| |
 |
|
The Holy Quran Recitation of its entirety for the Sheikh: Saad Al Ghamdi
(TO_DOWNLOAD____Simply_Right_click_the_File_Name_Below____Save_Target_As)
 |
|
അധ്യായം 67
|
|
അവതരണം മക്കയില്‍. 2 ഖണ്ഡിക, 30 സൂക്തം
|
|
പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
1-4 (പ്രപഞ്ചത്തിന്റെ) ആധിപത്യം ആരുടെ ഹസ്തത്തിലാണോ അവന്‍ അത്യന്തം മഹത്വമുടയവനും ഉന്നതനുമത്രെ. അവന്‍ സകല സംഗതികള്‍ക്കും കഴിവുള്ളവനുമാകുന്നു.1 മരണവും ജീവിതവുമുണ്ടാക്കിയവന്‍--നിങ്ങളില്‍ ആരാണ് ഭംഗിയായി പ്രവര്‍ത്തിക്കുന്നതെന്ന് പരീക്ഷിക്കാന്‍.2 അവന്‍ അജയ്യനാകുന്നു. ഏറെ മാപ്പരുളുന്നവനുമാകുന്നു. പടിപടിയായി സപ്തവാനങ്ങള്‍ സൃഷ്ടിച്ചവന്‍. കരുണാമയനായ ദൈവത്തിന്റെ സൃഷ്ടികര്‍മത്തില്‍ യാതൊരു ഏറ്റക്കുറച്ചിലും നീ കാണുന്നതല്ല.3 വീണ്ടും നോക്കുക. എവിടെയെങ്കിലും വല്ല കോട്ടവും കാണുന്നുണ്േടാ?4 ഇനിയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് കണ്ണോടിക്കുക. നിന്റെ നേത്രം ക്ഷീണിച്ച്
പരാജിതമായി തിരിച്ചുവരുന്നതാണ്. |
| |

|
5 സമീപവാനത്തെ5 നാം ഗംഭീരമായ ദീപങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു. അവ ചെകുത്താന്മാരെ എറിഞ്ഞോടിക്കുന്നതിനുള്ള ഉപകരണവുമാക്കിയിരിക്കുന്നു. ചെകുത്താന്മാര്‍ക്ക് കത്തിക്കാളുന്ന നരകാഗ്നിയാകുന്നു നാം ഒരുക്കിവെച്ചിട്ടുള്ളത്.
6-11 സ്വന്തം നാഥനെ നിഷേധിച്ചവരുണ്ടല്ലോ, അവര്‍ക്കുള്ളത് നരകശിക്ഷയത്രെ. എത്ര ദുഷിച്ച സങ്കേതം! അവര്‍ അതില്‍ എറിയപ്പെടുമ്പോള്‍ അതിന്റെ ഭയാനകമായ ഇരമ്പം കേള്‍ക്കുന്നുണ്ടാകും.6 അത് തിളച്ചുമറിയുകയായിരിക്കും. ക്ഷോഭത്താല്‍ പൊട്ടിത്തെറിക്കാറാകും. ഓരോ സംഘം തള്ളപ്പെടുമ്പോഴും അതിന്റെ കാവല്‍ക്കാര്‍ അവരോട് ചോദിക്കും: 'നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ആരും വന്നിരുന്നില്ലയോ?' അവര്‍ പറയും: 'അതെ, മുന്നറിയിപ്പുകാരന്‍ വന്നിട്ടുണ്ടായിരുന്നു. പക്ഷേ, ഞങ്ങളദ്ദേഹത്തെ നിഷേധിച്ചുകളഞ്ഞു. ഞങ്ങള്‍ പറഞ്ഞു: അല്ലാഹു ഒന്നുംതന്നെ അവതരിപ്പിച്ചിട്ടില്ല; നിങ്ങള്‍ വലിയ വഴികേടിലകപ്പെട്ടിരിക്കുകയാണ്.'-- അവര്‍ കേഴും: 'കഷ്ടം! ഞങ്ങള്‍ കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്തിരുന്നുവെങ്കില്‍! എങ്കില്‍ ഇന്ന് ഈ കത്തിക്കാളുന്ന നരകത്താല്‍ ശിക്ഷിക്കപ്പെട്ടവരില്‍ ഞങ്ങള്‍ ഉള്‍പ്പെടുമായിരുന്നില്ലല്ലോ?' അവര്‍ സ്വന്തം കുറ്റങ്ങള്‍ ഈവിധം ഏറ്റുപറയുന്നു. ആ നരകാവകാശികള്‍ക്കല്ലോ ശാപം!
12-14 തങ്ങളുടെ റബ്ബിനെ കാണാതെത്തന്നെ ഭയപ്പെടുന്നവരുണ്ടല്ലോ, നിശ്ചയം അവര്‍ക്കുളളതത്രെ പാപമുക്തിയും മഹത്തായ പ്രതിഫലവും. നിങ്ങള്‍ രഹസ്യമായി പിറുപിറുത്തോളൂ. അല്ലെങ്കില്‍ ഉറക്കെ പറഞ്ഞോളൂ (രണ്ടും അല്ലാഹുവിന് ഒരുപോലെയാകുന്നു). അവന്‍ മനോഗതങ്ങള്‍വരെ അറിയുന്നുണ്ട്. സൃഷ്ടിച്ചവന്‍ അറിയുകയില്ലെന്നോ?7 അവന്‍ സൂക്ഷ്മദൃക്കും അഗാധജ്ഞനുമാകുന്നു.
15-23 അവനാണ് ഭൂമിയെ നിങ്ങള്‍ക്കു മെരുക്കിത്തന്നത്. അതിന്റെ മാറിലൂടെ നടന്നുകൊള്ളുവിന്‍. ദൈവം തന്ന വിഭവം ആഹരിച്ചുകൊള്ളുവിന്‍. അവന്റെ സമക്ഷത്തിലേക്ക് നിങ്ങള്‍ പുനര്‍ജീവിച്ച് ചെല്ലേണ്ടതുണ്ട്. വാനലോകത്തുള്ളവന്‍8 നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെയും അപ്പോള്‍ പെട്ടെന്നീ ഭൂമി വിറകൊള്ളുന്നതിനെയും കുറിച്ച് നിങ്ങള്‍ നിര്‍ഭയരാണോ? അതല്ലെങ്കില്‍ വാനലോകത്തുള്ളവന്‍ നിങ്ങളുടെ മേല്‍ കല്ലുകള്‍ വര്‍ഷിക്കുന്ന കാറ്റയക്കുന്നതിനെക്കുറിച്ച് നിര്‍ഭയരാണോ? എന്റെ താക്കീത് എങ്ങനെയുണ്െടന്ന് പിറകേ നിങ്ങള്‍ അറിയുന്നുണ്ട്. ഇവര്‍ക്കു മുമ്പുണ്ടായിരുന്ന ജനവും നിഷേധിച്ചിട്ടുണ്ടല്ലോ? നോക്കുക, എന്റെ പിടിത്തം എത്ര കൊടൂരമായിരുന്നുവെന്ന്. തങ്ങള്‍ക്കു മീതെ, ചിറകുവിരുത്തിയും ചുരുട്ടിയും പറക്കുന്ന പക്ഷികളെ ഇവര്‍ കാണുന്നില്ലയോ? കരുണാമയനായ ദൈവമല്ലാതാരും അവയെ പിടിച്ചുനിര്‍ത്തുന്നില്ല. അവന്‍ എല്ലാം വീക്ഷിക്കുന്നവനല്ലോ. പറയുവിന്‍, കരുണാമയനായ ദൈവത്തിനെതിരെ നിങ്ങളെ തുണക്കാന്‍ കഴിയുന്ന സൈന്യമേതാണുള്ളത്.9 തീര്‍ച്ചയായും ഈ നിഷേധികള്‍ വ്യാമോഹത്തിലകപ്പെട്ടിരിക്കുകയാണ്. അല്ലെങ്കില്‍ പിന്നെ പറയുവിന്‍: നിങ്ങള്‍ക്ക് അന്നം തരാന്‍ കഴിയുന്നവന്‍ ആരാണുള്ളത്--അല്ലാഹു അവന്റെ അന്നം വിലക്കിയാല്‍. വാസ്തവത്തില്‍ ഈ ജനം ധിക്കാരത്തിലും പകയിലും ആണ്ടുപോയിരിക്കുന്നു. ആലോചിച്ചുനോക്കുവിന്‍, മുഖംകുത്തി നടക്കുന്നവനാണോ;10 അതല്ല തലയുയര്‍ത്തി നേരായ വഴിയില്‍ നടക്കുന്നവനാണോ സന്മാര്‍ഗം പ്രാപിച്ചവന്‍? ഇവരോടു പറയുക: അല്ലാഹുവാകുന്നു നിങ്ങളെ സൃഷ്ടിച്ചത്. അവന്‍ നിങ്ങള്‍ക്ക് ശ്രവണ-ദര്‍ശന ശക്തികളും ചിന്തിച്ചു ഗ്രഹിക്കുന്ന മനസ്സുകളും നല്‍കി. പക്ഷേ നിങ്ങള്‍ എത്ര തുച്ഛമായേ നന്ദി കാണിക്കുന്നുള്ളൂ.11
24-27 ഇവരോട് പറയുക: നിങ്ങളെ ഭൂമിയില്‍ പരത്തിയത് അവനാകുന്നു. അവങ്കലേക്കുതന്നെ നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതുമാകുന്നു. ഇവര്‍ ചോദിക്കുന്നുണ്ടല്ലോ, 'നിങ്ങള്‍ സത്യവാന്മാരെങ്കില്‍ പറയുവിന്‍, ഈ വാഗ്ദത്തം പൂര്‍ത്തീകരിക്കപ്പെടുന്നതെപ്പോഴാണ്?' പറയുക: 'അതെക്കുറിച്ചുള്ള ജ്ഞാനം അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. ഞാനോ, തുറന്ന മുന്നറിയിപ്പുകാരന്‍ മാത്രം.' അത് അടുത്തെത്തിയതായി കാണുന്നേരം സത്യത്തെ നിഷേധിച്ചവരുടെ മുഖങ്ങള്‍ വിവര്‍ണമാകും. അന്നേരം അവരോട് പറയപ്പെടും: 'ഇതത്രെ നിങ്ങള്‍ തേടിക്കൊണ്ടിരുന്നത്.'
28-30 അവരോട് ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്േടാ? അല്ലാഹു എന്നെയും കൂട്ടുകാരെയും നശിപ്പിച്ചുവെന്നിരിക്കട്ടെ, അല്ലെങ്കില്‍ ഞങ്ങളോട് കരുണ കാട്ടിയെന്നിരിക്കട്ടെ; എന്നാല്‍ നിഷേധികളെ നോവേറിയ ശിക്ഷയില്‍നിന്ന് ആര് രക്ഷിക്കും?12 പറയുക: 'അവന്‍ അളവറ്റ ദയാപരനാകുന്നു. അവനിലാകുന്നു ഞങ്ങള്‍ വിശ്വസിച്ചിട്ടുള്ളത്. ഞങ്ങള്‍ ഭരമേല്‍പിച്ചിട്ടുള്ളതും അവനില്‍ത്തന്നെ. ആരാണ് വ്യക്തമായ ദുര്‍മാര്‍ഗത്തിലകപ്പെട്ടവരെന്ന് അടുത്തുതന്നെ നിങ്ങള്‍ അറിയുന്നുണ്ട്.' അവരോട് ചോദിക്കുക: 'ആലോചിച്ചു നോക്കിയിട്ടുണ്േടാ, നിങ്ങളുടെ ഉറവിടങ്ങളിലെ ജലം ഭൂമിയില്‍ താണുപോവുകയാണെങ്കില്‍ ആരാണ് നിങ്ങള്‍ക്ക് നീരുറവകളുണ്ടാക്കിത്തരിക?' |
| |
1. അവന് ഉദ്ദേശിക്കുന്നതെന്തും ചെയ്യാന്‍ കഴിയുമെന്നര്‍ഥം. അവന്‍ ഉദ്ദേശിക്കുന്ന ഒരു കാര്യം ചെയ്യാന്‍ കഴിയാതാക്കാന്‍ ആര്‍ക്കും സാധ്യമല്ല.
2. അവന്‍ ഈ ലോകത്ത് മനുഷ്യന്റെ ജനി-മൃതികളുടെ ഈ പരമ്പര ആരംഭിച്ചത്, അവരെ പരീക്ഷിക്കാനും അവരില്‍ ആരാണ് ഉല്‍കൃഷ്ടമായി കര്‍മം ചെയ്യുന്നതെന്നു നോക്കാനുമാണ് എന്നു സാരം.
3. മൂലത്തില്‍ ഉപയോഗിച്ചിട്ടുള്ളത് യോജിപ്പില്ലായ്മ, പരസ്പരം പോരായ്മ, തുണയൊക്കായ്ക എന്നീ അര്‍ഥങ്ങളിലുള്ള 'തഫാവുത്' എന്ന പദമാണ്.
4. മൂലത്തില്‍ ഉപയോഗിച്ചിട്ടുള്ളത് ന്യൂനത, കേട്, പൊട്ട്, പൊളിവ് എന്നീ അര്‍ഥങ്ങളിലുള്ള 'ഫുത്വൂര്‍' എന്ന പദമാണ്. താല്‍പര്യമിതാണ്: പ്രപഞ്ചത്തിന്റെ പരസ്പര ബന്ധം അത്യന്തം ഭദ്രമാണ്. ഭൂമിയിലെ ഒരണുമുതല്‍ അതിഗംഭീരങ്ങളായ ക്ഷീരപഥങ്ങള്‍ വരെ ഓരോ വസ്തുവും മൊത്തം പ്രാപഞ്ചിക വ്യവസ്ഥയുടെ നൈരന്തര്യത്തിന് യാതൊരു കോട്ടവുമേശാത്ത വിധം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ എത്ര ചുഴിഞ്ഞുനോക്കിയാലും അതിലൊരിടത്തും യാതൊരു വിടവും കാണില്ല.
5. ഏതൊരാകാശത്തിലെ നക്ഷത്രങ്ങളും ഗ്രഹങ്ങളും നമുക്ക് ദൂരദര്‍ശിനിയുടെ സഹായമില്ലാതെ നഗ്നദൃഷ്ടി കൊണ്ട് കാണാന്‍ കഴിയുമോ ആ ആകാശമാണ് സമീപവാനം കൊണ്ടുദ്ദേശ്യം.
6. ഇത് നരകത്തിന്റെ തന്നെ ശബ്ദവുമാകാം, നേരത്തേ നരകത്തില്‍ പതിച്ചവര്‍ അലമുറകൂട്ടുന്ന ശബ്ദവുമാകാം.
7. മറ്റൊരു തര്‍ജമ ഇങ്ങനെയുമാകാം: അവന്‍ തന്റെ സൃഷ്ടികളെത്തന്നെ അറിയില്ലെന്നോ?
8. അല്ലാഹു ആകാശത്ത് വസിക്കുകയാണെന്ന് ഇതിനര്‍ഥമില്ല. പ്രത്യുത, മനുഷ്യര്‍ അല്ലാഹുവില്‍ ശരണം തേടുമ്പോള്‍ ആകാശത്തേക്ക് കണ്ണയയ്ക്കുന്ന സ്വാഭാവിക സമ്പ്രദായം പരിഗണിച്ച് പറഞ്ഞതാണിത്. അവര്‍ പ്രാര്‍ഥിക്കുമ്പോള്‍ മാനത്തേക്ക് കൈയുയര്‍ത്തുന്നു. ആപല്‍സന്ധികളില്‍ എല്ലാ അവലംബങ്ങളും മുട്ടിപ്പോയാല്‍ മാനത്തേക്ക് മുഖമുയര്‍ത്തി ദൈവത്തോടാവലാതിപ്പെടുന്നു. എന്തെങ്കിലും അത്യാഹിതമുണ്ടാകുമ്പോള്‍ അത് ആകാശത്തുനിന്നിറങ്ങുന്നതാണെന്ന് പറയുന്നു. അസ്വാഭാവികമായ രീതിയില്‍ ലഭിച്ച വസ്തുക്കളെക്കുറിച്ച് ഉപരിലോകത്തുനിന്ന് വന്നത് എന്ന് പറയുന്നു. അല്ലാഹു അവതരിപ്പിച്ച വേദങ്ങളെ ആകാശഗ്രന്ഥങ്ങള്‍ എന്നു വിളിക്കുന്നു. മനുഷ്യന്‍ ദൈവത്തെ സങ്കല്‍പിക്കുമ്പോള്‍ അവന്റെ മനസ്സ് താഴെ ഭൂമിയിലേക്കല്ല, മീതെ മാനത്തേക്കാണ് പോവുക എന്നത് മനുഷ്യപ്രകൃതിയില്‍പ്പെട്ടതാണെന്ന് ഇതില്‍നിന്നെല്ലാം സ്പഷ്ടമാകുന്നു.
9. മറ്റൊരു തര്‍ജമ ഇങ്ങനെയുമാകാം: നിങ്ങളുടെ പടയായി നിങ്ങളെ സഹായിക്കുന്നതിന് കരുണാവാരിധിയെ കൂടാതെ ആരാണുള്ളത്?
10. അതായത്, ആരോ തങ്ങളെ കൊണ്െടത്തിച്ച ഏതോ വഴിയിലൂടെ കാലികളെപ്പോലെ തലയും താഴ്ത്തി നടക്കുന്നവര്‍.
11. അതായത്, ജ്ഞാനവും ബുദ്ധിയും കാഴ്ചയും കേള്‍വിയുമാകുന്ന ഈ അനുഗ്രഹങ്ങളെല്ലാം അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത് സത്യാന്വേഷണത്തിനുവേണ്ടിയാണ്. അവ നല്‍കിയിട്ടുള്ളതെന്തിനു വേണ്ടിയാണോ അതിനു മാത്രം നിങ്ങളവ ഉപയോഗപ്പെടുത്തുന്നില്ല. അതൊഴിച്ച് മറ്റെല്ലാ പ്രയോജനങ്ങളും നിങ്ങളവയില്‍നിന്ന് സ്വീകരിക്കുന്നു. അതുവഴി നന്ദികേടാണ് നിങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്.
12. മക്കയില്‍ പ്രവാചകന്‍(സ) പ്രബോധനം ആരംഭിക്കുകയും ഖുറൈശി ഗോത്രത്തിലെ കുടുംബങ്ങളുമായി ബന്ധപ്പെട്ട വ്യക്തികള്‍ ഇസ്ലാം ആശ്ളേഷിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ എല്ലാ കുടുംബങ്ങളും തിരുമേനിയെയും കൂട്ടുകാരെയും ശപിച്ചുതുടങ്ങി. തിരുമേനി നശിച്ചുപോകാന്‍ മാരണപ്പണികളും ചെയ്തുതുടങ്ങി. എന്നല്ല തിരുമേനിയെ കൊല്ലാന്‍ തന്നെയും പരിപാടിയിട്ടു. ഇത് സംബന്ധിച്ചാണ് ഇവിടെ പറയപ്പെട്ടത്-- ഇവരോട് പറയുക: ഞങ്ങള്‍ നശിക്കട്ടെ, ദൈവാനുഗ്രഹത്താല്‍ ജീവിച്ചിരിക്കട്ടെ, അതുകൊണ്ട് നിങ്ങള്‍ക്കെന്താണ് കിട്ടാന്‍ പോകുന്നത്. നിങ്ങള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് സ്വയം രക്ഷപ്പെടാനുള്ള മാര്‍ഗമെന്ത് എന്ന് നോക്കിക്കോളൂ. |
| |
| |
|
|
|