..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 
 
ചോദ്യോത്തരങ്ങള്‍
 
 

ഹുകൂമത്തെ ഇലാഹി

ചോ: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഇങ്ങനെ എഴുതുന്നു: "സ്വതന്ത്ര ഭാരതത്തില്‍ എല്ലാ മതസ്ഥര്‍ക്കും അവരുടെ വിശ്വാസാചാരങ്ങള്‍ വെച്ചുപുലര്‍ത്താനുള്ള അവകാശം നിലനില്‍ക്കുന്നിടത്തോളം ഭരണഘടനയും ഭരണകൂടവും അംഗീകരിച്ച് നമുക്ക് ജീവിക്കാം. അത് ഇസ്ലാം എതിര്‍ക്കുന്നില്ല. എന്നാല്‍, ജമാഅത്തെ ഇസ്ലാമിയുടെ ഹുകൂമത്തെ ഇലാഹീ വാദം ഇതിനു വിരുദ്ധമാണ്. ഇത്തരം വാദങ്ങളും പ്രഖ്യാപനങ്ങളും ചൂണ്ടിക്കാണിച്ചാണ് ഹൈന്ദവവല്‍ക്കരണ വാദികളും വര്‍ഗീയ കലാപകാരികളും തഴച്ചു വളരുന്നത്.'' (സുന്നീ വോയ്സ് '95 ഏപ്രില്‍ 15, ലക്കം 6). മുസ്ല്യാരുടെ വിലയിരുത്തലിനെക്കുറിച്ച് എന്തു പറയാനുണ്ട്?

 
 
   

ഉ: ജമാഅത്തെ ഇസ്ലാമിയുടെ ഹുകൂമത്തെ ഇലാഹി വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും ഖുലഫാഉര്‍റാശിദുകളുടെ മാതൃകയും അടിസ്ഥാനമാക്കിയുള്ള ദൈവരാജ്യ സങ്കല്‍പമാണ്. ദൈവാധിപത്യത്തിനുകീഴില്‍ മനുഷ്യരെല്ലാം ജാതി, വംശ, വര്‍ണ, ഭാഷാഭേദങ്ങളില്ലാതെ ഏക കുടുംബമായി സാമൂഹിക നീതി പങ്കിടുന്നതിന്റെ പേരാണ് ഹുകൂമത്തെ ഇലാഹി. ഇതിന്റെ യാഥാര്‍ഥ്യം മനസ്സിലായാല്‍, ആരും അതില്‍ ഭയപ്പെടുകയില്ല. മനുഷ്യ സ്നേഹികള്‍ അതിനെ സ്വാഗതവും ചെയ്യും. ജമാഅത്തെ ഇസ്ലാമിയുടെ സാഹിത്യങ്ങള്‍ വായിച്ചോ പ്രസംഗങ്ങള്‍ ശ്രദ്ധിച്ചോ ഈ രാജ്യത്ത് നാളിതുവരെ ആരും വര്‍ഗീയവാദിയായ ചരിത്രമില്ല. കാന്തപുരം മുസ്ലിയാരെപോലുള്ളവര്‍ ജമാഅത്തെ ഇസ്ലാമിയെ തെറ്റിദ്ധരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും ഇതാണവസ്ഥ. അതേസമയം, "ഇസ്ലാംദീന്‍ വാള്‍കൊണ്ട് പ്രചരിച്ചതാണെന്ന് തെളിയിക്കാന്‍'' വെള്ളിയാഴ്ച മിമ്പറില്‍ കയറുമ്പോള്‍ വാളെടുക്കുന്ന പുരോഹിതന്മാര്‍ മതത്തെ തെറ്റിദ്ധരിപ്പിക്കുന്നു. സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം വിലക്കി ഇസ്ലാം തനി പിന്തിരിപ്പനും യാഥാസ്ഥിതികവുമാണെന്ന ധാരണ സൃഷ്ടിക്കുന്നു. സ്ത്രീധനത്തെ ഇപ്പോഴും ന്യായീകരിച്ച് ഇസ്ലാമിന്റെ സുന്ദരമുഖത്തെ വികൃതമാക്കുന്നു. ഖുര്‍ആന്‍ പരിഭാഷ ഹറാമാക്കി അമുസ്ലിം സഹോദരന്‍മാര്‍ക്ക് ദൈവിക സന്ദേശത്തിന്റെ യഥാര്‍ഥരൂപം നിഷേധിക്കുന്നു. ഇതൊക്കെയാണ് യഥാര്‍ഥത്തില്‍ ഇസ്ലാം തെറ്റിദ്ധരിക്കപ്പെടാനും അവമതിക്കപ്പെടാനും കാരണം. അതിനാല്‍, വൈദ്യര്‍ ആദ്യം സ്വയം ചികിത്സിക്കട്ടെ.

 
 
 
 
 
 
 
 
 
 
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.