നാമമാത്രമായിരുന്ന ഇസ്ലാമിക ഖിലാഫത്തിന്റെ പതനത്തോടെയാണ് ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ രംഗപ്രവേശം ചെയ്തതെന്ന് പറയപ്പെടുന്നു. നൂറ്റാണ്ടുകളുടെ അന്തരങ്ങളില്‍ പരിഷ്കര്‍ത്താക്കള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഗതരാവുമെന്നും കേള്‍ക്കുന്നു. പരിഷ്കര്‍ത്താക്കള്‍ ബീജാവാപം നല്‍കിയ ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കും ഒരുനാള്‍ അപചയം സംഭവിക്കുകയും പരിഷ്കര്‍ത്താക്കള്‍ വീണ്ടും ആഗതരാവുകയും ചെയ്യുകയില്ലേ? കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു പരിഷ്കര്‍ത്താവായ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി(റ)യുടെ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയും ഒരുനാള്‍ നാമാവശേഷമാവുകയും പുതിയ പരിഷ്കര്‍ത്താക്കളും പുതിയ പ്രസ്ഥാനങ്ങളും ഇനിയും സമാഗതമാവുകയുമില്ലേ?
ഇ രുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ് തുര്‍ക്കി ആസ്ഥാനമായുള്ള ഉസ്മാനിയാ ഖിലാഫത്ത് അന്തിമമായി തിരോധാനം ചെയ്തത്. ആധുനിക യുഗത്തിലെ പ്രഥമ ഇസ്ലാമിക പ്രസ്ഥാനമായ അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്‍ നിലവില്‍വന്നത് 1928-ലും. താന്‍ ഒരു മുജദ്ദിദാണെന്ന് ഇഖ്വാന്‍ സ്ഥാപകനായ ശഹീദ് ഹസനുല്‍ ബന്നാ ഒരിക്കലും അവകാശപ്പെട്ടിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ നവോത്ഥാനയത്നങ്ങള്‍ വിലയിരുത്തി പരിഷ്കര്‍ത്താവായിരുന്നു ഹസനുല്‍ ബന്നാ എന്ന നിഗമനത്തിലെത്തുകയായിരുന്നു ഇസ്ലാമിക പ്രാസ്ഥാനിക സമൂഹം. അതുതന്നെയാണ് 1941-ല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ജമാഅത്തെ ഇസ്ലാമിക്ക് തുടക്കം കുറിച്ച സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെയും അവസ്ഥ. അദ്ദേഹം ദീനില്‍ ഒരു പദവിയും അവകാശപ്പെട്ടിരുന്നില്ല. അതേസമയം പോയ നൂറ്റാണ്ടില്‍ ഇസ്ലാമിക ചിന്തക്കും നവോത്ഥാനത്തിനും അദ്ദേഹത്തോളം ബൌദ്ധിക സംഭാവനകളര്‍പ്പിച്ച വ്യക്തിത്വങ്ങള്‍ ഇല്ലെന്നു പറയാം. അതിനാല്‍ പരിഷ്കര്‍ത്താക്കളുടെ പട്ടികയില്‍ അദ്ദേഹവും ഇടം നേടി. പക്ഷേ, വിശുദ്ധ ഖുര്‍ആനിനെ കാലാകാലങ്ങളില്‍ സുരക്ഷിതമാക്കി പരിരക്ഷിക്കുമെന്ന് അല്ലാഹുവും സത്യത്തിനായി നിലകൊള്ളുന്ന ഒരു വിഭാഗം അന്ത്യനാള്‍ വരെ ഉണ്ടാവുമെന്ന് പ്രവാചകനും പറഞ്ഞതല്ലാതെ ഏതെങ്കിലും വ്യക്തിക്കോ അദ്ദേഹം ബീജാവാപം ചെയ്ത പ്രസ്ഥാനത്തിനോ കാലത്തെ അതിജീവിക്കാനാവുമെന്ന ഗ്യാരണ്ടി ആരും നല്‍കിയിട്ടില്ല. ഇസ്ലാമിന്റെ സമഗ്രവും സമ്പൂര്‍ണവുമായ സംസ്ഥാപനത്തിനു വേണ്ടി നിലകൊള്ളുന്ന ഏതു പ്രസ്ഥാനവും പരിഷ്കരണ പ്രസ്ഥാനംതന്നെ; പേരുകളോ ആളുകളോ മാറുന്നത് സംഭവങ്ങളെ ബാധിക്കേണ്ടതല്ല.