ഇ സ്ലാമിനെ അത്യന്തം സങ്കുചിതമായി വിശ്വാസാചാരങ്ങളില്‍ തളച്ചിട്ട മഹാ അബദ്ധം ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നിരന്തര ബോധവത്കരണത്തിന്റെ ഫലമായി ഭാഗികമായെങ്കിലും തിരുത്തേണ്ട നിര്‍ബന്ധിതാവസ്ഥയിലാണിപ്പോള്‍ നമ്മുടെ മതസംഘടനകള്‍. ഒരു വശത്ത് അമുസ്ലിംകള്‍ക്കായുള്ള ദഅ്വത്തും പൊതു സംവാദങ്ങളും പ്രദര്‍ശനങ്ങളുമൊക്കെ സംഘടിപ്പിക്കുമ്പോള്‍ മറുവശത്ത് സാമ്രാജ്യത്വവിരോധവും മറ്റു സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളും വേണ്ടിവരുന്നു. അപ്പോഴും തങ്ങള്‍ പണ്േടയുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ജമാഅത്തെ ഇസ്ലാമിയുടെ പ്രബോധന ശൈലിയാല്‍ സ്വാധീനിക്കപ്പെട്ടിട്ടില്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ഒരാവശ്യമായി അവര്‍ കരുതുന്നു. അതിന്റെ ഭാഗമാണ് കാലഹരണപ്പെട്ട ആരോപണങ്ങളുടെ വിരസമായ ആവര്‍ത്തനം.
ഭരണകൂടത്തെ ഇസ്ലാമീകരിക്കുക എന്ന ഒരു പരിപാടി ജമാഅത്തെ ഇസ്ലാമിക്കില്ല. കാഞ്ഞിരത്തിന്റെ കായ മാമ്പഴമാക്കി മാറ്റാന്‍ വല്ല വിദ്യയുമുണ്െടങ്കിലേ മതനിരാസ, കേവല ഭൌതികാദര്‍ശങ്ങളില്‍ പണിതുയര്‍ത്തിയ ഭരണകൂടത്തെ ഇസ്ലാമീകരിക്കാനാവൂ. ഇസ്ലാമിനെ താത്ത്വികമായും പ്രായോഗികമായും സ്വീകരിക്കുന്നവരാണ് ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കേണ്ടത്. ജനാധിപത്യപരമായി നടക്കേണ്ട ഈ പ്രക്രിയ വ്യക്തികളില്‍ പ്രബോധനം നടത്തുകയും അവരെ പരിവര്‍ത്തിപ്പിക്കുകയും ചെയ്തുകൊണ്ട് മാത്രം സാധിക്കുന്നതാണ്. ആ ജോലിയിലാണ് ഇസ്ലാമിക പ്രസ്ഥാനം ഏര്‍പ്പെട്ടിരിക്കുന്നത്. വിശുദ്ധ ഖുര്‍ആനിലെ സിവില്‍-ക്രിമിനില്‍ നിയമങ്ങളും അവക്കാധാരമായ സാമൂഹികനീതിസങ്കല്‍പവും യാഥാര്‍ഥ്യമാവണമെങ്കില്‍ ഭരണം കൂടാതെ സാധ്യമല്ല. ശരീഅത്തിന് പ്രായോഗിക നിയന്ത്രണമില്ലാത്ത ഒരു സമൂഹത്തില്‍ നോമ്പിന്റെ ദിവസനിര്‍ണയവും സകാത്തിന്റെ സാമൂഹിക സംഭരണവും വിതരണവുമടക്കം എല്ലാം അപൂര്‍ണമോ വികലമോ ആയി അവശേഷിക്കും എന്നതിന് സമകാലിക മുസ്ലിംസമൂഹം തന്നെ സാക്ഷി. ഇസ്ലാം നിഷിദ്ധമാക്കിയ വ്യഭിചാരവും ഗര്‍ഭഛിദ്രവും നഗ്നതാ പ്രദര്‍ശനവും മദ്യപാനവും പലിശയും കൈക്കൂലിയും മറ്റെല്ലാ തിന്മകളും ഇല്ലാതാവണമെങ്കില്‍ വെറും വഅള് പോരാ, അധികാരത്തിന്റെ ഇടപെടലുകള്‍ തന്നെ വേണം. അതുകൊണ്ടാണ് 'സ്വന്തം ഭരണം ഇല്ലാത്ത ദീന്‍ ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത സങ്കല്‍പവീടു പോലെ' ആണെന്ന് പറഞ്ഞത്.
നമസ്കാരം ട്രെയ്നിംഗ് കോഴ്സ് (പരിശീലന പരിപാടി)തന്നെയാണ്. എന്തിന്റെ? അക്കാര്യം സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി വ്യക്തമാക്കിയതിങ്ങനെ: "ചുരുക്കത്തില്‍ ഇഹലോകജീവിതത്തില്‍ എല്ലാ സമയത്തും സകല വിഷയങ്ങളിലും ദൈവത്തെ സ്മരിക്കുക, അവന്റെ കോപത്തെ ഭയപ്പെടുക, അവന്റെ പൊരുത്തവും പ്രീതിയും വീക്ഷിക്കുക, അവന്റെ നിയമങ്ങളനുസരിക്കുക, അവന്റെ കല്‍പന ലംഘിക്കുന്നതിനാല്‍ ലഭിക്കാവുന്ന ഏത് ലാഭവും തിരസ്കരിക്കുക, അവനെ അനുസരിക്കുന്നതിനാല്‍ സംഭവിക്കുന്നതോ സംഭവിക്കാവുന്നതോ ആയ എല്ലാ കഷ്ട നഷ്ടങ്ങളും സസന്തോഷം സഹിക്കുക- ഇതാണ് ദൈവത്തിനുള്ള 'ഇബാദത്ത്'. ഇത്തരത്തിലുള്ള ജീവിതം ആദ്യന്തം ഇബാദത്ത് മാത്രമാണ്. എന്തിനേറെ, പ്രസ്തുത ജീവിതത്തില്‍ തിന്നുന്നതും കുടിക്കുന്നതും നടക്കുന്നതും ഇരിക്കുന്നതും ഉറങ്ങുന്നതും ഉണരുന്നതും സംസാരിക്കുന്നതുമെല്ലാം ഇബാദത്തില്‍ ഉള്‍പ്പെട്ടവയായിരിക്കും.
"ഇത് ഇബാദത്തിന്റെ സാക്ഷാല്‍ വിവക്ഷയാണ്. മുസ്ലിംകളെ ഇതേ നിലക്ക് ഇബാദത്ത് ചെയ്യുന്നവരാക്കിത്തീര്‍ക്കുകയത്രെ ഇസ്ലാമിന്റെ പരമലക്ഷ്യം. ഈ ആവശ്യാര്‍ഥം അടിസ്ഥാനപരമായ ഈ വലിയ ഇബാദത്തിന് മനുഷ്യനെ സന്നദ്ധനാക്കുന്ന ചില ഇബാദത്തുകള്‍ ഇസ്ലാമില്‍ നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. ഈ പ്രത്യേക ഇബാദത്തുകള്‍ ആ വലിയ ഇബാദത്തിനുള്ള ഒരു 'ട്രെയ്നിംഗ് കോഴ്സ്' എന്നോണമാണ്'' (ഇസ്ലാംമതം, 14-ാം പതിപ്പ്, പേജ് 146,147 പ്രസാ: ഐ.പി.എച്ച് കോഴിക്കോട്). 'എന്നെ ഓര്‍ക്കാന്‍ നീ നമസ്കാരം നിലനിര്‍ത്തുക', 'തീര്‍ച്ചയായും നമസ്കാരം മ്ളേഛതകളില്‍നിന്നും നിഷിദ്ധങ്ങളില്‍നിന്നും തടയുന്നു' എന്നീ ഖുര്‍ആന്‍ സൂക്തങ്ങള്‍ ശ്രദ്ധിച്ചാല്‍തന്നെ വ്യക്തമാവും ഇബാദത്തുകള്‍ ജീവിതസംസ്കരണത്തിനുള്ള ട്രെയ്നിംഗ് കോഴ്സ് തന്നെയാണെന്ന്.
|