"....കമ്മിറ്റി സകാത്ത് എന്ന ഒരു ആശയംതന്നെ ഇസ്ലാമിക പണ്ഡിതന്മാര്‍ ഒരു ഘട്ടത്തിലും ചര്‍ച്ച ചെയ്തിട്ടില്ല. മുസ്ലിംലോകത്തിന്റെ ഇതഃപര്യന്തമുള്ള ചരിത്രത്തിലും ഇതു കാണാനില്ല. 'വക്കീല്‍ മുഅയ്യന്‍' എന്ന പ്രയോഗത്തില്‍നിന്നുതന്നെ കമ്മിറ്റി അസാധുവാണെന്ന് വ്യക്തമാകും. മറ്റൊരാളെ ഏല്‍പിക്കുന്ന മൂന്നാമത് ഘട്ടത്തില്‍ നിശ്ചിത വക്കീലിനെയാണ് ഏല്‍പിക്കേണ്ടത്. അല്ലാതെ കമ്മിറ്റിയെ അല്ല. അതിനു തന്നെ കര്‍മശാസ്ത്ര ഗ്രന്ഥത്തില്‍ ധാരാളം നിബന്ധനകള്‍ ഉണ്ട്. എന്നിരിക്കെ യാതൊരു മാനദണ്ഡവുമില്ലാതെ ഒരു കൂട്ടം ആളുകളെ സകാത്ത് ഏല്‍പിക്കുന്നതും അവര്‍ അത് സ്വരൂപിക്കുന്നതും വിതരണം ചെയ്യുന്നതും സകാത്തായി സാധുവാകുന്നതല്ല...''
കമ്മിറ്റി രൂപീകരിച്ച് സകാത്ത് വിതരണം ചെയ്യുന്നതിനെക്കുറിച്ച് സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര്‍ ചന്ദ്രികയില്‍ (2006 ഒക്ടോബര്‍ 15) എഴുതിയ ലേഖനത്തിന്റെ പ്രസക്ത ഭാഗമാണിത്. കമ്മിറ്റികള്‍ രൂപീകരിച്ച് സകാത്ത് വിതരണം ചെയ്തുവരുന്ന ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം സാധുവാകുന്നതെങ്ങനെ?
മ ദ്ഹബുകളുടെ കാലഘട്ടത്തോടുകൂടി ഇജ്തിഹാദ് അവസാനിച്ചുവെന്നും പിന്നീടുള്ള കാലം തഖ്ലീദിന്റേതാണെന്നും വാദിക്കുന്ന 'സമസ്ത' പണ്ഡിതന്മാര്‍ ആവശ്യം വരുമ്പോഴൊക്കെ സ്വയം ഇജ്തിഹാദ് ചെയ്തുകൊണ്േട വന്നിട്ടുണ്ട് എന്നുള്ളതാണ് കൌതുകകരമായ ഒന്നാമത്തെ കാര്യം. സകാത്ത് വിതരണത്തിന് കമ്മിറ്റിയെ ഏല്‍പിക്കുക എന്ന ആശയംതന്നെ ഇസ്ലാമിക പണ്ഡിതന്മാര്‍ ഒരു ഘട്ടത്തിലും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ബാപ്പു മുസ്ലിയാര്‍ സമ്മതിക്കുന്നു. അപ്പോള്‍ കമ്മിറ്റി എന്ന ആശയം തീര്‍ത്തും പുതിയതാണ്. പുതിയ പ്രശ്നത്തിന്റെ മതപരമായ സാധുത സ്വാഭാവികമായും പുതിയ ഇജ്തിഹാദിനെ തേടുന്നു. പാടുണ്െടന്നോ ഇല്ലെന്നോ എന്ത് പറഞ്ഞാലും അത് ഇജ്തിഹാദിലൂടെയുള്ള അഭിപ്രായമാണെന്ന് വ്യക്തം. പഴയ മദ്ഹബുകളിലോ കിതാബുകളിലോ പ്രശ്നം പരാമര്‍ശിച്ചിട്ടേ ഇല്ലല്ലോ. ഖുര്‍ആന്‍ മൊഴിമാറ്റം, ആരാധനകളില്‍ ഉച്ചഭാഷിണി ഉപയോഗം, 'വഹാബി-മൌദൂദികളുടെ' മതപരമായ നിലപാട് തുടങ്ങിയ പുതിയ പ്രശ്നങ്ങളിലൊക്കെയും 'സമസ്ത' പണ്ഡിതന്മാര്‍ ഇജ്തിഹാദിലൂടെ മതവിധികള്‍ പുറപ്പെടുവിച്ചപോലെ സകാത്ത് കമ്മിറ്റി കാര്യത്തിലും 'സമസ്ത' ഇജ്തിഹാദ് പ്രയോഗിച്ചിരിക്കുകയാണ്. അതിലൂടെ പുറപ്പെടുവിച്ച മതവിധി ശരിയാവാം, തെറ്റുമാവാം. രണ്ടായാലും നബി(സ) പറഞ്ഞതനുസരിച്ച് പ്രതിഫലം ലഭിക്കും. അതേസമയം ഈ ഇജ്തിഹാദിനോട് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിയോജിക്കാനുള്ള സ്വാതന്ത്യ്രം മറ്റുള്ളവര്‍ക്കും വകവെച്ചുകൊടുക്കണം.
സകാത്ത് കമ്മിറ്റിയെ ഏല്‍പിക്കുന്ന പ്രശ്നംതന്നെ ഉടലെടുത്തത് എപ്പോഴാണ്? ഇസ്ലാമിക ഭരണകൂടം ഭൂമുഖത്തില്ലായതിനു ശേഷം മാത്രം ഉടലെടുത്ത പ്രശ്നമാണത്. 1924-ല്‍ ഉസ്മാനിയാ(ഒട്ടോമന്‍) ഖിലാഫത്ത് തകരുന്നതുവരെയും നാമമാത്രമായെങ്കിലും ഇസ്ലാമിക ഭരണസംവിധാനം നിലവിലിരുന്നു. മുസ്ലിംലോകത്ത് നൂറുകണക്കിന് സുല്‍ത്താന്മാരും നവാബുമാരും രാജാക്കന്മാരും നാടുവാഴികളും ഉണ്ടായിരുന്നു. സകാത്ത് അവരെ ഏല്‍പിക്കാനും പൊതുഖജനാവില്‍നിന്ന് അവകാശികള്‍ക്ക് വിതരണം ചെയ്യാനും സംവിധാനവും ഉണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഭരണാധികാരി സകാത്ത് അര്‍ഹര്‍ക്ക് വിതരണം ചെയ്യാത്തവനോ സകാത്ത് തുകയെടുത്ത് മദ്യപിക്കുന്നവനോ ആണെങ്കില്‍ പോലും സകാത്ത് അയാളെ ഏല്‍പിക്കണമെന്ന ചര്‍ച്ചപോലും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം. എന്നാല്‍ ഇസ്ലാമിക ഭരണാധികാരികള്‍ ഇല്ലാതാവുകയോ ഇസ്ലാമേതര സമൂഹങ്ങളില്‍ മുസ്ലിംകള്‍ ജീവിക്കേണ്ടിവരികയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ എന്ത് ചെയ്യണമെന്ന പ്രശ്നം മുന്‍കാല പണ്ഡിതന്മാര്‍ ചര്‍ച്ചചെയ്തില്ല. ഇനിയെന്തു ചെയ്യണം? ഒരു വിഭാഗം വാദിക്കുന്നു, വ്യക്തികള്‍ സ്വന്തമായി വിതരണം ചെയ്താല്‍ മതി എന്ന്. അതിനെന്താണ് തെളിവെന്ന് ചോദിച്ചാല്‍ മറുപടിയില്ല. കാരണം ഹിജ്റ പതിനാലാം നൂറ്റാണ്ട് വരെയും അങ്ങനെയൊരു വിഷമസന്ധി ഉടലെടുത്തിരുന്നില്ല. സകാത്ത് സംഭരണവും വിതരണവും ആരംഭിച്ചതുമുതല്‍ അത് സ്റേറ്റിന്റെ ചുമതലയിലായിരുന്നല്ലോ. മറുവശത്ത് സ്റേറ്റ് ഇല്ലാതായി എന്നതുകൊണ്ട് പള്ളിനിര്‍മാണമോ ജുമുഅയോ ജമാഅത്തോ ജിഹാദോ ഒന്നും മുസ്ലിംസമൂഹം വേണ്െടന്നു വെച്ചില്ല. അവയൊക്കെയും വ്യക്തികള്‍ സ്വന്തമായി നടത്തിയാല്‍ മതി എന്നും വെച്ചില്ല. പകരം സാമൂഹിക സംവിധാനങ്ങളൊരുക്കുകയായിരുന്നു. എങ്കില്‍ ദാരിദ്യ്രനിര്‍മാര്‍ജനത്തിനും സമുദായത്തിന്റെ നിലനില്‍പിനും ഏറ്റവും ഉതകുന്ന സകാത്ത് മാത്രം തോന്നിയവര്‍ തോന്നിയ പോലെ കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്താല്‍ മതി; പരസ്യ യാചന പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ വിതരണം നടത്തിയാലും സകാത്ത് വിതരണ ബാധ്യത നിറവേറും; മറിച്ച് മഹല്ലുകളില്‍നിന്ന് സാമൂഹികമായി സംഭരിച്ച് അര്‍ഹരെ കണ്െടത്തി പാവങ്ങളുടെ അഭിമാനം വ്രണപ്പെടുത്താതെയും ദാരിദ്യ്രത്തിന് പരിഹാരമാവുന്ന വിധത്തിലും വിതരണം ചെയ്യാന്‍ യോഗ്യരായവരുടെ കൂട്ടായ്മ(കമ്മിറ്റി) ഉണ്ടാക്കി അവരെ ഏല്‍പിക്കുന്നത് ഹറാമാണ് എന്ന് ഫത്വ നല്‍കാനുള്ള ന്യായം എന്താണ് എന്നാണറിയേണ്ടത്.
ഇനി ബാപ്പു മുസ്ലിയാര്‍ എഴുതിയ വക്കീല്‍-മുവക്കില്‍ മസ്അലക്കാര്യം: വക്കീല്‍ അഥവാ സകാത്ത് വിതരണത്തിന് ഏല്‍പിക്കപ്പെടുന്നയാള്‍ ഒരാളാവുന്നത് സാധുവാണെങ്കില്‍ ഒന്നിലധികം പേരടങ്ങിയ സമിതി കൂടിയാലോചനകളിലൂടെ ശാസ്ത്രീയമായും മാന്യമായും അര്‍ഹര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതല്ലേ ഏറെ സാധുവാകേണ്ടത്? കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ യോഗ്യരും സത്യസന്ധരുമായിരിക്കണമെന്നത് വേറെ കാര്യം. അത് എല്ലാ കാര്യങ്ങള്‍ക്കും ബാധകമാണല്ലോ. 'മുസ്ലിം തന്റെ സകാത്ത് വ്യക്തിപരമായി ഏല്‍പിച്ചുകൊടുക്കണമെന്ന് നിര്‍ബന്ധമില്ല. പ്രത്യുത തനിക്കു പകരം വിശ്വസ്തനായ ഒരു മുസ്ലിമിനെ അത് ഏല്‍പിക്കാവുന്നതാണ്..... സകാത്ത്ദാതാവ് വിതരണത്തിന് മറ്റൊരാളെ ഏല്‍പിക്കുന്നതാണ് കൂടുതല്‍ അഭികാമ്യം എന്നു പോലും ചില മാലികികള്‍ക്ക് അഭിപ്രായമുണ്ട്. പ്രദര്‍ശനപരത ഒഴിവാക്കാന്‍ അതുതകും എന്നതുകൊണ്ടാണത്. താന്‍ സ്വയം സകാത്ത് വിതരണം ഏറ്റെടുത്താല്‍ ജനങ്ങളുടെ സ്തുതിയും പ്രശംസയുമാണ് ആഗ്രഹിക്കുന്നത് എന്ന ഭീതി ഒഴിവാക്കാനും അതാണ് നല്ലത്. അയാള്‍ക്കുതന്നെ തന്നെക്കുറിച്ച് അങ്ങനെയൊരു ആശങ്കയുണ്െടങ്കില്‍ പകരക്കാരനെ ഏല്‍പിക്കുന്നത് ചിലപ്പോള്‍ നിര്‍ബന്ധംതന്നെയാവും. അതുപോലെ സകാത്തിന് അര്‍ഹര്‍ ആരാണെന്ന് ദാതാവിന് അറിയില്ലെങ്കില്‍ അത് യഥാസ്ഥാനത്ത് അര്‍ഹരായവര്‍ക്ക് നല്‍കുന്നവരെ ഏല്‍പിക്കേണ്ടത് നിര്‍ബന്ധമാണ്' (ഫിഖ്ഹുസ്സകാത്ത് വാള്യം 2, 'സകാത്ത് വിതരണത്തിലെ ചുമതലപ്പെടുത്തല്‍'- ഡോ. യൂസുഫുല്‍ ഖറദാവി). അശ്ശര്‍ഹുല്‍ കബീര്‍ (ദസൂഖിയുടെ ടിപ്പണി) എന്ന ഗ്രന്ഥത്തെ അവലംബിച്ച് പ്രശസ്ത പണ്ഡിതനായ ഖറദാവി പ്രതിപാദിച്ച ഈ വസ്തുതകള്‍ മുമ്പില്‍ വെച്ചാല്‍ സകാത്ത് വിതരണത്തിലെ ഏറ്റവും വലിയ തിന്മകളായ പ്രദര്‍ശനപരതയും പ്രത്യുപകാര പ്രതീക്ഷയും ഒഴിവാക്കാന്‍ ഏറ്റവും ഫലപ്രദമാവുക വിതരണത്തിന് സമിതിയെ ഏല്‍പിക്കലാണെന്ന് വ്യക്തമാവും. ഈ വശങ്ങളൊന്നും പരിഗണിക്കാതെ മുസ്ലിം ജനസാമാന്യത്തിന്റെ ബഹുഭൂരിപക്ഷ പിന്തുണ അവകാശപ്പെടുന്ന 'സമസ്ത'യുടെ ഉത്തരവാദപ്പെട്ട പണ്ഡിതന്മാര്‍ വ്യക്തിഗത സകാത്ത് വിതരണത്തിന് ശാഠ്യം പിടിക്കുന്നത് നിര്‍ഭാഗ്യകരമാണ്. സമുദായത്തെ നിത്യ ദാരിദ്യ്രത്തിലും യാചനയിലും തളച്ചിടാന്‍ മാത്രം ഉതകുന്ന ഈ ഇജ്തിഹാദിനെക്കുറിച്ച് ചുരുങ്ങിയപക്ഷം മറ്റു പണ്ഡിതന്മാരുമായി ഒരു സംവാദത്തി(വാദപ്രതിവാദമല്ല)നെങ്കിലും അവര്‍ തയാറായാല്‍ നന്ന്. ജമാഅത്തെ ഇസ്ലാമി ഏതായാലും ഇക്കാര്യത്തില്‍ സാമൂഹിക സംഭരണ-വിതരണ പക്ഷത്തുതന്നെ നില്‍ക്കുന്നു.