..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 
 
ചോദ്യോത്തരങ്ങള്‍
 
 

പറയുന്നത് മാറ്റിപ്പറയുന്നു?

ചോ: പറയുന്ന കാര്യങ്ങള്‍ മാറ്റിപ്പറയുകയാണോ ജമാഅത്തെ ഇസ്ലാമിയുടെ പരിപാടി? ഹുകൂമത്തെ ഇലാഹി പിന്നീട് ഇഖാമതുദ്ദീന്‍ ആയതും വിലക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗം സ്വീകാര്യമായതും ഓര്‍മയില്‍ വരുന്നു. സര്‍ക്കാര്‍ ജോലി പാടില്ലെന്ന് ഫത്വ ഇറക്കിയ ജമാഅത്തുകാരില്‍ പലരുടെയും ജോലി ഇപ്പോള്‍ എന്താണ്?

 
 
   

ഉ: പറയുന്ന കാര്യങ്ങളില്‍ മാറ്റിപ്പറയാവുന്നതും പറയാന്‍ പാടില്ലാത്തതുമുണ്ട്. ആദര്‍ശവും ലക്ഷ്യവും ഒരു ഇസ്ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം മാറ്റാന്‍ പാടില്ലാത്തവയാണ്. എന്നാല്‍, നയപരിപാടികളില്‍ സന്ദര്‍ഭോചിതമായ മാറ്റങ്ങള്‍ ആവാം. തത്വാധിഷ്ഠിതമായിരിക്കണം മാറ്റമെന്നേയുള്ളൂ. ജമാഅത്തെ ഇസ്ലാമി നയപരിപാടികളിലല്ലാതെ ആദര്‍ശത്തിലോ ലക്ഷ്യത്തിലോ മാറ്റം വരുത്തിയിട്ടില്ല. ഭരണഘടനയില്‍ ആദ്യമേ വ്യക്തമാക്കിയ ആദര്‍ശവും ലക്ഷ്യവും തന്നെയാണ് ഇന്നും ജമാഅത്ത് മുറുകെപ്പിടിക്കുന്നത്. ലക്ഷ്യത്തെ വ്യവഹരിക്കാന്‍ പ്രാരംഭകാലത്ത് 'ദൈവരാജ്യം' എന്നര്‍ഥമുള്ള 'ഹുകൂമത്തെ ഇലാഹിയ്യ' എന്ന സംജ്ഞ ഉപയോഗിച്ചിരുന്നു. ആ പദം ഇന്നും ജമാഅത്ത് ഉപയോഗിക്കുന്നുണ്ട്. ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ ദീന്‍ സ്ഥാപിക്കുക എന്നാണ് അതുകൊണ്ട് ജമാഅത്ത് ലക്ഷ്യമിട്ടത്. 'ഇഖാമത്തുദ്ദീന്‍' എന്നതിന്റെ അര്‍ഥവും അതുതന്നെ. ഇതു പക്ഷേ, വിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്മാരുടെ പൊതുസന്ദേശമായി വിവരിച്ചതുകൊണ്ട്, ജമാഅത്ത് ഭരണഘടനയിലും അതുതന്നെ ലക്ഷ്യമായി എഴുതിച്ചേര്‍ത്തു. പലതവണ വിശദീകരിച്ച ഇക്കാര്യം വിമര്‍ശകര്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് പുതുതായൊന്നും ഉന്നയിക്കാനില്ലാത്തതുകൊണ്ടാണ്. സര്‍ക്കാര്‍ ഉദ്യോഗം ഹറാമാണെന്ന് ജമാഅത്തെ ഇസ്ലാമി ഒരു കാലത്തും ഫത്വ കൊടുത്തിട്ടില്ല. അത്തരമൊരു ഫത്വ മൂലം ആരും സര്‍ക്കാര്‍ ഉദ്യോഗം രാജിവെച്ചിട്ടുമില്ല. കള്ളം നൂറുതവണ ആവര്‍ത്തിച്ച് സത്യമാക്കുകയാണ് പ്രതിയോഗികള്‍. ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല പ്രവര്‍ത്തകരിലധികവും സര്‍ക്കാര്‍ സ്കൂളുകളിലെ ആധ്യാപകരായിരുന്നു. ആ ജോലി ഹറാമാണെന്നു പറഞ്ഞ് ജമാഅത്ത് ആരെയും രാജിവെപ്പിച്ചിട്ടില്ല. എന്നാല്‍, രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്: സര്‍ക്കാര്‍ ജോലിയാണ് ഒരു മുസ്ലിമിന് ലഭിക്കാവുന്ന മുന്തിയ തൊഴിലെന്ന വീക്ഷണമൊന്നും ജമാഅത്തെ ഇസ്ലാമിക്കില്ല. മാന്യമായ എത്രയോ തൊഴിലുകള്‍ വേറെയും കിടക്കുന്നു. പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാണെങ്കില്‍, ബദല്‍ ജോലികള്‍ കണ്െടത്തി സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കാവുന്നതേയുള്ളൂ. രണ്ട്: സര്‍ക്കാര്‍ ജോലികളെല്ലാം ശരീഅത്തിന്റെ വീക്ഷണത്തില്‍ ഹലാലല്ല. അബ്കാരി, പലിശ, ഗര്‍ഭഛിദ്രം തുടങ്ങിയ പച്ചയായ ഹറാമുകളുമായി നേര്‍ക്കുനേരെ ബന്ധപ്പെട്ട സര്‍ക്കാര്‍ ജോലികള്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ക്കു മാത്രമല്ല, മറ്റു വിശ്വാസികള്‍ക്കും സ്വീകാര്യമാകരുത്.

 
 
 
 
 
 
 
 
 
 
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.