..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 
 
ചോദ്യോത്തരങ്ങള്‍
 
 

എഴുപത്തിമൂന്ന് സംഘങ്ങള്‍

ചോ: ഒരിക്കല്‍ നബി(സ) പറഞ്ഞു: "എന്റെ സമുദായം എഴുപത്തിമൂന്ന് സംഘങ്ങളായി ഭിന്നിക്കും. അവയില്‍ എഴുപത്തിരണ്ടും നരകത്തിലാകുന്നു. ഒരു സംഘം സ്വര്‍ഗത്തിലും.'' സ്വഹാബികള്‍ ചോദിച്ചു: "ആ ഒരു സംഘം ഏതാണ്?'' നബി(സ) അരുളി: "ഞാനും എന്റെ സ്വഹാബികളും സ്വീകരിച്ച വിശ്വാസാചാരനടപടികളെ അംഗീകരിക്കുന്നവര്‍.'' (തിര്‍മിദി)

അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്താണ് ഈ ചെറുസംഘം. അതിനെതിരെ എഴുപത്തിരണ്ട് സംഘം വേറെയുണ്ടാകും. ആദ്യനൂറ്റാണ്ടുകളില്‍ ഉണ്ടായിരുന്ന ഖദ്രിയ്യാ, ജബ്രിയ്യാ, ഖവാരിജിയ്യ, മുഅ്തസില, റാഫിദിയ്യ എന്നീ വിഭാഗങ്ങള്‍ ഇവയില്‍ ചിലത് മാത്രമാകുന്നു. സുന്നത്ത് ജമാഅത്തിനെതിരില്‍ ഇന്ന് നമ്മുടെ നാടുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 'പുത്തന്‍ പ്രസ്ഥാനങ്ങളും' എഴുപത്തിരണ്ടില്‍പെട്ടതുതന്നെ. (സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആറാംതരം താരീഖ് എന്ന പു സ്തകത്തില്‍നിന്ന്).

പ്രസ്തുത വാചകങ്ങള്‍ പലരും പറഞ്ഞുകേള്‍ക്കാറുണ്ട്. ഇത് ശരിയാണെങ്കില്‍ ജമാഅത്തെ ഇസ്ലാമിയും മുജാഹിദും മറ്റു പ്രസ്ഥാനങ്ങളും രൂപീകരിച്ചത് തെറ്റല്ലേ? അതിനു പകരം എല്ലാ മുസ്ലിംകളെയും അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിനു കീഴില്‍ കൊണ്ടുവരികയല്ലേ ചെയ്യേണ്ടത്? ജമാഅത്തെ ഇസ്ലാമി അങ്ങനെ ചെയ്യുമോ?

 
 
   

ഉ: "ഇസ്രാഈല്‍ മക്കള്‍ എഴുപത്തിരണ്ട് സംഘങ്ങളായി പിളര്‍ന്നു; എന്റെ സമുദായം എഴുപത്തിമൂന്ന് സംഘങ്ങളായി പിളരും....'' എന്ന ഹദീസിന്റെ ആധികാരികത ഡോ. യൂസുഫുല്‍ ഖറദാവി ഉള്‍പ്പെടെ പ്രഗല്‍ഭരായ പണ്ഡിതന്മാര്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഒരു വിശ്വാസപ്രമാണമായി കരുതാന്‍ മാത്രം ഏതായാലും ആ ഹദീസ് പ്രബലമല്ല. ഹദീസ് സ്വീകാര്യമാണെന്ന് സമ്മതിച്ചാല്‍തന്നെ, അതിനെ നിലവിലെ ഓരോ സംഘടനയും തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിക്കുന്നതും, അനൈക്യത്തിനും പിളര്‍പ്പിനും ന്യായീകരണം കണ്െടത്തുന്നതും തികച്ചും അടിസ്ഥാനരഹിതവും അപലപനീയവുമാണ്. ഒന്നാമതായി, താനും ശിഷ്യന്മാരും ചരിച്ച പാതയിലൂടെ ചരിക്കുന്നവരായിരിക്കും നരകശിക്ഷയില്‍നിന്ന് രക്ഷപ്പെടുന്നവര്‍ എന്നു പറഞ്ഞതല്ലാതെ ഏതെങ്കിലും വിഭാഗത്തിന്റെയോ സംഘടനയുടെയോ പേര് തിരുമേനി സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. രണ്ടാമതായി, അഭിപ്രായഭിന്നതകള്‍ പിളര്‍പ്പ് അല്ല. അതിനാല്‍ മദ്ഹബുകളുടെ പേരിലെ ഭിന്നതകള്‍ മൂലം നിലവിലുള്ള സംഘടനകള്‍ 'ഫര്‍ഖ' (വിഭാഗം) അല്ല. മൂന്നാമതായി, അഹ്ലുസ്സുന്നത്തി വല്‍ ജമാഅഃ ലോകാടിസ്ഥാനത്തില്‍ മുസ്ലിം സമൂഹത്തിന് ഒരു നേതൃത്വം ഉണ്െടങ്കിലേ നിലവില്‍ വരൂ; പ്രാദേശിക സംഘടനകള്‍ക്ക് ആ സ്ഥാനം അവകാശപ്പെടാനാവില്ല. ഖിലാഫത്തിന്റെ തിരോധാനത്തോടെ മുസ്ലിം ലോകത്തിന് ഏകത നഷ്ടപ്പെട്ടു. നാലമതായി, ശിര്‍ക്ക്-ബിദ്അത്തുകളെ നഗ്നമായി ന്യായീകരിക്കുന്നവര്‍ ഒരു കാരണവശാലും സുന്നത്തിന്റെയോ ജമാഅത്തിന്റെയോ അവകാശികളല്ല. അവര്‍ യഥാര്‍ഥ തൌഹീദില്‍ ഉറച്ചുനില്‍ക്കുന്ന സംഘടനകളെ പിഴച്ചവരായി മുദ്രകുത്തുന്നത് വിരോധാഭാസമാണ്. ഒന്നുമറിയാത്ത കുരുന്നു മനസ്സുകളില്‍ വിഭാഗീയതയുടെ വിഷബീജം കുത്തിവയ്ക്കുന്നത് മഹാപാതകവുമാണ്.

 
 
 
 
 
 
 
 
 
 
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.