| |
 |
|
The Holy Quran Recitation of its entirety for the Sheikh: Saad Al Ghamdi
(TO_DOWNLOAD____Simply_Right_click_the_File_Name_Below____Save_Target_As)
 |
|
അധ്യായം 68
|
|
അവതരണം മക്കയില്‍. 2 ഖണ്ഡിക, 52 സൂക്തം
|
|
പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
1-16 നൂന്‍. പേനയാണ, അവര്‍ എഴുതിക്കൊണ്ടിരിക്കുന്നതുമാണ!1 റബ്ബിന്റെ അനുഗ്രഹത്താല്‍ നീ ഒരിക്കലും ഭ്രാന്തനല്ല.2 നിശ്ചയം, ഒരിക്കലും തീരാത്ത പ്രതിഫലമാണ് നിനക്കുള്ളത്.3 നിസ്സംശയം, നീ മഹത്തായ സ്വഭാവങ്ങളുള്ളവനാകുന്നു.4 അടുത്ത ഭാവിയില്‍ നീ കാണാന്‍ പോകുന്നു, അവരും കാണാന്‍ പോകുന്നു--നിങ്ങളിലാരാണ് ഭ്രാന്തു പിടിച്ചവരെന്ന്. തന്റെ മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ചവരെ നിന്റെ റബ്ബിന് നന്നായറിയാം. സന്മാര്‍ഗം പ്രാപിച്ചവരെയും ഏറ്റം അറിയുന്നവന്‍ അവനാകുന്നു. അതിനാല്‍ ഈ നിഷേധികളുടെ സമ്മര്‍ദത്തിന് വഴങ്ങിപ്പോകരുത്. നീ അല്‍പം മയപ്പെടുത്തുകയാണെങ്കില്‍ തങ്ങള്‍ക്കും മയപ്പെടുത്താമായിരുന്നുവെന്ന് അവരാഗ്രഹിക്കുന്നുണ്ട്.5 ധാരാളം ശപഥം ചെയ്യുന്ന നീചനായ ഒരുത്തന്നും അശേഷം വഴങ്ങിപ്പോകരുത്. അവന്‍ കുത്തുവാക്കുകള്‍ പറയുന്നു. ഏഷണിയുമായി ചുറ്റി നടക്കുന്നു. നന്മകള്‍ തടയുന്നു. അധര്‍മത്തിലും അക്രമത്തിലും അതിരുവിട്ടവനാകുന്നു.
തികഞ്ഞ ദുര്‍വൃത്തന്‍, കഠിന ഹൃദയന്‍, ഇതിനൊക്കെ പുറമെ ജാരസന്തതിയും. ധാരാളം സമ്പത്തും സന്തതികളുമുള്ളതിന്റെ പേരില്‍6 നമ്മുടെ സൂക്തങ്ങള്‍ കേള്‍പ്പിക്കുമ്പോള്‍ അവന്‍ പറയുന്നു: ഇത് പൌരാണികരുടെ കെട്ടുകഥകളാകുന്നു. അടുത്തുതന്നെ നാം അവന്റെ തുമ്പിക്കൈയില്‍ അടയാളമിടുന്നുണ്ട്.7 |
| |

|
17-33 ഈ (മക്കാവാസികളെ) നാം ഒരു പരീക്ഷണത്തിലകപ്പെടുത്തിയിരിക്കുന്നു; തോട്ടക്കാരെ പരീക്ഷിച്ചതുപോലെ. 'തീര്‍ച്ചയായും പുലര്‍ക്കാലത്തുതന്നെ നമുക്ക് തോട്ടം കൊയ്തെടുക്കണം' എന്ന് ശപഥം ചെയ്ത സന്ദര്‍ഭത്തില്‍ അവര്‍ ഒഴിവൊന്നും പറഞ്ഞിരുന്നില്ല.8 തലേന്നു രാത്രി അവര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ നിന്റെ റബ്ബിങ്കല്‍നിന്നുള്ള ഒരു വിപത്ത് ആ തോട്ടത്തെ ബാധിച്ചു. അപ്പോഴത് കൊയ്ത്തുകഴിഞ്ഞ വയല്‍പോലെ ആയിത്തീര്‍ന്നു. പ്രഭാതത്തില്‍ അവര്‍ വിളിച്ചു: വിള കൊയ്യേണമെന്നുള്ളവര്‍ അതിരാവിലെ വയലിലേക്ക് പുറപ്പെടുവിന്‍. അങ്ങനെ അവര്‍ പുറപ്പെട്ടു, തങ്ങളില്‍ സ്വകാര്യം പറഞ്ഞുകൊണ്ട്. എന്തെന്നാല്‍, ഇന്ന് ദരിദ്രവാസികളാരും തോട്ടത്തില്‍ കടക്കാതെ നോക്കണം. ദരിദ്രജനത്തിന് ഒന്നും കൊടുക്കരുതെന്ന് തീരുമാനിച്ചുകൊണ്ട് അതിരാവിലെ അവര്‍ അങ്ങോട്ടു പോയി, തങ്ങള്‍ (വിളവെടുപ്പില്‍) കേമന്മാരാണെന്നവണ്ണം. തോട്ടം കണ്ടപ്പോഴോ വിലപിച്ചുതുടങ്ങി: 'നമുക്ക് വഴിപിഴച്ചിരിക്കുന്നു-- അല്ല, നമുക്ക് നഷ്ടപ്പെട്ടുപോയിരിക്കുന്നു.' അവരില്‍ നല്ലവനായ മനുഷ്യന്‍ ചോദിച്ചു: നിങ്ങള്‍ സങ്കീര്‍ത്തനം ചെയ്യാത്തതെന്ത് എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ലേ?9 അവര്‍ കേണു: 'നമ്മുടെ റബ്ബ് അതീവ പരിശുദ്ധന്‍! നമ്മളോ, അധര്‍മികള്‍ തന്നെയായിരുന്നു.' പിന്നെ അവര്‍ ഓരോരുത്തരും തമ്മില്‍ത്തമ്മില്‍ ആക്ഷേപിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അവര്‍ പറഞ്ഞു: 'നമ്മുടെ സ്ഥിതി ഖേദകരം തന്നെ. നാം ധിക്കാരികളായിപ്പോയല്ലോ. നമ്മുടെ റബ്ബ് നമുക്ക് ഇതിനേക്കാള്‍ വിശിഷ്ടമായ തോട്ടം പ്രദാനം ചെയ്തുകൂടെന്നില്ല. നമുക്ക് രക്ഷിതാവിങ്കല്‍ തന്നെ പ്രതീക്ഷയര്‍പ്പിക്കുക'. ഇവ്വിധമത്രെ ശിക്ഷ ഭവിക്കുക. പാരത്രിക ശിക്ഷ ഇതിനേക്കാള്‍ ഭയങ്കരമാകുന്നു. ഈ ജനം അതറിഞ്ഞിരുന്നുവെങ്കില്‍.
34-41 10നിശ്ചയം, റബ്ബിങ്കല്‍ ഭക്തജനത്തിന് അനുഗൃഹീതമായ തോപ്പുകളുണ്ട്. അനുസരണമുള്ളവരെ നാം ധിക്കാരികളെപ്പോലെയാക്കുകയോ? നിങ്ങള്‍ക്കെന്തായിപ്പോയി, എങ്ങനെയെല്ലാമാണ് നിങ്ങള്‍ വിധിക്കുന്നത്? അതല്ല, നിങ്ങളുടെ കൈവശം വല്ല വേദവുമുണ്േടാ; നിങ്ങളിഷ്ടപ്പെടുന്നതൊക്കെ അവിടെ ലഭിക്കുമെന്ന് അതില്‍ വായിക്കുന്നുവോ?11 അതല്ലെങ്കില്‍ നിങ്ങള്‍ വിധിക്കുന്നതുതന്നെ നിങ്ങള്‍ക്ക് ലഭിക്കുമെന്നതിന് പുനരുത്ഥാന നാള്‍ വരെ നിലനില്‍ക്കുന്ന വല്ല കരാറും നമ്മുടെ പേരില്‍ ലഭിച്ചിട്ടുണ്േടാ? അവരോട് ചോദിക്കുക: നിങ്ങളിലാരാണതിന്റെ ജാമ്യക്കാരന്‍? അല്ലെങ്കില്‍ അവര്‍ക്ക് (അതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത) വല്ല പങ്കാളികളുമുണ്േടാ? ഉണ്െടങ്കില്‍, അവരുടെ ആ പങ്കാളികളെയൊന്നിങ്ങു കൊണ്ടുവരട്ടെ--അവര്‍ സത്യവാന്മാരെങ്കില്‍. |
| |
|
42-43 കടുത്ത വിഷമം നേരിടുകയും മാലോകര്‍ സാഷ്ടാംഗം പ്രണാമം ചെയ്യാന്‍ വിളിക്കപ്പെടുകയും ചെയ്യുന്ന നാളില്‍, ഈ ജനത്തിന് പ്രണാമം ചെയ്യാന്‍ സാധിക്കുന്നതല്ല. ഇവരുടെ ദൃഷ്ടികള്‍ താണുപോയിരിക്കും. അപമാനം ഇവരെ മൂടിപ്പൊതിഞ്ഞിരിക്കും. ഇവര്‍ സുരക്ഷിതരായിരുന്നപ്പോള്‍ പ്രണാമം ചെയ്യാന്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ടായിരുന്നു. (അന്നിവര്‍ നിഷേധിക്കുകയാണുണ്ടായത്).
44-45 ആകയാല്‍ പ്രവാചകാ, ഈ വചനങ്ങള്‍ തള്ളിപ്പറയുന്നവരുടെ കാര്യം എനിക്കു വിട്ടുതന്നേക്കുക. അവരറിയുകപോലും ചെയ്യാത്തവണ്ണം നാം അവരെ ക്രമാനുഗതമായി നാശത്തിലേക്ക് കൊണ്ടുപോകും. നാം അവരുടെ കയറ് അയച്ചുവിട്ടുകൊണ്ടിരിക്കുകയാകുന്നു. എന്റെ തന്ത്രം എത്രയും സുഭദ്രമല്ലോ.
46-50 നീ അവരോട് വല്ല വേതനവും ചോദിക്കുന്നുണ്േടാ? അങ്ങനെ അവര്‍ കടഭാരത്താല്‍ ഞെരുങ്ങുകയാണോ? അല്ലെങ്കില്‍ ഇവരുടെ പക്കല്‍, രേഖപ്പെടുത്തിവെച്ച വല്ല അതിഭൌതികജ്ഞാനവുമുണ്േടാ? ശരി, നിന്റെ റബ്ബിന്റെ തീരുമാനം വരുന്നതുവരെ ക്ഷമിച്ചിരിക്കുക. മത്സ്യക്കാരനെ(യൂനുസ് നബി)പ്പോലെ ആവരുത്.12 അദ്ദേഹം ദുഃഖവിവശനായി പ്രാര്‍ഥിച്ചതോര്‍ക്കുക. റബ്ബിന്റെ ഔദാര്യം വീണ്െടടുത്തിരുന്നില്ലെങ്കില്‍, അദ്ദേഹം തരിശായ മൈതാനത്ത് അധിക്ഷിപ്തനായി വലിച്ചെറിയപ്പെടുമായിരുന്നു. അവസാനം റബ്ബ് അദ്ദേഹത്തെ വീണ്െടടുത്തു. സച്ചരിതരില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
51-52 ഉപദേശ വചനങ്ങള്‍ (ഖുര്‍ആന്‍) കേള്‍ക്കുമ്പോള്‍ ഈ നിഷേധികള്‍ ദൃഷ്ടികള്‍കൊണ്ട് നിന്റെ പാദം ഇളക്കിക്കളയുമാറ് തുറിച്ചുനോക്കുന്നുണ്ട്. ഇയാള്‍ തികഞ്ഞ ഭ്രാന്തന്‍ തന്നെ എന്ന് പറയുകയും ചെയ്യുന്നു. വാസ്തവമാകട്ടെ, ഇത് ലോകര്‍ക്കൊക്കെയുമുള്ള ഉദ്ബോധനമാകുന്നു. |
| |
1. ഇമാമുത്തഫ്സീര്‍ എന്നറിയപ്പെടുന്ന മുജാഹിദ് പ്രസ്താവിക്കുന്നു: ഖലം-പേന-എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഉദ്ബോധനം അഥവാ ഖുര്‍ആന്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന പേനയാണ്. എഴുതിക്കൊണ്ടിരിക്കുന്നത് എന്നു പറഞ്ഞത് ഖുര്‍ആനെക്കുറിച്ചാണെന്ന് ഇതില്‍നിന്ന് സ്വയം സിദ്ധമാകുന്നു.
2. ഇവിടെ അഭിസംബോധനം ചെയ്യുന്നത് പ്രത്യക്ഷത്തില്‍ നബി(സ)യെ ആണെങ്കിലും ലക്ഷ്യം മക്കയിലെ നിഷേധികളുടെ ആരോപണത്തെ ഖണ്ഡിക്കുകയാണ്. നബി(സ) ഭ്രാന്തനാണെന്നാണ് അവര്‍ ആരോപിക്കുന്നത്. ദിവ്യവെളിപാട് എഴുതുന്നവരുടെ കരങ്ങളാല്‍ എഴുതപ്പെടുന്ന ഖുര്‍ആന്‍ തന്നെ ആ വ്യാജാരോപണത്തെ ഖണ്ഡിക്കാന്‍ ധാരാളം മതി എന്നാണ് താല്‍പര്യം.
3. സൃഷ്ടികളുടെ സന്മാര്‍ഗ ദര്‍ശനത്തിനുവേണ്ടി ശ്രമിക്കുന്നതിന്റെ പേരില്‍ ഇത്രയേറെ ദ്രോഹകരമായ വര്‍ത്തമാനങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടും ആ ദൌത്യനിര്‍വഹണം അഭംഗുരം തുടരുന്ന പ്രവാചകന് അളവറ്റതും അനന്തവുമായ പ്രതിഫലമുണ്ട് എന്ന് സാരം.
4. അതായത്, ഖുര്‍ആന് പുറമെ, പ്രവാചകന്റെ ഉന്നതമായ സ്വഭാവഗുണങ്ങളും അദ്ദേഹം ഭ്രാന്തനാണെന്ന നിഷേധികളുടെ വാദം തികച്ചും കള്ളമാണെന്ന് സ്ഥിരീകരിക്കാന്‍ പര്യാപ്തമായ തെളിവാണ്. കാരണം, ഉന്നതമായ സ്വഭാവഗുണങ്ങളും ഭ്രാന്തും ഒരാളില്‍ സമ്മേളിക്കുകയില്ല.
5. ഇസ്ലാമിക പ്രബോധനം പ്രവാചകന്‍ ഒന്നു കടുപ്പം കുറച്ച് മയപ്പെടുത്തുകയാണെങ്കില്‍ അദ്ദേഹത്തോടുള്ള എതിര്‍പ്പ് ഇക്കൂട്ടരും അല്‍പം മയപ്പെടുത്തും. അല്ലെങ്കില്‍ ഇവരുടെ തെറ്റുകള്‍ പരിഗണിച്ച്
പ്രവാചകന്‍ സ്വമതത്തില്‍ ചില്ലറ ഭേദഗതികള്‍ വരുത്താന്‍ സന്നദ്ധനാവുകയാണെങ്കില്‍ അദ്ദേഹവുമായി സന്ധിയാവാന്‍ അവര്‍ സന്നദ്ധരാണ്.
6. ഈ വാക്യത്തിന് ബന്ധം മുന്‍വാക്യത്തോടാകാം. പിന്‍വാക്യത്തോടുമാകാം. മുന്‍വാക്യത്തോടാകുമ്പോള്‍ ഉദ്ദേശ്യമിതാണ്: ഇങ്ങനെയെല്ലാമുള്ള മനുഷ്യന്‍ ധാരാളം സന്തതികളുള്ളവനും പണക്കാരനുമാണ് എന്നതുകൊണ്ട് അയാളുടെ വീമ്പുകള്‍ വകവെക്കേണ്ടതില്ല. ബന്ധം പിന്‍വാക്യത്തോടാകുമ്പോള്‍ താല്‍പര്യമിങ്ങനെയാകുന്നു: ധാരാളം മുതലും മക്കളുമുണ്ട് എന്നതിന്റെ പേരില്‍ അവന്‍ ആത്മവഞ്ചനയില്‍ പെട്ടിരിക്കുന്നു. നമ്മുടെ സൂക്തങ്ങള്‍ കേള്‍പ്പിക്കപ്പെടുമ്പോള്‍ അത് കേവലം പഴങ്കഥകള്‍ എന്നവന്‍ പറയുന്നു.
7. അതായത്, അവന്‍ സ്വയം വലിയ വമ്പനായി ഗണിക്കുന്നുണ്ട്. വമ്പന്മാരെക്കുറിച്ച് നീണ്ട മൂക്കുള്ളവര്‍ എന്നു പറയാറുണ്ടല്ലോ. അതുകൊണ്ടാണ് മൂക്കിനെ ഇവിടെ തുമ്പിക്കൈ എന്നു പറഞ്ഞത്. തുമ്പിക്കൈക്ക് അടയാളം വെക്കുക എന്നാല്‍ നിസ്സാരനാക്കുക എന്നര്‍ഥം. അല്ലാഹു അവനെ ഇഹത്തിലും പരത്തിലും നിന്ദിതനാക്കും. ആ നിന്ദ്യത ഒരിക്കലും വിട്ടുമാറുകയില്ല.
8. നാളെ തങ്ങള്‍ തോട്ടം കൊയ്യുമെന്ന് അവര്‍ സ്വന്തം കഴിവിലും അധികാരത്തിലും വിശ്വാസമര്‍പ്പിച്ചുകൊണ്ട് തീര്‍ത്തുപറഞ്ഞു. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ തങ്ങള്‍ അങ്ങനെ ചെയ്യുമെന്ന് പറയാന്‍ അവര്‍ക്ക് തോന്നിയില്ല.
9. അതായത്, എന്തുകൊണ്ട് അല്ലാഹുവിനെ സ്മരിക്കുന്നില്ല. മുകളില്‍ ഒരു പരിശുദ്ധനായ രക്ഷിതാവുണ്ട് എന്ന കാര്യം മറക്കുന്നതെന്തുകൊണ്ട്?
10. മക്കയിലെ പ്രമാണിമാര്‍ മുസ്ലിംകളോട് വാദിക്കാറുണ്ടായിരുന്നു: ഈ ലോകത്ത് ഞങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സുഖസൌകര്യങ്ങള്‍, അല്ലാഹുവിങ്കല്‍ ഞങ്ങള്‍ക്കുള്ള സ്വീകാര്യതയുടെ തെളിവാണ്. നിങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടാരിഷ്ടതകള്‍ നിങ്ങള്‍ അവന്റെ കോപത്തിനിരയായതിന്റെയും തെളിവാണ്. അതിനാല്‍ നിങ്ങള്‍ പറയുംപോലെ ഒരു പരലോകം ഉണ്െടങ്കില്‍ തന്നെ അവിടെയും ഞങ്ങള്‍ക്കുണ്ടാവുക സുഖാനന്ദങ്ങളായിരിക്കും. ശിക്ഷ കിട്ടുക നിങ്ങള്‍ക്കാണ്. ഖുര്‍ആന്‍ ഈ വാദഗതിക്കു മറുപടി പറയുകയാണ് ഈ സൂക്തങ്ങളില്‍.
11. അല്ലാഹുവിനാല്‍ അവതരിപ്പിക്കപ്പെട്ട വേദ പുസ്തകമാണുദ്ദേശ്യം.
12. അക്ഷമ കാരണം മത്സ്യോദരത്തിലെത്തിപ്പെടാനിടയായ യൂനുസി(അ)നെപ്പോലെ അക്ഷമനാകാതിരിക്കുക എന്നര്‍ഥം. |
|
| |
|
|
|