ചോ: "ഇസ്ലാമിക വിശ്വാസം പൂര്‍ത്തിയാകാന്‍ ഇസ്ലാമിക ഭരണം അനിവാര്യമാണെന്ന വാദം ചിലര്‍ക്കുണ്ട്. ഉദാ: സ്വന്തം ഭരണം ഇല്ലാത്ത ദീനിന്റെ സ്ഥിതി ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത സങ്കല്‍പവീട് പോലെയാണെന്ന് ജമാഅത്തെ ഇസ്ലാമി സ്ഥാപകന്‍ അബുല്‍അഅ്ലാ മൌദൂദി സിദ്ധാന്തിക്കുന്നു. എന്നാല്‍, ബഹുഭൂരിപക്ഷം മുസ്ലിംകള്‍ക്കും ഈ അഭിപ്രായം ഇല്ല. ഈ ചിന്താഗതിയുടെ വക്താക്കളായി പ്രധാനമായും അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ അനുയായികളാകുന്നു. ഈ നിലപാട് അവര്‍തന്നെ പുനര്‍ചിന്തനം ചെയ്യുന്നതായിട്ടാണ് അനുഭവം. മാത്രമല്ല, ഈ അഭിപ്രായത്തിന് മുസ്ലിം രാജ്യങ്ങളില്‍ പോലും സ്വീകാര്യത നന്നേ കുറവാണ്. ഇസ്ലാം വിവിധ സാഹചര്യങ്ങളിലും വിവിധ സമൂഹങ്ങളിലും ജീവിക്കുന്ന വ്യക്തികള്‍ക്കും വിഭാഗങ്ങള്‍ക്കും എക്കാലത്തും ബാധകമായ ധാര്‍മിക- സദാചാര മൂല്യങ്ങളുടെ ഒരു ജീവിതരീതി ആണ്. അഥവാ പ്രായോഗികമായ ഒരു മതമാണ്. ഇത് ഭരണം ഇല്ലാത്തതുകൊണ്ട് പൂര്‍ണമായി അനുഷ്ഠിക്കാവുന്ന മതമല്ലെന്നോ ഭരണമില്ലാത്ത സാഹചര്യത്തില്‍ മുസ്ലിം വ്യക്തിയോ സമൂഹമോ പൂര്‍ണമായി മുസ്ലിംകള്‍ ആകുന്നില്ലെന്നോ പറയുന്നത് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിനുതന്നെ എതിരാണ്. ഈ വാദം ബുദ്ധിക്ക് യോജിക്കുന്നതല്ല.'' ടി.എം. സാവാന്‍കുട്ടി (മാതൃഭൂമി റംസാന്‍ പതിപ്പ് 1995). പ്രതികരണം?
ഉ: മുസ്ലിംലീഗും മുജാഹിദും എം.എസ്.എസുമൊക്കെയായ സാവാന്‍കുട്ടി മൌദൂദിയുടെയോ ജമാഅത്തെ ഇസ്ലാമിയുടെയോ രാഷ്ട്രീയവീക്ഷണം വസ്തുനിഷ്ഠമായി പഠിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അപൂര്‍ണ വായനയുടെ ഫലമായുണ്ടാകുന്ന തെറ്റിദ്ധാരണകളാണ് അദ്ദേഹം വെച്ചുപുലര്‍ത്തുന്നതെന്നും മാതൃഭൂമി റംസാന്‍ സപ്ളിമെന്റിന്റെ ചോദ്യാവലിക്ക് അദ്ദേഹം നല്‍കിയ മറുപടി വ്യക്തമാക്കുന്നു. മുസ്ലിമായ ഒരു വ്യക്തി താന്‍ ജീവിക്കുന്ന സാഹചര്യത്തില്‍ പരമാവധി പ്രായോഗികവും സാധ്യവുമായ വിശ്വാസാനുഷ്ഠാനങ്ങള്‍ ആത്മാര്‍ഥമായി വെച്ചുപുലര്‍ത്തിയാല്‍തന്നെ അയാള്‍ യഥാര്‍ഥ മുസ്ലിമായിത്തീരും എന്ന കാര്യത്തില്‍ മൌദൂദിക്കോ ജമാഅത്തെ ഇസ്ലാമിക്കോ ഒരു സംശയവും ഉണ്ടായിട്ടില്ല; അങ്ങനെ സംശയിക്കാവുന്ന വാദഗതികളും ഉന്നയിച്ചിട്ടില്ല. മുന്‍ സോവിയറ്റ് യൂനിയനെപ്പോലെയും ഇപ്പോഴത്തെ ചീനയെപ്പോലെയും നാസ്തികവാദവും മതനിഷേധവും ഭരണവ്യവസ്ഥയുടെ അടിത്തറയായ രാജ്യങ്ങളിലെ മുസ്ലിംകളെ ഉദാഹരണമായെടുക്കുക. മനസാ ഈമാന്‍-ഇസ്ലാം കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനും വീട്ടില്‍ സ്വകാര്യമായി ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കാനും മാത്രമേ അവര്‍ക്ക് സ്വാതന്ത്യ്രമുള്ളൂവെങ്കില്‍ അത്രയും ചെയ്താലും അവര്‍ യഥാര്‍ഥ മുസ്ലിംകളും സ്വര്‍ഗാവകാശികളുംതന്നെ. ഒരുവേള, സ്വതന്ത്ര സമൂഹങ്ങളിലെ മുസ്ലിംകളെക്കാള്‍ പ്രതിഫലാര്‍ഹരായിത്തീരാം പ്രതികൂല സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍. പക്ഷേ, ഇതിനര്‍ഥം ഇസ്ലാം സ്വകാര്യമായി കൊണ്ടുനടക്കാവുന്ന ചില വിശ്വാസാചാരങ്ങളുടെ മാത്രം സമാഹാരമാണെന്നോ ലോകത്തെങ്ങുമുള്ള മുസ്ലിംകള്‍ ഏത് പരിതഃസ്ഥിതിയിലും അത്രകൊണ്ട് തൃപ്തിപ്പെടണമെന്നോ അല്ല.
ഇസ്ലാം സമ്പൂര്‍ണവും സമഗ്രവുമായ ജീവിതദര്‍ശനമാണ്; അത് പൂര്‍ണമായി അംഗീകരിക്കുന്നവനും അതിലേക്ക് മനുഷ്യരെ പ്രബോധനം ചെയ്യുന്നവനുമാണ് മുസ്ലിം. ഇസ്ലാമില്‍ വ്യക്തിമാത്രം വിചാരിച്ചാല്‍ നടപ്പാക്കാവുന്നതും സമൂഹം വിചാരിച്ചാല്‍ നടപ്പാക്കാവുന്നതും അധികാര ശക്തിയുണ്െടങ്കില്‍ മാത്രം പ്രായോഗികമാക്കാവുന്നതുമായ കാര്യങ്ങളുണ്ട്. ഓരോന്നിനും അതിന്റേതായ പ്രാധാന്യവും പ്രസക്തിയുമുണ്ട്. മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് ഇസ്ലാമിന്റെ സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ ഒരുപോലെ നടപ്പാക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. അധികാരം കൈയിലുണ്ടായാലും പലിശയോ മദ്യപാനമോ വേശ്യാവൃത്തിയോ ചൂതാട്ടമോ നിരോധിക്കാനോ സകാത്ത് പിരിച്ചെടുത്ത് വിതരണം ചെയ്യാനോ തയ്യാറില്ലാത്ത മുസ്ലിംകള്‍ യഥാര്‍ഥ മുസ്ലിംകളോ പൂര്‍ണമുസ്ലിംകളോ അല്ല. ഇന്ത്യയെപ്പോലുള്ള ജനാധിപത്യ രാജ്യങ്ങളില്‍ മുസ്ലിംകള്‍ ഭൂരിപക്ഷമല്ല. അവരുടെ കൈയില്‍ അധികാരവുമില്ല. അതിനാല്‍ ഉപര്യുക്ത തിന്മകള്‍ നിയമംമൂലം നിരോധിക്കാനോ സക്കാത്ത് ബലംപ്രയോഗിച്ചു സംഭരിക്കാനോ ഒന്നും അവര്‍ ബാധ്യസ്ഥരുമല്ല. പക്ഷേ, ഇക്കാര്യങ്ങളിലൊക്കെ ഇസ്ലാമിന്റെ വിധിവിലക്കുകള്‍ ജനങ്ങളോട് പറയാന്‍ അവര്‍ക്ക് സ്വാതന്ത്യ്രവും ചുമതലയും ഉണ്ട്. ആ ചുമതല അവര്‍ നിറവേറ്റാതെ അധാര്‍മിക വ്യവസ്ഥിതിയുടെ അനിസ്ലാമിക ചെയ്തികള്‍ക്ക് കൂട്ടുനില്‍ക്കുകയോ അതില്‍ പങ്കാളിത്തം വഹിക്കുകയോ ചെയ്താല്‍ അവരുടെ ഇസ്ലാം പൂര്‍ണമല്ലെന്ന് തന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെ വീക്ഷണം. ഇസ്ലാമിന്റെ മൌലിക വിശ്വാസപ്രമാണമാണ് തൌഹീദ്. അതിന് ഘടകവിരുദ്ധവും ഒരിക്കലും പൊറുക്കാത്ത പാപവുമാണ് ശിര്‍ക്ക്. ഭരണ പങ്കാളിത്തത്തിന്റെ പേരില്‍ ശിര്‍ക്ക്പോലും ചെയ്യേണ്ടിവരുന്ന മുസ്ലിംകളെക്കുറിച്ചു സാവാന്‍കുട്ടിയുടെ അഭിപ്രായമെന്താണ്? മൌദൂദിയുടെ രാഷ്ട്രീയ വീക്ഷണത്തിന് മുസ്ലിം രാജ്യങ്ങളില്‍പോലും സ്വീകാര്യത കുറവാണെന്ന വാദം വിവരക്കേടാണ്. ദീനുമായി ഒരു ബന്ധവുമില്ലാത്തവരോ നാമമാത്ര ബന്ധമുള്ളവരോ ആയ ഭരണാധികാരികളെയും അവരുടെ ശിങ്കിടികളെയും ആരും ഇസ്ലാമിന്റെ മാതൃകകളായി ഗണിക്കുകയില്ല. മുസ്ലിം നാടുകളിലെ സംഘടിത ഇസ്ലാമിക പ്രസ്ഥാനങ്ങള്‍, വിശദാംശങ്ങളില്‍ ഭിന്നതകളുണ്ടാവാമെങ്കിലും, മൌദൂദിയുടെ ഇസ്ലാമിക രാഷ്ട്രീയ വീക്ഷണം ഉള്‍ക്കൊണ്ടവരും അംഗീകരിക്കുന്നവരുമാണ്. തുനീഷ്യയിലെ ഇസ്ലാമിക് ട്രന്റ്, ഇതര അറബ് രാജ്യങ്ങളിലെ ഇഖ്വാനുല്‍ മുസ്ലിമൂന്‍, ഇന്തോനേഷ്യയിലെ ഇസ്ലാമിക പ്രസ്ഥാനം തുടങ്ങിയവ ഉദാഹരണം.