..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 

ഖുര്‍ആന്‍ ഭാഷ്യം

അധ്യായം 74

അല്‍മുദ്ദസിര്‍

അവതരണം മക്കയില്‍. 2 ഖണ്ഡിക, 56 സൂക്തം

പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
1-7 1ഹേ, പുതച്ചുമൂടിക്കിടക്കുന്നവനേ, എഴുന്നേല്‍ക്കൂ. മുന്നറിയിപ്പു നല്‍കൂ. നിന്റെ നാഥന്റെ മഹത്വം വിളംബരം ചെയ്യൂ. നിന്റെ വസ്ത്രങ്ങള്‍ ശുചിയാക്കിവെക്കൂ. അഴുക്കുകളില്‍നിന്ന് അകന്നുനില്‍ക്കൂ. കൂടുതല്‍ കിട്ടാന്‍ വേണ്ടി ഔദാര്യം ചെയ്യാതിരിക്കൂ. നിന്റെ നാഥനുവേണ്ടി ക്ഷമിക്കൂ.
8-37 2ശരി, കാഹളം ഊതപ്പെട്ടാല്‍, അന്നത് വളരെ ക്ളേശമേറിയ നാളായിരിക്കും--നിഷേധികള്‍ക്ക് ലഘുവായിരിക്കുകയില്ല. ഞാന്‍ ഒറ്റക്ക് സൃഷ്ടിച്ച ആ മനുഷ്യനെ3 എനിക്ക് വിട്ടുതന്നേക്കൂ. ഞാനവന്ന് ധാരാളം സമ്പത്ത് നല്‍കി. അവനോടൊപ്പം സന്നദ്ധരായി നിലകൊള്ളുന്ന സന്തതികളെ നല്‍കി. അവന് നേതൃത്വത്തിന്റെ വഴിയൊരുക്കിക്കൊടുത്തു. പിന്നെ അവന്‍ മോഹിക്കുന്നു, ഞാന്‍ അവന് ഇനിയും വര്‍ധിപ്പിച്ചുകൊടുക്കണമെന്ന്. അശേഷമില്ല. അവന്‍ നമ്മുടെ സൂക്തങ്ങളോട് വിരോധമുള്ളവനാകുന്നു. നാം അവനെ അടുത്തുതന്നെ ഒരു കൊടും കയറ്റം കയറ്റുന്നുണ്ട്. അവന്‍ ആലോചിച്ചു. ചിലത് നടത്താന്‍ ശ്രമിക്കുകയും ചെയ്തു. അപ്പോള്‍ അവനെ ദൈവശാപം ബാധിച്ചു. എങ്ങനെയുള്ളതാണവന്‍ നടത്താന്‍ ശ്രമിച്ചത്! അതെ, അവന്റെ മേല്‍ ദൈവിക ശാപം ഭവിച്ചു. എന്തൊരു കാര്യമാണവന്‍
നടത്താന്‍ ശ്രമിച്ചത്! പിന്നെ അവന്‍ (ജനത്തെ) നോക്കി. എന്നിട്ടു നെറ്റി ചുളിക്കുകയും മുഖംകോട്ടുകയും ചെയ്തു. പിന്നെ പിന്തിരിഞ്ഞ്, ഗര്‍വിഷ്ഠനായി. ഒടുവില്‍ ജല്‍പിച്ചു: 'ഇത്
പരമ്പരാഗതമായി നടന്നുവരുന്ന ആഭിചാരമല്ലാതൊന്നുമല്ല. ഇതൊരു മനുഷ്യവചനം മാത്രം.' അടുത്തുതന്നെ ഞാനവനെ നരകത്തില്‍ തള്ളുന്നുണ്ട്. ആ നരകമെന്തെന്ന് നിനക്ക് എന്തറിയാം? അവശേഷിപ്പിക്കുകയില്ല; ഉപേക്ഷിക്കുകയുമില്ല.4 ചര്‍മം കരിച്ചുകളയുന്നത്. പത്തൊമ്പത് പേര്‍ അതിന്മേല്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു.5 നാം ഇങ്ങനെ നരകത്തിന്റെ കാവല്‍ക്കാരാക്കിയിട്ടുള്ളത് മലക്കുകളെയാകുന്നു. അവരുടെ ഈ എണ്ണം നിഷേധികള്‍ക്ക് പരീക്ഷണമാക്കിയിരിക്കുന്നു. വേദം ലഭിച്ചവര്‍ക്ക് ഉറപ്പാകാനും വിശ്വാസികളുടെ വിശ്വാസം വര്‍ധിക്കാനും വേദം ലഭിച്ചവരും വിശ്വാസികളും സംശയിക്കാതിരിക്കാനും6 മനസ്സില്‍ രോഗമുള്ളവരും സത്യനിഷേധികളും അല്ലാഹു ഈ വിചിത്ര വചനംകൊണ്ട് വിവക്ഷിച്ചതെന്തായിരിക്കും എന്നു ചോദിക്കാനും. ഇവ്വിധം അല്ലാഹു അവനുദ്ദേശിക്കുന്നവരെ വഴിതെറ്റിക്കുകയും അവനുദ്ദേശിക്കുന്നവര്‍ക്ക് സന്മാര്‍ഗദര്‍ശനമരുളുകയും ചെയ്യുന്നു. നിന്റെ റബ്ബിന്റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരുമറിയുന്നില്ല--ഈ നരകാനുസ്മരണം, ജനം അതുവഴി ഉദ്ബുദ്ധരാകുന്നതിനുവേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല. ഒരിക്കലുമല്ല;7 ചന്ദ്രനാണ, രാത്രിയുമാണ--അതു പിന്മാറുമ്പോള്‍! പ്രഭാതവുമാണ--അതു പ്രകാശിതമാകുമ്പോള്‍! ഈ നരകവും ഭീകരങ്ങളായ പലതിലൊന്നാകുന്നു.8 മനുഷ്യര്‍ക്ക് താക്കീതായിട്ടുള്ളത്. നിങ്ങളില്‍ മുന്നോട്ടുവരാനോ പിന്തിനില്‍ക്കാനോ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കുമുള്ള താക്കീത്.

 

38-48 ഓരോ മനുഷ്യനും അവന്‍ നേടിയതിനു പകരം പണയമാകുന്നു-- വലതുപക്ഷക്കാരൊഴിച്ച്. അവര്‍ സ്വര്‍ഗങ്ങളിലാകുന്നു. അവര്‍ കുറ്റവാളികളോട് ചോദിക്കും:9 'എന്തു സംഗതിയാണ് നിങ്ങളെ നരകത്തിലേക്ക് കൊണ്ടുപോയത്?' അവര്‍ പറയും: 'ഞങ്ങള്‍ നമസ്കരിക്കുന്നവരില്‍ പെട്ടവരായിരുന്നില്ല. അഗതികള്‍ക്ക് അന്നം നല്‍കുന്നവരുമായിരുന്നില്ല. സത്യത്തിനെതിരായി വാദിക്കുന്നവരോടൊപ്പം ചേര്‍ന്ന് ഞങ്ങളും വാദങ്ങള്‍ ചമക്കാറുണ്ടായിരുന്നു. കര്‍മഫലനാളിനെ കളവാക്കിത്തള്ളിക്കളഞ്ഞിരുന്നു; ആ അനിഷേധ്യ യാഥാര്‍ഥ്യം ഞങ്ങള്‍ക്ക് നേരിട്ടനുഭവപ്പെടുന്നതുവരെ.' അന്നേരം ശിപാര്‍ശകരുടെ ശിപാര്‍ശയൊന്നും അവര്‍ക്കൊരു ഗുണവും ചെയ്യുകയില്ല.
49-56 ഈ ജനത്തിനെന്തു സംഭവിച്ചു! അവര്‍ ഈ ഉദ്ബോധനത്തില്‍നിന്ന് പിന്തിരിഞ്ഞു പോകുന്നുവല്ലോ; സിംഹത്തെ പേടിച്ചോടുന്ന കാട്ടുകഴുതകളെന്നോണം.10 അല്ല, ഇവരിലോരോരുത്തനും തന്റെ പേരില്‍ തുറന്ന ഏടുകളയക്കണമെന്നിച്ഛിക്കുന്നുവോ?11 ഒരിക്കലുമില്ല. ഇവര്‍ക്ക് പരലോകഭയമില്ല എന്നതത്രെ കാര്യം. ഒരിക്കലുമില്ല.12 ഇതോ ഒരു ഉദ്ബോധനമാകുന്നു. ഇഷ്ടമുള്ളവന്‍ അതില്‍നിന്ന് പാഠമുള്‍ക്കൊള്ളട്ടെ. ആരും അതില്‍നിന്ന് പാഠമുള്‍ക്കൊള്ളുകയില്ല, അല്ലാഹു അതിച്ഛിച്ചിട്ടുണ്െടങ്കിലല്ലാതെ. അവനത്രെ സൃഷ്ടികളുടെ ഭക്തിയര്‍ഹിക്കുന്നവനും (ഭക്തന്മാര്‍ക്ക്) പാപമുക്തി നല്‍കാനവകാശമുള്ളവനും.

 

1. ഈ സൂറയിലെ ആദ്യത്തെ ഏഴ് സൂക്തങ്ങള്‍ പ്രവാചകനോട് ഇസ്ലാമിനെ പ്രബോധനം ചെയ്യാന്‍ കല്‍പിച്ച ആദ്യ സൂക്തങ്ങളില്‍ പെടുന്നു.'ഇഖ്റഅ് ബിസ്മി റബ്ബികല്ലദീ ഖലഖ്' എന്നു തുടങ്ങുന്ന വാക്യങ്ങള്‍ക്കു ശേഷം ഇറങ്ങിയ അടുത്ത ദിവ്യസന്ദേശമാണിത്.
2. പ്രാരംഭ സൂക്തങ്ങള്‍ ഇറങ്ങി ചില മാസങ്ങള്‍ക്കു ശേഷം അവതരിച്ചതാണിത്. നബി(സ) പരസ്യമായി പ്രബോധനം തുടങ്ങിയ ശേഷം വന്ന ഒന്നാമത്തെ ഹജ്ജുവേളയില്‍ ഖുറൈശികള്‍ ഒരു സഭ കൂടി, പുറമെ നിന്നെത്തുന്ന തീര്‍ഥാടകരെ, ഖുര്‍ആനെയും മുഹമ്മദ് നബി(സ)യെയും സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്നതിനുവേണ്ടി ശക്തമായ പ്രചാരണ പരിപാടി നടത്തണമെന്ന് തീരുമാനിച്ച സന്ദര്‍ഭത്തില്‍.
3. ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത് വലീദുബ്നു മുഗീറയെയാണ്. ഖുര്‍ആന്‍ ദൈവികവചനമാണെന്ന് മനസാ അംഗീകരിച്ച അയാള്‍ മക്കയിലെ തന്റെ നേതൃസ്ഥാനം നിലനിര്‍ത്തുന്നതിനുവേണ്ടി മേല്‍ സൂചിപ്പിച്ച സഭയില്‍ ഖുറൈശികളോട് ഇങ്ങനെ നിര്‍ദേശിച്ചു: 'മുഹമ്മദിനെ ആഭിചാരകനെന്നും ഖുര്‍ആനെ ആഭിചാരമെന്നും പ്രചരിപ്പിക്കാം.'
4. അതായത്, ആ ശിക്ഷക്കര്‍ഹരായവരിലാരും അതിന്റെ പിടിത്തത്തില്‍ പെടാതെ അവശേഷിക്കുകയില്ല. അതിന്റെ പിടിത്തത്തില്‍ പെടുന്നവരാരും ശിക്ഷ ലഭിക്കാതെ ഒഴിവാക്കപ്പെടുകയുമില്ല.
5. ഇവിടെ മുതല്‍ 'നിന്റെ റബ്ബിന്റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുന്നില്ല' എന്നതുവരെയുള്ള മുഴുവന്‍ വാക്യങ്ങളും പ്രഭാഷണത്തിലെ വചനശൃംഖല പൊട്ടിച്ച് വിമര്‍ശകര്‍ക്ക് മറുപടിയായി പ്രസ്താവിച്ച ഇടവാക്യങ്ങളാണ്. നബി(സ)യുടെ വായില്‍നിന്ന് നരക കാവല്‍ക്കാരുടെ എണ്ണം പത്തൊമ്പതായിരിക്കുമെന്ന് കേട്ടപ്പോള്‍ അവര്‍ അതിനെ പരിഹസിച്ചു തുടങ്ങി: 'ഒരുവശത്ത് ആദം നബിയുടെ കാലം മുതല്‍ അന്ത്യനാള്‍ വരെ സത്യത്തെ നിഷേധിച്ചവരും വന്‍പാപങ്ങള്‍ ചെയ്തവരും മുഴുക്കെ നരകത്തിലെറിയപ്പെടുമെന്ന് നമ്മോടു പറയുന്നു. മറുവശത്ത് ആ മഹാനരകത്തില്‍ എണ്ണമറ്റ മനുഷ്യരെ ശിക്ഷിക്കുന്നതിന് വെറും പത്തൊമ്പത് പേരെയാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത് എന്നും പറയുന്നു. ഇതെന്തൊരാശ്ചര്യം!!'
6. എന്തുകൊണ്െടന്നാല്‍ വിശ്വാസികള്‍ക്കും വേദക്കാര്‍ക്കും മലക്കുകളുടെ അസാമാന്യ ശക്തികളെക്കുറിച്ചറിയാം. അതുകൊണ്ട് നരകത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ 19 മലക്കുകള്‍ മതിയാകുമെന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമുണ്ടാവുകയില്ല.
7. അതായത് ഈവിധം പരിഹസിക്കാന്‍ ഇതൊരു വീണ്‍വാക്കൊന്നുമല്ല.
8. ചന്ദ്രനും രാപ്പകലുകളും എപ്രകാരം അല്ലാഹുവിന്റെ കഴിവിന്റെ ഗംഭീരമായ ദൃഷ്ടാന്തങ്ങളാണോ അപ്ര കാരം അല്ലാഹുവിന്റെ മഹത്തായ കഴിവിന്റെ ദൃഷ്ടാന്തങ്ങളിലൊന്നു തന്നെയാണ് നരകവും എന്നര്‍ഥം.
9. സ്വര്‍ഗത്തിലിരുന്നുകൊണ്ട് അവര്‍ നരകവാസികളോട് സംസാരിക്കുകയും ഇപ്രകാരം ചോദിക്കുകയും ചെയ്യുമെന്ന് സാരം.
10. ഇതൊരറബി പ്രയോഗമാണ്. കാട്ടുകഴുതകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അപകടം മണത്താല്‍ അവ ലക്കില്ലാതെ അതിവേഗം ഓടിയകലും. മറ്റൊരു മൃഗവും അതുപോലെ ഓടാറില്ല.
11. അതായത് ഇവര്‍ ആഗ്രഹിക്കുന്നതിതാണ്: അല്ലാഹു യഥാര്‍ഥത്തില്‍ മുഹമ്മദിനെ(സ) പ്രവാചകനായി നിശ്ചയിച്ചിട്ടുണ്െടങ്കില്‍ അവന്‍ മക്കയിലെ ഓരോ നേതാവിനും പ്രമാണിക്കും, 'ഞാന്‍ മുഹമ്മദിനെ നബിയായി നിശ്ചയിച്ചിരിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കണം' എന്ന് ഓരോ കത്ത് എഴുതി കൊടുത്തയക്കണം.
12. അവരുടെ ഇത്തരം ആവശ്യങ്ങള്‍ ഒരിക്കലും നിവര്‍ത്തിക്കപ്പെടുകയില്ല എന്നര്‍ഥം.

 
 
 
     
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.