"കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ സഹായിച്ചതിനു പിന്നില്‍ ജമാഅത്തെ ഇസ്ലാമിക്ക് വ്യക്തമായ അജണ്ട ഉണ്ടായിരുന്നു.......... അത് കേരളത്തിലെ മുസ്ലിം ജനസമൂഹത്തില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന് ഉണ്ടായിരുന്ന സ്വാധീനം കുറഞ്ഞതും മുസ്ലിം സമൂഹത്തില്‍ സ്വാധീനം ഉണ്ടാക്കാനായി അവര്‍ ഞങ്ങളുടെ കൂടെ ചേര്‍ന്ന് ലീഗിനെ എതിര്‍ത്തു......... പക്ഷേ, തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ മുസ്ലിം ബഹുജനം സി.പി.എമ്മിനു പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണ് നാം കണ്ടത്. അവരുടെ തന്ത്രം നിഷ്ഫലമായി. ആ അമര്‍ഷം അവര്‍ മാധ്യമം ദിനപത്രത്തിലൂടെ സി.പി.എമ്മിനെയും സര്‍ക്കാറിനെയും നിരന്തരം സ്വഭാവഹത്യ നടത്തിക്കൊണ്ടിരിക്കുന്നു.'
പിണറായി വിജയനുമായി മാധ്യമ പ്രവര്‍ത്തകന്‍ എന്‍. മാധവന്‍കുട്ടി 08.05.2007-ല്‍ കൈരളി ചാനലില്‍ നടത്തിയ 'മാധ്യമ സിന്റിക്കേറ്റ് ഉള്ളറകള്‍' എന്ന അഭിമുഖത്തില്‍നിന്ന്. പ്രതികരണം
സി. പി.എം കേരള ഘടകത്തിലെ വിഭാഗീയത പരിധിക്കപ്പുറം മൂര്‍ഛിക്കുകയും വി.എസ്-പിണറായി പോര് പാര്‍ട്ടി പോളിറ്റ് ബ്യൂറോയെ പോലും നാണം കെടുത്തുകയും ചെയ്യുന്നതാണ് സാഹചര്യം. തുടക്കത്തില്‍ ഇങ്ങനെയൊരു വിഭാഗീയത ഉണ്െടന്ന വസ്തുത തന്നെ കണ്ണടച്ച് നിഷേധിച്ചുകൊണ്ടിരുന്ന പാര്‍ട്ടി സെക്രട്ടറി പിന്നീട് ഉള്‍പ്പോര് മറനീക്കി പുറത്തുവന്നപ്പോള്‍ ഉത്തരവാദിത്വം മുഴുവന്‍ തന്റെ സങ്കല്‍പത്തിലുള്ള മാധ്യമ സിന്റിക്കേറ്റിനുമേല്‍ കെട്ടിയേല്‍പിച്ചു. പക്ഷേ, മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പരസ്യമായി കൊമ്പ് കോര്‍ക്കാന്‍ തുടങ്ങിയതോടെ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നത് സത്യമാണെന്ന് ജനങ്ങള്‍ വിശ്വസിക്കേണ്ടിവന്നു. പാര്‍ട്ടിയും മുന്നണിയും പക്ഷവും നോക്കാതെ നേര് പറയേണ്ടത് ധാര്‍മിക ബാധ്യതയായി കരുതുന്ന മാധ്യമം പത്രവും സ്വാഭാവികമായും സി.പി.എമ്മിലെ ആഭ്യന്തര വൈരുധ്യങ്ങള്‍ അനാവരണം ചെയ്തു. അതിലുള്ള അസഹിഷ്ണുതയും അസഹ്യതയുമാണ് കൈരളി ചാനലിലെ അഭിമുഖത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ചെലവില്‍ പിണറായി വിജയന്‍ പ്രകടിപ്പിച്ചിരിക്കുന്നത്.
ഒരു സ്വതന്ത്ര പത്രമെന്ന് പൊതുസമൂഹം ഇതിനകം അംഗീകരിച്ചുകഴിഞ്ഞ മാധ്യമം പത്രത്തില്‍ പ്രസിദ്ധീകരിച്ചുവരുന്ന വാര്‍ത്തകളുടെയും ലേഖനങ്ങളുടെയും ഉത്തരവാദിത്വം ജമാഅത്തിന്റെ പേരില്‍ കെട്ടിയേല്‍പിക്കേണ്ട ഒരു കാര്യവുമില്ല, ജനങ്ങള്‍ അത് മുഖവിലക്കെടുക്കാനും പോകുന്നില്ല. ജമാഅത്തിനെതിരായ വാര്‍ത്തകളും പ്രസംഗങ്ങളും കുറിപ്പുകളുമടക്കം മാധ്യമത്തില്‍ വരാറുണ്ട്. മുഖ്യന്ത്രി വി.എസ് അച്യുതാനന്ദനടക്കം വലിയൊരു വിഭാഗം സി.പി.എമ്മുകാര്‍ തന്നെയും പാര്‍ട്ടിയിലെ വിഭാഗീയതയില്‍ ജമാഅത്തെ ഇസ്ലാമിക്ക് എന്തെങ്കിലും പങ്കോ താല്‍പര്യമോ ഉള്ളതായി കരുതുന്നില്ല. മിക്കവാറും പിണറായിയും ദേശാഭിമാനിയിലെ ചില ലേഖകരുമാണ് അനാവശ്യമായും അപ്രസക്തമായും ജമാഅത്തിനെ വിഷയത്തിലേക്ക് വലിച്ചിഴക്കുന്നത്.
ലോകതലത്തിലും ദേശീയ തലത്തിലും കേരളത്തിലും സാമ്രാജ്യത്വ അധിനിവേശം ഭീകര ഇടപെടലുകള്‍ നടത്തുകയും ഫാഷിസം ആക്രമണോത്സുകമാവുകയും ചെയ്ത ചരിത്രസന്ധിയില്‍, രണ്ടിനെയും എതിര്‍ക്കുന്നതായി അവകാശപ്പെടുന്ന ഇടതുപക്ഷത്തിന് അക്കാര്യത്തില്‍ പിന്തുണ നല്‍കുകയായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ കഴിഞ്ഞ തെരഞ്ഞെടുപ്പു നയമെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. തെരഞ്ഞെടുപ്പു വേളയിലും തുടര്‍ന്നും, ഇടതുപക്ഷത്തിന് ജമാഅത്തിന്റെ പിന്തുണയെക്കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് പിണറായി തന്നെയും നല്‍കിയ മറുപടികളും അത് സ്ഥിരീകരിക്കുന്നതായിരുന്നു. അല്ലാതെ മുസ്ലിം ലീഗിന്റെ നേരെയുള്ള ജമാഅത്തിന്റെ നിലപാടുകളുമായി തെരഞ്ഞെടുപ്പു നയത്തിന് ബന്ധമുണ്ടായിരുന്നില്ല. ലീഗ് യു.ഡി.എഫിന്റെ ഭാഗമായതിനാലും യു.ഡി.എഫ് സര്‍ക്കാര്‍ ആഗോളീകരണ അജണ്ട നടപ്പാക്കിയതിനാലും അതിനെതിരെ ഇടതുമുന്നണിയെ പിന്തുണക്കേണ്ടിവന്നു. അതേസമയം സമുദായ സംഘടനകളെത്തന്നെ ഉപയോഗിച്ച് മുസ്ലിം ലീഗിനെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യം സി.പി.എമ്മിനുണ്ടായിരുന്നതായി ന്യായമായും സംശയിക്കാന്‍ കാരണങ്ങളുണ്ട്. എ.പി വിഭാഗം സുന്നികളുടെ പിന്തുണ തേടിയതും ആ പിന്തുണക്ക് അവരാവശ്യപ്പെടുന്ന വിലനല്‍കുന്നതും ഈ തന്ത്രത്തിന്റെ ഭാഗമാണ്. മറുവശത്ത് മുസ്ലിം ന്യൂനപക്ഷത്തിന്റെ ശാക്തീകരണത്തില്‍ മുസ്ലിം ലീഗിന്റെ പങ്ക് വിലകുറച്ചുകാണാത്ത ജമാഅത്തെ ഇസ്ലാമി, അടിത്തറ ഇളകിയശേഷവും തെറ്റുകള്‍ തിരുത്തി പൂര്‍വ ശക്തി വീണ്െടടുക്കാന്‍ ലീഗ് തയാറാവണമെന്ന് ആവശ്യപ്പെടുകയേ ചെയ്തിട്ടുള്ളൂ. മുസ്ലിം സാമുദായിക രാഷ്ട്രീയ കൂട്ടായ്മക്ക് പകരം നില്‍ക്കാന്‍ ഇടതുപക്ഷത്തിന് കഴിയുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ജമാഅത്ത് വിശ്വസിക്കുന്നില്ല. മുസ്ലിം ബഹുജനങ്ങളാകെ സി.പി.എമ്മിന്റെ പിന്നില്‍ അണിനിരന്നു എന്ന പിണറായിയുടെ അവകാശവാദവും വെറും മനപ്പായസമാണ്. ലീഗ് നേതൃത്വത്തിന്റെ മോശമായ പ്രതിഛായയും യു.ഡി.എഫ് സര്‍ക്കാറിന്റെ പരാജയവും സോളിഡാരിറ്റി പോലുള്ള യുവജനപ്രസ്ഥാനങ്ങളുടെ സാമ്രാജ്യത്വവിരുദ്ധ നിലപാടുകളും നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംകളില്‍ വലിയൊരു വിഭാഗത്തെ മാറിച്ചിന്തിപ്പിച്ചപ്പോള്‍ ഇടതുപക്ഷം അതിന്റെ ഗുണഭോക്താക്കളായതാണ് സംഭവം. വൈകാതെ നടന്ന തിരുവമ്പാടി ഉപതെരഞ്ഞെടുപ്പില്‍പോലും നേട്ടം നിലനിര്‍ത്താന്‍ സി.പി.എമ്മിന് സാധിച്ചില്ല, ജമാഅത്തിന്റെയടക്കം പിന്തുണയോടെ കഷ്ടിച്ചു രക്ഷപ്പെട്ടു എന്ന് മാത്രം. ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ലാത്ത ജമാഅത്തെ ഇസ്ലാമിക്ക് ഏതെങ്കിലും പാര്‍ട്ടിയുടെ ഉയര്‍ച്ചയില്‍നിന്നോ തകര്‍ച്ചയില്‍നിന്നോ മുതലെടുക്കണമെന്ന അജണ്ടയില്ലെന്നതാണ് പിണറായി മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത. ശക്തവും യുക്തിഭദ്രവുമായ ആശയസമരത്തിലൂടെ ഏതു പക്ഷത്തുനിന്നും ആദര്‍ശധീരരായ വ്യക്തികളെ കണ്െടത്താനാണ് പ്രസ്ഥാനത്തിന്റെ ശ്രമം. അതാകട്ടെ സാവകാശത്തില്‍ മാത്രം ലക്ഷ്യം കാണുന്ന പ്രക്രിയയാണ്. മുസ്ലിം മതസംഘടനകളും മുസ്ലിം ലീഗും പിളര്‍ന്ന് തമ്മില്‍തല്ലിയ നേരത്തുപോലും സ്പര്‍ധ വലുതാക്കി മുതലെടുക്കാന്‍ ശ്രമിച്ച പ്രസ്ഥാനമല്ല ജമാഅത്ത്.