേകശ്ശതം യുവാക്കളെ ഇസ്ലാമിന്റെ സത്പന്ഥാവിലേക്ക് കൊണ്ടുവരാന്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് കഴിഞ്ഞു. ഇന്ന് ലോകത്താകെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തില്‍ പടര്‍ന്നുകയറിയ ജീര്‍ണ മുതലാളിത്ത സംസ്കാരത്തിനും മതനിരാസത്തില്‍ അധിഷ്ഠിതമായ മാര്‍ക്സിസത്തിനുമെതിരായ ശക്തമായ പ്രതിരോധ നിര തീര്‍ത്തിരിക്കുന്നത് 'മതമൌലികവാദികള്‍' എന്ന് ഇവര്‍ പേരിട്ടിരിക്കുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. ഇസ്ലാമിനെ ബദല്‍വ്യവസ്ഥയായി അവതരിപ്പിക്കാതെയും രാഷ്ട്രീയത്തെ അവഗണിച്ചും പരമ്പരാഗത സങ്കുചിത മതസങ്കല്‍പത്തിലൂടെ ഈ പ്രതിരോധം ഒരിക്കലും സാധ്യമായിരുന്നില്ല. പൂര്‍ണമായും 'സലഫി' ആദര്‍ശങ്ങളില്‍ ഊന്നിനില്‍ക്കുന്നു എന്നവകാശപ്പെടുന്ന ചില അറബി രാഷ്ട്രങ്ങള്‍ പോലും സാംസ്കാരികമായും സാമ്പത്തികമായും രാഷ്ട്രീയമായും പാശ്ചാത്യന്‍ അധിനിവേശത്തിന് വിധേയമായി കടുത്ത അധഃപതനത്തിലേക്ക് കൂപ്പുകുത്തുന്നത് നമ്മുടെ സലഫി സുഹൃത്തുക്കള്‍ കാണണം. എത്രത്തോളമെന്നാല്‍, പള്ളിമിമ്പറുകളില്‍നിന്ന് അധര്‍മത്തിനും കൊള്ളരുതായ്മകള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയ 'കുറ്റ'ത്തിന് ധീരരും നിസ്വാര്‍ഥരുമായ സലഫി പണ്ഡിതന്‍മാര്‍ വരെ ഇന്ന് ആ രാജ്യങ്ങളില്‍ തടവറകളിലാണ്. അവരെ വിട്ടയക്കണമെന്നാവശ്യപ്പെടാന്‍പോലും ഒരു മഹാ പണ്ഡിതനും സാധിക്കുന്നില്ല. രാഷ്ട്രീയ രംഗത്തുകൂടി സമഗ്രമായ മാറ്റം ഉണ്ടായില്ലെങ്കില്‍ പാശ്ചാത്യന്‍ സാമ്രാജ്യത്വം മതമൌലികത എന്നു പേരിട്ടു മുസ്ലിം ഭരണാധികാരികളെക്കൊണ്ടുതന്നെ ഇസ്ലാമിന്റെ അടിവേര് പിഴുതെറിയാന്‍ സര്‍വ ശ്രമവും തുടരുമെന്ന് തീര്‍ച്ച.