..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 
 
ചോദ്യോത്തരങ്ങള്‍
 
 

ഖുര്‍ആന്‍ വ്യാഖ്യാനവും വരേണ്യബോധവും

"ആധുനിക ഇസ്ലാമിക പുനരുത്ഥാന പ്രസ്ഥാനത്തിന്റെ പതാകവാഹകനായി അറിയപ്പെടുന്നത് മൌദൂദിയാണ്. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പരിഭാഷയും ഖുത്വ്ബാ പ്രസംഗങ്ങളും മറ്റു ലിഖിതങ്ങളും ആധുനികരായ ഇസ്ലാം മതവിശ്വാസികളുടെ ഇടയില്‍ മുമ്പെങ്ങുമില്ലാത്ത ഒരു ഉണര്‍വ് സൃഷ്ടിച്ചിട്ടുണ്ട്. ഉര്‍ദു-അറബി ഭാഷയിലുള്ള അദ്ദേഹത്തിന്റെ പരിജ്ഞാനമാണ് ഇത്രയേറെ സ്വാധീനവത്തായ ഖുര്‍ആന്‍ വ്യാഖ്യാനത്തിന് അദ്ദേഹത്തെ സഹായിച്ചത് എന്നു കാണാം. ഇന്നിപ്പോള്‍ അല്‍പം അഭിജാതരായ മുസ്ലിംകള്‍ ഈ വ്യാഖ്യാനം ഉള്‍ക്കൊള്ളുന്ന മലയാള പരിഭാഷ വീടുകളില്‍ സൂക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഗള്‍ഫ് പണം മുസ്ലിം ജനസാമാന്യത്തിന്റെ ഇടയില്‍ സൃഷ്ടിച്ചിട്ടുള്ള, ഒരര്‍ഥത്തില്‍ പൊള്ളയായ വരേണ്യതക്ക് യോജിച്ച ഒരു പ്രത്യയശാസ്ത്രം മൌദൂദിസം സമ്മാനിക്കുന്നുണ്ട്. ഇപ്രകാരം മുമ്പെങ്ങുമില്ലാത്തവിധം മുസ്ലിംകളുടെ ഇടയില്‍ ഒരു സവിശേഷ കര്‍തൃത്വം രൂപം കൊണ്ടിട്ടുണ്ട്. ആധുനിക മുസ്ലിമിന്റെ പരിവേഷമണിഞ്ഞ് മുഖ്യധാരയില്‍ പ്രത്യക്ഷപ്പെടുന്ന പരിഷ്കരണവാദിയായ ഈ വരേണ്യന് മൌദൂദി പ്രത്യയശാസ്ത്രം സമ്മാനിക്കുന്നു. താന്‍ പുതുതായി ആര്‍ജിച്ച സാമ്പത്തിക ഉയര്‍ച്ചക്ക് അനുസൃതമായ ഒരു പുതിയ ആഭിജാത്യബോധം സമ്മാനിക്കാന്‍ മൌദൂദി പ്രസ്ഥാനത്തിന് കഴിയുന്നു. കേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍ ഒരു പുതിയ 'തങ്ങള്‍' വിഭാഗത്തെയാണ് ഇങ്ങനെ സൃഷ്ടിക്കപ്പെടുന്നത്. വരേണ്യവാദത്തിന്റെ ഒരു ജനകീയവല്‍ക്കരണം.......... അതോടെ ഇസ്ലാമിന്റെ മറ്റു പ്രാദേശിക ധാരകളെല്ലാം ഇസ്ലാമിനു പുറത്തോ, തങ്ങള്‍ നേതൃത്വം നല്‍കേണ്ട പിന്നാക്കാവസ്ഥയിലോ നിലകൊള്ളുന്നതാണെന്ന് ഇവര്‍ കരുതുന്നു'' (ഷാനവാസ് അല്‍ മുഹമ്മദ്, ദേശാഭിമാനി വാരിക, 2007 മെയ് 27, പേജ് 9). പ്രതികരണം

 
 
   

ആ ധുനിക മുസ്ലിം സമൂഹത്തിന്റെ ആദര്‍ശപരമായ നവോത്ഥാനത്തില്‍ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി വഹിച്ച നേതൃപരമായ പങ്ക് ഒരളവോളം ലേഖകന്‍ തിരിച്ചറിഞ്ഞത് വാസ്തവികമാണ്, നല്ല കാര്യവുമാണ്. എന്നാല്‍ മൌദൂദി ചിന്തകള്‍ ഗള്‍ഫ് പണക്കാരോ അല്ലാത്തവരോ ആയ വരേണ്യവര്‍ഗത്തിന് മാത്രമാണ് പ്രത്യയശാസ്ത്രം സമ്മാനിച്ചതെന്ന വിലയിരുത്തല്‍ തീര്‍ത്തും അബദ്ധജടിലവുമാണ്. എഴുതാനും വായിക്കാനും അറിയാവുന്ന ചിന്താശീലരായ സത്യാന്വേഷകരിലാണ് ഖുര്‍ആനെയും പ്രവാചകചര്യയെയും നിദാനമാക്കിയുള്ള മൌദൂദി ചിന്തകള്‍ സ്വാധീനം ചെലുത്തിയത്. അവരില്‍ സാമ്പത്തികമായി സുസ്ഥിതിയുള്ളവര്‍ താരതമ്യേന വളരെ കുറവായിരുന്നു; മധ്യവര്‍ഗക്കാരായിരുന്നു കൂടുതല്‍. അതേസമയം ബീഡിത്തൊഴിലാളികളും മറ്റുമായ പാവപ്പെട്ടവര്‍ ഗണ്യമായി അക്കൂട്ടത്തിലുണ്ടായിരുന്നു. ഗള്‍ഫിലെ പെട്രോഡോളര്‍ പുറംലോകത്തെ തൊഴിലെടുക്കുന്ന കരങ്ങളെ ആകര്‍ഷിച്ച എഴുപതുകളില്‍ ഉപജീവനം തേടി കേരളത്തില്‍നിന്ന് അക്കരെ പറ്റിയവരില്‍ പാവങ്ങളായിരുന്നു മഹാഭൂരിപക്ഷവുമെന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. അവര്‍ കഠിനാധ്വാനം ചെയ്ത് നാലു കാശുണ്ടാക്കിയതിന്റെ പേരില്‍ സ്വദേശത്ത് വരേണ്യവര്‍ഗമായി മുദ്രകുത്തപ്പെടുന്നുവെങ്കില്‍ കൃത്യമായ നീതിബോധം അവകാശപ്പെടാനാവാത്ത അളവുകോലാണ് പിന്നില്‍. ഗള്‍ഫില്‍ സജീവമായ ഇസ്ലാമിക പ്രസ്ഥാന പ്രവര്‍ത്തനങ്ങളാല്‍ സ്വാധീനിക്കപ്പെട്ടവര്‍ സ്വരാജ്യത്തും ആദര്‍ശപ്രതിബദ്ധത പുലര്‍ത്തുക സ്വാഭാവികമാണ്. തങ്ങളുടെ പരിമിത വിഭവശേഷിയും സമയവും അവര്‍ പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനും അതിന്റെ ബഹുമുഖ സേവനങ്ങള്‍ക്കും ഉപയോഗിക്കുന്നതിലും അത്ഭുതപ്പെടാനില്ല. ഇതേക്കുറിച്ചാണ് 'അഭിജാതബോധ'മെന്നും അവരെക്കുറിച്ചാണ് പുതിയ 'തങ്ങന്മാര്‍' എന്നും ലേഖകന്‍ പറയുന്നതെങ്കില്‍ മസ്തിഷ്കത്തില്‍ നേരത്തേ കുടിയിരുന്നുപോയ മാര്‍ക്സിസ്റ് രീതിശാസ്ത്രത്തിന്റെ സ്വാഭാവിക വൈകല്യം എന്നേ വിശേഷിപ്പിക്കാനാവൂ. 'ഇസ്ലാമിന്റെ മറ്റു പ്രാദേശിക ധാരകള്‍' എന്ന പദപ്രയോഗത്തിലുമുണ്ട് വക്രമായ വിശകലനശൈലിയുടെ സ്വാധീനം. സാര്‍വലൌകിക ദര്‍ശനമായ ഇസ്ലാമിന് പ്രാദേശിക ധാരകളില്ല. ഓരോ പ്രദേശത്തെയും മുസ്ലിംകള്‍ തങ്ങളുടെ പ്രാദേശിക പാരമ്പര്യങ്ങളും സംസ്കാരവും തുടരുന്നത് ഇസ്ലാമിന് വിരുദ്ധമല്ലാത്തേടത്തോളം അത് തടയുന്നുമില്ല. ഇസ്ലാമിക പ്രസ്ഥാനവും അനിസ്ലാമിക പ്രാദേശിക വൈവിധ്യങ്ങളെ സഹിഷ്ണുതയോടെ കാണുന്നു.

 
 
 
 
 
 
 
 
 
 
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.