..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 
 
 

സ്പെഷല്‍ റിപ്പോര്‍ട്ട്


ഇതില്‍ നാം എങ്ങനെ പങ്കാളികളാകാതിരിക്കും(30.6.2009)


സ്കൂളുകളില്ലാത്ത ഗ്രാമങ്ങള്‍, അധ്യാപകരില്ലാത്ത, ഫര്‍ണിച്ചറുകളില്ലാത്ത സ്കൂളുകള്‍, പൊളിഞ്ഞുവീഴാറായ ക്ളാസ് മുറികള്‍, സ്കൂളിലെത്താന്‍ കിലോമീറ്ററുകളോളം കാല്‍നടയാത്ര, ബസുകളും ടോയിലറ്റുകളുമില്ലാത്ത സ്കൂളുകള്‍, മുഷിഞ്ഞ വസ്ത്രം ധരിച്ച വിദ്യാര്‍ഥികള്‍ ,പാഠപുസ്തകങ്ങളും പഠനോപകരണങ്ങളുമൊക്കെ സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയാത്തവര്‍......
കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ ഇത്തരത്തിലുള്ള ധാരാളം പ്രദേശങ്ങള്‍ കാണുമായിരിക്കും. ഗ്രാമപ്രദേശങ്ങളിലടക്കം ഇംഗ്ളീഷ് മീഡിയം സ്കൂളുകളും, ഒരോ സ്കൂളിനും നാലും അഞ്ചും വാഹനങ്ങളും, മികച്ച ക്ളാസ് റൂമുകളും പഠനസൌകര്യങ്ങളും, ആവശ്യത്തിലധികം അധ്യാപകരും, ഓരോ വര്‍ഷവും വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ പഠനോപകരണങ്ങളും ലഭിക്കുന്ന കേരളത്തില്‍ ഇത്തരം കാര്യങ്ങളൊക്കെ കൌതുകവാര്‍ത്തകളായിരിക്കും. വിദ്യഭ്യാസത്തിന് മുന്തിയ പരിഗണന നല്‍ക്കുന്ന പൊതുസമൂഹത്തില്‍ പ്രവേശനോല്‍ത്സവങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ആഘോഷിക്കപ്പെടുകയാണ്. വര്‍ഷാവര്‍ഷം യൂണിഫോം മാറ്റുന്നതും ഒരുസ്കൂളില്‍ തന്നെ വിവിധ തരം യൂണിഫോമുകളും ഒരേ ക്ളാസുക്കാര്‍ക്കു തന്നെ വ്യത്യസ്ഥ ദിനങ്ങളില്‍ വ്യത്യസ്ഥ യൂണിഫോമുമൊക്കെ നമ്മുടെ നാട്ടിലെ പതിവുകാഴ്ചകളാണ്.
കേരളത്തിലെ അഭൂതപൂര്‍വ്വമായ വിദ്യാഭ്യാസ സൌകര്യങ്ങളും പുരോഗതിയും നമുക്കഭിമാനം തന്നെയാണ്. എന്നാലും ഈ വര്‍ണ്ണ പകിട്ടുകള്‍ക്കിടയില്‍ നാം കാണാതെ പോകുന്ന (കാണാന്‍ തയ്യാറല്ലാത്ത) വാടിതളര്‍ന്ന മുഖങ്ങള്‍ നമ്മുടെ വര്‍ണ്ണവസ്ത്രങ്ങള്‍ക്കു മേല്‍ ചെളിവാരിയെറിയുന്നുണ്ട്. നൂറ് ശതമാനം സാക്ഷരരെന്ന് നമുക്കഭിമാനിക്കാം.എന്നാല്‍ ഇത്തരം നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് മറക്കപ്പെടുന്ന ചില തീക്ഷണയാഥാര്‍ഥ്യങ്ങള്‍ നമുക്ക് കാണാതിരിന്നുകൂടാ. കേരളത്തിലെ പിന്നാക്ക മേഖലകളായ തീരദേശ ,ആദിവാസി,തോട്ടം,തൊഴിലാളി മേഖലകളിലെയും ചേരിപ്രദേശങ്ങളിലേയും വിദ്യാഭ്യാസ നിലവാരത്തെയും ജീവിത സാഹചര്യത്തെയും വിലയിരുത്തുമ്പോഴാണ് നമ്മുടെ കാപട്യം പുറത്തു വരിക. കെട്ടുറപ്പില്ലാത്ത കുടുംബ സാമൂഹ്യ സാഹചര്യങ്ങളും മോശമായ തൊഴില്‍ സാഹചര്യവും കാലാകാലങ്ങളായി പിന്നാക്കക്കാരെന്ന മുദ്രയും മോശമായ ധാര്‍മ്മിക സദാചാര സാഹ്യചര്യവും ഇത്തരം പ്രദേശങ്ങളുടെ അടിസ്ഥാന ദൌര്‍ബല്യങ്ങളാണ്. ജീവിത സാഹചര്യങ്ങളോട് പടവെട്ടുന്നവരെന്ന നിലക്ക് സ്വന്തത്തിനു വേണ്ടി എന്തെങ്കിലും നേടിയെടുക്കാനുള്ള വ്യഗ്രതയില്‍ പരസ്പരമുള്ള വിശ്വാസവും സഹകരണവും ഇവരില്‍ കുറവാണ്്. ഇത്തരം സാഹ്യചര്യങ്ങളില്‍ വളരുന്ന വിദ്യാര്‍ഥികളുടെ സാമൂഹിക ബോധവും വിദ്യാഭ്യാസ നിലവാരവും വിദ്യാഭ്യാസത്തോടുള്ള താല്‍പര്യവും നമുക്കൂഹിക്കാന്‍ സാധിക്കും.
ഇത്തരമൊരു സാമൂഹിക സാഹചര്യത്തില്‍ വളരുന്ന ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ കേരളത്തിലുണ്ട്.സ്വതന്ത്യ്രം നേടി അറുപതാണ്ട് പിന്നിട്ടിട്ടും ഇത്തരം മേഖലകള്‍ വോട്ട് ബാങ്കിനപ്പുറത്തേക്കുള്ള സ്ഥാനം നേടിയിട്ടില്ല. സ്വന്തം വീട്ടില്‍ നിന്നും രക്ഷിതാക്കളില്‍നിന്നും സമൂഹത്തില്‍ നിന്നും പഠനത്തിനു പിന്തുണലഭിക്കാത്തവരാണ് ഭൂരിഭാഗം വിദ്യാര്‍ഥികളും. നന്നായി പഠിക്കുന്നവര്‍ തന്നെ സ്ക്കൂള്‍ വിദ്യാഭ്യാസത്തിനപ്പുറമെത്തുന്നത് ചുരുക്കം. ഉന്നത വിദ്യാഭ്യാസം കൂടുതല്‍ സ്വാശ്രയവല്‍ക്കരിക്കപ്പെടുന്നതോടെ ഇവരുടെ വിദ്യാഭ്യാസ ഭാവിയും ഇരുളടഞ്ഞുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങളെക്കുറിച്ച് വേണ്ടത്ര ദിശാബോധം നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ കുറവായതും ഇത്തരം മേഖലകളുടെ പ്രശ്നമാണ്. മോശമായതൊഴില്‍ സാഹചര്യമായാതിനാല്‍ ആണ്‍കുട്ടികള്‍ ചെറുപ്പത്തിലെ തൊഴില്‍ തേടി പോവേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്.
എന്നിരുന്നാലും ഇത്തരം മേഖലകളിലും പഠിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ പ്രയാസങ്ങളും സഹിച്ച് പഠിച്ച് മുന്നേറുന്ന വിദ്യാര്‍ഥികളെ എസ്.ഐ.ഒവിന്റെ പ്രാഥമിക പഠനത്തിലൂടെ കണ്ടെത്താന്‍ കഴിഞ്ഞു.കിടന്നുറങ്ങാന്‍ നല്ല വീടില്ലാത്ത രോഗികളായ രക്ഷിതാക്കളുള്ള നിരവധി സഹോദരങ്ങള്‍ ഒഴിവുദിനത്തില്‍ ജോലിക്കുപോയും പട്ടിണികിടന്നുമൊക്കെ മികച്ച ഭാവിക്കുവേണ്ടി പ്രയത്നിക്കുന്നുണ്ട്.
കാണുന്നവന്റെ കണ്ണുനിറയുന്ന തികഞ്ഞ അഭിനന്ദമര്‍ഹിക്കുന്ന ഇത്തരം വിദ്യാര്‍ഥികള്‍ മികച്ച വാഗ്ദാനങ്ങളാണ്. വേണ്ടത്ര പ്രോല്‍ത്സാഹനവും പിന്തുണയും ലഭിക്കാത്തതും പിന്നാക്കമേഖലകളിലെ വിദ്യാഭ്യാസ പുരോഗതിക്ക് തടസമാണ്. ഒരോ പ്രദേശങ്ങളിലും നിരവധി വിദ്യാര്‍ഥികള്‍ കൈതാങ്ങ് പ്രതീക്ഷിക്കുവാരായുണ്ട്.
സര്‍ക്കാര്‍ തലത്തില്‍ തന്നെ ആദിവാസി തീരദേശമേഖലകളില്‍ നിരവധി വിദ്യാഭ്യാസ സഹായപദ്ധതികള്‍ നിലവിലുണ്ടെങ്കിലും പദ്ധതിയുടെ ഗുണം ലഭിക്കുന്നതിനുള്ള പ്രായോഗിക നടപടികള്‍ സ്വീകരിക്കുന്നില്ല. ഒരോ വര്‍ഷവും കോടിക്കണക്കിനു രൂപ വിദ്യാഭ്യാസ ഗ്രാന്റായി വിതരണം ചെയ്യുന്ന തീരദേശ ആദിവാസി മേഖലകളില്‍ നിരവധി വിദ്യാര്‍ഥികള്‍ ഗ്രാന്റ് വാങ്ങുന്നതിനും ഉച്ചക്കഞ്ഞിക്കും മാത്രമാണ് സ്കൂളിലെത്തുന്നത്. വടക്കന്‍ കേരളത്തിലെ ഒരു ആദിവാസി മേഖലയെക്കുറിച്ച് പഠിക്കാന്‍ പോയപ്പോള്‍ നിരവധി ആദിവാസി വിദ്യാര്‍ഥികള്‍ നട്ടുച്ചനേരത്ത് സമീപത്തെ പുഴയില്‍ കഴുത്തറ്റം വെള്ളത്തില്‍ കിടക്കുന്നത് കണ്ടു. ഈ നേരത്ത് ഇത്രനേരം വെള്ളത്തില്‍ കിടന്നാല്‍ അസുഖം വരില്ലെ എന്നുചോദിച്ചപ്പോള്‍ ഭക്ഷണമില്ലാത്തതുകൊണ്ട് വിശപ്പറിയാതെ കഴിയാന്‍ വേണ്ടിയാണ് ഇങ്ങനെ കിടക്കുന്നതെന്നായിരുന്നു അവരുടെ മറുപടി. വര്‍ഷങ്ങളായി ഗ്രാന്റ് വിതരണം ചെയ്തിട്ടും ആദിവാസി തീരദേശ മേഖലകള്‍ ഏറെ പിന്നാക്കം തന്നെയാണ്. സര്‍ക്കാറുകള്‍ ചെലവഴിക്കുന്ന പണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനനുയോജ്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല. സ്കൂളുകളിലെത്താതെ ആയിരക്കണക്കിന്വിദ്യാര്‍ഥികള്‍ ഇത്തരം മേഖലയിലുണ്ട്.
സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമല്ലാത്ത മറ്റൊരു പിന്നാക്ക പ്രദേശമാണ് തോട്ടം തൊഴിലാളി മേഖലകള്‍. മോശമായ കുടുംബ പശ്ചാത്തലം,കുറഞ്ഞകൂലി, സാമൂഹിക പ്രശ്നങ്ങള്‍ തുടങ്ങിയവ മൂലം ഇത്തരം മേഖലകളിലെ വിദ്യാഭ്യാസ നിലവാരം വളരെ പിന്നാക്കമാണ്. കഴിവുറ്റ നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇത്തരം മേഖലകള്‍ക്ക് പ്രത്യേകമായി സര്‍ക്കാറിന്റെ യാതൊരു സഹായവും ലഭിക്കുന്നില്ല. ചില സന്നദ്ധ സംഘടനകളുടെയും മിഷണറി സംഘങ്ങളുടെയും പ്രവര്‍ത്തനം ഒഴിച്ചുനിര്‍ത്തിയാല്‍ വിദ്യാഭ്യാസ സഹായങ്ങള്‍ ഇത്തരം മേഖലകളില്‍ കുറവാണ്. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ സാമ്പത്തിക പ്രയാസം കാരണം ഇത്തരം മേഖലകളില്‍ ഉന്നതവിദ്യാഭ്യാസം ലഭിക്കാതെ പിന്തള്ളപ്പെട്ടുപോകുന്നു.സര്‍ക്കാറുകളുടെ അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ട മേഖലയാണിത്.
നഗരങ്ങളിലും സെമിഅര്‍ബന്‍ ഏരിയകളിലും മറ്റു പ്രദേശങ്ങളിലും സ്കൂളുകളും കോളേജുകളും മറ്റു പഠന സൌകര്യങ്ങളും വലിയഅളവില്‍ ആധുനിക സൌകര്യങ്ങളോടെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ പിന്നാക്കമേഖലകളില്‍ ആവശ്യത്തിന് സ്കൂളുകളോ മറ്റു പഠന സൌകര്യങ്ങളോ ഇല്ല. തീരദേശ പിന്നാക്ക മേഖലകളില്‍ ജോലിചെയ്യുന്ന അധ്യാപകരില്‍ പലരും സ്ഥിരമായി ലീവെടുക്കുന്ന അവസ്ഥയാണ്. ആവശ്യത്തിനുള്ള നല്ല ക്ളാസ് റൂമുകളോ ഫര്‍ണീച്ചറുകളോ ഇല്ലാത്ത അവസ്ഥയുണ്ട്. ബദല്‍ സ്കൂളുകളെന്ന പേരില്‍ ആദിവാസി-തീരദേശമേഖലകളിലെ ഏകാംഗവിദ്യാലയങ്ങളിലാണ് നിരവധി വിദ്യാര്‍ഥികള്‍ പഠിച്ചുകൊണ്ടിരിക്കുന്നത.് സമൂഹത്തിന്റെ മുഖ്യധാരയോട് ലയിക്കാനുള്ള ഇത്തരം ജനവിഭാഗങ്ങളുടെ വിമുഖതയും പിന്നാക്കാവസ്ഥക്ക് കാരണം തന്നെ.
ഇത്തരമൊരു സാഹ്യചര്യം മനസ്സിലാക്കിയാണ് എസ്.ഐ.ഒ കേരളത്തിലെ പിന്നാക്ക മേഖലകളിലേയും ജനകീയ സമര ഭൂമികളിലെയും പഠന നിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സര്‍ക്കാറും പൊതുസമൂഹവും ഗൌരവമായി ശ്രദ്ധപതിപ്പിക്കേണ്ട സാമൂഹ്യനീതി നിര്‍വഹണത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഇത്തരം വിഷയങ്ങള്‍ സമൂഹത്തിന്റെയും അധികാരികളുടെയും ശ്രദ്ധയില്‍ കൊണ്ടുവരികകൂടി ഈ പദ്ധതിയുടെ ലക്ഷ്യമാണ്. പൊതു സമൂഹത്തിന്റെ സാമൂഹിക ഉത്തരവാദിത്ത്വനിര്‍വഹണത്തിന് വഴി കാട്ടിയാവാനും ഇത്തരം പരിപാടികള്‍ക്ക് സാധിക്കും.
കേരളത്തിലെ ജനകീയ സമര ഭൂമികളിലും തിരഞ്ഞെടുത്ത പിന്നാക്ക മേഖലകളിലെയും വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്താണ് ഈ പദ്ധതിക്ക് തുടക്കംകുറിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി കൃഷിഭൂമിക്ക് വേണ്ടി ധീരമായി പൊരുതിക്കൊണ്ടിരിക്കുന്ന ചെങ്ങറ സമരഭൂമിയായിരുന്നു ഈ പദ്ധതിക്ക് വേണ്ടി തിരഞ്ഞെടുത്ത ആദ്യത്തെ പ്രദേശം. പ്ളാസ്റിക് ഷീറ്റുകള്‍ കൊണ്ട് മറച്ച് ചെറുകുടിലുകളില്‍ വെറും നിലത്ത് അന്തിയുറങ്ങുന്ന, കുടിവെള്ളവും തൊഴിലും വെളിച്ചവും നിഷേധിക്കപ്പെട്ട അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സമരവീര്യം വലിയ ആവേശം തന്നെയാണ്. സമരഭൂമിയില്‍ എത്തുന്നതിന് മുമ്പ് നാട്ടില്‍ നല്ല രീതിയില്‍ വിദ്യാലയങ്ങളില്‍ പോയിരുന്ന നൂറുകണക്കിനു വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസഭാവി ആശങ്കയുണര്‍ത്തുന്നതായിരുന്നു. ഉപരോധം കാരണം കഴിഞ്ഞവര്‍ഷം മൂന്ന് മാസത്തിലധികം സ്ക്കൂളില്‍ പോകാന്‍ പോലും കുട്ടികള്‍ക്ക് സാധിച്ചിരുന്നില്ല. നല്ല വസ്ത്രങ്ങളോ പഠനോപകരണളോ ഇല്ലാത്തതിനാല്‍ പലകുട്ടികള്‍ക്കും സ്കൂളില്‍ പോകാന്‍ തന്നെ മടിയായിരുന്നു. പ്ളസ്ടുവും ഡിഗ്രിയുമൊക്കെ പാതി വഴിയില്‍ നിര്‍ത്തിയവരും നിരവധിയാണ്. ഇത്തരം സാഹചര്യത്തില്‍ എസ്.ഐ.ഒവിന്റെ സമരഭൂമിയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വലിയ ആവേശത്തോടെയാണ് സമരക്കാര്‍ ഏറ്റെടുത്തത്. മൂവായിരത്തിലധികം പേര്‍ പങ്കെടുത്ത ചെങ്ങറ സമരഭൂമിയിലെ വിദ്യാഭ്യാസ അവകാശസംരക്ഷണ സമ്മേളനത്തിനും പഠനോപകരണ വിതരണത്തിനുമെത്തിയ എസ്.ഐ.ഒ നേതാക്കളെ സമരഭൂമിയിലെ വിദ്യാര്‍ഥികള്‍ മാലയണിയിച്ചാണ് സ്വീകരിച്ചത്. സമരഭൂമിയിലെ 275 വിദ്യാര്‍ഥികള്‍ക്ക് പഠനകിറ്റ് വിതരണം ചെയ്തു. കഴിഞ്ഞ ആറു വര്‍ഷത്തിലേറെയായി കുടിവെള്ളത്തിനു വേണ്ടി പോരാടുന്ന പ്ളാച്ചിമടയിലെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല. സര്‍ക്കാര്‍ വക വിദ്യാഭ്യാസ സൌകര്യങ്ങള്‍ കുറവായിരുന്നുവെന്നതിനു പുറമെ സമരം മൂലം ശ്രദ്ധിക്കപ്പെടാതെ പോയ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരം ആശങ്കയുണര്‍ത്തുന്നതായിരുന്നു. സമരം നല്‍കിയ ആവേശം പുതിയ ജീവിത മേഖലകളിലേക്ക് വഴി തുറക്കപ്പെട്ടസമൂഹത്തില്‍ വലിയൊരു സഹായവും പിന്തുണയും വഴികാട്ടിയുമായിരുന്നു എസ്.ഐ.ഒവിന്റെ ഈ പദ്ധതി. സമരത്തില്‍ നിലയുറപ്പിച്ച 200ലധികം കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് പഠനകിറ്റ് വിതരണം ചെയ്തത്. കൊല്ലം ജില്ലയിലെ സമരഭൂമികളായ വെളിച്ചിക്കാലയിലെയും കുളത്തൂപുഴ മുക്കാല്‍ സെന്റ് കോളനിയിലെയും 125 വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
കടലിനോടുമല്ലടിച്ച് ജീവിതവഴിതേടുന്ന തീരദേശവാസികള്‍ എസ്.ഐ.ഒവിന്റെ മുന്‍ഗണനയില്‍ തന്നെയാണ്. മോശമായ സാമൂഹ്യകുടുംബ സാഹ്യചര്യങ്ങള്‍ മൂലം വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ഇത്തരം മേഖലകള്‍ വളരെ മുമ്പ് തന്നെ എസ്.ഐ.ഒ ശ്രദ്ധപതിപ്പിച്ചവയാണ്. കോഴിക്കോട് ബംഗ്ളാദേശ്കോളനി, കാസര്‍ഗോഡ് മഞ്ചേശ്വരം കടപ്പുറം, തിരുവനന്തപുരം പെരുമാതുറ എന്നീ തീരപ്രദേശങ്ങളിലാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 650 വിദ്യാര്‍ഥികള്‍ക്ക് പഠന കിറ്റ് വിതരണം ചെയ്തത്. തോട്ടം തൊഴിലാളി മേഖലകളായ മൂലേപ്പാടം,മാന്തവാടി,അട്ടപ്പാടി തുടങ്ങിയ സ്ഥലങ്ങളിലും ആദ്യഘട്ടത്തില്‍ 250 വിദ്യാര്‍ഥികള്‍ക്ക് പഠനകിറ്റ് വിതരണം ചെയ്തു. അന്ധരായ രക്ഷിതാക്കളുടെ മക്കളുടെ വിദ്യാഭ്യസ പുരോഗതി ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കേരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ളൈന്റസ്് മലപ്പുറം ജില്ലാകമ്മിറ്റിയുടെ സഹകരണത്തോടെ മലപ്പുറം ജില്ലയിലെ അന്ധരായ രക്ഷിതാക്കളുടെ 125 മക്കള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഇതിനു പുറമെ കേരളത്തിലെ 250ഓളം എസ്.ഐ.ഒ ഘടകങ്ങള്‍ ജമാഅത്തെ ഇസ് ലാമി സോളിഡാരിറ്റി സഹകരണത്തോടെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠനകിറ്റുകള്‍ വിതരണം ചെയ്തു.
കേരളത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ പുതിയൊരു പ്രവര്‍ത്തന സംസ്ക്കാരത്തിനാണ് എസ്.ഐ.ഒ തുടക്കം കുറിച്ചിരിക്കുന്നത്. കേവല പ്രശ്നങ്ങള്‍ ഉയര്‍ത്തികാണിച്ച് സമരം നടത്തി പൊതുമുതല്‍ നശിപ്പിച്ച് കാലം നീക്കുന്ന വിദ്യാര്‍ഥി രാഷ്ട്രീയത്തിന് ഒരു തിരുത്താണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ .പഠനം സമരം സേവനം എന്ന മുദ്രവാക്യമുയര്‍ത്തുന്ന എസ്.ഐ.ഒവിന്റെ ഭാഗത്ത് നിന്നും പിന്നാക്ക വിദ്യാര്‍ഥികള്‍ക്കുള്ള ഒരു ഔദാര്യമല്ല ഇത്തരം സഹായങ്ങള്‍. മറിച്ച് സാമൂഹ്യമായും സാമ്പത്തികമാും പിന്തള്ളപ്പെട്ടവരുടെയും പ്രയാസപ്പെടുന്നവരുടെയും അര്‍ഹമായ അവകാശങ്ങളാണ് ഇത്തരം സഹായങ്ങളെന്നും അത് സമൂഹത്തില്‍ നിന്നും ശേഖരിച്ച് അര്‍ഹരിലേക്ക് എത്തിക്കുന്ന ദൌത്യമാണ് നിര്‍വഹിക്കുന്നതെന്നും എസ്.ഐ.ഒ മനസ്സിലാക്കുന്നു. പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ ശാക്തീകരണത്തിന് വലിയ സഹായകമാവുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥി സമൂഹത്തിനും സംഘടനകള്‍ക്കും പുതിയ ദിശ നല്‍കുന്നുണ്ട്. പൊതുജനങ്ങളില്‍ നിന്നുള്ള അകമഴിഞ്ഞ സമ്പത്തിക സഹായവും പിന്തുണയും ഇത്തരം പദ്ധതികള്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. ബാഗ്, കുട, യൂണിഫോം, നോട്ടുബുക്കുകള്‍, സ്കൂള്‍ സ്റേഷനറികള്‍ എന്നിവയടങ്ങിയ 700രൂപയുടെ സ്കൂള്‍ കിറ്റാണ് 1625 വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തത്.
പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ തെരഞ്ഞെടുത്ത 150 പിന്നാക്ക പ്രദേശങ്ങളില്‍ വിദ്യാഭ്യസ സര്‍വ്വേ, വിദ്യാഭ്യാസ ബോധവല്‍ക്കരണ പരിപാടികള്‍, കൌണ്‍സിലിങ്ങ്, ടാലന്റ് സ്കാന്‍ പ്രോഗ്രാം, അവകാശസമരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. സര്‍വ്വെയുടെ അടിസ്ഥാനത്തില്‍ സുപ്രധാന വിവരങ്ങള്‍ മുന്‍നിര്‍ത്തി അടിയന്തിരമായി ഇടപെടേണ്ട വിഷയങ്ങള്‍ സര്‍ക്കാറിനു ബോധ്യപ്പെടുത്തും. പൊതുജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാവുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പതിനൊന്ന് കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ അവകാശ സമ്മേളനത്തിലും പഠനോപകരണ വിതരണത്തിലും ഒ.അബ്ദുറഹ്മാന്‍,പി.കെ.അബ്ദുറബ്ബ്,കല്ലേല്‍ പൊക്കുടന്‍,ളാഹ ഗോപാലന്‍, കെ.കൃഷ്ണന്‍ കുട്ടി,ഫാദര്‍ എബ്രഹാം ജോണ്‍, ചേലക്കോടന്‍ ആയിശ, വിളയോടി വേണുഗോപാല്‍, ടി.കെ ഫാറൂഖ്, ഓടനാവെട്ടം വിജയപ്രകാശ്, എന്‍ രവീന്ദ്രന്‍,എം സാജിദ്, പിഎ നാസിമുദ്ധീന്‍, പി.എം സ്വാലിഹ്,എസ് ഖമറുദ്ധീന്‍,എസ് ഇര്‍ഷാദ്,ഇന്ത്യനൂര്‍ ഗോപി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു

ഹബീബ് റഹ്മാന്‍ സി.പി
സെക്രട്ടറി
എസ്.ഐ.ഒ കേരള

 
 
 
 
 
 
 
 
 
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.